ഭോപ്പാൽ: ഭക്ഷണം പാകം ചെയ്യുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടതിന് ഭർത്താവ് അലക്കു ബാറ്റുകൊണ്ടടിച്ച് കിണറ്റിലെറിഞ്ഞ യുവതി മരിച്ചു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഹത്പിപ്ലിയ പട്ടണത്തിലാണ് സംഭവം. യശോദ (40) ആണ് മരിച്ചത്. പ്രതിയായ ദിനേശ് മാലിയെ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഭാര്യയോട് ഭക്ഷണം ചോദിച്ചപ്പോൾ താൻ വീട്ടുജോലികളിലാണെന്നും ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും യശോദ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ ദിനേശ് ഭാര്യയുമായി വഴക്കിടുകയും അലക്കാനുപയോഗിക്കുന്ന ബാറ്റെടുത്ത് തലക്കടിക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച മകളെയും ദിനേഷ് ബാറ്റുകൊണ്ട് മർദിച്ചു. അടിയേറ്റ് അവശയായി കിടന്ന ഭാര്യയെ കിണറ്റിലെറിഞ്ഞ് ദിനേശ് വീട്ടിൽ നിന്നോടിപ്പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മകൾ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് യശോദയുടെ മൃതദേഹം പുറത്തെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തതായി ഹത്പിപ്ലിയ പൊലീസ് അറിയിച്ചു.