Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightസ്വാതന്ത്ര്യത്തി​െൻറ...

സ്വാതന്ത്ര്യത്തി​െൻറ നാനാർഥങ്ങൾ

text_fields
bookmark_border
സ്വാതന്ത്ര്യത്തി​െൻറ നാനാർഥങ്ങൾ
cancel

കേരള പൊലീസ്​ നിയമത്തിൽ 118 എ എന്ന വകുപ്പ്​ കൂട്ടിച്ചേർത്തു സംസ്ഥാന സർക്കാർ ഓർഡിനൻസ്​ ഇറക്കിയതും പിന്നീട്​ ജനകീയ പ്രതിഷേധത്തെത്തുടർന്ന്​ അത്​ പിൻവലിക്കാൻ തീരുമാനിച്ചതും വലിയ വാർത്തയായതിൽ അത്ഭുതമില്ല. വൈകിയെങ്കിലും തെറ്റുതിരുത്താൻ സർക്കാർ തയാറായി എന്നത്​ സന്തോഷകരവും ആശ്വാസകരവുമാണ്​. അധികാരത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റമാക്കി വ്യാഖ്യാനിച്ച്​ നടപടിയെടുക്കാൻ പൊലീസിന്​ സർവാധികാരം നൽകുന്ന നിയമത്തെ ചെറുത്തുതോൽപിക്കാനായി പൊതുവേ മാധ്യമങ്ങളും ബുദ്ധിജീവികളും ആക്​ടിവിസ്​റ്റുകളുമടക്കം മുന്നോട്ടുവന്നതും കണ്ടു. പ്രതിപക്ഷ സമരമെന്നതിലുപരി, സിവിൽ സമൂഹത്തി​െൻറതന്നെ പ്രതിഷേധമായിരുന്നു ഓർഡിനൻസിനെതിരെ അലയടിച്ചത്​.

സംസ്ഥാനത്തെ ജനങ്ങളുടെയും മാധ്യമങ്ങ​ളുടെയും സ്വാതന്ത്ര്യത്തി​െൻറ പ്രശ്​നം അർഹിക്കുന്ന ഗൗരവത്തോടെ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു എന്നത്​ മലയാളിക്ക്​ അഭിമാനിക്കാൻ വകതരുന്നുണ്ട്​. സമൂഹത്തി​െൻറ പൊതുവായ പ്രശ്​നത്തിൽ കാണിക്കുന്ന ഈ ഐക്യദാർഢ്യം പക്ഷേ, കേരളീയർ ഒറ്റപ്പെട്ട സ്വാതന്ത്ര്യനിഷേധങ്ങളുടെ കാര്യത്തിൽ കാണിക്കുന്നുണ്ടോ? വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും സംബന്ധിച്ച്​ സംസ്ഥാനസർക്കാർ ഇതിനുമുമ്പ്​ പ്രതിലോമകരമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ 'വിജയംവരെ സമരം ചെയ്യാൻ' മലയാളിക്ക്​ കഴിഞ്ഞിട്ടുണ്ടോ? അതോ, കുറച്ചു ദിവസത്തെ പ്രതിഷേധങ്ങൾക്കു​ ശേഷം സ്വാതന്ത്ര്യനിഷേധത്തി​െൻറയും വെടിവെപ്പുകളുടെയും ദുരനുഭവങ്ങളെ ഇരകൾക്ക്​ മാത്രമായി വിട്ടുകൊടുത്ത്​, മറവിയുടെ സ്വാസ്ഥ്യങ്ങളിലേക്ക്​ തിരിച്ചുപോവുകയാണോ മലയാളി ചെയ്​തത്​?

കോഴിക്കോടുനിന്ന്​ രണ്ട്​ യുവാക്കളെ മാവോവാദികൾ എന്നാരോപിച്ച്​​ ഒരു വർഷത്തോളം ജയിലിൽ കിടത്തിയത്​ ഈ സംസ്ഥാനത്തായിരുന്നു. 2016 നു​ ശേഷം എട്ടു​ മനുഷ്യരെ മാവോവാദികൾ എന്ന്​ മുദ്രകുത്തി വെടിവെച്ചുകൊന്നതും ഇതേ സംസ്ഥാനത്തായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചും ചർച്ചകളുണ്ടായി എന്നതു​ നേരാണ്​. ചില പ്രതിഷേധങ്ങളും ഉണ്ടായി. പക്ഷേ, അവയൊന്നും ഏറെ നാൾ നീണ്ടുനിന്നില്ല. പൊലീസ്​ നിയമഭേദഗതിക്കെതിരായി ഉയർന്നതുപോലുള്ള പൊതുവികാരങ്ങൾ ഒറ്റപ്പെട്ട ഇരകളുടെ കാര്യത്തിൽ ഉണ്ടാകാതെ പോയത്​ എന്തുകൊണ്ടാണ്​? വിയോജിപ്പുകളുടെയും പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും കാര്യങ്ങളിൽ പോലും മലയാളി സവിശേഷമായൊരു ഹിപ്പോക്രസി വെച്ചുപുലർത്തുന്നുണ്ടോ?

അർഥശങ്കക്കിടയില്ലാത്തവിധം ഒരു കാര്യം വ്യക്തമാക്ക​ട്ടെ, മതത്തി​െൻറ പേരിലായാലും രാഷ്​ട്രീയത്തി​െൻറ പേരിലായാലും ഹിംസ നടത്താൻ ആർക്കും അവകാശമില്ല. അക്രമവും കൊലപാതകവും ആരു നടത്തിയാലും അത്​ ജനാധിപത്യവിരുദ്ധമാണ്​. മാവോവാദം ഹിംസാധിഷ്​ഠിതമാണ്​. അതിനാൽതന്നെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്​. അപകടകരവും അനാശാസ്യവുമായ ഈ പ്രത്യയശാസ്​ത്രം ഇന്ത്യക്ക്​ മഹാദുരന്തങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ.

