ആനയോളമുണ്ട്​ ഇവർക്ക്​ ചേനക്കാര്യം

  • തങ്ങൾ നട്ടുവളർത്തുന്ന ചേനയെ പ്രളയകാലത്ത് പോലും സംരക്ഷിക്കാൻ മഴയെ വെല്ലുവിളിച്ചും ഒത്തു കൂടിയ വിദ്യാർഥികളാണ് ഇവിടെയുള്ളത്.

01:19 AM
01/11/2018
കുട്ടനെല്ലൂർ ഗവ. കോളജ്​ വിദ്യാർഥികളും ജീവനക്കാരും ചേമ്പ്​ പരിപാലനത്തിൽ
തൃശൂർ കുട്ടനെല്ലൂരിലെ ഗവ. കോളേജിനോടും, അവിടുത്തെ കുട്ടികളോടും അധ്യാപകരോടുമൊന്നും അധികം കളിക്കാൻ നിൽക്കണ്ട... ഒന്നുമല്ല, ചിലപ്പോൾ ചൊറിയും. വെറുതെ പറഞ്ഞതാണെന്ന് കരുതേണ്ട. കോളേജ് മുറ്റം വെറും വിദ്യാർഥികളുടെ സൊറപറച്ചിൽ കേന്ദ്രമല്ല...ഇതൊരു കൃഷിയിടം കൂടിയാണ്. നല്ല നാടൻ ചേനയാണ് ഇവിടെ വിളയൊരുങ്ങുന്നത്. തങ്ങൾ നട്ടുവളർത്തുന്ന ചേനയെ പ്രളയകാലത്ത് പോലും സംരക്ഷിക്കാൻ മഴയെ വെല്ലുവിളിച്ചും ഒത്തു കൂടിയ വിദ്യാർഥികളാണ് ഇവിടെയുള്ളത്. ചാണകവും വെണ്ണീറുമെല്ലാം കടക്കലിട്ട് കുട്ടികൾ ചേനയെ സംരക്ഷിക്കുകയാണ്. ചേന വളരുന്നതോടൊപ്പം വിദ്യാർഥികളുടെ മനസിൽ  മണ്ണിനോടും കൃഷിയോടുമുള്ള ഇഷ്ടവും വളരുകയാണ്. ഡീ സോണിൽ പണ ചാക്കുകളുമായെത്തുന്ന സ്വാശ്രയ, സ്വകാര്യ കോളേജുകളോട് മൽരിക്കാൻ സർക്കാർ കോളേജായ കുട്ടനെല്ലൂരിലെ കുട്ടികൾക്ക് കഴിയാറില്ല. കലാലയ കലോൽവത്തിന് പണം കണ്ടെത്തലാണ് പ്രധാനമായും ചേന വളർത്തലിലെ ലക്ഷ്യമെങ്കിലും, ഇപ്പോൾ അങ്ങനെ മാത്രമല്ല. കൃഷിയോടും ഇഷ്ടം കൂടുകയാണ്. ഡീ സോണിന് ഒരു ചേനയെന്നാണ് പദ്ധതിക്ക് പേരിട്ടത്. ഇതനസുരിച്ച് നാന്നൂറോളം ചേനയാണ് ക്യാമ്പസിൽ ഇവർ നട്ടത്. 
