ന്യൂഡൽഹി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി കടയുടമ വെടിയേറ്റ് മരിച്ചു. ഡൽഹിയിലെ ദര്യഗഞ്ചിലാണ് സംഭവം. മൊയ്നുദ്ദീൻ ഖുറൈഷി (48) എന്നയാളാണ് കൊല്ലപ്പെട്ടത്.
ശബരി ദർഗക്ക് സമീപം ഇരുചക്ര വാഹന വർക്ഷോപ്പ് നടത്തിവരികയായിരുന്നു മൊയ്നുദ്ദീൻ. കടയടച്ച ശേഷം രാത്രി പത്തോടെ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ മൊയ്നുദ്ദീന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് മൊയ്നുദ്ദീന്‍റെ വയറ്റിലും മറ്റൊന്ന് പുറകിലുമാണ് പതിച്ചത്. അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
മൊയ്നുദ്ദീന്‍റെ സഹോദരൻ റുക്‌നുദ്ദീനും സുഹൃത്ത് സാജിദും ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സി.സി.ടി.വിയിൽ കുറ്റവാളികളെ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറത്തു.
മൊയ്നുദ്ദീൻ പ്രായമായ അമ്മക്കും ഭാര്യക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ദര്യഗഞ്ചിലെ പട്ടൗഡി ഹൗസിലാണ് താമസിച്ചിരുന്നതെന്ന് സെൻട്രൽ ഡൽഹി ഡി.സി.പി ശ്വേത ചൗഹാൻ പറഞ്ഞു. മൊയ്നുദ്ദീന്‍റെ കുടുംബം ആരിലും സംശയം ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.