Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'ഈ കേസ്...

'ഈ കേസ് അങ്ങനെയുള്ളതല്ലെന്ന് തെളിയട്ടെ, എന്നിട്ടു മാത്രമേ സിവിക് ചന്ദ്രനെ തള്ളിപ്പറയാൻ ഞാനുള്ളൂ'

text_fields
bookmark_border
j devika
cancel
camera_alt

ജെ. ദേവിക

കേരളത്തിൽ ഇന്ന് സി.പി.എമ്മിനെ നേരിട്ടു വിമർശിക്കുന്നവരെ സാമൂഹ്യനീതി കേസുകളിൽ കുടുക്കി അവരുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കാൻ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്നും സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസ് അങ്ങനെയുള്ളതല്ലെന്ന് തെളിഞ്ഞാൽ മാത്രമേ സിവിക് ചന്ദ്രനെ തള്ളിപ്പറയാൻ താനുള്ളൂവെന്നും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ. ദേവിക. ഈ കേസിന്‍റെ പേരിൽ നടക്കുന്ന അപവാദപ്രചരണത്തിന്‍റയും അവ്യക്തതയുടെയും യഥാർഥലക്ഷ്യം ഒരുപക്ഷേ സിവിക് ചന്ദ്രനോ പാഠഭേദമോ മാത്രമല്ല, അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരെ ലക്ഷ്യമിട്ട് കൂടിയാണെന്നും ജെ. ദേവിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ജെ. ദേവിക പങ്കുവെച്ച കുറിപ്പ് വായിക്കാം...

സിവിക് ചന്ദ്രനെതിരെ ഉയർന്നിരിക്കുന്ന കേസിൽ അയാളെ ഉടൻ തള്ളിക്കളഞ്ഞുകൊണ്ടുള്ള അഭിപ്രായപ്രകടനം നടത്തിയില്ലെങ്കിൽ സാമൂഹ്യചിന്തകപ്പട്ടം അഴിഞ്ഞുപോകുമെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നു. ആ പട്ടം ആവശ്യമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. നിങ്ങൾക്ക് കോണകം തുന്നാൻ ഉപകരിക്കും, കൈയിൽ തന്നെ ഇരിക്കട്ടെ.

ഉടൻ പ്രതികരിക്കാത്തത് വരേണ്യ ഫെമിനിസ്റ്റുകൾ തരാതരം പോലെ അഭിപ്രായം മാറ്റുന്നതുകൊണ്ടാണെന്ന് അനീഷ് പാറാമ്പുഴ പ്രഖ്യാപിച്ചതു മുതൽ വിചാരിച്ചതാണ്, അതിൻറെ ആവശ്യമില്ലെന്ന്. ഇയാളുടെ അഭിപ്രായം കൊണ്ടുനടക്കുന്നവരോട് ഇതേ പറയാനുള്ളൂ -- അങ്ങനെയായിരുന്നെങ്കിൽ ഞാനിന്ന് നിങ്ങൾക്കൊന്നും കൊത്താനാവാത്ത ഉയരത്തിൽ എത്തിയേനെ എന്ന്.

എന്തായാലും എന്നെപ്പോലുള്ളവരുടെ ശബ്ദങ്ങൾക്ക് യാതൊരു വിലയും കേരളത്തിലെ പ്രബുദ്ധ സിവിൽസമൂഹമെന്ന് അവകാശപ്പെടുന്നവർക്കിടയിൽ ഇല്ലെന്ന് ഇതിനിടയിൽ വ്യക്തമായ സ്ഥിതിക്ക് എൻറെ അഭിപ്രായം ആരായുന്നതു തന്നെ ഒരു മാസ് ആറ്റാക്കിനുള്ള വഴി തുറക്കാൻ വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.

