Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightമണിയൂരിലെ കൂവക്കഥ

മണിയൂരിലെ കൂവക്കഥ

text_fields
bookmark_border
മണിയൂരിലെ കൂവക്കഥ
cancel

മൂന്നുഭാഗവും കുറ്റ്യാടിപ്പുഴയാല്‍ വലയംചെയ്യുന്ന മണിയൂര്‍ പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ നെല്‍കൃഷിയുടെ ഈറ്റില്ലമാണ്. കടത്തനാടിന്‍െറ നെല്ലറയെന്നറിയപ്പെടുന്ന ചെരണ്ടത്തൂര്‍ ചിറ ഇവിടെയാണ്്. എങ്ങും പച്ചപ്പ് നിറഞ്ഞ ഇടം. ഇപ്പോഴും ഏക്കര്‍കണക്കിന് പാടത്ത് നെല്‍കൃഷി നടക്കുന്നു. എന്നാല്‍ ഇവിടെയുണ്ട്, വേറിട്ട വഴിയില്‍ സഞ്ചരിച്ച് മണ്ണില്‍ വിജയം നേടിയ ഒരു കുടുംബം. പതിവായി നാം കേട്ടുശീലിച്ച വിളകളെ ഒഴിവാക്കി ഇവര്‍ ചെയ്തതെന്തെന്നോ, കൂവകൃഷി. അതിന്‍െറ വിജയഗാഥയാണ് പതിയാരക്കര മഞ്ചയില്‍ മൂസഹാജിക്കും ഭാര്യ സി.കെ. ഫാത്തിമക്കും പറയാനുള്ളത്. 
കൂവകൃഷിയുടെ വഴിയില്‍ എത്തിയതിനു പിന്നിലൊരു കഥയുണ്ട് ഈ കുടുംബത്തിന്. അതിങ്ങനെ; ഒൗഷധമെന്ന നിലയില്‍ കൂവയുടെ പ്രാധാന്യം അറിയുന്നത് നേരത്തേ ഗള്‍ഫില്‍ കഴിയുന്ന കാലത്താണ്. മുമ്പ് മൂസ ഹാജിക്കും മക്കള്‍ക്കും ഒപ്പം വിദേശത്തായിരുന്നു ഫാത്തിമ. മകന്‍െറ കുഞ്ഞിന് വയറിന് അസുഖം വന്നപ്പോള്‍ ഡോക്ടറെ കാണാന്‍പോയി. അപ്പോഴാണ് മരുന്നുകളോടൊപ്പം ഡോക്ടര്‍ കൂവപ്പൊടി നിര്‍ദേശിക്കുന്നത്. അവിടെ വലിയ വിലകൊടുത്ത് കൂവപ്പൊടി വാങ്ങി. അതില്‍ എന്തൊക്കെയോ മായം കലര്‍ന്നതായി മനസ്സിലായി. 
കുട്ടിക്കാലംതൊട്ടെ കൂവപ്പൊടി വീട്ടില്‍നിന്ന് പരിചിതമായതിനാല്‍ ചതി മനസ്സിലായി. പിന്നെ, നാട്ടിലത്തെിയശേഷം എന്തെങ്കിലും കൃഷിചെയ്യണം എന്നു തീരുമാനിച്ചു. വിഷമില്ലാത്ത വിളയായിരിക്കണമെന്നുറപ്പിച്ചു. ഇതിനിടയിലാണ് വീണ്ടും കൂവയെക്കുറിച്ച് ചിന്തിച്ചത്. ആദ്യം, പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി. പലരില്‍നിന്നും സംഘടിപ്പിച്ച കൂവ നട്ടപ്പോള്‍ മോശമല്ലാത്ത വിളവ്. പിന്നെ, മടിച്ചുനിന്നില്ല. കൂവകൃഷിയെക്കുറിച്ച് മനസ്സിലാക്കാന്‍ തീരുമാനിച്ചു. കൃഷിഭവനുമായി ബന്ധപ്പെട്ടു. 
പല പരിശീലന ക്ളാസുകളിലും പങ്കെടുത്തു. വ്യാപക രീതയില്‍ കൃഷിചെയ്ത് കൂവപ്പൊടി ഉല്‍പാദിപ്പിക്കാന്‍ കിഴങ്ങുരച്ച് ചാറെടുത്ത് ഉണക്കി പൊടിയാക്കുന്ന പരമ്പരാഗതരീതി പ്രായോഗികമല്ളെന്നു മനസ്സിലാക്കി. ഇതോടെ, കൂവ സംസ്കരണത്തിനായുള്ള യന്ത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായി. ഈ സമയത്താണ് ഒരു കാര്‍ഷിക മാഗസിനില്‍ കൂവ അരച്ചെടുക്കുന്ന യന്ത്രത്തെപ്പറ്റി റിപ്പോര്‍ട്ട് വന്നത്. കൂവകൃഷിയുടെ വാണിജ്യസാധ്യതകളെക്കുറിച്ചറിഞ്ഞു. ഇത്തരം അന്വേഷണത്തിനെല്ലാം തുടക്കംകുറിക്കുന്നത് ഫാത്തിമയാണ്. കാര്യം മനസ്സിലാക്കിയാല്‍ ഒപ്പംനിന്ന് വിജയിപ്പിക്കാന്‍ മൂസ ഹാജിയുണ്ടാകും. 9000 രൂപക്ക് യന്ത്രം വാങ്ങി. പിന്നെ, അളവുപാത്രം, പാക്കിങ് മെഷീന്‍ തുടങ്ങിയവയും. ശുദ്ധമായ കൂവപ്പൊടി നല്‍കി ആവശ്യക്കാരുടെ പ്രീതിനേടി. സ്വന്തം പറമ്പിലും  പാട്ടത്തിനെടുത്ത നാലേക്കര്‍ സ്ഥലത്തുമാണിപ്പോള്‍ കൃഷി. 

