മോൻസൺ: ഒന്നരക്കോടി ആവശ്യപ്പെട്ട് തുടങ്ങിയ ഇടപാട് എത്തിയത് പത്തിൽ, സിനിമയെ വെല്ലുന്ന തിരക്കഥ
text_fieldsനോട്ടെണ്ണൽ യന്ത്രവും കമ്പ്യൂട്ടറും ഘടിപ്പിച്ച ആഡംബര കാറിൽ മോൻസൺ
കൊച്ചി: ഡൽഹിയിൽ 'ഫെമ' ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച പുരാവസ്തുവിറ്റ വൻതുക തിരിച്ചുപിടിക്കാനെന്ന പേരിൽ പരാതിക്കാരനായ അനൂപിൽനിന്ന് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് തുടങ്ങിയ ഇടപാട് ചെന്നെത്തിയത് 10 കോടിയിൽ. ഇരകൾക്ക് തിരിച്ചുകിട്ടിയത് മൂന്ന് കാറും 'അമൂല്യശേഖര'ത്തിലെ രണ്ട് മൂന്ന് വ്യാജ വസ്തുക്കളും കുറച്ച് വാഗ്ദാനങ്ങളും മാത്രം. മോൻസൺ ഇരകൾക്ക് മുന്നിൽ അവതരിപ്പിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥ.
കോടികൾ വിറ്റുവരവുള്ള കലിംഗ കല്യാൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ മാനേജിങ് ഡയറക്ടർ എന്ന പേരിലാണ് മോൻസൺ അനൂപിനെ 2017ൽ പരിചയപ്പെടുന്നത്. അനൂപും മറ്റൊരു പരാതിക്കാരനായ ഷാനിമോനും ബംഗളൂരുവിലെ ഹോട്ടലിലെ പാർട്ണർമാരായിരുന്നു. 25 വർഷമായി ആൻറിക് ബിസിനസ് നടത്തുന്നയാൾ എന്ന പേരിലാണ് മോൻസൺ സ്വയം പരിചയപ്പെടുത്തിയത്. ഫെമ ഉദ്യോഗസ്ഥർ തെൻറ തുക തടഞ്ഞുവെച്ചതും അത് ലഭിക്കാനുള്ള നിയമപോരാട്ടവും ഇവർക്ക് മുന്നിൽ രേഖകൾ സഹിതം അവതരിപ്പിച്ച മോൻസൺ, പണം ഇറക്കിയാൽ ഈ തുകയിലെ വൻ ഷെയറും വാഗ്ദാനം ചെയ്തു. 26,26,000 കോടി രൂപ അക്കൗണ്ടിൽ കിടക്കുന്ന വ്യാജരേഖകളും മറ്റും ഇവർക്ക് കൈമാറി. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ബാങ്ക് ബാലൻസ് കാണുന്നതെന്ന് പറഞ്ഞ പരാതിക്കാരെ കൂടുതൽ വിശ്വസിപ്പിക്കാൻ ഈ തുക കൺവെർട്ട് ചെയ്തുകൊണ്ടുവന്ന മറ്റ് രേഖകളും ഫെമ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന ചിത്രങ്ങളും കാണിച്ചു.
പിന്നീട് ഇവരെ മോൻസണിെൻറ കലൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവിടത്തെ പുരാവസ്തു ശേഖരങ്ങൾ കണ്ടതോടെയാണ് ആറുപേരും പണമിറക്കാൻ തയാറാകുന്നത്. ഒന്നരക്കോടിയാണ് അനൂപിൽനിന്ന് ആവശ്യപ്പെട്ടത്. പക്ഷേ, പണം കിട്ടുംതോറും തെൻറ ഉന്നതബന്ധങ്ങളും സ്വാധീനവും വെളിവാക്കാൻ പുതിയ തിരക്കഥകളും രേഖകളും ചിത്രങ്ങളും മോൻസൺ നിരത്തി. അങ്ങനെ ഒന്നരക്കോടി ആവശ്യപ്പെട്ട് 2017 ജൂണിൽ തുടങ്ങിയ ഇടപാടിൽ രണ്ടുവർഷമായപ്പോൾ ഹോട്ടൽ പാർട്ണർമാരായ ഷാനിമോനും അനൂപിനും ചേർന്ന് നഷ്ടമായത് ആറുകോടിയോളം രൂപയാണ്. ഇതിൽ ഷാനിമോെൻറ വിഹിതം 15 ലക്ഷമാണ്. ശേഷിക്കുന്ന തുക അനൂപിേൻറതാണ്. ബാങ്കിൽനിന്നും മറ്റും വായ്പയെടുത്താണ് അനൂപ് തുക കൈമാറിയത്. ഇതിൽ 2018 നവംബറിൽ 25 ലക്ഷം കൈമാറിയത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പിയുടെ സാന്നിധ്യത്തിലായിരുന്നു.
