Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅക്ഷരങ്ങളുടെയും...

അക്ഷരങ്ങളുടെയും സൗഹൃദങ്ങളുടെയും കനത്ത ഈടുവെപ്പുകൾ

text_fields
bookmark_border
അക്ഷരങ്ങളുടെയും സൗഹൃദങ്ങളുടെയും കനത്ത ഈടുവെപ്പുകൾ
cancel

തന്റെ കവിതകളിൽ സത്യാന്വേഷണത്തിന്റെ ഒരിക്കലും കെടാത്ത ജ്വാലയായി ഉയരുകയും തന്റെ ഓർമ, അനുഭവം എഴുത്തുകളിൽ സൗഹൃദത്തിന്റെ ശീതളഛായയായി പടരുകയും ചെയ്ത പഴവിള രമേശൻ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞിട്ട് ഇന്ന് മൂന്നു വർഷം തികയുന്നു. എന്നാൽ, ആരവങ്ങളും കൊട്ടിഘോഷങ്ങളുമില്ലാതെതന്നെ മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ തന്റേതായ കുറച്ച് സംഭാവനകൾ കാഴ്ചവെച്ച പഴവിളയുടെ ഓർമകൾ അവയുടെ മൂല്യം തിരിച്ചറിയുന്നവരിൽ ഇന്നും ദീപ്തം. അതേസമയം, അകംപൊള്ളയായ നിരവധി കെട്ടുകാഴ്ചകളെ പലവിധ സ്വാർഥതാൽപര്യങ്ങളുടെ പേരിൽ ആഘോഷിക്കുന്ന നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ പഴവിള രമേശൻ എന്ന എഴുത്തുകാരനെ, മനുഷ്യസ്നേഹിയെ കുറെക്കൂടി ആഴത്തിൽ അടയാളപ്പെടുത്തേണ്ടതുമുണ്ട്.

എന്റെ കവിത ഞാൻതന്നെയാണ് എന്നു പറഞ്ഞിട്ടുള്ള പഴവിള തന്റെ കവിതസമാഹാരത്തിന്റെ ആമുഖത്തിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്. ''ഭീരുതയുടെ കുറിക്കുകൊള്ളലിനേക്കാൾ ധീരതയുടെ ഉന്നംപിഴക്കലിനോടാണ് എനിക്ക് താൽപര്യം''. ഒരുപക്ഷേ, പഴവിള എന്ന വ്യക്തിയുടെയും കവി, ഗദ്യകാരൻ എന്നീ നിലകളിലുള്ള എഴുത്തുകാരന്റെയും സാംസ്കാരിക നായകന്റെയും (ഇങ്ങനൈ ഒരു വിശേഷണത്തോട് അദ്ദേഹം തന്റെ സ്വതസിദ്ധമായ പരിഹാസത്തോടെ വിയോജിച്ചേക്കുമെങ്കിലും) സ്വത്വവും സത്തയുമത്രയും ഈ വാക്കുകളിൽ കുടികൊള്ളുന്നുണ്ട്. കവിതയിലാണെങ്കിലും രാഷ്ട്രീയവീക്ഷണങ്ങളിലാണെങ്കിലും പൊതുനിലപാടുകളിലാണെങ്കിലും എന്നും തന്റേതായ വഴികളിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ഇടതുപക്ഷ സഹയാത്രികനായിരിക്കുമ്പോഴും അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷത്തിൽനിന്ന് സംഭവിക്കുന്ന ച്യുതികളെയും അനീതികളെയും വിമർശിക്കുന്ന 'വാരിക്കുഴികൾ', 'കലികാലങ്ങളുടെ പാഠം' പോലെയുള്ള കവിതകൾ എഴുതാൻ കഴിയുന്ന ആർജവമുള്ള ഒരു കവിയായി അദ്ദേഹത്തിന് നിലകൊള്ളാൻ കഴിഞ്ഞത്. ആത്മാർഥതയുള്ള പല കമ്യൂണിസ്റ്റുകാരെയും പോലെതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും ടിയാനൻമെൻ സ്ക്വയർ ദുരന്തവുമെല്ലാം ഏറെ മഥിച്ചിരുന്ന മനസ്സിന്റെ ഉടമയായ കവിയിൽനിന്ന് അത്തരം വ്യഥകളും ശക്തമായ കവിതകളായി പിറന്നു. അതേപോലെ തന്നെ, 'കത്തി', 'ഒരുപിടി ഭസ്മം', 'പക്ഷം' തുടങ്ങിയ കവിതകൾ നമ്മുടെ സമൂഹത്തെയും രാഷ്ട്രീയത്തെയും ഇപ്പോൾ കരാളമായി ഗ്രസിച്ചിരിക്കുന്ന വർഗീയ ഫാഷിസത്തെയും നിശിതമായി വിമർശിക്കുന്നു.

