Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകരുതൽ മേഖല: കർഷകർക്കും...

കരുതൽ മേഖല: കർഷകർക്കും പറയാനുണ്ട്

text_fields
bookmark_border
കരുതൽ മേഖല: കർഷകർക്കും പറയാനുണ്ട്
cancel

സംരക്ഷിത വനമേഖലയോട് ചേർന്ന ഒരുകിലോമീറ്റർ വരുന്ന ഭൂമി കരുതൽ മേഖലയായി പ്രഖ്യാപിച്ച് 2022 ജൂൺ മൂന്നിന് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി കർഷകരടക്കം ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. നിലനിൽപിനായി പരസ്പരം പോർവിളികളും കുറ്റപ്പെടുത്തലും നടത്തുന്നുണ്ടെങ്കിലും ഈ വിധി നടപ്പാക്കരുതെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നവരാണ് കേരളത്തിലെ രാഷ്ട്രീയമുന്നണികളെല്ലാം.

പക്ഷേ, ഇവർക്കൊന്നും വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെയും ഖനന മാഫിയയുടെയും യാഥാസ്ഥിതിക പരിസ്ഥിതിവാദികളുടെയും കുതന്ത്രങ്ങൾ യഥാസമയം മനസ്സിലാക്കാനോ തടയിടാനോ സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും അതിർത്തിയിൽനിന്ന് പത്തുകിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖല വേണമെന്ന് 2002ൽ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ നിർദേശമുണ്ടായി. 2005ൽ ബഫർ സോൺ നിശ്ചയിച്ച് തീരുമാനിച്ചറിയിക്കാൻ വീണ്ടും ബോർഡ് സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

ഈ സന്ദർഭത്തിലാണ് വന്യജീവി സങ്കേതത്തിനുള്ളിലെ ഖനനവുമായി ബന്ധപ്പെട്ട് ഗോവ ഫൗണ്ടേഷൻ കേസ് സുപ്രീംകോടതിയുടെ പരിഗണനക്കുവന്നത്. 2006 ഡിസംബർ നാലിന് ഒരു മാസത്തിനകം കൃത്യത വരുത്തി റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചെങ്കിലും മേൽപറഞ്ഞ മൂന്ന് ഘട്ടങ്ങളിലും സംസ്ഥാനങ്ങൾ വേണ്ടവിധം പ്രതികരിച്ചില്ല.

2011ൽ പരിസ്ഥിതിലോല മേഖല എപ്രകാരം ആയിരിക്കണമെന്നും അതിന്റെ ചട്ടങ്ങളടക്കമുള്ള വിശദാംശങ്ങൾ പ്രതിപാദിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കി. 10 കിലോമീറ്റർ കരുതൽ മേഖല എന്നതായിരുന്നു പ്രധാന നിബന്ധന. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ വേണ്ടവണ്ണം പ്രതികരിക്കാതായപ്പോൾ 10 കി.മീ. നിശ്ചയിക്കുമെന്ന അന്ത്യശാസനമുണ്ടായി.

അതോടെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിവേണം പരിസ്ഥിതിലോല മേഖല നിശ്ചയിക്കാനെന്നും വ്യത്യസ്ത ദൂരപരിധി പ്രതിപാദിക്കുന്ന പ്രത്യേക കാരണങ്ങൾ വിശദീകരിക്കുന്നതുമായ റിപ്പോർട്ടുകൾ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ പക്കലെത്തി. ഇന്ത്യയുടെ വനവ്യാപ്തി 22 ശതമാനവും കേരളത്തിൽ 29.6 ശതമാനവുമാണ്. വയനാടിന്റെ വനവ്യാപ്തി 39 ശതമാനമാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ സംരക്ഷിത വനമേഖലകളുടെ എണ്ണം 441ഉം കേരളത്തിൽ 23 മേഖലകളുമാണുള്ളത്.

