Top
Begin typing your search above and press return to search.
exit_to_app
exit_to_app
മഹത്തായ ഇന്ത്യൻ അടുക്കള
cancel

'േഗ്രറ്റ് ഇന്ത്യൻ കിച്ചൺ–മഹത്തായ ഇന്ത്യൻ അടുക്കള' എന്ന മലയാളസിനിമയാണ് കഴിഞ്ഞ കുറച്ചുദിനങ്ങളായി എവിടെയും ചർച്ച. മൂന്നുതരം അഭിപ്രായങ്ങളാണ് ഞാൻ ശ്രദ്ധിച്ചത്. ആദ്യത്തേത് സന്തോഷംകൊണ്ടും ഇഷ്​ടംകൊണ്ടും സിനിമക്കും സംവിധായകൻ ജിയോ ബേബിക്കുമുള്ള നീണ്ട കൈയടിയാണ്. ആ സന്തോഷത്തോടൊപ്പമാണ് ഞാനും.

നാട്ടിൽ പരമ്പരാഗതമായി നടക്കുന്നതുപോലെതന്നെയാണ് സിനിമയിലെ നായക​െൻറയും നായികയുടെയും വിവാഹം. പെണ്ണുകാണാൻ പോകുന്നു, ചായകുടിക്കുന്നു, അന്നേവരെ ഒരു പരിചയവുമില്ലാത്ത ആണും പെണ്ണും തമ്മിൽ കാണുന്നു, കാഴ്ചയിലും മറ്റും ഇഷ്​ടപ്പെട്ടാൽ ആൺവീട്ടുകാർ വ്യവസ്​ഥകൾ വെക്കുന്നു, പെൺവീട്ടുകാർ അതെല്ലാം സമ്മതിക്കുന്നു, വിവാഹം നടക്കുന്നു, പെൺകുട്ടി ഭർത്താവിെൻറ വീട്ടിലെത്തുന്നു. ഇനിയങ്ങോട്ടുള്ള ആദ്യദിവസം മുതൽ ഭർത്താവിെൻറ മുഴുവൻ കാര്യങ്ങളും നിഷ്ഠകളും ഭാര്യ സമയാസമയങ്ങളിൽ സേവികയെപ്പോലെ നിർവഹിക്കുന്നു. ഇതാണ് നമ്മുടെ രാജ്യത്തെ അംഗീകരിക്കപ്പെട്ട മഹത്തായ ദാമ്പത്യം.

