നടൻ ആശിഷ് വിദ്യാർത്ഥിക്ക് 60ാം വയസ്സിൽ വീണ്ടും മംഗല്യം; ‘ജോഡി നമ്പർ വൺ’ എന്ന് ആരാധകർ
text_fieldsനടൻ ആശിഷ് വിദ്യാർത്ഥിക്ക് 60ാം വയസ്സിൽ വീണ്ടും മംഗല്യം. അസമിലെ ഗുവാഹത്തി സ്വദേശിനിയും ബിസിനസുകാരിയുമായ രുപാലി ബറുവയാണ് വധു. ആശിഷിന്റെ രണ്ടാം വിവാഹമാണിത്. കൊൽക്കത്തയിൽ ഫാഷൻ സ്‌റ്റോർ നടത്തുകയാണ് 50കാരിയായ രുപാലി. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷിയെ വിവാഹം ചെയ്തിരുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി 11 ഭാഷകളിലായി 300ലേറെ സിനിമകളിൽ വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്. 1942: എ ലവ് സ്റ്റോറി, ജോഡി നമ്പർ വൺ, ബാസി, ജീത്ത്, സോൾജിയർ, മേജർ സാബ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1995ൽ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ജോണി ആന്റണി ചിത്രം സി.ഐ.ഡി മൂസയാണ് ആദ്യ മലയാള ചിത്രം. ചെസ്, രക്ഷകൻ, ബ്ലാക്ക് ക്യാറ്റ്, ഐ.ജി, ഡാഡി കൂൾ, ഡാം 999, ബാച്ച്‍ലർ പാർട്ടി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
സ്വന്തം യുട്യൂബ് ചാനലിലും ടെലിവിഷൻ ഷോകളിലും സജീവമായ വിദ്യാർഥിയുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. ആശംസ അർപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.