ഈ പരാതിക്കാരിയുടെ പരസ്യ ആരോപണത്തെ പരാതിയായി കണക്കാക്കി പാഠഭേദം രൂപീകരിച്ച ഐസിസിയിൽ അംഗങ്ങളായിരുന്ന മൂന്നു സ്ത്രീശബ്ദങ്ങൾ ഇവിടെ നടന്ന പല പിതൃമേധാവിത്വവിരുദ്ധ സമരങ്ങളിലും വളരെ കാര്യമായ പങ്ക് വഹിച്ചിട്ടുള്ളവരാൻണ്. കഴിഞ്ഞ കുറച്ചു നാളത്തെ ഫേസ്ബുക്ക് ആക്ടിവിസത്തിൻറെ ബലത്തിൽ ആരെയും എന്തും പറയാമെന്നു കരുതുന്നവർക്ക് സ്വപ്നം പോലും കാണാനാവാത്ത റിസ്ക്കുകൾ എടുത്തവരാണ്. ഇടതു-വലതു വാലാട്ടിസംസ്ക്കാരങ്ങളുടെ വക്താക്കളായവരുടെ കാര്യം പറയുകയും വേണ്ട -പലപ്പോഴും സാമൂഹ്യനീതി നടപ്പാക്കാതിരിക്കാൻ അഹോരാത്രം പണിപ്പെട്ടവരാണ് ഇപ്പോൾ നിദ്രവിട്ടുണർന്നിരിക്കുന്നത്.

എന്നാൽ ഈ ഐസിസിയുടെ പ്രവർത്തനം സിവിക് ചന്ദ്രനെ രക്ഷിക്കാൻ വേണ്ടിയുള്ള പണിയാണെന്നും ഇതിൽ അംഗങ്ങളായവർ മുഴുവൻ അയാൾക്കു വിധേയരാണെന്നും പറയാൻ വലതുപക്ഷ- ജാതിവാദി- അഴിമതിക്കാരി മുതൽ ദലിത് വക്താക്കൾ വരെയുള്ളവർക്ക് മടിയില്ല. വലതുപക്ഷ അഴിമതിക്കാരിയോടൊപ്പം സംശയത്തിൻറെ ലവലേശം പോലുമില്ലാതെ ചാടിക്കയറാൻ കേരളത്തിലെ വോക്ക് ജനങ്ങളും അങ്ങനെയല്ലാത്ത പലർക്കും മടിയില്ല. പി ഈ ഉഷ അടക്കമുള്ളവരുടെ ജീവിതങ്ങളെപ്പറ്റിഅതിഹീനമായ കള്ളക്കഥകൾ മെനെഞ്ഞ് അവരെല്ലാം സിവിക്കിനെ രക്ഷിക്കാൻ മാത്രമേ പ്രവർത്തിക്കൂ എന്ന് മെസേജുകൾ വഴിയും അല്ലാതെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവർ അത്ര നിഷ്ക്കളങ്കരാണെന്നു തോന്നുന്നില്ല. ഞാനും ആവിധത്തിൽ തന്നെ ആക്രമിക്കപ്പെടും എന്നാണ് ഞാൻ വളരെക്കാലം സുഹൃത്തായി കരുതിയിരുന്ന അനീഷിൻറെ ആക്രോശം സൂചിപ്പിക്കുന്നത്. അതു സാരമില്ല, നിങ്ങളുടെ സഹായമോ അംഗീകാരമോ ഇല്ലാതെ ജീവിതം തുടങ്ങിയ സ്ത്രീയാണ് ഞാൻ. ഒറ്റയായ ആ രീതിയിലേക്കു മടങ്ങാൻ എനിക്ക് ലവലേശം മടിയുമില്ല.

പറയാനുള്ളത് പറയണം. ഞാൻ ഫേസ് ബുക്കിലെന്നല്ല, ഇത്തരം ആക്ടിവിസത്തിൽ നിന്നു തന്നെ പൂർണമായും പിൻമാറാൻ തീരുമാനിച്ച സ്ഥിതിക്ക്