ഈ മഹത്തായ ഇന്ത്യൻദാമ്പത്യം നിലനിന്നു പോരുന്നത് ഭാര്യമാർ അടുക്കളയിൽ ചെലവഴിക്കുന്ന അധ്വാനത്തിനു മുകളിലാണ്. ആ ജോലിക്ക് വിലയില്ല, ദൃശ്യതയില്ല, അംഗീകാരമില്ല എന്നൊക്കെ സ്​ത്രീവിമോചനപ്രസ്​ഥാനങ്ങൾ ഉറക്കെ പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി. ശാസ്​ത്രസാഹിത്യ പരിഷത്തിെൻറ ശാസ്​ത്രകലാജാഥയിൽ 80കളുടെ അവസാനകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം കളിച്ച തെരുവുനാടകത്തിെൻറ പേരുപോലും 'കാണാപ്പണിയുടെ തീക്കുണ്ഠം' എന്നായിരുന്നു. കണ്ണൂരിൽ ഫെമിനിസ്​റ്റ്​ സംഘടന അടുക്കള അടച്ച്​ സമരവും നടത്തി. കെ. സരസ്വതി അമ്മ ബഹുമാനപ്പെട്ട അമ്മയെപ്പറ്റി കഥയെഴുതി. മാധവിക്കുട്ടി 'നെയ്​പായസ'വും സാറാജോസഫ് 'സ്​കൂട്ടറും' ബി.എം സുഹറ 'ഭ്രാന്തും' കഥയായെഴുതി. അടുക്കളയിൽ തേഞ്ഞുതീരുന്ന വീട്ടുപകരണമാണ് ഞാൻ എന്ന് സാവിത്രി രാജീവൻ കവിതയെഴുതി. ആണായും പെണ്ണായും കുറച്ചുപേർ ഇതൊക്കെ തിരിച്ചറിഞ്ഞ് ദാമ്പത്യജീവിതത്തെ മാറ്റിപ്പണിയാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും ഭൂരിപക്ഷം പുരുഷൻമാരും സ്​ത്രീകളും 'മഹത്തായ ദാമ്പത്യം' തന്നെ പിന്തുടരുന്നു. ഈ ദാമ്പത്യത്തിൽ വീട്ടുപണിയും അടുക്കളപ്പണിയും മാത്രമല്ല, കിടപ്പുമുറിയിൽ സ്​ത്രീക്ക് ആസ്വദനീയമല്ലാത്തതും വേദനിപ്പിക്കുന്നതും കൂടിയായ, ചോദ്യംചെയ്യാനോ അഭിപ്രായം പറയാനോ പാടില്ലാത്ത ലൈംഗികസേവന ജോലിയുമുണ്ട്. അതിനിടയിലാണ് സ്​ത്രീകൾ ഗർഭംധരിക്കുന്നതും പ്രസവിക്കുന്നതും. അതോടെ, ദാമ്പത്യത്തിൽനിന്ന് സ്​ത്രീകൾക്ക് വിടുതൽ എളുപ്പമല്ല. വിദ്യാസമ്പന്നയെങ്കിലും അവളെ വരുമാനമുള്ള ജോലിക്ക് പുറത്തുവിടാതിരിക്കുകയാണ് വീടിെൻറ ഭദ്രതക്കുവേണ്ടി സാമ്പത്തികഭദ്രതയുള്ള മഹത്തായ കുടുംബങ്ങളിലെ കാരണവന്മാർക്ക് താൽപര്യം. ഇതൊരു വലിയ കെണിയാണ്. അതു പൊട്ടിച്ച് പുറത്തുവരാനും സ്വതന്ത്രമായി ശ്വാസമെടുക്കാനും അസാമാന്യമായ തിരിച്ചറിവ് വേണം. അത്തരം തിരിച്ചറിവ് സ്​ത്രീകൾക്ക് മാത്രമല്ല, ഒട്ടേറെ പുരുഷൻമാർക്കും നൽകാൻ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ സിനിമയെ ഏറ്റവും സാമൂഹികപ്രാധാന്യമുള്ളതാക്കുന്നത്.

വിവാഹം കഴിഞ്ഞു വന്നതുമുതൽ നിമിഷ അടുക്കളയിലാണ്. ഭർത്താവിെൻറ അമ്മയുടെ ലോകവും അടുക്കളയാണ്. ഏതാണ്ടെല്ലാ അമ്മമാരുടേതും പോലെ. ഭർത്താവിന് രാവിലെ പല്ലുതേക്കാൻ ബ്രഷ് എടുത്തുകൊടുക്കുന്ന, അദ്ദേഹം പുറത്തേക്കിറങ്ങാൻ നേരം മറ്റു പണിത്തിരക്കിനിടയിലും നിശ്ശബ്​ദമായി ഓടിവന്ന് പാദരക്ഷകൾ കാലിനടുത്ത് കൊണ്ടുവന്നു വെക്കുന്ന ആ അമ്മ മഹത്തായ ഇന്ത്യൻസ്​ത്രീയുടെ വാർപ്പുരൂപമായി സിനിമയിലുണ്ട്. സ്വന്തം മകൾക്ക് പ്രസവസമയമടുത്തതോടെ മകളുടെ വീട്ടിലേക്ക് ഭർത്താവിെൻറ അമ്മ പോകുന്നതോടെയാണ് അതുവരെയും അമ്മയോടൊപ്പം പങ്കിട്ട് ചെയ്തിരുന്ന ഭർതൃവീടിെൻറ അടുക്കളപ്പണികളും വീട്ടുജോലികളും മുഴുവനോടെ നിമിഷയെ ഗ്രസിക്കുന്നത്. വീട്ടിലെ പുരുഷന്മാരായ ഭർത്താവി​െൻറയും അദ്ദേഹത്തിെൻറ അച്ഛ​െൻറയും മുഴുവൻ ആവശ്യങ്ങളും സമയം തെറ്റാതെ, അവരുടെ രുചികൾക്കും ശീലങ്ങൾക്കും അനുസരിച്ച് ചെയ്തുതീർക്കാൻ അടുക്കളയിലും വീടിനുള്ളിലും പിടഞ്ഞുനടക്കുന്ന നിമിഷയെ കണ്ട് സ്​ത്രീകൾ തങ്ങളോരോരുത്തരുടെയും ജീവിതത്തിലേക്ക് അൽപം മാറിയിരുന്നു ഉറ്റുനോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