കൂവത്തോട്ടത്തില്‍ ഫാത്തിമ
 

 കൂവയുടെ ആരോഗ്യം

അമേരിക്കയില്‍നിന്നാണ് കൂവയുടെ വരവ് എന്നാണ് പറയാറ്. എന്നാല്‍, ഇന്ത്യയില്‍ പ്രചാരത്തിലുള്ളവയാണ് നീലക്കൂവ. നീലക്കൂവക്കാണ് ഏറെ ഒൗഷധഗുണം. കൂവ അഥവാ ആരോറൂട്ട് കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഏറെ ഗുണകരമാണ്. മുലപ്പാല്‍ മതിയാക്കി പശുവിന്‍പാല്‍ ശീലമാക്കുമ്പോള്‍ കുട്ടികളില്‍ കണ്ടുവരാറുള്ള പല പ്രശ്നങ്ങള്‍ക്കും കൂവ പരിഹാരമാണ്.  കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവകൃഷിചെയ്യാന്‍ അനുയോജ്യവുമാണ്. മൂസ ഹാജി, ഫാത്തിമ ദമ്പതികളുടെ കൂവകൃഷിയുടെ തുടക്കം പല സ്ഥലത്തുനിന്നായി ശേഖരിച്ച വിത്തുപയോഗിച്ചായിരുന്നു. മഞ്ഞക്കൂവ, കുഴിക്കൂവ,ബിലാത്തിക്കൂവ, നീലക്കൂവ തുടങ്ങി കുറെയിനം കൃഷിചെയ്തു. ഇതിനിടെ, മുള്ളന്‍പന്നിയുടെ ആക്രമണം ശക്തമായി. എന്നാല്‍, നീലക്കൂവയോടുള്ള ആക്രമണം കുറവാണ്.
ഇതോടെ നീലക്കൂവ കൂടുതല്‍ കൃഷിചെയ്യാന്‍ തുടങ്ങി. നീലക്കൂവയുടെ കിഴങ്ങ് മേല്‍മണ്ണില്‍ തന്നെയാണുണ്ടാകുന്നത്. ഇളംനീല കലര്‍ന്ന വെള്ളനിറത്തിലുള്ള കിഴങ്ങുകള്‍ ഒരു തടയില്‍നിന്നും 300-350 ഗ്രാം വരെ കിട്ടും. വിളവെടുത്ത കൂവയില്‍നിന്ന് നല്ല ആരോഗ്യമുള്ള കിഴങ്ങുകള്‍ തെരഞ്ഞെടുത്താണ് നടുന്നത്. വേനല്‍കാലത്ത് ചാലുകള്‍ കീറി അരയടി അകലത്തില്‍ വിത്ത് കിഴങ്ങ് പാകി അതിനുമീതെ ചാണകപ്പൊടിയും ചാരവും മൂടി വെട്ടോലകൊണ്ട് മൂടുന്നതോടെ നടീല്‍ കഴിയും. പുതുമഴ പെയ്യുന്നതോടെ മുളച്ചുപൊന്തുന്ന തൈകള്‍ക്ക് പിന്നീട് ഇടക്കിടെ നല്‍കുന്നത് ചാണകവും ചാരവും തന്നെ. രാസവളം ഉപയോഗിക്കാറില്ല. കാര്യമായ കീടബാധകളൊന്നും തന്നെ കൂവകൃഷിയില്‍ കാണാറില്ളെന്ന് ഫാത്തിമ പറയുന്നു. തുലാമഴക്കുശേഷം നവംബര്‍, ഡിസംബര്‍ മാസത്തില്‍ തണ്ട് ചാഞ്ഞ് ഉണങ്ങാന്‍ തുടങ്ങുന്ന സമയമാണ് വിളവെടുപ്പ് നടത്തുന്നത്. പഴയകാലത്ത് ആരും നടാതെതന്നെ പറമ്പുകളില്‍ കൂവ സമൃദ്ധമായി ഉണ്ടാവുമായിരുന്നു. എന്നാലിപ്പോള്‍ വിത്ത് സംഘടിപ്പിച്ച് നടേണ്ടിവരുന്നു. 