ഭാസുരമായ നവോത്ഥാന ഭാവുകത്വം സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരുകാലഘട്ടത്തിൽ ജനിച്ചുവളർന്ന പഴവിളയൻ ആശയമണ്ഡലം എന്നും ശക്തമായ സ്വാധീനമായിരുന്നു. 1935ൽ കൊല്ലം ജില്ലയിലെ പെരിനാട് പഴവിളയിൽ ജനിച്ച പഴവിളയിൽ, ചെറുപ്പത്തിൽതന്നെ ശ്രീനാരായണഗുരുവിന്റെ ചിന്തകളും ഇടതുപക്ഷ ആശയങ്ങളും ആഴത്തിൽ വേരൂന്നി. പതിനാലാമത്തെ വയസ്സിൽതന്നെ, ഒരു നാടകത്തിനുവേണ്ടിയുള്ള ഗാനങ്ങൾ രചിച്ച് എഴുത്തിന്റെ വഴിയിലേക്ക് പ്രവേശിച്ച പഴവിളക്ക് തുടക്കത്തിൽ 'ജനയുഗ'വും തുടർന്ന് കെ. ബാലകൃഷ്ണന്റെ 'കൗമുദി'യും ഉചിതമായ കളരികളായി. അനിതരസാധാരണമായ ധിഷണയും ആരുടെയും മുന്നിൽ വളയ്ക്കാത്ത നട്ടെല്ലും സ്വന്തമായിരുന്ന കെ. ബാലകൃഷ്ണന്റെ കൂടെയുള്ള പ്രവർത്തനം പഴവിളയുടെ കർമകാണ്ഡത്തിനും മാർഗദർശിയായ അടിത്തറയായിരുന്നു എന്നു കരുതാം.

'കൗമുദി'ക്കുശേഷം പിന്നീട് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ദീർഘകാലം പ്രവർത്തിച്ച് അസിസ്റ്റന്റ് ഡയറക്ടർ, ഡയറക്ടർ പദവികളിൽ എത്തുമ്പോഴും ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വീക്ഷണങ്ങളും പെരുമാറ്റരീതികളുമല്ലാതെ മനുഷ്യനെയും അക്ഷരങ്ങളെയും തിരിച്ചറിയുന്ന, വിലമതിക്കുന്ന ഒരു വ്യക്തിത്വമായി പഴവിള നിലകൊണ്ടതിൽ അതിനാൽ ഒട്ടും അത്ഭുതപ്പെടാനില്ല. അടിയന്തരാവസ്ഥയുടെ ദുർദിനങ്ങളിൽപോലും അതുകൊണ്ടുതന്നെ, ഉദ്യോഗത്തിന്റെ പരിമിതികളിൽനിന്നുകൊണ്ടുതന്നെ, രാഷ്ട്രീയാഭിപ്രായങ്ങളുടെ പേരിൽ സർക്കാറിന്റെ വേട്ടക്കിരയാകുന്ന തന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം ധീരമായി നിലയുറപ്പിച്ച് അവരെ സഹായിച്ചു.

ജീവിതത്തിൽ സൗഹൃദങ്ങൾക്ക് എന്നും വലിയ വിലകൽപിച്ച വ്യക്തിയായിരുന്നു പഴവിള എന്നല്ല, സൗഹൃദങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആസ്തി എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ആ സൗഹൃദവലയത്തിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള എഴുത്തുകാർ, രാഷ്ട്രീയപ്രവർത്തകർ, ബിസിനസുകാർ, സിനിമ ഉൾപ്പെടെയുള്ള കലാമേഖലകളിലെ വ്യക്തിത്വങ്ങൾ, ഒന്നുമല്ലാത്ത സാധാരണക്കാർ എന്നിവരെല്ലാം ഉൾപ്പെട്ടിരുന്നു. തന്റെ പ്രിയ സഹധർമിണി രാധയുടെ ഉറച്ചപിന്തുണയോടെ പഴവിള തിരുവനന്തപുരത്തെ തന്റെ ഭവനത്തെ എത്രയെത്ര സുഹൃത്തുക്കൾക്ക് ഒരിക്കലും മറക്കാനാവാത്ത, അതിഥിഗേഹമാക്കിമാറ്റി! എണ്ണിത്തീർക്കാനാവാത്ത, പറഞ്ഞുതീർക്കാനാവാത്ത ആതിഥ്യാനുഭവങ്ങൾ സമ്മാനിച്ചു! മൺമറഞ്ഞ മലയാളത്തിന്റെ മഹാനായ കഥാകാരൻ എൻ.പി. മുഹമ്മദിനും കുടുംബത്തിനും പഴവിളയുടെ വീട് അവരുടെ രണ്ടാംവീട് എന്ന നിലയിലായിരുന്നു എന്ന് ആവർത്തിച്ച് പറഞ്ഞിട്ടുള്ളത് ഇവിടെ ഓർക്കാം.

