Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
brp bhaskar
cancel
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightബി.ആർ.പി. ഭാസ്കര്‍:...

ബി.ആർ.പി. ഭാസ്കര്‍: കർമധീരതയുടെ സൗമ്യസാന്നിധ്യം

text_fields
bookmark_border

മാർച്ച് 12നു ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന പത്രപ്രവർത്തകരില്‍ ഒരാളായ ബാബു രാജേന്ദ്രപ്രസാദ് ഭാസ്കരുടെ- പ്രിയപ്പെട്ട ബി.ആർ.പിയുടെ - 90ാം ജന്മദിനം ആയിരുന്നു. അദ്ദേഹം പത്രപ്രവർത്തകന്‍ ആയതിന്റെ 70ാം വാർഷികവുമാണിത്-(ഫെബ്രുവരി 25). 19ാം വയസ്സില്‍ ആരംഭിച്ച മാധ്യമ ജീവിതം നവതിയിലും സജീവമായി തുടരുന്നു. അദ്ദേഹം 'മാധ്യമ'ത്തില്‍ എഴുതുന്ന 'കാഴ്ചപ്പാട്' എന്ന ധീരമായ കോളംതന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്ത്യയിലെ മാധ്യമ പ്രവർത്തന മേഖലയില്‍ അദ്ദേഹം വെട്ടിത്തെളിച്ച വഴികള്‍ ഒരു ജനാധിപത്യ സമൂഹത്തിനു മറക്കാന്‍ കഴിയുന്നതല്ല. പത്രപ്രവർത്തനത്തെ ജനാധിപത്യപരമായ സാമൂഹിക ഇടപെടലായി കാണുക എന്ന സന്ദേശമായിരുന്നു തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കംമുതല്‍ അദ്ദേഹത്തിന് നൽകാന്‍ ഉണ്ടായിരുന്നത്.

19ാം വയസ്സില്‍ ദ ഹിന്ദു ദിനപത്രത്തില്‍ ജോലിക്കുകയറിയ സമയത്തുണ്ടായ ഒരു സംഭവം, ഇന്ന് നമുക്കറിയാവുന്ന വലിയ വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്. യൂനിയന്‍ ഉണ്ടാക്കിയതിന്റെ പേരില്‍ പ്രതികാര നടപടിയായി ഇതര കാരണങ്ങള്‍ കണ്ടുപിടിച്ച് ഒരു സഹപ്രവർത്തകനെ പിരിച്ചുവിട്ടപ്പോള്‍ സ്ഥാപനത്തിലെ 20പേരും ഒരുമിച്ചുനിന്ന് അദ്ദേഹത്തിനുവേണ്ടി നിയമസഹായം ചെയ്യാന്‍ യൂനിയനെ സഹായിച്ചു. എന്നാല്‍, അങ്ങനെ ചെയ്തതു തെറ്റിദ്ധാരണ കൊണ്ടാണെന്ന് എഴുതിക്കൊടുക്കാന്‍ മുഖ്യ പത്രാധിപര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരാളൊഴികെ എല്ലാവരും അതിനു തയാറായി. വിസമ്മതിച്ച ആ ഒരാള്‍ ബി.ആർ.പി ആയിരുന്നു. ആ ധാർമികധീരത തന്റെ മാധ്യമ ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തി.