(പുതിയ ശബ്ദങ്ങൾ എന്നു കരുതിയ പലരും ഹൈഡ്രജൻ ബലൂണുകളാണെന്ന് മനസ്സിലായ സ്ഥിതിക്ക് ; തന്മാരാഷ്ട്രീയം ചീഞ്ഞളിഞ്ഞ് അധികാരികൾക്ക് മുതലെടുക്കാനാവുംവിധമായെന്ന് ബോദ്ധ്യമായ സ്ഥിതിക്ക് ; കേരളത്തിലെ മുസ്ലിം തന്മാരാഷ്ട്രീയക്കാരുടെ വലതുപക്ഷ മുഖം പകപോലെ തെളിയുന്ന സ്ഥിതിക്ക് ; സിവിൽ സമൂഹരാഷ്ട്രീയം വ്യക്തികളുടെ വളർച്ചയ്ക്കുള്ള ഇടമായി ദുരുപയോഗിക്കപ്പെടുന്ന സ്ഥിതിക്ക്) ഇതിനു താഴെ പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുള്ള തെറികൾ എന്നെ ബാധിക്കുന്നതേയില്ല. അതുകൊണ്ട് തെറി പറയാൻ മാത്രമാണെങ്കിൽ ഇതു വായിക്കേണ്ടതില്ല -- മറ്റെവിടെയെങ്കിലും തുടങ്ങിക്കോളൂ.

എനിക്കിതാണ് പറയാനുള്ളത് -- ഈ പോസ്റ്റ് പിൻവലിക്കാൻ എന്തായാലും പോകുന്നില്ല. മീടൂ എന്ന പരാതിവഴിയെയോ ഐസിസി പ്രക്രിയെയോ സ്വന്തം താത്പര്യമനുസരിച്ച് സൌകര്യപൂർവം നിർവചിക്കുന്ന ഈ രീതി നിങ്ങളൊക്കെ ഇരിക്കുന്ന കൊമ്പിനെ വെട്ടുന്നതിനു സമാനമാണെന്ന് എനിക്കുറപ്പുണ്ട്. നിയമസംവിധാനങ്ങളും തൊഴിലിട ലൈംഗികപരാതിപരിഹാരസംവിധാനവും പരാജയപ്പെട്ട സാഹചര്യങ്ങളിലാണ് മീടൂ പ്രയോഗിക്കപ്പെട്ടു തുടങ്ങിയത്. ക്രമേണ അത് നിയമ സംവിധാനത്തിനു പോലും തള്ളിക്കളയാനാവാത്തവിധം ശക്തമായ മാർഗമായി മാറുകയും ചെയ്തു. അതെങ്ങനെ എന്നു ചോദിച്ചാൽ, പരാതിക്കാരികളുടെ മീടൂ പ്രസ്താവങ്ങൾ (പലപ്പോഴും സ്വന്തം പേരു വെളിപ്പെടുത്താതെതന്നെ) നടന്ന കാര്യങ്ങളെപ്പറ്റി വിശദവും കൃത്യവുമായ വിവരണങ്ങൾ നൽകാൻ തുടങ്ങിയതോടെയാണ് മീടൂ പറച്ചിലുകളെ നിയമത്തിനു പോലും അവഗണിക്കാനാവാതെ വന്നത്. അതായത് മീടൂ വെളിപെടുത്തലുകൾ വെറും ആരോപണങ്ങളാണെന്ന് പോലീസിനു പോലും പറയാനാവാതെ വന്നു.

സിവിക് ചന്ദ്രനെതിരെ മീടൂ ആരോപണം എന്നു പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ആ വാട്ട്സ് ആപ്പ് കുറിപ്പിൽ മലയാളി ബുദ്ധിജീവിവൃത്തങ്ങളിലെ പിതൃമേധാവിത്വവൈകൃതങ്ങളെപ്പറ്റി ധാരാളമുണ്ടെങ്കിലും നടന്ന സംഭവങ്ങളെപ്പറ്റി കാര്യമായി ഒന്നുമില്ല. ഇരകൾ അങ്ങനെ പറയണമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ല എന്നൊക്കെ ചിലർ പറയുന്നു. മീടൂ പറച്ചിൽ ഇരയുടെ അവസ്ഥയിൽ നിന്ന് വിട്ടുമാറാനുള്ള മാർഗമാണെന്ന് സമ്മതിക്കുകയും, ഒപ്പം അതു പറഞ്ഞാൽ പരാതിക്കാരി ഇരയായിപ്പോകുമെന്ന് വാദിക്കുകയും ചെയ്യുന്നത് എന്തായാലും എനിക്കന്ന് മനസ്സിലായില്ല. വിജയ്ബാബു കേസിലോ വി ആർ സുധീഷ് കേസിലോ ഗൌരീദാസൻനായർ കേസിലോ അതു പോലെ നടപടിയാവശ്യപ്പെട്ട മറ്റു കേസുകളിലോ