കൂവ അരച്ചെടുക്കുന്ന യന്ത്രത്തിനരികെ മൂസ ഹാജി
 

ക്ഷമയോടെ സംസ്കരണം

കൂവക്കിഴങ്ങിന്‍െറ സംസ്കരണത്തിന് ആദ്യം ക്ഷമയാണ് ആവശ്യം. പിന്നെ, അധ്വാനം. തുടക്കക്കാര്‍ക്ക് പ്രയാസംതോന്നുമെങ്കിലും ഇതിലേക്കിറങ്ങിയാല്‍ പിന്നെ കൈവിടാന്‍ തോന്നില്ല. കൂവയുടെ ഗന്ധം തന്നെ  സുഖകരമാണ്. കിഴങ്ങ് കഴുകി വൃത്തിയാക്കി വേരുകളും മറ്റും നീക്കണം. വൃത്തിയാക്കിയ കിഴങ്ങുകള്‍ ഒരു ദിവസം ശുദ്ധജലത്തില്‍ കുതിര്‍ത്ത് യന്ത്രത്തില്‍ അരച്ചെടുക്കണം. കുഴമ്പുരൂപത്തിലുള്ള ചാറ് ശുദ്ധജലത്തില്‍ കലക്കി, നാരും മറ്റ് അവശിഷ്ടങ്ങളും രണ്ടുമൂന്നാവൃത്തി അരിച്ച് വൃത്തിയുള്ള പാത്രത്തില്‍ ആറുമുതല്‍ എട്ടുമണിക്കൂര്‍വരെ ഊറാന്‍ വെക്കണം. ശേഷം ലയിക്കാത്തതും ഊറാത്തതുമായ മേല്‍ഭാഗം ഊറ്റിക്കളഞ്ഞ് അവശേഷിക്കുന്ന അടിഭാഗത്തെ നൂറ് അടങ്ങുന്ന കട്ടിയായ ഭാഗം അഞ്ചിരട്ടി വെള്ളത്തില്‍ കലക്കി ഊറാന്‍ വെക്കണം. ദിവസത്തില്‍ രണ്ടുപ്രാവശ്യം വീതം ഇതാവര്‍ത്തിക്കണം. ഊറിവരുന്ന വെള്ളത്തിന് നിറവും മണവും രൂചിയും ഇല്ലാത്ത അവസ്ഥയില്‍ അടിയുന്ന നൂറ് ശുദ്ധമായിരിക്കും. ഇങ്ങനെ ശുദ്ധമായ നൂറ് ഉണങ്ങാന്‍ പാകത്തില്‍ പരന്ന പാത്രത്തില്‍ ഒഴിച്ച് എട്ടുദിവസം വരെ വെയിലത്ത് വെക്കണം. 
ഉണങ്ങിക്കഴിഞ്ഞാല്‍ ശുദ്ധവെള്ളനിറത്തില്‍ കട്ടകളായി കൂവപ്പൊടി കിട്ടും. ഇത് കാറ്റുകടക്കാത്ത പാത്രത്തില്‍ 15 വര്‍ഷം വരെ സൂക്ഷിക്കാമെന്ന് മൂസഹാജി പറയുന്നു. പേരക്കുട്ടി റീമിന്‍െറ പേരിട്ട് റീം ആരോറൂട്ട് പ്രൊഡക്ട്സ് എന്ന പേരിലാണ് കൂവപ്പൊടി വില്‍ക്കുന്നത്. 