സിനിമയുടെ പരിചരണത്തിൽ ഞാൻ ശ്രദ്ധിച്ചതും ഇഷ്​ടപ്പെട്ടതുമായ പ്രധാനഘടകം ഇതാണ്. 'മഹത്തായ ഇന്ത്യൻ അടുക്കള' കണ്ടു കഴിഞ്ഞ സ്​ത്രീകളുടെ ഉള്ളിലുണ്ടായിട്ടുള്ള തിരിച്ചറിവിനെ ഇല്ലാതാക്കാൻ ഒരുനാളും കഴിയുകയില്ല. ഒപ്പം, ഈ സിനിമ കണ്ടുകഴിഞ്ഞശേഷം ഒട്ടേറെ പുരുഷന്മാർ കുറ്റബോധംകൊണ്ടും ലജ്ജകൊണ്ടും തലകുനിക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ തുറന്നെഴുതി. അവരും സ്​ത്രീകൾക്കൊപ്പം മാറ്റത്തിെൻറ സാധ്യതകളെ ചിന്തകളിൽ കൊണ്ടുനടക്കാനും ജീവിതത്തെ കുടുംബത്തിനുള്ളിൽ സ്​ത്രീകൾക്കൊപ്പം ജനാധിപത്യപരമായി മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നവരായിരിക്കും. യഥാർഥ രാഷ്​ട്രീയസിനിമ നിർവഹിക്കേണ്ട കലാതത്ത്വമാണ് ജിയോ ബേബി പിന്തുടർന്നിരിക്കുന്നത്. അതാണ് ഈ സിനിമയുടെ ശക്തിയും സൗന്ദര്യവും.