ഒന്നും ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ - പരാതിക്കാരികൾ തന്നെയാണ് അവരുടെ ദുരനുഭവം വ്യക്തമായും കൃത്യമായും എവിടെ വച്ച് എന്തു നടന്നു പറഞ്ഞത്. ആ മൊഴി തന്നെയായിരുന്നു അവയുടെ ശക്തി.

ഈ കേസിൽ അവസാനം പോലീസിൽ കൊടുത്ത പരാതിയിലാണ് കൃത്യമായ പരാതിയുയർന്നത്. അതുകൊണ്ടു തന്നെ ചാടിക്കയറി പ്രതികരിക്കുന്നത് ശരിയല്ലെന്നു തന്നെയാണ് എൻറെ അഭിപ്രായം. പരാതിക്കാരിയുടെ മൊഴിയാണ് അറിയേണ്ടത്, ശേഷം നടക്കുന്ന അന്വേഷണത്തിൻറെയും വിചാരണയുടെയും വിവരങ്ങളാണറിയേണ്ടത്.

അല്ലാതെ അതിൻറെ പേരിൽ മറ്റുള്ളവരെ (മൃദുലാദേവിയെ) തേജോവധം ചെയ്യാൻ നടക്കുന്നവരുടെ വാക്കു കേട്ട് ചാടാൻ നിവൃത്തിയില്ല.

ആരോപണം ഉന്നയിക്കുന്നത് തുടക്കം മാത്രമാണ്. അത് ഒന്നുകിൽ മീടൂ പ്രസ്താവമായി ഉയരാം, അല്ലെങ്കിൽ ഐസിസി പ്രക്രിയയ്ക്കു വിധേയമാകാം. പരാതിക്കാരിക്ക് ഇഷ്ടമുള്ള മാർഗം സ്വീകരിക്കാം. ഐസിസി പ്രക്രിയ നീതിപൂർവമല്ലെങ്കിൽ അതിനെ തുടക്കത്തിലേ തള്ളിക്കളയാം. പാഠഭേദത്തെ സംബന്ധിച്ചിടത്തോളം ഐസിസി പ്രക്രിയ നടത്തിയേപറ്റൂ -- ആ പ്രസിദ്ധീകരണവുമായി സഹകരിക്കുന്ന, ആ കൂട്ടായ്മയുടെ ഭാഗമായ സ്ത്രീകളുടെയും താത്പര്യത്തിൻറെ പ്രശ്നമാണത്. എന്നാൽ തുടക്കം മുതലേ ആ പ്രക്രിയയെ അവിശ്വസിക്കുകയും പാഠഭേദവുമായും സിവിക് ചന്ദ്രനുമായും ഇടപെട്ടിട്ടുള്ളവർക്ക് നിഷ്പക്ഷത നഷ്ടമാകുമെന്ന് മുന്നേകൂട്ടി വിചാരിക്കുകയും ചെയ്ത രീതി ന്യായീകരിക്കത്തകതല്ല. അക്കണക്കിന് ഒരു ഐസിസി വിചാരണയും നീതിപൂർവമാകില്ല, കാരണം റെസ്പോണ്ടൻറുമായി എപ്പോഴെങ്കിലും ഇടപെട്ടിട്ടില്ലാത്ത ഐസിസി അംഗങ്ങൾ സ്ഥാപനങ്ങളിൽ വിരളമാകാനാണിട. ഐസിസി അംഗങ്ങളാകാൻ തയ്യാറായവരുടെ രാഷ്ട്രീയജീവിതങ്ങളെ മായ്ചുകളയാനുള്ള എളുപ്പവഴിയാണിത്.