മായത്തെ തോല്‍പിച്ച്

വിപണനമേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്ത് വില്‍പന നടത്തുന്ന പതിവ് ഇവര്‍ക്കുണ്ട്. കിലോക്ക് 700 രൂപയാണിപ്പോഴത്തെ വില. വര്‍ഷത്തില്‍ നാലുമാസത്തോളം കുറച്ചുപേര്‍ക്ക് ജോലി കൊടുക്കാന്‍ പറ്റുന്നതും നല്ല വരുമാനം ലഭിക്കുന്നതിനുംപുറമെ, ആരോഗ്യത്തിന് ഗുണകരവും ശുദ്ധവുമായ ഉല്‍പന്നം ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നതിന്‍െറ സംതൃപ്തി ഒന്നുവേറെതന്നെയാണെന്നു മൂസ ഹാജിയും ഫാത്തിമയും പറയുന്നു. കൂവപ്പൊടി വില്‍പനയില്‍ മായത്തിന്‍െറ വലിയ ലോകംതന്നെയുണ്ടെന്ന് മൂസ ഹാജി പറഞ്ഞു. വന്‍വില ലഭിക്കുമെന്നതിനാലാണീ കൃത്രിമം നടക്കുന്നത്. ചോളപ്പൊടി, മരക്കിഴങ്ങിന്‍െറ പൊടി, മൈദ എന്നിവയാണ് ചേര്‍ക്കുന്നത്. എളുപ്പത്തില്‍ സാധാരണക്കാര്‍ക്ക് വ്യാജനെ തിരിച്ചറിയാന്‍ കഴിയില്ല. ഇത്തരം കള്ളനാണയങ്ങളെ പിടികൂടാന്‍ വഴിയുണ്ട്. സംശയം തോന്നുന്ന കൂവപ്പൊടി പച്ചവെള്ളത്തില്‍ കലക്കി അതില്‍ ചൂടുവെള്ളം ഒഴിച്ചാല്‍ കലര്‍പ്പ് പൊന്തിവരുമെന്നും മൂസ ഹാജി പറഞ്ഞു. പച്ചക്കൂവ ക്വിന്‍റലിന് 700 രൂപ കൊടുത്താണ് മൂസ ഹാജി വാങ്ങുക. ഇതില്‍, എല്ലാ ജോലിയും കഴിഞ്ഞാല്‍ ആറുകിലോ കൂവപ്പൊടിയാണ് ലഭിക്കുക. ഇനി അപൂര്‍വമായി കൃഷിചെയ്യുന്ന മാങ്ങഇഞ്ചിയില്‍ പുതിയ പരീക്ഷണത്തിനുള്ള ഒരുക്കത്തിലാണീ കര്‍ഷക കുടുംബം. 

Show Full Article
TAGS:maniyoor agriculture 
Next Story