Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
padachonte kali
cancel
Homechevron_rightCulturechevron_rightLiteraturechevron_rightസന്ദേഹിയുടെ ആത്മബലി

സന്ദേഹിയുടെ ആത്മബലി

text_fields
bookmark_border

വികൾ വിഷംതീനികളാണെന്നു പറഞ്ഞത് കേസരി എ. ബാലകൃഷ്ണപ്പിള്ളയാണ്. തങ്ങൾ ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റെ വിഷനീരു കുടിച്ച്, അസ്വസ്ഥമായ ത്യാഗജീവിതം തുടരുന്നവരാണവർ. കവി ഒരു ശരീരമല്ല, ആത്മാവാണ്. ശരീരം പേറുന്ന പിടപ്പുകളത്രയും ജീവിതസമരത്തിലേക്ക് മറ്റുള്ളവർക്കായി എറിഞ്ഞുകൊടുക്കാൻ അയാൾ സ്വയം സന്നദ്ധനാകുന്നു. ഇത്തരം ആലോചനകൾക്ക് അടിവരയിടുന്ന കവിതകളാണ് നസ്റുവിന്റേത്. സമകാല മലയാള കവിതയെ മലീമസമാക്കുന്ന അതിശയോക്തിജനകമായ ഉൾനോട്ടങ്ങളും വൈയക്തിക പ്രരോദനങ്ങളും നസ്റുവിന്റെ ഒരു രചനയിലും കണ്ടെത്താനാവില്ല.

'ഹാ! മനുഷ്യൻ' എന്ന ആദ്യ കവിത തന്നെ അതിന്റെ അടയാളമാണ്. 'എത്ര ചെകുത്താൻമാരുടെ/ തുറിച്ച നോട്ടം പതിഞ്ഞാലും/ നമ്മളൊരു കൊമ്പിൽ ഉടയാതെ കാറ്റിലടരാതെ...' പുലരുമെന്ന പ്രതീക്ഷയാണത്.

എന്റെ ശാന്തിയെന്നും എന്റെ സമാധാനമെന്നും സ്വരക്ഷാമന്ത്രം ഉരുവിടുന്ന 'അയാളുടെ' റിപ്പബ്ലിക്കല്ല കവിയുടെ സ്വപ്നം. മറിച്ച്, മുളച്ചുകൊണ്ടേയിരിക്കുന്ന പുതിയ ചിറകുകളുടെ പ്രതീക്ഷയാണ്.

ഈശ്വരനുമായുള്ള അഭിമുഖീകരണങ്ങൾ ദുരിതപർവത്തിൽ പുലരുന്ന മനുഷ്യരോടൊപ്പം ചേർന്ന് കവി നടത്തുന്നുണ്ട്. "ദൈവമേ, മഹാമൗനത്തിന്റെ നിഘണ്ടുവിൽ എത്ര അക്ഷരങ്ങളാണുള്ളത് ?' 'ഞാനീ മിണ്ടാപ്രാണികളോട് ഏതു ഭാഷയിൽ സംസാരിക്കും?' തുടങ്ങിയ നേരു ഘനീഭവിച്ച കൗതുകങ്ങൾ എയ്തു വിടുന്നുമുണ്ട്.

കണ്ണീരുണങ്ങും

കർമങ്ങളെല്ലാം സഫലമാകും

കാവൽനിന്ന് കാവൽനിന്ന് നമ്മൾ വീണ്ടെടുത്ത

നേരുകൾ പതുക്കെ

മിഴി തുറക്കും

വഴിതുറക്കും (മുറിവുണക്കും) എന്നും കവി എഴുതുന്നത് ആ അതിജീവനത്തെക്കുറിച്ചുള്ള ഈടുറ്റ പ്രതീക്ഷ കൊണ്ടാണ്.

കൊറോണയും ഭരണകൂടഭീകരതയും ഇരുതലമൂർച്ചയായി നടമാടുന്ന വർത്തമാനസാഹചര്യം സാമാന്യജനജീവിതത്തിന് തുരങ്കം​വെക്കുമ്പോൾ പിറവിയെടുക്കാനിരിക്കുന്ന പുതിയ പ്രഭാതങ്ങളും കവിക്ക് പ്രത്യാശയേകുന്നു.