സുപ്രീംകോടതി 3.6.2022ൽ പരിഗണിച്ച കേസ് രാജസ്ഥാനിലെ ജാമുവരാംഗർത്ത് വന്യജീവിസങ്കേതത്തിലെ പരിസ്ഥിതി കേസാണ്. ഇവിടെ വനത്തിനോട് ചേർന്നുള്ള ഖനനം നടക്കുന്നുവെന്ന കാരണത്താൽ ഒരു പൊതുമാനദണ്ഡം വേണമെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ടാകാം. അതിനാലാകാം ഒരു കി.മീ. എന്ന വിധിക്ക് കാരണമായത്. കേന്ദ്രവും സംസ്ഥാനങ്ങളും എന്തുപറയുന്നുവെന്നതൊന്നും കോടതി പരിഗണിച്ചില്ലെന്നുവേണം കരുതാൻ. വസ്തുത ഇതായിരിക്കെ ഏതെങ്കിലും സർക്കാറുകളെ ഇക്കാര്യത്തിൽ പഴിചാരുന്നതിലും അർഥമില്ല.

ഗോദവർമ്മ തിരുമുൽപ്പാടും ഗോവ ഫൗണ്ടേഷനും പതിറ്റാണ്ടുകൾക്കുമുമ്പേ തുടങ്ങിയ പരിസ്ഥിതി കേസുകളും ഇപ്പോൾ വിധിപറഞ്ഞ ജാമുവ രാംഗർത്ത് പരിസ്ഥിതി കേസും കർഷകർക്കോ പാവപ്പെട്ടവർക്കോ എതിരായുള്ളവയല്ല. ഖനി മുതലാളിമാരും ക്വാറി മുതലാളിമാരും വനം വിൽപനക്കാരായ ഉദ്യോഗസ്ഥ - കോർപറേറ്റ് മുതലാളിമാരുമെല്ലാം ഒത്തുചേർന്ന് നടത്തുന്ന വിനാശകരമായ പരിസ്ഥിതിനാശ പ്രവർത്തനങ്ങൾക്ക് തടയിടാൻ ആവശ്യപ്പെടുന്നവയാണ്.

കോടതി വിധി വരുംമുമ്പും വന്നശേഷവും ഇക്കൂട്ടർ അവരുടെ സ്വാർഥ താൽപര്യങ്ങൾക്കനുസരിച്ച് നേട്ടങ്ങൾ ഉണ്ടാക്കി മുന്നോട്ടുപോകുന്നുണ്ട്. കോടതി വിധി ബാധിക്കുന്നതാകട്ടെ പ്രത്യക്ഷമായും പരോക്ഷമായും കാടിനോട് ചേർന്ന് വസിക്കുന്ന സാധാരണ ജനങ്ങളെയാണ്. കേരളത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ മാത്രമല്ല, അനേകം ചെറുനഗരങ്ങളും സംരക്ഷിത വനമേഖലക്കടുത്താണുള്ളത്.

ആദിവാസികളും കർഷകരും നാമമാത്ര ഭൂമി വരുമാനമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ നിലവിളിയാണ് ഇപ്പോൾ ഉയരുന്നത്. കേരളത്തിൽ നിലവിലുള്ള സംരക്ഷിത സാങ്കേതങ്ങൾ പരിശോധിച്ചാൽ അത് ബോധ്യമാകും. വയനാട്, ഇടുക്കി, മലബാർ, കൊട്ടിയൂർ, പേപ്പാറ, സെന്തുരുത്തി, ചിന്നാർ, ചിമ്മിണി, ആറളം, കരിമ്പുഴ, കുറിഞ്ഞിമല, നെയ്യാർ, ചോളന്നൂർ, പീച്ചി എന്നീ വന്യജീവി സങ്കേതങ്ങളും ഇരവികുളം, സൈലന്റ്‍വാലി, ആനമുടിചോല, മതികെട്ടാൻചോല, പമ്പാടുംചോല എന്നീ ദേശീയ ഉദ്യാനങ്ങളും പെരിയാർ, പറമ്പിക്കുളം എന്നീ കടുവ സങ്കേതങ്ങളും തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങളുംകൂടി 23 സംരക്ഷിത സങ്കേതങ്ങളാണ് കേരളത്തിലുള്ളത്.

മേൽപറഞ്ഞ 23 സങ്കേതങ്ങളിലും വനാതിർത്തിയിൽനിന്ന് ഒരു കി.മീ. സംരക്ഷണ മേഖലയായാൽ ഓരോ പ്രദേശങ്ങളുടെയും പ്രത്യേകതക്കനുസരിച്ച് ഗുരുതര പ്രത്യാഘാതങ്ങളാണുണ്ടാവുന്നത്. നിലവിൽ ലഭ്യമാകുന്ന കണക്കനുസരിച്ച് നാലുലക്ഷത്തിലധികം ഏക്കർ ഭൂമി കൈവശം വെച്ചനുഭവിച്ചുവരുന്നവർ റവന്യൂ നിയമങ്ങളെ മാറ്റി വനനിയമങ്ങളാൽ ഭരിക്കപ്പെടുമെന്നത് തീർച്ച. ജനവാസകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, ചെറുകിട-ഇടത്തരം കച്ചവട കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, കോളജുകൾ, ചെറുസംരംഭങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും കോട്ടങ്ങളുണ്ടാകും.

