രാജുവിന്​ ജീവിതമാണ്​ താറാവ് 

താറാക്കളോടൊപ്പം രാജു

    തലമുറകള്‍ കൈമാറി വന്ന ജീവിതമാര്‍ഗമായ താറാവു കൃഷി പിന്തുടരുകയാണ് രാജു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലാണ് സാധാരണമായി വലിയതോതില്‍ താറാവു കൃഷിയുള്ളതെങ്കിലും  ഇടനാട്ടിലെ താറാവു കൃഷി കാര്‍ഷിക മേഖലയ്ക്ക് മാറ്റു കൂട്ടുകയാണ്. കടമ്പനാട് മണ്ണടി മാവണ്ണില്‍വിളയില്‍ രാജുവാണ് മൂന്നു തലമുറ കൈമാറി വന്ന താറാവു കൃഷി പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത്. ഇടക്കാലത്ത് വിദേശത്തു ജോലി തേടി പോയിരുന്ന റെജിയും  സഹോദരനൊപ്പം പൂര്‍ണമായും താറാവു വളര്‍ത്തലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടനാട്-അപ്പര്‍കുട്ടനാട് മേഖലകളിലെ പോലെ അത്ര എളുപ്പമല്ല ഇടനാടുകളിലെ താറാവു കൃഷിയെന്നാണിവര്‍ പറയുന്നത്. താറാവിനെ തീറ്റി പോറ്റുന്നതിനാണ് പ്രതിസന്ധി നേരിടുന്നത്. ഇടനാടുകളില്‍ വയലേലകളില്‍ കൃഷി കുറവാണ്. അതിനാല്‍ നിലങ്ങളില്‍ താറാവുകള്‍ക്ക് കാര്യമായി ഇര ലഭിക്കില്ല. ക്ഷീര കര്‍ഷകര്‍ക്ക് ആശ്രയമായ തരിശു നിലങ്ങളില്‍ താറാവിനെ ഇറക്കാനും തടസമുണ്ട്. കൊയ്‌തൊഴിയുന്ന പാടശേഖരങ്ങള്‍ മാത്രമാണ് ഏക ആശ്രയം. എന്നാല്‍, നെല്‍കൃഷി കാര്യമായി ഇല്ലാത്തതും തിരിച്ചടിയാണ്. കൂടുതല്‍ കാലയളവില്‍ കൈത്തീറ്റ നല്‍കി വളര്‍ത്തണം. ഇത്തരം പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് 250 താറാവുകളുണ്ട്. കഴിഞ്ഞ തലമുറയില്‍പ്പെട്ടവര്‍ രണ്ടായിരം താറാവിനെ വരെ വളര്‍ത്തിയിരുന്നു.  ഇന്ന് വലിയതോതില്‍ വളര്‍ത്താനുള്ള അനുകൂല സാഹചര്യങ്ങളില്ല. അതിനാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ രാജു കാലിവളര്‍ത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുട്ടയ്ക്കും ഇറച്ചിതാറാവിനും ആവശ്യം പോലെ ആവശ്യക്കാരുണ്ട്. മഴക്കാലം ആകുമ്പോഴും മണ്ണടി താഴത്തു വയലിലും പരിസരങ്ങളിലും തീറ്റതേടി നീരണിഞ്ഞു നീങ്ങുന്ന താറാവിന്‍കൂട്ടങ്ങള്‍ ഇതുവഴി പോകുന്നവര്‍ക്ക് നയനാര്‍ഭമായ കാഴ്​ചയാണ്.

 

Loading...
COMMENTS