അധികാരഭീകരതയെ ആയുധമെന്ന രൂപകത്തോട് അഭേദ്യം കൽപിക്കുന്ന പ്രവണത മിക്ക കവിതയിലും കാണാം. ചില ഭരണകൂടങ്ങൾ വെറും വെടിയുണ്ട തുപ്പുന്ന തോക്കുകൾ' (മരണാധികാരികൾ) എന്നും ഗോദ്സെ, സവർക്കർ, ഗോൾവാൾക്കർ തുടങ്ങിയ പേരുകൾ എല്ലാം നല്ല ഒന്നാന്തരം തോക്കുകമ്പനികൾക്ക് ചേർന്നതാണെന്നു നിരീക്ഷിക്കുന്നതും അങ്ങനെയാണ്. ഭരണാധികാരികൾ ജനസേവനം മരവിപ്പിച്ച് മരണാധികാരികളായി മാറുന്ന പരിണാമകാലത്തിന്റെ വിരോധാഭാസമാണത്. കാവിപ്പശു,തവളവിചാരം,മ്യാവു.. മ്യാവു! തുടങ്ങിയ കവിതകളിലും രൂക്ഷ മായ പൊളിറ്റിക്കൽ സറ്റയറിന്റെ വെടിമരുന്ന് കവി സൂക്ഷിക്കുന്നുണ്ട്.

പെണ്ണും പരിസ്ഥിതിയും, കീഴാളനും അടക്കമുള്ള ബഹിഷ്കൃതസ്വത്വങ്ങളുടെ, ദുരവസ്ഥയുടെ ആവിഷ്കാരം നസ്റുവിന്റെ കവിതകളുടെ ജീവനാഡിയാണ്. ഉപഭോഗഭ്രാന്തും, പാരസ്പര്യമില്ലായ്മയുടെ സ്വാർഥലോഭങ്ങളും ചവിട്ടിനിൽക്കുന്ന മണ്ണിന്റെ മറവിയെ തീർത്തുവെക്കുമ്പോൾ മൺമറയാത്ത കവിതയിൽ പണിയുന്ന മൺകൊത്തുകൾ മണ്ണിൽ പച്ചമനുഷ്യനായി കിടന്നുറങ്ങാൻ പ്രലോഭിപ്പിക്കുന്നു!

കാടിനെ കാടിന്റെ നിയമത്തിനു വിട്ടത് ഇവിടത്തെ തദ്ദേശീയരായിരുന്നു. ദ്രാവിഡരായിരുന്നു. ഇന്നുമെന്നും ജാതീയമായി ഇകഴ്ത്തപ്പെട്ട മനുഷ്യനായിരുന്നു. കാട് നന്നാക്കി നാടാക്കുന്ന മനുഷ്യനല്ല അത്. പെണ്ണിനും പ്രകൃതിക്കും മേൽ ഉപഭോഗഭ്രാന്തിന്റെ ഉരുക്കുമുഷ്ടി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ആധുനികനാണത്. ജൈവമനുഷ്യനും ആധുനികമനുഷ്യനും രണ്ടു വിരുദ്ധദ്വന്ദ്വങ്ങളാണ്. നേരിന്റെ പക്ഷം, നരകചിത്രം, ന്റെ മണ്ണ്, വിശ്വമണ്ണവികത, തീരാമരക്കലി എന്നീ കവിതകളിൽ ഈ ദ്വന്ദ്വവിരുദ്ധതയുടെ ഉരസലുകൾ ആവർത്തിക്കുകയും വാക്കിന്റെ, ആശയത്തിന്റെ തീപ്പൊരി ചിതറിയ്ക്കുകയും ചെയ്യുന്നു.

