രേഖകൾ നേരിട്ട് സംവദിക്കുമ്പോൾ
text_fieldsഎന്നുതൊട്ടാണോ മലബാറിന്റെ തീരങ്ങളിൽ പരദേശങ്ങളുടെ അധിനിവേശം ദൃശ്യമായത് അന്നുതൊട്ടേ അതിനെതിരെയുള്ള വിമോചന സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും ഇവിടെ വികസിച്ചിട്ടുണ്ട്. 1498ല്‍ തന്നെ സമാരംഭിച്ച ഈ വിമോചനപ്പോരാട്ടത്തിന്റെ ഏറ്റവും ദീപ്തവും സാന്ദ്രമധുരവുമായ സന്ദർഭമായിരുന്നു 1921ലെ സമരഘോഷങ്ങൾ. ചരിത്രത്തിന്റെ പളുങ്കുവെട്ടത്തിലാണ് ഈ സമരങ്ങളൊക്കെയും കഴിഞ്ഞുകടന്നത്. രേഖസൂക്ഷിപ്പുകളും ചരിത്രമെഴുത്തും സജീവമായ കാലവുമാണത്. അക്കാല മനുഷ്യരുടെ ത്യാഗസഹനത്തിനും നാനാതരം കഷ്ടനഷ്ടങ്ങൾക്കും സ്വാതന്ത്ര്യപ്പോരാളികൾ പകരം നേടിയത് നിന്ദയും പുറംതള്ളലും ദണ്ഡനമുറകളും മാത്രമായിരുന്നു. സ്വാതന്ത്ര്യ ധർമഭടന്മാരുടെ പുതിയ തലമുറയാണ് ഇന്ന് ദേശത്തുള്ളത്. അവർ അതിജീവനത്തിന്റെ നേർത്ത ശേഷികാട്ടാൻ നൂറു വർഷമെടുത്തു.
കൊളോണിയൽ വാഴ്ത്തുകാരും വരേണ്യ ചരിത്രമെഴുത്തുകാരും സ്ഥാപിക്കാൻശ്രമിച്ച പെരും കള്ളങ്ങളെക്കൊണ്ട് നമ്മുടെ പൊതുമണ്ഡലം ഏറെ ആവൃതമാണ്. അധിനിവേശവും സവർണജന്മിമാരും ഒത്തുചേർന്ന് സ്വാതന്ത്ര്യപ്പോരാളികളെ ചരിത്രത്തിൽനിന്ന് തീർത്തും അസന്നിഹിതമാക്കി. ഈയൊരു ചരിത്ര നിരാസത്തിനെതിരെയുള്ള പ്രതിരോധങ്ങൾ പിൽക്കാലത്ത് മുസ്‍ലിം സമുദായത്തിൽ വികസിച്ചുവന്നു. വിശ്വാസ്യതയുള്ള ഉപദാനങ്ങൾ ഖനിച്ചും മൗലികമായ ആധാരങ്ങൾ സമാഹരിച്ചും അവർ നടത്തിയ ചരിത്ര ഗവേഷണത്തിനു മുന്നിൽ കൊളോണിയൽ ദുഷ്ടതയും ജാതിബ്രാഹ്മണ്യവും നിർമിച്ച കള്ളങ്ങളൊക്കെയും അപ്രസക്തമാകാൻ തുടങ്ങി. ഇങ്ങനെ ഏറെ ആധികാരികതയുള്ള ഒരു ഗവേഷണ ഉപലബ്ധമാണ് കേരള മുസ്‍ലിം ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച എ.ടി. യൂസഫലിയുടെ 1921 രേഖവരി എന്ന ബൃഹദ് പുസ്തകം.
നിരവധി ഭാഗങ്ങളായാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത്. മലബാർ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മദ്രാസ് ആർക്കൈവുകളിൽ ഉറങ്ങിക്കിടന്നിരുന്ന അസ്സൽ രേഖകളാണ് പുസ്തകത്തിലെ ഒന്നാം ഭാഗത്ത്. സമര സഖാക്കളുടെ തടവറ വിവരങ്ങൾ, ശിക്ഷാവിധികൾ, അവർ ഏറ്റുമേടിച്ച പീഡാകരങ്ങൾ എന്നിവയെല്ലാം തീക്ഷ്ണതകളൊന്നും ചോരാതെ ഈ ഭാഗം വ്യക്തതയോടെ നമ്മോട് സംസാരിക്കുന്നു. മലബാർ സമരത്തിന് അമ്പതാണ്ട് പിന്നിട്ടപ്പോൾ പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ വന്ന മൗലികതയുള്ള നിരവധി ലേഖനങ്ങൾ എടുത്തുചേർത്തതാണ് രണ്ടാം ഭാഗം. അതിൽ ചരിത്രത്തിൽനിന്നും വെട്ടിമാറ്റിയ ജനനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രഭാവമുള്ളൊരു സമഗ്ര ജീവചരിത്രമുണ്ട്. സമരകാലത്ത് മലബാറിൽ ജീവിച്ച സർദാർ ചന്ദ്രോത്തിന്റെതാണ് എഴുത്ത്. സമരത്തിൽ പങ്കെടുത്ത നിരവധി പോരാളികളുടെ മിഴിവുള്ള ജീവിതം പറയുന്നതുകൂടിയാണ് ഈ ഭാഗം.