2019 ജൂണിൽ അടിയന്തരമായി രണ്ടരക്കോടി രൂപ മോൻസൺ അനൂപിനോട് ആവശ്യപ്പെട്ടു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടിലായ അനൂപിന് ഈ തുക നൽകാനായില്ല. ഈസമയം അനൂപാണ് യാക്കൂബ് പാറയിലിനെയും ഷെമീറിനെയും ഇടപാടിലേക്ക് കൊണ്ടുവരുന്നത്. ഇവർക്ക് മുന്നിലും തെൻറ തിരക്കഥ വിജയകരമായി മോൻസൺ അവതരിപ്പിച്ചു.
അനൂപിെൻറ ഉറപ്പും കൂടിയായതോടെ അവരും കെണിയിൽ വീണു. ഡി.ഐ.ജി സുരേന്ദ്രനെ പരിചയപ്പെടുത്തി വിശ്വാസം ആർജിച്ച ശേഷമാണ് യാക്കൂബിൽനിന്ന് ആദ്യം 25 ലക്ഷം വാങ്ങിയെടുത്തത്. ഷെമീർ ഇറക്കിയത് 60 ലക്ഷവും. പിന്നീട്, വ്യവസായി യൂസുഫലിയുടെ അടുത്തയാളെന്ന് വിശ്വസിപ്പിക്കാനായിരുന്നു ശ്രമം. ഉന്നതബന്ധങ്ങളെല്ലാം സത്യമാണെന്ന് കരുതി യാക്കൂബ് പലപ്പോഴായി രണ്ട് കോടിയാണ് കൈമാറിയത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യാക്കൂബും െഷമീറും ചേർന്ന് സലീമിനെ പരിചയപ്പെടുത്തിക്കൊടുത്തത്. കഥകൾ വിശ്വസിച്ച സലീം കൈമാറിയത് 30 ലക്ഷമാണ്. യാക്കൂബിെൻറ സഹോദരൻ സിദ്ദീഖ് പാറയിൽ മോൻസണിെൻറ വീട് സന്ദർശിച്ചതോടെയാണ് ഇടപാടിലേക്ക് ആകൃഷ്ടനായത്. അദ്ദേഹം ഒരു കോടിയാണ് കൈമാറിയത്.
അനൂപിനും യാക്കൂബിനും പണത്തിന് പ്രതിഫലമായി ബി.എം.ഡബ്ല്യു -7 സീരീസ്, പോർഷെ എന്നിങ്ങനെ മൂന്ന് ആഡംബര വാഹനങ്ങൾ നൽകിയിരുന്നു. ഇതുകൂടാതെ അമൂല്യങ്ങളെന്ന് വിശ്വസിപ്പിച്ച് മോതിരക്കല്ല്, വാച്ച് എന്നിവയും നൽകി. കലിംഗ കല്യാൺ കമ്പനിയുടെ ഡയറക്ടർ സ്ഥാനമായിരുന്നു അനൂപിന് കിട്ടിയ മറ്റൊരു വാഗ്ദാനം. യാക്കൂബിനെ മോൻസൺ എഡിഷെൻറ പാർട്ണർ ആക്കാമെന്നായിരുന്നു വാഗ്ദാനം. ഫെമ കേസ് കൈകാര്യം ചെയ്യുന്ന മുംബൈയിലെ ട്രൈബ്യൂണൽ കോടതിയുടെ വിധിപ്പകർപ്പ് ജഡ്ജിയുടെ ഒപ്പും സീലും അടങ്ങിയതും ഇവർക്ക് കാണിച്ചുകൊടുത്തിരുന്നു. പണമിറക്കിയവർ രേഖകളുടെ നിജസ്ഥിതി അന്വേഷിക്കാതിരുന്നത് മോൻസണിെൻറ തട്ടിപ്പിെൻറ ആയുസ്സ് കൂട്ടി.