Begin typing your search above and press return to search.
exit_to_app
exit_to_app
NV Ramana-Modi
cancel
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightചീഫ് ജസ്റ്റിസിന്റെ...

ചീഫ് ജസ്റ്റിസിന്റെ വാചാലതയും പ്രധാനമന്ത്രിയുടെ മൗനവും

text_fields
bookmark_border
Listen to this Article

കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സമ്മേളനം ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും നിയമമന്ത്രിയും സുപ്രീംകോടതി ന്യായാധിപരും കൂടി സന്നിഹിതരായിരുന്ന സമ്മേളനത്തെ ശ്രദ്ധേയമാക്കിയത് ചീഫ് ജസ്റ്റിസ് രമണയുടെ പ്രസംഗംതന്നെ.

ഭരണനിർവഹണത്തിലെയും നിയമനിർമാണ പ്രക്രിയയിലെയും ചില അടിസ്ഥാനപരമായ വൈകല്യങ്ങളെ തുറന്നുവിമർശിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ചെയ്തത്. ഭരണനിർവഹണം നിയമാനുസൃതമാണെങ്കിൽ കോടതികൾക്ക് ഇടപെടേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇന്ത്യയിലെ ഭരണനിർവഹണം പലപ്പോഴും കോടതിയുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്നതിന്റെ കാരണംകൂടി വ്യക്തമാക്കപ്പെടുകയായിരുന്നു.

നിയമവാഴ്ചയുടെ പിൻബലത്തിലല്ലാതെ, ജനാധിപത്യക്രമത്തിൽ ഭരണനിർവഹണം സാധ്യമല്ല. അതിനാൽതന്നെ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരുപോലെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. എന്നാൽ, സമകാലിക സംഭവങ്ങൾ ഇന്ത്യയിലെ നിയമവാഴ്ചയുടെ തകർച്ചയാണ് കാണിക്കുന്നത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന് മാത്രമല്ല, രാജ്യനന്മയാഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ആകുലതയുണ്ടാകും. ഏറ്റവും ഒടുവിൽ, പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തതിൽ എന്തുതരം നിയമവാഴ്ചയാണ് കാണാനാവുക?

സമൂഹത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കുന്ന പ്രവണത രാജ്യമാസകലം വ്യാപകമായി തീർന്നിരിക്കുന്നു. ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ന്യൂനപക്ഷവേട്ടക്ക് ബുൾഡോസർ ആയുധമാക്കിയപ്പോൾ തകർന്നത് നിയമവാഴ്ച മാത്രമല്ല, ഭരണഘടനാസംസ്കാരം കൂടിയായിരുന്നു. നിസ്വരും അശക്തരുമായ സാധാരണ മനുഷ്യർക്ക് ഭരണകൂടത്തിന്റെ ആസുരശക്തിക്ക് മുന്നിൽ നിസ്സഹായരായി വിലപിക്കാനേ കഴിഞ്ഞുള്ളൂ. സുപ്രീംകോടതിയുടെ ഇടപെടൽ കാരണം അധികൃതർതന്നെ നടത്തിയ നിയമലംഘനങ്ങൾക്ക് തൽക്കാലം വിരാമമിടാൻ കഴിഞ്ഞു. തുടർന്ന് ജഹാംഗീർപുരിയിലെ ജനങ്ങൾ ജാതിമത ചിന്തകൾക്കതീതരായി ഐക്യപ്പെട്ടത് ഇന്ത്യയുടെ ആന്തരികശക്തി എന്തെന്ന് പറഞ്ഞുതരുന്നു. ഭരണഘടന നിലനിൽക്കുന്നതും ശക്തിപ്പെടുന്നതും ഇത്തരം ജനകീയമുന്നേറ്റങ്ങളിലൂടെയാണ്.