പുസ്തകത്തിന്റെ മൂന്നാം ഭാഗം നമ്പൂതിരി സമുദായത്തിന്റെ യോഗക്ഷേമസഭ അക്കാലത്ത് പ്രസിദ്ധീകരിച്ച യോഗക്ഷേമം വാരികയിലെ കൗതുകമുള്ള റിപ്പോർട്ടുകളും വിവരങ്ങളുമാണ്. ന്യൂഡൽഹി നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിൽനിന്നാണ് ഗവേഷകനായ യൂസുഫലി ഇത് കണ്ടെത്തുന്നത്.
ഇതിലേറ്റവും പ്രധാനമാണ് പുസ്തകത്തിലെ നാലാം ദളം. അധിനിവേശ അഹങ്കാരവും അതിന്റെ പ്രാദേശിക കങ്കാണിമാരും അക്കാലത്ത് മലബാറിൽ ചെയ്തുകൂട്ടിയ നരഹത്യകളും കൊഠൂരതകളും ഈ ഭാഗത്താണ് സൂക്ഷ്മമായിത്തന്നെ ഇതൾ വിരിയുന്നത്. കുഞ്ഞുങ്ങളെ ബയണറ്റിൽ കോർത്തും നെൽപ്പാടങ്ങൾക്ക് തീയിട്ടും ശ്വാസം മുട്ടിച്ചും പട്ടിണിക്കിട്ടുകൊന്നും കൊലവിളിച്ചും തുരത്തിയോടിച്ചും മലബാറിൽ അഴിഞ്ഞാടിയ രൗദ്രകാലം കണ്ണീരും ചോരയുമായി ഈ ഭാഗത്തുണ്ട്. ഇത് വല്ലാത്തൊരു വായനാ സന്ദർഭമാണ്. നീതിന്യായങ്ങളത്രയും ശീർഷാസനത്തിൽ നിന്ന അക്കാലം പുസ്തകത്തിൽ നടുക്കത്തോടെ മാത്രമേ വായനക്കാരന് ഏറ്റെടുക്കാനാകൂ.
മലബാർ സമരത്തെപ്രതിയുള്ള ഏത് ചർച്ചയും ക്ഷേത്രധ്വംസനത്തിന്റെ ഇല്ലാ വിളംബരത്തിൽ കൊരുത്തുകെട്ടി വിദ്വേഷത്തിന്റെ പാഷാണം കലക്കാനാണ് വിദ്രോഹശക്തികൾ എന്നും ഉത്സുകരായിട്ടുള്ളത്. ഈ കള്ളക്കഥകൾ പൊളിച്ചടുക്കുന്ന തെളിഞ്ഞ സാക്ഷ്യങ്ങളാണ് യൂസുഫലിയുടെ രേഖാവരികൾ. അക്കാലത്തെ മലബാറിലെ ക്ഷേത്രങ്ങളത്രയും സമ്പൂർണമായും സുരക്ഷിതമാണെന്ന് സമരാനന്തരം പ്രാദേശിക ഭരണകൂടം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക രേഖകളാണ് ഇതിൽ എടുത്തുചേർത്തത്. അന്നത്തെ പ്രാദേശിക ഭരണാധികാരികൾ കോളനിയധികാരിക്കൾക്ക് സമർപ്പിച്ച അസ്സൽ രേഖകളാണ് യൂസുഫലി പുസ്തകത്തിൽ ഹാജരാക്കുന്നത്. രാജ്യത്തെ നിരവധിയായ ആർക്കൈവുകളിൽ നിരന്തരമായി കയറിയിറങ്ങിയാണ് യൂസുഫലി ഈ രേഖകളൊക്കെയും കണ്ടെത്തിയത്. ഇതുവരെ പൊതുമണ്ഡലത്തിൽ വന്നിട്ടില്ലാത്ത സാക്ഷ്യങ്ങളാണിതൊക്കെ.
കൊളോണിയൽ അധീശത്വത്തിന്റെ മസ്തകത്തിനാണ് നിസ്വരും നിരാലംബരുമായ മാപ്പിളമാർ അന്ന് കൂടം കൊണ്ട് തല്ലിയത്.