ഈ സാഹചര്യത്തിൽ പരിസ്ഥിതി മേഖലയിലെ ക്വാറികൾ, മൈനിങ്, ക്രഷിങ് യൂനിറ്റുകൾ (നിലവിലുള്ളവ ഉൾപ്പെടെ) ജലവൈദ്യുതി പദ്ധതികൾ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ (പുതിയതും നിലവിലുള്ളവയുടെ വികസനവും) നിരോധിക്കണം. പുതിയ റിസോർട്ടുകളും ഹോട്ടലുകളും പ്രദേശവാസികളുടെ വീട് നിർമാണം, മലിനീകരണമില്ലാത്ത ചെറുകിട വ്യവസായങ്ങൾ, മരംമുറിക്കൽ, വൈദ്യുതി-ടെലികോം ടവറുകൾ, പുതിയ റോഡുകളുടെ നിർമാണം, നിലവിലുള്ളവയുടെ ബലപ്പെടുത്തലും വീതികൂട്ടലും, രാത്രിയാത്ര, പ്രാദേശിക കൂട്ടായ്മകളുടെ പശുവളർത്തൽ, മീൻവളർത്തൽ, വ്യവസായികമായ കോഴിവളർത്തൽ, കിണർ, കുഴൽക്കിണർ, സ്വന്തം ഉപയോഗത്തിനപ്പുറത്തുള്ള കൃഷികൾ എന്നിവക്ക് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.

1927ലെ ഇന്ത്യൻ വനനിയമം, 1980ലെ വനസംരക്ഷണ നിയമം, 1972ലെ വന്യജീവി സംരക്ഷണനിയമം എന്നിവയും സുപ്രീംകോടതിയുടെ പുതിയ നിയമങ്ങളും അടിച്ചേൽപിച്ചാൽ ജനങ്ങൾക്ക് പ്രസ്തുത ഭൂമിയിൽ ഒന്നും ചെയ്യാൻ പറ്റാതാവും. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ ജനങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ നേർകാഴ്ചയാണ്. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണങ്ങൾ പൂർണമായാൽ സംരക്ഷിത പരിസ്ഥിതിലോല മേഖല വനമായി മാറി ജനങ്ങൾ സ്വമേധയാ കുടിയിറക്കപ്പെടും.

ഈ ദുരവസ്ഥ കേരളത്തിനുണ്ടാകരുത്. വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവരുടെയും നാനാജാതി മതസ്ഥരുടെയും കൂട്ടായ്മയാണ് കേരളത്തിലെ കർഷകർ. അവരെ മാറ്റിനിർത്തിയുള്ള വനസംരക്ഷണം ദിവാസ്വപ്നം മാത്രമാണ്. അവരെ ദ്രോഹിച്ചാൽ അവർ കടുത്ത രീതിയിൽ പ്രതികരിക്കുമെന്നതിന് കഴിഞ്ഞകാലം കേരളം സാക്ഷ്യംവഹിച്ചതാണ്. നഗരവാസികളുടെ വിനോദസഞ്ചാര മേഖലയല്ല കേരളത്തിലെ മലഞ്ചരിവുകൾ. അവർക്ക് കുടിവെള്ളം നൽകുന്നതും വൈദ്യുതി എത്തുന്നതും വയറുനിറക്കുന്നതും കർഷകരാണെന്നത് മറക്കരുത്, അവരെ കടുത്ത പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് വേട്ടയാടരുത്. കേരളത്തിന്റെ മലയോരമേഖലകളിൽ ദിവസങ്ങളായി നടന്നുവരുന്ന പ്രാദേശിക ഹർത്താലുകളെ കണ്ടില്ലെന്ന് നടിക്കരുത്.

(കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാനും കേരള കോൺഗ്രസ്-എം വയനാട് ജില്ല പ്രസിഡന്റുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffer zone
News Summary - buffer zone: Farmers also have to say
Next Story