കണിയൊരുക്കാന്‍ വെള്ളരി വിളയിച്ച് പന്തല്ലൂരിലെ കര്‍ഷകര്‍

 വിഷുക്കണിയൊരുക്കാന്‍ സ്വര്‍ണനിറത്തിലുള്ള വെള്ളരി കായ്കള്‍  വിളയിച്ചെടുക്കാനുള്ള  തിരക്കിലാണ് തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടത്തെ കര്‍ഷകര്‍. മൂന്നുപതിറ്റാണ്ടോളമായി ഈ പാടത്ത് വേനല്‍വിളയായി വെള്ളരി കൃഷിചെയ്യുന്ന  ഇരുപതോളം കര്‍ഷകര്‍  ഇക്കൊല്ലം മികച്ച വില കിട്ടുമെന്ന പ്രതീക്ഷയിലാണ്.
പന്തല്ലൂരിലെ  ഇരുപത്തഞ്ചേക്കറോളം വരുന്ന പാടത്താണ് കര്‍ഷകര്‍ വെള്ളരി കൃഷി ചെയ്തിട്ടുള്ളത്. കൃഷിക്കാവശ്യമായ വിത്ത് തലേവര്‍ഷത്തെ വിളവെടുപ്പുകാലത്തുതന്നെ ഇവര്‍ സംഭരിച്ചുവെക്കും. ധനു മകരം മാസത്തില്‍ പന്തല്ലൂര്‍ പാടത്ത് നടക്കുന്ന കൊയ്ത്ത് കഴിഞ്ഞാല്‍ വെള്ളരികൃഷിക്കുള്ള ഒരുക്കം തുടങ്ങുകയായി. മണ്ണിളക്കി നിലമൊരുക്കിക്കഴിഞ്ഞാല്‍ വെള്ളരിവിത്തുകള്‍ നടും. ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി വളമായി ചേര്‍ക്കും.  പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും അടക്കമുള്ള പരിചരണം നല്‍കിയാണ് വെള്ളരിവള്ളികള്‍ വളര്‍ത്തിയെടുക്കുന്നത്. ഒരു മാസത്തിനകം പൂവിട്ട് കായ്കള്‍ ഉണ്ടായിത്തുടങ്ങും.
മാര്‍ച്ച് ആരംഭത്തോടെ വിളവെടുപ്പ് ആരംഭിക്കുമെങ്കിലും മാര്‍ച്ച് അവസാനം മുതല്‍ ഏപ്രില്‍ പകുതിവരെയുള്ള വിഷുക്കാലത്താണ്  കൂടുതല്‍ ഉല്‍പാദനം ലഭിക്കുന്നത്. മഴപെയ്താല്‍  പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകുന്ന   പ്രദേശമായതിനാല്‍ വേനല്‍മഴ പന്തല്ലൂര്‍പാടത്തെ കര്‍ഷകര്‍ക്ക് പേടിസ്വപ്നമാണ്. ഒരു ദിവസത്തിലധികം പാടത്ത് വെള്ളം കെട്ടിനിന്നാല്‍ വെള്ളരിച്ചെടികള്‍ പഴുത്ത് നശിക്കും. ഒരാഴ്ച മുമ്പ് പെയ്ത  വേനല്‍മഴ ഇവിടത്തെ കര്‍ഷകരെ ആശങ്കയിലാക്കിയെങ്കിലും മഴ തുടര്‍ന്നുപെയ്യാതിരുന്നതിനാല്‍ കൃഷിനാശം ഒഴിവായി.
കഴിഞ്ഞ വര്‍ഷം  വെള്ളരിക്കക്ക് പ്രതീക്ഷിച്ച വില കിട്ടിയില്ളെന്ന്  ഇരുപത്തഞ്ചുവര്‍ഷത്തിലേറെയായി പന്തല്ലൂര്‍ പാടത്ത് വെള്ളരിക്ക വിളയിക്കുന്ന കിള്ളിക്കുളങ്ങര സുകു പറഞ്ഞു. കിലോക്ക് ഏഴുരൂപ നിരക്കിലാണ് കഴിഞ്ഞ വര്‍ഷം വിലകിട്ടിയത്. വിഷുക്കാലത്ത് വില പിന്നെയും കുറഞ്ഞു. എന്നാല്‍, ഈ വര്‍ഷം മികച്ച വിലയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കിലോഗ്രാമിന് 18 രൂപ നിരക്കിലാണ് വെള്ളരിക്ക ചന്തയില്‍ വിറ്റുപോകുന്നത്. സീസണായാല്‍ ദിനംപ്രതി രണ്ട് ടണ്ണോളം വെള്ളരിക്കയാണ് പന്തല്ലൂര്‍ പാടത്തുനിന്ന് തൃശൂര്‍ ചന്തയിലത്തെുന്നത്. വിഷുവിനുമുമ്പ് വേനല്‍മഴ കനത്തുപെയ്തില്ളെങ്കില്‍ ഇത്തവണ  കൈനിറയെ കൈനീട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വെള്ളരി കര്‍ഷകര്‍.

 

COMMENTS