അധികാര രാഷ്ട്രീയത്തിന്റെ ദുഃസ്വാധീനങ്ങൾക്ക് വഴങ്ങാതെ, പ്രാന്തവത്കൃത സമൂഹങ്ങളുടെ വേദനകൾക്കും വ്യസനങ്ങൾക്കും ഒപ്പംനിൽക്കുക എന്ന മാധ്യമ ധർമത്തിൽനിന്ന് ഒരിക്കൽപോലും വ്യതിചലിക്കാതെയാണ് ഏഴു പതിറ്റാണ്ടുകാലം അദ്ദേഹം പത്രപ്രവർത്തനം നടത്തിയത്. ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ വിശേഷിച്ചും അനവരതം അദ്ദേഹം പോരാടിയിട്ടുള്ളതും ഇന്നും അതേ സമരവീര്യത്തോടെ നിലകൊള്ളുന്നതും കീഴാളരാഷ്ട്രീയത്തിനും ഭരണഘടനപരമായ മനുഷ്യാവകാശത്തിനും വേണ്ടിയാണ്. ന്യൂനപക്ഷങ്ങളുടെയും ദലിത്‌ സമുദായങ്ങളുടെയും സ്ത്രീകളുടെയും ട്രാൻസ്ജെൻഡര്‍ സമൂഹങ്ങളുടെയുമെല്ലാം അവകാശങ്ങൾക്കും സ്വത്വനൈതികതക്കും വേണ്ടിയുള്ള രാഷ്ട്രീയത്തില്‍ അവരോടൊപ്പം നിലയുറപ്പിച്ചു. ഒരു ജനാധിപത്യസമൂഹം നൽകേണ്ട ആദരവ് കേരളം നൽകുന്നുണ്ടോ എന്നത് അദ്ദേഹത്തിന്റെ വിഷയമേയല്ല. പക്ഷേ, കേരളീയ സമൂഹം അക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

കേരളത്തിലെ ദലിത്‌-ആദിവാസി ഭൂസമരങ്ങളില്‍ സ്ത്രീവാദ സമരങ്ങളില്‍ മുൻവിധികളും സങ്കുചിത സമീപനങ്ങളുമില്ലാതെ ഇഴുകിച്ചേർന്ന് നിൽക്കുന്ന ബി.ആർ.പി, അയ്യന്‍‌കാളിയും ശ്രീനാരായണഗുരുവും രൂപംനൽകിയ നവോത്ഥാന പാരമ്പര്യത്തിന്റെ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നു. നിസ്വാർഥമായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നു. അവയെക്കുറിച്ച് എഴുതിയും സംസാരിച്ചും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ശ്രദ്ധ അവയിലേക്കു കൊണ്ടുവരുന്നു. പരിസ്ഥിതി പ്രശ്നങ്ങളില്‍, ലോക്കപ് മർദനങ്ങളില്‍, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളില്‍, നവോത്ഥാന ദുരഭിമാനത്തിന്റെ പേരില്‍ കേരളം മൂടിവെക്കാന്‍ ശ്രമിക്കുന്ന ജാതിഹിംസകളില്‍ നിർഭയം ഇടപെട്ടുകൊണ്ട്‌ കേരളത്തിലെ പ്രതിപക്ഷ സിവില്‍ സമൂഹത്തിന്റെ കണ്ണും നാവുമായി ബി.ആർ.പി നമുക്കിടയിലുണ്ട്.

മുത്തങ്ങയിലെ ആദിവാസികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവർക്കുവേണ്ടി മുഴങ്ങിയ പൊതുസമൂഹത്തിന്റെ ഏറ്റവും ശക്തമായ ശബ്ദം നാം കേട്ടത് ബി.ആർ.പിയിലൂടെ ആയിരുന്നു. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട നിരവധി സന്ദർഭങ്ങളില്‍ ഒന്നൊഴിയാതെ ഒരു സഹയാത്രികനെപ്പോലെ സൗമ്യസാന്നിധ്യമായി അവരോടൊപ്പം നിൽക്കുകയും അധികാരികളുടെ ദുർനീതികൾക്കെതിരെ ജ്വലിക്കുന്ന വാക്കുകള്‍ ഉതിർക്കുകയും ചെയ്തു. ആണവവിരുദ്ധ സമരത്തില്‍, പ്ലാച്ചിമട സമരത്തില്‍, ചെങ്ങറ സമരത്തില്‍, അങ്ങനെ അതിജീവനത്തിനുവേണ്ടി പാർശ്വവത്കൃതര്‍ നടത്തിയിട്ടുള്ള ഏതു പോരാട്ടത്തിലും സ്വന്തം സാന്നിധ്യംകൊണ്ടും തൂലികകൊണ്ടും അവരില്‍ ഒരാളായി നിലകൊള്ളുന്നു.