പാഠഭേദം ഐസിസി പ്രക്രിയയ്ക്കു തുടക്കമിട്ടത് സിവിക് ചന്ദ്രനെ രക്ഷിക്കാൻ മാത്രമാണെന്ന പ്രചരണം തുടക്കം മുതൽ കുറച്ചു പേർ ഏറ്റുപിടിച്ചിട്ടുണ്ട്. മൃദുലാദേവി സിവിക് ചന്ദ്രനു വേണ്ടി പരാതിക്കാരിയോട് മാപ്പുപറഞ്ഞു എന്ന കള്ളക്കഥ ഈ സംഘത്തിലൊരാൾ പ്രചരിപ്പിച്ചത് എന്നോടു നേരിട്ടുതന്നെയായിരുന്നു. മൃദുലയെ അറിയാമെന്നും അവരതു ചെയ്യില്ലെന്നും പലവട്ടം പറഞ്ഞിട്ടും ഇതേ കള്ളം അവർ ആവർത്തിച്ചുകൊണ്ടിരുന്നു. ഉഷ സിവിക് ചന്ദ്രനെതിരെ ഒന്നു ചെയ്യില്ലെന്ന പറച്ചിൽ ഇവരിൽ പലരും പലയിടത്തും ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉഷ എന്ന ആക്ടിവിസ്റ്റിനെ ഇന്നോ ഇന്നലെയോ അല്ല കണ്ടിട്ടുള്ളത്. തരാതരം പോലെ അഭിപ്രായം പറഞ്ഞവരെ തിരിച്ചറിയാനുള്ള കണ്ണ് അനീഷ് പാറാമ്പുഴയും കൂട്ടരും തത്ക്കാലം മാറ്റിവച്ചുവെന്നേ പറയാനാകുന്നുള്ളൂ.

ഐസിസി അന്വേഷണം രഹസ്യസ്വഭാവമുളളതാണ് -- അങ്ങനെയെങ്കിൽ അവിടെപറഞ്ഞ കാര്യം നിങ്ങളറിഞ്ഞതെങ്ങനെ, എന്നോട് അതു വെളിപ്പെടുത്തുന്നതിൻറെ ഔചിത്യം എന്ത്, എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഫോണിൽ വിളിച്ച് മൃദുലയെപ്പറ്റി അസത്യം പറഞ്ഞ ആ സ്ത്രീയ്ക്ക് മറുപടിയുണ്ടായില്ല. ഐസിസി പ്രക്രിയയെപ്പറ്റിത്തന്നെ കാര്യമായ അറിവ് അവർക്കുള്ളതായി തോന്നിയില്ല (പാഠഭേദത്തിൽ ഐസിസി എങ്ങനെ ഉണ്ടാകും എന്നാണ് അവർ ചോദിച്ചത്). ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അനേകവർഷം ഐസിസി ചെയർപേഴ്സണായി പ്രവർത്തിച്ചതിൻറെ പരിചയം എനിക്കുണ്ടെന്ന് അവരോടു പറയേണ്ടി വന്നു.

ഉഷയോ ഡോ ഖദീജയോ മൃദുലയോ നീതിപൂർവം പെരുമാറാനിടയില്ല എന്ന പ്രചരണം ഐസിസി പ്രക്രിയ ആരംഭിച്ചപ്പോൾ മുതൽ നടക്കുന്നുണ്ട്. പരാതിക്കാരിയോട് നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇതു നടത്തിയതും. ഈ പ്രക്രിയ റെസ്പോണ്ടൻറിന് അനുകൂലമാണെന്ന് ആദ്യമേ തീരുമാനിച്ചുകഴിഞ്ഞാൻ പിന്നെ അതു നടത്തുന്നത് ഐസിസി അംഗങ്ങളുടെ ക്രഡിബിലിറ്റി നശിപ്പിക്കാൻ വേണ്ടി മാത്രമാണ്. പരാതിക്കാരിയോട് ചേർന്നുനിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ടു നടത്തിയ പ്രചരണം പരാതിക്കാരിയെ സ്വാധീനിക്കൽ തന്നെയാണ്.