തികഞ്ഞ സംഭാഷണപ്രിയനുമായിരുന്ന പഴവിള തന്റെ ഓർമ, അനുഭവ എഴുത്തുകളിൽ കുറിച്ചതിനേക്കാൾ എത്രയോ അധികമായി സാരവത്തായി തന്റെ അതിഥികൾക്കും സന്ദർശകർക്കും മുന്നിൽ മനസ്സുതുറന്നിരുന്നു. നീണ്ട 17 വർഷങ്ങൾ പ്രമേഹരോഗബാധയെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റപ്പെട്ട് പരാശ്രിതനായി വീടിനുള്ളിൽതന്നെ കഴിയുമ്പോഴും ആ സൗഹൃദങ്ങളും സംഭാഷണങ്ങളും വലിയൊരു പരിധിവരെ അദ്ദേഹത്തിന് സാന്ത്വനമായി. ഒപ്പം തന്റെ വിപുലമായ ഗ്രന്ഥശേഖരവും വായനയും ഏറെ പരിമിതപ്പെട്ട ശരീരത്തിനുള്ളിലും അദ്ദേഹത്തിന്റെ മനോമണ്ഡലത്തെ ഉന്മിഷിത്താക്കി നിർത്തി.

അതേസമയം, എഴുത്തുജീവിതത്തിന്റെ തുടക്കകാലങ്ങളിൽ തന്റെ രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഉത്സാഹിച്ചിട്ടില്ലാത്ത പഴവിളയുടെ കവിതകളും ഓർമ, അനുഭവലേഖനങ്ങളും പുസ്തകങ്ങളായി ഈ കാലയളവിൽ പുറത്തുവന്നു എന്നത് സന്തോഷകരമായി. 'ഓർമയുടെ വർത്തമാനം', 'മായാത്ത വരകൾ', 'നേർവര' എന്നീ മൂന്നു ലേഖനസമാഹാരങ്ങൾ ഒരുകാലഘട്ടത്തിലെ കേരള സാമൂഹിക, രാഷ്ട്രീയ, കല, സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി നിർണായക വ്യക്തിത്വങ്ങളിലേക്കും സംഭവങ്ങളിലേക്കുമുള്ള, എക്കാലവും ഈടുവെപ്പാകുന്ന വൈയക്തികമായ തിരിഞ്ഞുനോട്ടങ്ങളാണ്. 'ഞാൻ' എന്ന ഭാവം അധികരിക്കാത്ത, ഇവയിലൂടെ പഴവിള രമേശൻ എന്ന വ്യക്തിയെയും ഈ എഴുത്തുകളിൽ കാണാം. തന്റെ ഉറച്ച സൗഹൃദങ്ങളിലെല്ലാം ഇടക്ക് പിണക്കത്തിന്റെ നൂലിഴകൾ കൂടിച്ചേർത്ത് അവയെ കൂടുതൽ ദൃഢതരമാക്കുന്ന പഴവിളയുടെ ഈ എഴുത്തുകളിൽ ഇടക്ക് അപ്രിയസത്യങ്ങൾ തുറന്നുപറയാനുള്ള ആർജ്ജവവും നട്ടെല്ലും നമ്മൾ കണ്ടെത്തുകയും ചെയ്യുന്നു.