നിയമനിർമാണം പലപ്പോഴും ചർച്ചകൾ കൂടാതെയാണ് നടക്കുന്നതെന്നും അവ്യക്തമായ നിയമങ്ങൾ കോടതികളുടെ ഭാരം കൂട്ടുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഒപ്പം, ജനക്ഷേമം മുൻനിർത്തിയും ദീർഘവീക്ഷണം പുലർത്തിയുമായിരിക്കണം നിയമങ്ങൾ നിർമിക്കപ്പെടുന്നത് എന്നും ചീഫ് ജസ്റ്റിസ് പറയുകയുണ്ടായി. ഈ നിരീക്ഷണം ചിന്തോദ്ദീപകമാണ്.

സമൂഹത്തെ വിഭജിക്കുന്ന 'ലവ് ജിഹാദ്' വിരുദ്ധ നിയമങ്ങൾ മുതൽ ഹിജാബ് നിരോധന ഉത്തരവുകൾ വരെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായത് ഈ അടുത്ത കാലത്താണ്. തെരഞ്ഞെടുപ്പുകളെയും അവയിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെയും ലക്ഷ്യംവെച്ചുകൊണ്ടാണ് പല നിയമങ്ങളും ഉത്തരവുകളും പാസാക്കപ്പെടുന്നത്. രാഷ്ട്രീയ അജണ്ടയോടെ കൊണ്ടുവരുന്ന ഇത്തരം നടപടികൾ സമൂഹത്തിനും രാഷ്ട്രത്തിനും സൃഷ്ടിക്കുന്ന ക്ഷതങ്ങളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ ആലോചിക്കണമായിരുന്നു. അധികാരസ്ഥാനത്തുള്ളവരെയും അവരെ അന്ധമായി പിന്തുണക്കുന്നവരെയും ഒട്ടേറെ കാര്യങ്ങൾ ഓർമപ്പെടുത്തുന്നതായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസംഗം.

എന്നാൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലാകട്ടെ, ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടികൾ ഉണ്ടായിരുന്നില്ല. അന്യഥാ വാചാലനാകുന്ന പ്രധാനമന്ത്രി, എന്തുകൊണ്ട് ചീഫ് ജസ്റ്റിസ് ഉന്നയിച്ച മൗലിക വിഷയങ്ങളെക്കുറിച്ച് മൗനം പാലിച്ചുവെന്ന് സാധാരണക്കാർ ചിന്തിക്കുകതന്നെ ചെയ്യും.

ഈ മൗനം പക്ഷേ, വിജ്ഞാൻഭവനിലെ വേദിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. രാജ്യത്തെ ന്യൂനപക്ഷവേട്ടക്കെതിരെ പ്രധാനമന്ത്രി എന്തെങ്കിലും പ്രതികരണം നടത്തുമെന്ന് ആഗ്രഹിച്ചവർ, അതിനുവേണ്ടി ആവശ്യപ്പെട്ടവർ ഇപ്പോൾ നിരാശയിലാണ്. ഭരണഘടനാ മൂല്യങ്ങളും താൽക്കാലിക തെരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടങ്ങളും നേർക്കുനേർ നിൽക്കുമ്പോൾ ഒരു ഭരണാധികാരി ഇവയിൽ ഏത് തിരഞ്ഞെടുക്കും എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. ഇവിടെയാണ് പ്രധാനമന്ത്രിയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയവും ഇന്ത്യയെ, ഇന്ത്യക്കാരെ നിരാശപ്പെടുത്തുന്നത്.

ചുരുക്കത്തിൽ, വിജ്ഞാൻ ഭവനിലെ ചടങ്ങിൽ പ്രകടമായ ചീഫ് ജസ്റ്റിസിന്റെ വാചാലതയും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിലെ പ്രധാനമന്ത്രിയുടെ മൗനവും രാജ്യത്തിന് നൽകുന്നത് പ്രസക്തമായ സന്ദേശങ്ങളാണ്. അവയിൽ നമ്മുടെ ഭൂതകാലവും വർത്തമാനവും ഭാവിയും സംബന്ധിച്ച വിലപ്പെട്ട പാഠങ്ങൾ ഒഴിഞ്ഞിരിക്കുന്നു.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)

Show Full Article
TAGS:Narendra Modi NV ramana 
News Summary - eloquence of the Chief Justice and the silence of the Prime Minister
Next Story