ഐസിസി പ്രക്രിയയെ അപ്പാടെ തള്ളിക്കളയുകയും മൃദുലയെപ്പറ്റി കള്ളം പറയുകയും ചെയ്യുന്നത് ഒരുവെടിക്ക് പല വേട്ടക്കാർക്കും പല പക്ഷികളെ കിട്ടുന്നതുപോലെയാണ്.. ഇന്ദുമേനോൻ -- ബിന്ദു അമ്മിണി -- സി എസ് ചന്ദ്രിക -സഖ്യം ഇക്കാര്യത്തിൽ രൂപപ്പെട്ടിരിക്കുന്നത് രസകരം തന്നെ.

മാത്രമല്ല, മറ്റൊരു പ്രധാനപ്പെട്ട കാര്യവും ഇതിലുണ്ടെന്ന് വിചാരിക്കാതെവയ്യ. കേരളത്തിൽ വ്യവസ്ഥാപിതകക്ഷികളിൽ നിന്ന് യാതൊന്നും കൈപ്പറ്റാതെ -- അല്ലെങ്കിൽ അവരിൽ നിന്നും അംഗീകാരം തേടി നടക്കാതെ -- കഴിയുന്ന കുറച്ചാളുകളെയുള്ളൂ. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ സാമൂഹ്യനീതി കേസുകളിൽ ഞങ്ങളെ കുടുക്കാൻ സജീവമായ ശ്രമം നടക്കുന്നുണ്ട്. എനിക്കു നേരിട്ട് അനുഭവമുള്ളതുകൊണ്ട് ഇതു നല്ല ബോദ്ധ്യമുണ്ട്. സിപിഎം വിമർശകരായ പുരുഷന്മാർക്കെതിരെ കാര്യമായ അപവാദപ്രചരണം പിന്നണിയിലൂടെ നടക്കുന്നുണ്ട് -- കേറെയിലിനെയും വിഴിഞ്ഞം പദ്ധതിയെയും വിമർശിച്ചുകൊണ്ട് അയാൾ എഴുതുന്നുണ്ടെങ്കിലും അയാൾ ഭാര്യാപീഡകനായിരുന്നു, അതുകൊണ്ട് അതൊന്നും ഷെയർ ചെയ്യരുത് എന്ന ഉപദേശം ഒന്നിലധികം തവണ ഈയിടെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പോലീസന്വേഷണവും കോടതിവിചാരണയും കഴിഞ്ഞല്ലാതെ സിവിക് ചന്ദ്രനെ തള്ളിക്കളയാൻ ഞാനെന്തായാലും തയ്യാറല്ല.

ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർചയിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ, നിഗമനങ്ങൾ ഇതൊക്കെയാണ് --

1. ഈ കേസിൻറെ പേരിൽ നടക്കുന്ന അപവാദപ്രചരണത്തിൻറെ, അവ്യക്തതയുടെ

യഥാർത്ഥലക്ഷ്യം ഒരുപക്ഷേ സിവിക് ചന്ദ്രനോ പാഠഭേദമോ മാത്രമല്ല, മൃദുലാദേവിയോ ഉഷയോ കൂടിയാണ്. അതോടൊപ്പം കോളാറ്ററൽ ഡാമേജാകുന്ന മറ്റു രാഷ്ട്രീയജീവിതങ്ങൾ ബോണസാണ്.

2. കേരളത്തിലെ പ്രബുദ്ധയുവത്വം എന്നവകാശപ്പെടുന്നവർക്കു പോലും തൊഴിലിട ലൈംഗികപീഡനത്തിനെതിരെ ഉള്ള സംവിധാനത്തെപ്പറ്റി കാര്യമായി അറിയില്ല. മീടൂവും ഐസിസിയും പോലീസ് പരാതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അറിയില്ല. അവയുടെ പ്രയോഗങ്ങളെ, സാദ്ധ്യതകളെ, വേർതിരിച്ചു കാണാനും അറിയില്ല -- മുഖത്തു നോക്കി ഈ ചോദ്യം ചോദിച്ചപ്പോൾ തപ്പിയും തടഞ്ഞും ഇവർ തങ്ങളുടെ അറിവില്ലായ്മ വെളിപ്പെടുത്തിയ ദയനീയകാഴ്ച സഹിക്കേണ്ടിവന്നു.എന്നിട്ടും ഒരാളുടെ അരനൂറ്റാണ്ടോളം പോന്ന രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തെ ചവിട്ടിക്കൂട്ടാൻ ഇവർക്കു മടിയില്ല.

