വ്യാജ രേഖകളുമായി വിദേശികളെ ഗൾഫിലേക്ക് കടത്തൽ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsനെടുമ്പാശ്ശേരി: വ്യാജ ആധാർ കാർഡും മറ്റുമുപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ടിൽ വിദേശികളെ ഗൾഫിലേക്ക് കടത്തുന്നത് സംബന്ധിച്ച് ജില്ല ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. വ്യാജ രേഖകളുപയോഗിച്ച് യു.എ.ഇയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് നേപ്പാൾ പൗരന്മാരെ എമിഗ്രേഷൻ വിഭാഗം പിടികൂടിയതോടെയാണ് നടപടി. പിടിയിലായ സുശീൽ ചമ്പാ ഗൈ എന്നയാൾ ഹരിയാനയിലെ വിലാസത്തിലാണ് വ്യാജ ആധാർ കാർഡും മറ്റുമെടുത്തത്. സുഭാഷ് കാർക്കിയെന്നയാൾ പശ്ചിമബംഗാളിൽനിന്നാണ് വ്യാജ ആധാർ കാർഡും ഇതുപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ടും തരപ്പെടുത്തിയത്.
പാസ്പോർട്ട് പരിശോധനയിൽ ഭാഷയിൽ സംശയം തോന്നി എമിഗ്രേഷൻ വിഭാഗം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇന്ത്യയിൽനിന്നും ആധാർ കാർഡ് എടുത്തത് കണ്ടെത്തിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാൻ ജില്ല ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. ഇന്ത്യയിൽ ജോലിതേടിയെത്തിയ ഇവർ ചില ഹോട്ടലുകളിൽ ജോലി ചെയ്തു. ഇതിനിടയിൽ പരിചയപ്പെട്ട ചിലരാണ് യു.എ.ഇയിലെ വൻകിട ഹോട്ടലുകളിൽ ഉയർന്ന വേതനത്തിൽ ജോലി സാധ്യത വെളിപ്പെടുത്തിയത്. ടൂറിസ്റ്റ് വിസകളിലാണ് ഇരുവരും യാത്ര ചെയ്യാൻ വന്നത്.