അതേസമയം, സ്​ത്രീ/പുരുഷൻ ബൈനറിയിലല്ല 'മഹത്തായ അടുക്കള'യുടെ പ്രമേയ ഉള്ളടക്കം. ഇന്ത്യൻ ബ്രാഹ്മണിക് പാട്രിയാർക്കിയുടെ മുഖത്തേക്കാണ് അടിസ്​ഥാനപരമായി ഈ സിനിമ അടുക്കളയിലെ എച്ചിൽവെള്ളം എടുത്തൊഴിച്ചിരിക്കുന്നത്. ഏറ്റവും സമീപ സ്​ത്രീസ്വാതന്ത്ര്യവാദത്തിലെ ഇൻറർസെക്​ഷനാലിറ്റി എത്ര ശക്തമായിട്ടാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്! തുടക്കത്തിലും ഉടനീളവുമുള്ള, മൃദുലാദേവി എഴുതിയ പറയരുടെ പാളുവഭാഷയിലെ പാട്ട് അതിെൻറ ഒരു തലം മാത്രം. സിനിമയുടെ കേന്ദ്രത്തിലേക്ക് പിന്നെയും പടരുന്ന മറ്റൊരു തലമായി വരുന്ന അയിത്തജാതി വിഭാഗത്തിലെ കഥാപാത്രമാണ് ഇടക്ക്​ സഹായിക്കാൻ വീട്ടുജോലിക്ക് എത്തിയ സ്​ത്രീ. ശബരിമലക്ക്​ പോകാൻ ഭർത്താവും അച്ഛനും മാലയിട്ടിരിക്കുന്ന ഈ വീട്ടിൽ ആർത്തവസമയത്ത് നിമിഷയും അയിത്തക്കാരിയാണ്. തൊടാൻ പാടില്ലാത്തത്, ചെയ്യാൻ പാടില്ലാത്തത് എന്നതെല്ലാം ശാസനകളുടെ രൂപത്തിലാണ് അവളെ കൈകാര്യം ചെയ്യുന്നത്. പീരിയഡ്സ്​ ആയിരിക്കുമ്പോഴും ഇതുമാതിരി വീടുകളിലെ അടുക്കളയിൽ താൻ ജോലിചെയ്യാറുണ്ടെന്നും മറ്റും പറയുന്ന വീട്ടുപണിയിൽ സഹായിക്കാൻവന്ന സ്​ത്രീയുടെ സംഭാഷണങ്ങൾ കേട്ട് നായിക 'ചേച്ചി പൊളിയാണല്ലോ' എന്ന് സന്തോഷത്തോടെ പറയുന്നുണ്ട്. മാത്രമല്ല, പാട്ടുപാടി ജോലിചെയ്യുന്ന ആ സഹായി സ്​ത്രീയുടെ സാന്നിധ്യത്തിലാണ് അവൾ തുടർന്ന് ഉൗർജസ്വലതയോടെ ഒപ്പം ജോലികൾ എടുക്കുന്നതും.

സ്​ത്രീയോ പുരുഷനോ അതായി മാത്രമല്ല ജീവിക്കുന്നത്. പുരുഷനെ അവ​െൻറ മതം, ജാതി, ആചാരം, വിശ്വാസം, വർഗാവസ്​ഥ, സെക്​ഷ്വാലിറ്റി തുടങ്ങി എന്തെല്ലാം സംവർഗങ്ങൾ ചേർന്നാണ് നിർമിച്ചെടുത്ത് താങ്ങിനിർത്തുന്നത്! അതിൽ പലതരം പ്രിവിലേജുകൾ ഒന്നിച്ച് ജന്മനാ കിട്ടിയവർ സ്​ത്രീയുടെ നേർക്കു നടത്തുന്ന നിയന്ത്രണാധികാരത്തിെൻറ രൂപങ്ങളും വ്യത്യസ്​തവും സങ്കീർണവുമായിരിക്കും എന്ന ഉപപാഠം സിനിമയിലുണ്ട്.