ഈ തലമുറ ഫെമിനിസ്റ്റുകളിൽ പലരും വിക്കിപീഡിയ-ഗൂഗിൾ ഫെമിനിസ്റ്റുകളാണെന്ന സത്യം ഈ സംഭവം എന്നെ കൃത്യമായും പഠിപ്പിച്ചു. മൂർത്തമായ സാഹചര്യങ്ങളിൽ പരാജയപ്പെട്ടു പോകുന്ന ഇൻറർസെക്ഷണൽ ഫെമിനിസം (സിവിക് ചന്ദ്രൻ മേൽജാതിക്കാരനല്ല, അയാൾക്ക് കാര്യമായ സ്വത്തുക്കളോ അധികാരികളോടുള്ള സാമൂഹ്യബന്ധങ്ങളോ ഇല്ല, അധികാരികൾക്ക് അയാൾ അഭിമതനല്ല, അവരുടെ സഹായങ്ങളൊന്നും അയാൾ ആവശ്യപ്പെട്ടിട്ടില്ല, ആർക്കും ഒരു അവാർഡോ സമ്മാനമോ നൽകാനുള്ള സ്വാധീനം അയാൾക്കില്ല - പക്ഷേ ഇതൊന്നും ആർക്കും വസ്തുതകൾ പോലുമല്ല), സാമൂഹ്യവസ്തുതകളെ സൌകര്യപൂർവം തള്ളാനും കൊള്ളാനുമുള്ള പ്രവണത, സാമൂഹ്യമാദ്ധ്യമഭീരുത്വം (ഈ മനോഭാവത്തെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടതുണ്ട്), ഏതാനും വർഷങ്ങളുടെ മിനിമം ബൌദ്ധിക-രാഷ്ട്രീയ പ്രവർത്തനമുണ്ടെങ്കിൽ പ്രശസ്തി കൈവരിക്കാമെന്ന അവസ്ഥ -- പ്രബുദ്ധ സിവിൽസമൂഹത്തിലെ യുവശബ്ദങ്ങളിൽ ഇതെല്ലാം ഞാൻ കണ്ടു. ഇവരോട് ഇനി ഒന്നും പറയാനോ പങ്കുവയ്ക്കാനോ ഇല്ല. ധാർമ്മിക ഉൾക്കാമ്പുണ്ടെങ്കിലേ കാര്യമുള്ളൂ. കാലം ഈ പാഠം എല്ലാവരേയും പഠിപ്പിക്കും.

3. കേരളത്തിലിന്ന് സിപിഎമ്മിനെ നേരിട്ടു വിമർശിക്കുന്നവരെ സാമൂഹ്യനീതി കേസുകളിൽ കുടുക്കി അവരുടെ ക്രെഡിബിലിറ്റിയെ നശിപ്പിക്കാൻ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമുണ്ട്. ഇതൊന്നും സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നേയില്ല. സിപിഎം സൈബർപോരാളികളെപ്പോലെ ദുഷ്ടബുദ്ധികൾ വേറെയില്ല -- അവരുടെ ചെറുവൃത്തങ്ങൾ നടത്തുന്ന ഗൂഢാലോചനകളെപ്പറ്റി എനിക്ക് നേരിട്ടറിവുമുണ്ട്. ഈ കേസ് അങ്ങനെയുള്ളതല്ലെന്ന തെളിയട്ടെ, എന്നിട്ടു മാത്രമേ സിവിക് ചന്ദ്രനെ തള്ളിപ്പറയാൻ ഞാനുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J DevikaCivic Chandran
News Summary - Let it be proved that this case is not like that, only then I will disprove Civic Chandran says J Devika
Next Story