അതേസമയം, മാവോവാദത്തി​െൻറ മറവിൽ സംസ്ഥാനത്ത്​ ആരെയും അറസ്​റ്റ്​ ചെയ്യാമെന്നും ആരെ വേണമെങ്കിലും വെടിവെച്ചു കൊല്ലാമെന്നും സർക്കാർ കരുതുന്നുവെങ്കിൽ ആ നിലപാടും ഭരണഘടനവിരുദ്ധമാണ്​. നേരത്തേ പറഞ്ഞ യുവാക്കളുടെ നേരെ സ്വീകരിച്ച കിരാതനടപടിയെ സംസ്ഥാന മുഖ്യമന്ത്രി പലതവണ ന്യായീകരിച്ചു. വെടിവെപ്പുകളെയും അദ്ദേഹം തള്ളിപ്പറഞ്ഞില്ല. യുവാക്കൾക്ക്​ ജാമ്യം നൽകി ​ പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നീതിബോധം ഇടതുപക്ഷ സർക്കാറി​െൻറ സാരഥി കാണിച്ചില്ല. വെടിവെപ്പുകൾ ആവർത്തിക്കപ്പെട്ടപ്പോഴും ഭരണകൂടം ക്രൂരമായ നിസ്സംഗത വെച്ചുപുലർത്തി. സൂക്ഷ്​മതലങ്ങളിൽ വെച്ചുപുലർത്തിയ ഈ സ്വാതന്ത്ര്യവിരുദ്ധ നിലപാടി​െൻറ സ്ഥൂലരൂപമായിരുന്നില്ലേ, പൊലീസ്​ നിയമഭേദഗതിക്കു പിറകിൽ ഉണ്ടായിരുന്നത്​?

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി ഗൗരവപൂർവം ഇടപെട്ടിട്ടുണ്ട്​. ഒരു കൊടുംക്രിമിനലിനെപ്പോലും വെടിവെച്ചുകൊല്ലാൻ പൊലീസിന്​ അധികാരമില്ലെന്ന്​ ഓം പ്രകാശി​െൻറ കേസിൽ (2012) സുപ്രീംകോടതി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളുടെ ഭരണഘടന നിഷേധസ്വഭാവം വ്യക്തമാക്കിയ സുപ്രീംകോടതി അവ സംഭവിച്ചാൽ അവശ്യം പാലിക്കേണ്ട നടപടിക്രമങ്ങൾ എണ്ണിപ്പറഞ്ഞത്​ പി.യു.സി.എൽ കേസിൽ (2014) ആയിരുന്നു. കേവലമായ വിശ്വാസങ്ങൾ കുറ്റകരമല്ലെന്നും സുപ്രീംകോടതി പറഞ്ഞു-അക്രമത്തിന്​ അവ കാരണമാകാത്തിടത്തോളം. അരൂപ്​ ഭുയാൻ കേസ്​ (2011), ശ്രീ ഇന്ദ്രദാസ്​ കേസ്​ (2011) എന്നിവയിലൂടെ ഉരുത്തിരിഞ്ഞ നിയമതത്ത്വം അതായിരുന്നു. ഹിംസയുടെ സ്​പർശമില്ലാത്ത പ്രത്യയശാസ്​ത്ര വിചാരങ്ങളെ ക്രിമിനൽ കുറ്റമായി കാണരുത്​ എന്ന്​ സുപ്രീംകോടതി ആവർത്തിച്ചു പറഞ്ഞു. എന്നാൽ, ഈ അടിസ്ഥാന നിയമത്തി​െൻറ പ്രയോജനം ലഭിക്കാൻ കോഴിക്കോടുനിന്നുള്ള യുവാക്കൾക്ക്​ മാസങ്ങളോളം ജയിലിൽ കിടക്കേണ്ടിവന്നു.

സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നീതിയെയും സംബന്ധിച്ച വിട്ടുവീഴ്​ചയില്ലാത്ത നിലപാടുകൾ ഭരണനിർവഹണത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്നതാണ്​ പ്രധാനപ്പെട്ട ചോദ്യം. ഒരേസമയം യു.എ.പി.എ പോലുള്ള കരിനിയമത്തെ എതിർക്കുകയും അതേസമയം, ദുർബലരും ഒറ്റപ്പെട്ടവരുമായ വ്യക്തികൾക്കെതിരെ അത്​ പ്രയോഗിക്കുകയും ചെയ്യുന്നത്​ ജനാധിപത്യപരമായ സമീപനമല്ല. പാർശ്വവത്​കൃതരും അസംഘടിതരും പിന്തുണക്കാൻ ഏറെപ്പേർ ഇല്ലാത്തവരുമായ ആളുകളുടെ സ്വാതന്ത്ര്യത്തെയും ജീവനെയും സംരക്ഷിക്കാൻ കഴിയു​േമ്പാൾ മാത്രമാണ്​ ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരണഘടനപരമായ അർഥത്തിൽ വിജയിക്കുന്നത്​. അതേ, തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരും ചരിത്രത്തി​െൻറ വിചാരണയിൽ പരാജയപ്പെടാറുണ്ട്​!

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്​)

Show Full Article
TAGS:Fake encounters 
News Summary - meanings of freedom
Next Story