തങ്ങളുടെ സ്​ത്രീലിംഗാവസ്​ഥയുടെ പ്രിവിലേജ് ഇല്ലായ്മ പുരുഷാധികാര സമൂഹത്തിൽ എല്ലാ സ്​ത്രീകളും പൊതുവായി അനുഭവിക്കുന്നതാണ്. ജീവശാസ്​ത്രപരമായി സ്​ത്രീശരീരത്തിെൻറ പ്രത്യേകതയിൽ കേന്ദ്രീകരിച്ചുതന്നെയാണ് പുരുഷ​െൻറ ശാരീരികാക്രമണങ്ങൾ, കീഴടക്കലുകൾ നടക്കുന്നത്. ബലാത്സംഗങ്ങളും മർദനവും സ്​ത്രീശരീരത്തിൽ എളുപ്പം പുരുഷന് സ്​ഥാപിക്കാൻ പറ്റുന്നത് ശരീരഘടനയിലെ വ്യത്യാസത്തിന്മേലാണ്. ഗർഭധാരണവും പ്രസവവും അവളെ സംബന്ധിച്ച് ശരീരത്തെ കൂടുതൽ ദുർബലമാക്കുന്ന അവസ്​ഥകളാണ്. ആ പ്രകൃതിദത്തമായ സവിശേഷതയെയാണ് ലിംഗാധികാര പ്രയോഗത്തിനുള്ള സാധ്യതയായി പുരുഷൻ കണ്ടെടുത്തത്. മനുഷ്യർ പുരുഷകേന്ദ്രീകൃത പുരോഗതിയിലേക്കും വികസനത്തിലേക്കും ഉന്നതവിദ്യാഭ്യാസത്തിലേക്കും മറ്റും കുതിക്കും തോറും ബലാത്സംഗങ്ങളും സ്​ത്രീകളുടെ അടുക്കളഭാരവും പോലും വളർന്നുവളർന്ന് ഇന്ന് ഈ രൂപത്തോളമെത്തി നിൽക്കുന്നു.

ഈ നല്ല സിനിമ കുടുംബസമേതം എല്ലാവരും കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ കാഴ്ചകളിലെ, ജീവിതത്തിലെ ഇരുട്ട് നീക്കാൻ അതു സഹായിക്കും. ലോക്ഡൗൺ കാലത്ത് മുഖ്യമന്ത്രി പറഞ്ഞപോലെ നമ്മുടെ പുരുഷന്മാർ അടുക്കള കൂടി പങ്കിടട്ടെ. സ്​ത്രീകൾ പുറംലോകത്തെ ജോലികളും പങ്കിടട്ടെ.

രണ്ടാമത്തെ തരം അഭിപ്രായം ഒറ്റ വാചകത്തിൽ പറയാം. ആർത്തവം അശുദ്ധമായതിനാൽ ശബരിമലയിൽ സ്​ത്രീകൾ പോകാൻ പാടില്ല എന്ന് ബഹളംവെച്ച് നാമജപഘോഷയാത്രകൾ നടത്തി സർക്കാറിനെ എതിരിട്ട സ്​ത്രീകളുടേതുപോലെയുള്ള നിലപാടാണത്. ഞങ്ങടെ ഭർത്താവ് ഞങ്ങളെ തല്ലിയാ നിങ്ങൾക്കെന്താ നാട്ടാരേ എന്ന ഗതികെട്ട തിരിച്ചറിവില്ലായ്മയും നിസ്സഹായതയുമാണത്. മൂന്നാമത്തേത് പുരുഷാധികാരം അവകാശമാണെന്ന് തുറന്നുപറയുന്നതിൽ ഉൗറ്റംകൊള്ളുന്ന പുരുഷന്മാരുടെ വിഭാഗത്തിൽ നിന്നുയർന്നു വന്നിട്ടുള്ളതാണ്.

എന്തായാലും സ്​ത്രീകളുടെ മുൻകാല സാഹിത്യത്തിനും ഫെമിനിസ്​റ്റുകൾ തൊണ്ണൂറുകളിൽ നടത്തിയ അടുക്കളസമരത്തിനും ശബരിമലയിൽ ഒരുമിച്ച് കയറി ഐക്യപ്പെട്ട ബിന്ദു അമ്മിണി, കനകദുർഗ എന്നീ ദലിത്-സവർണ സ്​ത്രീകൾക്കും ശേഷം പൊതുവെ, എല്ലാ സ്​ത്രീകളുടെയും ഉള്ളിൽ പ്രതികരണബോധവും പലവിധ പൊട്ടിത്തെറികളും നടത്താൻ കെൽപുള്ള സിനിമയാണ് 'മഹത്തായ ഇന്ത്യൻ അടുക്കള'.

Show Full Article
TAGS:The Great Indian Kitchen 
Next Story