സ്വാതന്ത്ര്യ സമരക്കാരെ പ്രതി ഇല്ലാക്കഥകൾ ആർക്കൈവുകളിൽ കുത്തിനിറച്ചാണ് സ്വാതന്ത്ര്യലബ്ധിയോടെ ഇക്കൂട്ടർ ദേശംവിട്ട് യൂറോപ്പിലേക്ക് തിരിച്ചുപോയത്. ജാതിശ്രേണികളുടെ സർവ മൂർഖതയും നിവാരണം ചെയ്ത് ജന്മി-കുടിയാൻ നിമ്നോന്നതങ്ങളെ നിരപ്പാക്കിയ ഒരു ദീപ്ത നിർവഹണം കൂടിയായിരുന്നു അക്കാലത്തെ മലബാർ സമരം. സ്വാഭാവികമായും വരേണ്യ മുഷ്‍കിനേറ്റ ആഘാതത്തിന് ചരിത്രവക്രീകരണത്തിലൂടെ പകരംവീട്ടാൻ സവർണ മുഷ്‍കിന് കൗതുകം കാണും. അപ്പോൾ സത്യചരിത്രം വെട്ടത്തിൽവരേണ്ടത് അനിവാര്യമാകുന്നു. അതിന് ഉപദാനങ്ങളുടെ സാക്ഷ്യം വേണം. ഈ സത്യസാക്ഷ്യങ്ങളാണീ പുസ്തകം. അധികാരം മണ്ണിട്ടു മൂടിയ ഉപദാനങ്ങളത്രയും തേടി വിദൂര ആർക്കൈവുകൾ കയറിയിറങ്ങിയും പ്രമാണ ഖനികൾ തുരന്നും ജ്ഞാന നിഷ്ഠയോടെ ഒരാൾ ജീവിതം ഹോമിച്ചതിന്റെ അവക്ഷിപ്തം കൂടിയാണീ ബൃഹത് പുസ്തകം. നെടുങ്കൻ ലേഖനങ്ങളോ ഊഹംവെച്ചുള്ള ആഖ്യാനങ്ങളോ അല്ല പുസ്തകത്തിലുള്ളത്. മറിച്ചിതത്രയും അക്കാല രേഖകളും എഴുത്തുകളും ആധാരങ്ങളും ചിത്രങ്ങളുമാണ്. ആ രേഖകൾ ഒന്നു നിന്നാൽ മതി അധീശത്വം എഴുതിയുണ്ടാക്കിയ കള്ളങ്ങളുടെ സർവ മതിലുകളും സ്വയം ഇടിഞ്ഞുവീഴും. അത്രക്ക് ആധികാരികതയുണ്ട് ഇതിലെ ഓരോ രേഖാ സൂക്ഷ്മത്തിനും. എണ്ണൂറോളം താളുകളിലേക്ക് പടരുന്ന ഈ പുസ്തകത്തിന്റെ മാത്രം ബലത്തിൽ മലബാർ സമര സന്ദർഭത്തെ ഒന്നുകൂടി നമുക്ക് ധീരമായി പുനർപാരായണത്തിന് വിധേയമാക്കാം. മലബാർ സ്വാതന്ത്ര്യസമരം പിന്നിട്ടിട്ട് ഒരു നൂറ്റാണ്ട് കടന്നെങ്കിലും ഇതുപോലൊരു പുസ്തകം ആദ്യമായാണ് ലഭ്യമാകുന്നത്. ചിത്രങ്ങളാണ് ഇതിന്റെ അവസാനഭാഗം. കാമറയും പടമെടുപ്പും വളരെ അവികസിതമായിരുന്ന അക്കാലത്തെ അപൂർവമായ ചരിത്ര സന്ദർഭങ്ങൾ കാമറകളിൽ തെളിഞ്ഞത് പരമാവധി പുസ്തകത്തിലെത്തിച്ചിട്ടുണ്ട് യൂസുഫലി. കാൽ നൂറ്റാണ്ടിലേറെക്കാലം നാടാകെ അലഞ്ഞും ഉൗടുവഴികളിലൂടെ ചരിത്രനിഷ്ഠയോടെ എതൃ സഞ്ചാരം ചെയ്തും ഗ്രന്ഥകാരൻ ഖനിച്ചെടുത്ത സത്യരേഖകളാണ് ഇതിലൂടെ നമ്മുടെ മുമ്പിലെത്തിയിട്ടുള്ളത്. ഈ ചിത്രങ്ങളിൽകൂടി മാത്രം നമുക്ക് അക്കാല മലബാറിനെ കണ്ടെടുക്കാം. ഈ പുസ്തകം ചരിത്രവിദ്യാർഥികൾക്കും അധ്യാപകർക്കും ചരിത്ര കുതുകികൾക്കും തീർച്ചയായുമൊരു ആധികാരിക ഗ്രന്ഥം തന്നെയാണ്. കോഴിക്കോട് ഹിറാ സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള മുസ്‍ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച രേഖവരി വിതരണം ചെയ്യുന്നത് ഇസ്‍ലാമിക് പബ്ലിഷിങ് ഹൗസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.