ജന്മദിനത്തില്‍ നടന്ന സൗഹാർദ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, കേരളീയ സിവിൽസമൂഹം ആർജിച്ച കരുത്തിനെക്കുറിച്ചും വിജയങ്ങളെക്കുറിച്ചുമായിരുന്നു. എന്നാല്‍, ഒപ്പംതന്നെ വിപത് ഭരണത്തിൽനിന്ന് മോചനംനേടാനും ഭരണകൂടങ്ങളെക്കൊണ്ട് നന്മകള്‍ നേടിയെടുക്കാനും സിവിൽസമൂഹം കൂടുതല്‍ പ്രാപ്തരാവേണ്ടതിനെക്കുറിച്ചും സൂചിപ്പിച്ചു. പ്രായത്തിന്റെ വൈഷമ്യങ്ങളെപ്പോലും മാറ്റിവെച്ച് സമരമുഖങ്ങളില്‍ ആശ്വാസവും ഐക്യദാർഢ്യവുമായി അദ്ദേഹം കടന്നുവന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആ യോഗത്തില്‍ പങ്കെടുത്തവര്‍ ഓർത്തെടുക്കുന്നുണ്ടായിരുന്നു.

അടിയന്തരാവസ്ഥക്കുശേഷം കേരളംകണ്ട ഏറ്റവും വലിയ പൊലീസ് മർദനവും നരനായാട്ടും ദലിത്‌ സംഘടനയായ ഡി.എച്ച്.ആർ.എം പ്രവർത്തകർക്കുനേരെ ആയിരുന്നു. ഒരു കൊലപാതക ആരോപണത്തിന്റെ പേരില്‍ ഗുണ്ടകളും പൊലീസും വീടുകയറി മർദിക്കുകയും ദലിത്‌ കുടുംബങ്ങളിലെ പുരുഷന്മാരെയും സ്ത്രീകളെയും -ഗർഭിണികളെ അടക്കം- ലോക്കപ്പില്‍ കൊണ്ടുപോയി ദിവസങ്ങളോളം ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്ത ഭരണകൂട ഭീകരതയുടെ ചോരയിറ്റുന്ന കഥകള്‍ 'മാധ്യമം' ആഴ്ചപ്പതിപ്പില്‍, അതനുഭവിച്ച സ്ത്രീകൾതന്നെ അക്കാലത്തു പങ്കുവെച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളോ മറ്റു സംഘടനകളോ അതില്‍ ഇടപെടാനോ പ്രതിഷേധിക്കാൻ പോലുമോ തയാറാവാതെ മാറിനിന്നപ്പോള്‍ അന്നവിടെ പോവുകയും അവരുടെ മനുഷ്യാവകാശത്തിനുവേണ്ടി അവരോടൊപ്പം നിൽക്കുകയും ഈ കൊടിയ മർദനങ്ങൾക്കെതിരെ പ്രതിഷേധിക്കാന്‍ ജനാധിപത്യവാദികളായ ഒരുകൂട്ടം ചെറുപ്പക്കാർക്ക് പ്രചോദനം നൽകുകയും ചെയ്തത് ബി.ആർ.പി ആയിരുന്നു. രാഷ്ട്രീയ കേരളത്തിന്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരിടപെടൽ.


പ്രകടനപരത തെല്ലുമില്ലാത്ത, ശാന്തവും ദീപ്തവുമായ, എന്നാല്‍ സൂക്ഷ്മവും തീഷ്ണവുമായ നിലപാടുകളിലൂടെയാണ് തന്റെ ഐക്യദാർഢ്യങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കുന്നത്. ഈ ശൈലി അദ്ദേഹത്തിന് എല്ലാകാലത്തും ഉണ്ടായിരുന്നുവെന്ന് 'ന്യൂസ് റൂം' എന്ന ഈ അടുത്തകാലത്ത്‌ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയിലെ നിരവധി വിവരണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സ്വന്തം പിതാവ് നടത്തിയിരുന്ന നവഭാരതം പത്രത്തില്‍ എഴുതിയാണ് വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹം എഴുത്തിന്റെ ബാലപാഠങ്ങള്‍ സ്വയം അഭ്യസിച്ചു തുടങ്ങിയത്. 1952 മുതൽ 14 വർഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പാട്രിയറ്റ് എന്നീ പത്രങ്ങളിൽ ജോലിചെയ്തു. 1966ല്‍ വാർത്ത ഏജൻസിയായ യു.എൻ.ഐയിൽ ചേർന്നു. 18 വർഷം വാർത്തകളുടെ ആഗോളസ്പന്ദനങ്ങള്‍ അവിടെ തൊട്ടറിഞ്ഞു. 1984 മുതല്‍ ഡെക്കാൺ ഹെറാൾഡിൽ ലേഖകനായി. പിന്നീട് മാധ്യമ ഉപദേശകൻ എന്നനിലയിൽ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 1995ല്‍ ഏഷ്യാനെറ്റ് ന്യൂസ് നിലവിൽവന്നപ്പോള്‍ അതിന്റെ ഭാഗമായി. കോർപറേറ്റ്‍വത്കരണത്തിന്റെ ഭാഗമാവാന്‍ താൽപര്യമില്ലാത്തതിനാല്‍ പുതിയ മാനേജ്മെന്റുമായി മറ്റു അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അവിടംവിട്ടിറങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്ന് 'മാധ്യമം' ആഴ്ചപ്പതിപ്പിൽ കമല്‍റാം സജീവിന് നൽകിയ അഭിമുഖത്തില്‍ (മാധ്യമം, ജനുവരി 21, 2000) അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളിലെ അദ്ദേഹത്തിന്റെ നൈതികനിഷ്ഠ അറിയാവുന്നവർക്ക് ഇതില്‍ അത്ഭുതം തോന്നാന്‍ ഇടയില്ല.