അതേസമയം, പഴവിള രമേശന്റെ കവിതകളിലൂടെ വീണ്ടും നമ്മൾ സഞ്ചരിക്കുമ്പോൾ, ആ കവിതകൾ വേണ്ടത്ര രീതിയിലൊന്നും ഇവിടത്തെ സഹൃദയമണ്ഡലത്തിലും അക്കാദമികതലത്തിലും വിലയിരുത്തപ്പെട്ടില്ല എന്ന സത്യവും നിഷ്പക്ഷമതികളായ കാവ്യാസ്വാദകർക്ക് തിരിച്ചറിയാനാകും. പദങ്ങളുടെ ആലങ്കാരികതയും ക്ഷിപ്ര ആകർഷണീയതയും വർജിച്ച് പ്രമേയങ്ങളുടെ അകക്കാമ്പുകളെ തീവ്രമായി ആവിഷ്കരിക്കുന്നവയാണ് പഴവിളക്കവിതകൾ. സാമൂഹികവും രാഷ്ട്രീയവുമായ അനുഭവങ്ങളുടെ സത്യാന്വേഷണം നടത്തുമ്പോഴും തന്റെതന്നെ സ്വത്വത്തിന്റെ ഉൺമയെ തേടുന്നവയുമായിരുന്നു ഏതൊരു മികച്ച കവിയെയും പോലെതന്നെ അദ്ദേഹത്തിന്റെ കവിതകളും. 'സമ്മാനപ്പാട്ട്' എന്ന കവിതയിൽ കവി ഇങ്ങനെ കുറിച്ചു:

''പിന്തിരിഞ്ഞുനടന്നാലുമെത്താൻ

സ്വന്തമായിടമില്ലെന്നറിഞ്ഞും

നേരമിങ്ങനെ പോക്കുമ്പോഴെന്റെ

നേരെവിടെ, യീ ഞാനിന്നെവിടെ.''

ഇങ്ങനെ സ്വന്തം കാലത്തോടും തന്നോടുതന്നെയും വ്യഥിതമായും കലഹിച്ചും നടത്തുന്ന കാവ്യാന്വേഷണങ്ങൾ അനുവാചകരുടെ ധിഷണയിൽ നവീനചിന്തകളുടെ കനലുകൾ കോരിയിടുന്നു, ജ്വലിപ്പിക്കുന്നു. 'പഴവിള രമേശന്റെ കവിതകൾ', 'മഴയുടെ ജാലകം', 'ഞാൻ എന്റെ കാടുകളിലേക്ക്', 'ഉയർത്തെഴുന്നേൽപിന്റെ ഉടൽ', 'പ്രയാണപുരുഷൻ' എന്നീ കവിതസമാഹാരങ്ങൾ ഇനിയും ഏറെ ആസ്വദിക്കപ്പെടാനായും പഠിക്കാനായും സഹൃദയർക്കുമുന്നിൽ അണിനിരക്കുന്നു.

കവിയായി മാത്രമല്ല, ഒരു ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലും പഴവിളയുടെ തൂലിക ചലിച്ചിട്ടുണ്ട്. 'ഞാറ്റടി', 'മാളൂട്ടി', 'അങ്കിൾ ബൺ', 'വസുധ' എന്നിങ്ങനെ ചുരുക്കം സിനിമകളാണെങ്കിലും ആ പാട്ടുകൾ ഒരനുഗൃഹീത ഗാനരചയിതാവിനെയും കാട്ടിത്തരുന്നു. പക്ഷേ, സിനിമ എന്ന രംഗം ആവശ്യപ്പെടുന്ന പലതരം ഒത്തുതീർപ്പുകൾക്കും വിധേയത്വങ്ങൾക്കും വഴങ്ങുന്നതല്ല തന്റെ രീതി എന്നറിഞ്ഞുകൊണ്ടുതന്നെ പഴവിള ആ മേഖലയോട് താൽപര്യം കാട്ടിയുമില്ല.

സമഗ്ര സംഭാവനക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം, മൂലൂർ പുരസ്കാരം, അബൂദബി ശക്തി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പക്ഷേ, പുരസ്കാരങ്ങൾക്ക് പിന്നാലെ അലഞ്ഞിട്ടില്ലാത്ത പഴവിള രമേശൻ എന്ന എഴുത്തുകാരനെ ഇത്തരം പുരസ്കാരങ്ങൾകൊണ്ട് അളക്കാനുമാവില്ല. അദ്ദേഹത്തിന്റെ കവിതകളും ഇതര എഴുത്തുകളും സഹൃദയലോകത്ത് സജീവമായി നിലനിർത്തി അവയെ വിലയിരുത്തുക എന്നതുതന്നെയാണ് പഴവിള രമേശന്റെ ഓർമയോട് നീതിയും ആദരവും പുലർത്താനുമുള്ള ഒരേയൊരു മാർഗം. ●

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pazhavila Ramesan
News Summary - About the poems of Pazhavila Ramesan
Next Story