"അവൾക്കവൾ അമ്മയുമച്ഛനും മകളും മകനുമാങ്ങളപെങ്ങൻമാരുമാവുന്ന കാഴ്ചയിൽ തുടങ്ങി, അവൾക്കവൾ ജീവനും മരണവു'മെന്ന് അവസാനിക്കുന്ന "അവൾക്കവൾ' എന്ന കവിത സമുദായവ്യാജനീതിയുടെ തടവറയിൽ അകപ്പെടുന്ന പെണ്ണിന്റെ നേർക്കാഴ്ചയെ അനുസ്മരിപ്പിക്കുന്നു. സമുദ്രം, മാതൃസ്നേഹം സിറാജുന്നീസയുടെ പാട്ട്, എന്നീ കവിതകളും പെണ്മയുടെ ആത്മാവറിയുന്നു.

താളാത്മകതയാണ് നസ്റുക്കവിതകളുടെ മറ്റൊരു സവിശേഷത. പലകവിതകളിലും കാണുന്ന വരികളിലെ ആവർത്തനങ്ങളുടെ ക്രാഫ്റ്റ് , ഈ താളാത്മകതയെ ഉറപ്പിക്കാനാണ് (ഉദാ- അന്നപാഠം,) ന്റെ മണ്ണ്, ഖബറുകൾ പൂക്കുമ്പോൾ, മ്യാവു മ്യാവൂ, കാവിപ്പശു, ദൈവത്തിന്റെ വർണ്ണം എന്നീ കവിതകൾ ഹൃദയതാളത്തിന്റെ ഭാവമത്രയും ആവാഹിച്ച കവിതകളാണ്.

മനുഷ്യസമുദായത്തിലേക്ക് തുറന്നു​െവച്ച അസാധാരണ ദൃശ്യഗ്രാഹി ഒപ്പിയെടുക്കുന്ന, (അ)സാധാരണ കാഴ്ചകളാണ് "പടച്ചോന്റെ കളി' എന്ന കവിതാ സമാഹാരത്തിലുള്ളത്. മൗലികവും ആത്മാർഥവുമായ വ്യഥകളുടെ കൂട്ടുചേർക്കലാണ് ഈ സമാഹാരം സംവഹിക്കുന്നത്. വർത്തമാനകാലം നമ്മെ കൊണ്ടെത്തിച്ച ദുർവിധിയിൽ വിലപിക്കയല്ല അവയുടെ നിജാവസ്ഥയിൽ നിന്നുകൊണ്ട് പ്രതീക്ഷയുടെ അവ സാന കിരണത്തെയും തന്നെത്തന്നെ ഇന്ധനമാക്കി ജ്വലിപ്പിക്കുകയാണ് കവി. അതിനുവേണ്ടി എല്ലാ ഉടയാടകളും ഊരിക്കളയാനും ഒടുവിൽ, സർവശാന്തിയിൽ മണ്ണിൽ കിടന്നുറങ്ങാനും കവി കൊതിക്കുന്നു. ആ സർവശാന്തിയെ പ്രാപിക്കുന്നതിന് സഹജീവികളുടെ പുറ്റുനോവുകൾക്ക് ഒപ്പം നിന്നേ തീരൂ. അതിന് അവരിലൊരാളാവണം. എന്നു കവിക്കറിയാം. സർവശാന്തി ഒരിക്കലും ഏകകേന്ദ്രിതമല്ല. അവശതയും പീഡനവും എന്തിന് എന്നറിയാതെ ഏൽക്കേണ്ടിവരുന്ന സാധാരണ മനുഷ്യർ ഇവിടെ നിലനിൽക്കുന്നിടത്തോളം ആ പരമപദം പുല്കൽ അസാധ്യമാണെന്ന ബോധ്യവും കവിക്കുണ്ട്. അവിഭാഗീയതയുടെ അതിജീവനത്തിന്റെ, പൊക്കിൾക്കൊടിക്കുകീഴിൽ പുലരേണ്ടവരാണ് ഓരോ മനുഷ്യനും എന്നതത്രേ കവിയുടെ ജൈവതത്ത്വം.

(എഴുത്ത്: ബിനീഷ് വൈദ്യരങ്ങാടി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padachonte KaliNasru
News Summary - book Review padachonte kali
Next Story