പക്ഷേ ആ കാലയളവിനുള്ളില്‍ തന്റെ 'പത്രവിശേഷം' എന്ന പംക്തിയിലൂടെ കേരളത്തിന്‌ അതുവരെ പരിചയമില്ലാതിരുന്ന മാധ്യമ വിമർശനം എന്ന അതിപ്രധാനമായ സാമൂഹിക ഇടപെടലിന് അദ്ദേഹം രൂപവും ഭാവവും നൽകിക്കഴിഞ്ഞിരുന്നു. കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ പൂർവമാതൃകകളില്ലാത്ത ധീരമായ ഒരു കാൽവെപ്പായിരുന്നു അത്. കുറച്ചുകാലത്തേക്കെങ്കിലും ചില മുന്‍നിര പത്രങ്ങളെപ്പോലും ആത്മവിമർശനപരമായി സ്വന്തം തെറ്റുകള്‍ ഏറ്റുപറയുന്ന കോളങ്ങള്‍ തുടങ്ങാന്‍ നിർബന്ധിതരാക്കിയത് പത്രവിശേഷമെന്ന ആ പംക്തി ആയിരുന്നു. പ്രശസ്ത കഥാകൃത്ത്‌ സക്കറിയയും ബി.ആർ.പിയുമാണ് ആ പംക്തി കൈകാര്യം ചെയ്തിരുന്നത്.

സിവിൽ സമൂഹ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും രാഷ്ട്രീയ നേതൃത്വത്തിനും പഠിക്കാന്‍ ഏറെയുള്ള, കർമനിരതവും സത്യസന്ധവും അപരസ്നേഹപരവുമായ ജീവിതമാണ് അദ്ദേഹം നയിച്ചിട്ടുള്ളത്. ദേശീയതലത്തിലും പിന്നീട് കേരളത്തിലും പ്രവർത്തിച്ചുകൊണ്ട് മാധ്യമ മേഖലയില്‍ അനിഷേധ്യമായ വ്യക്തിമുദ്ര പതിപ്പിച്ച ബി.ആർ.പി, ജീവിതയാത്രയുടെ നവതിയിലും പത്രപ്രവർത്തനത്തിന്റെ സപ്തതിയിലും എത്തിനിൽക്കുമ്പോള്‍ ബി.ആർ.പിയുടെ ഏഷ്യാനെറ്റ് കാലത്തും അതിനുശേഷവും അദ്ദേഹവുമായി പലപ്പോഴും ഇടപഴകാന്‍ ഭാഗ്യംലഭിച്ച ഒരാള്‍ എന്നനിലയില്‍ക്കൂടി ഞാന്‍ അഭിമാനത്തോടെയും ആദരവോടെയും സ്നേഹത്തോടെയും വിനയപൂർവമായ പിറന്നാള്‍ ആശംസകള്‍ സമർപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BRP Bhaskar
News Summary - B.R.P. Bhaskar: The gentle presence of courage
Next Story