 ഡീസോണിൽ  മൽസരയിനങ്ങൾക്ക് ലക്ഷങ്ങൾ ചിലവ് വരും. ഗവ. കോളേജായതിനാൽ കുട്ടികളിൽനിന്നുള്ള വരുമാനം കുറവാണ്. കഴിഞ്ഞ വർഷം പണം കണ്ടെത്താൻ ചേർന്ന യോഗത്തിൽ സ്​റ്റാഫ് അഡ്വൈസറായ അധ്യാപിക ടി.എൽ സോണിയാണ് പണം കണ്ടെത്താൻ കൃഷിയെന്ന്  നിർദേശിച്ചത്. പരിചരണം കുറവ് മതിയെന്നതാണ് ചേന കൃഷിയിറക്കാനുള്ള തീരുമാനത്തിലെത്തിയത്. അധ്യാപികയുടെ നിർദേശത്തിനെ കോളേജ് യൂണിയൻ ഭാരവാഹികൾ തീരുമാനമായി അംഗീകരിക്കുകയായിരുന്നുവെന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ നവീൻ ഘോഷ് പറഞ്ഞു. കൃഷിയിറക്കാൻ മറ്റുകുട്ടികളും ആവേശകരമായി രംഗത്ത് എത്തി. പ്രിൻസിപ്പൽ സി.സി ബാബുവും പിന്തുണയുമായി എത്തിയതോടെ കലാലയം ആകെ കൃഷിയെ ഏറ്റെടുക്കുകയായിരുന്നു. ചേന നടാൻ കുട്ടികൾ പരമാവുധി കുഴിയെടുത്തു. മണ്ണുമാന്തിയന്ത്രത്തിെൻ്റ സഹായവും പ്രയോജനപ്പെടുത്തി. കോളേജിലെ പ്ലാസ്റ്റിക് ഒഴികെ ചവർ കുട്ടികൾ അടിച്ചുകൂട്ടി. ചവർ ചേനകുഴികളിലിട്ട് കത്തിച്ച് ചാരമാക്കി. കേരള കാർഷിക സർവകലാശാലയിലെ 1977– 81 ലെ ആദ്യ അഗ്രിബാച്ചിലെ വിദ്യാർഥികളുെട കൂട്ടായ്മ കുട്ടികളെ സഹായിക്കാനെത്തി. 250 കിലോ ചേന വാങ്ങാനുള്ള പണം സംഭാവനയായി നൽകി. സംസ്​ഥാന അവാർഡ് നേടിയ മാളയിലെ ജൈവകർഷകൻ ജോസഫിൽ നിന്ന് വിത്തുകൾ വാങ്ങി. വിദ്യാർഥി സംരഭമായതിനാൽ നൽകിയ പണത്തിനേക്കാൾ കൂടുതൽ ചേനവിത്ത് അദ്ദേഹം നൽകി. ചാണകത്തിൽമുക്കിയെടുത്ത്  ഉണക്കിയെടുത്ത് ശാസ്​ത്രീയമായാണ് കൃഷി രീതി. നാന്നുറോളം ചേന നട്ടിട്ടുണ്ട്.  പുല്ലു പറിക്കല്ലും മണ്ണിട്ട് സംരക്ഷിക്കലും എല്ലാം വിദ്യാർഥികൾ തന്നെ. ഒല്ലൂർ കൃഷിഭവൻ ഓഫീസർ ഇ.എൻ രവീന്ദൻ ആവശ്യമായ നിർദ്ദേശങ്ങളും നൽകി. കോളേജ് യൂണിയൻ ചെയർമാനായിരുന്ന ജിത്തു ജെയിംസ്​, ജനറൽ സെക്രട്ടറി വിഷ്ണുദാസ്​, ബി.എ സൈക്കോളജി അസോസിയേഷൻ സെക്രട്ടറി അൽത്താഫ്, ഇക്കണോമിക്സ്​  അസോസിയേഷൻ  സെക്രട്ടറി കെ.എം അമൽ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികൾ ഉൾപ്പടെ  നൂറുക്കണക്കിന് വിദ്യാർഥികൾ കൃഷിയിൽ പങ്കാളിയായി. അവധിക്കാലത്തും വിദ്യാർഥികൾ കോളേജിലെത്തി ചേനയെ പരിചരിച്ചു. 1500 കിലോയെങ്കിലും വിളവാണ് പ്രതീക്ഷിക്കുന്നത്.  കാർഷിക വിദഗ്ദരുടെ അഭിപ്രായം കൂടി കണക്കാക്കി ഈ വർഷമോ, അടുത്ത വർഷമോ വിളവെടുക്കാനാവും. കോളേജിൽ എൻ.എസ്​.എസ്​ നേതൃത്വത്തിൽ നേരത്തെ വിവിധ കൃഷികളിറക്കിയിരുന്നു. ഡോ. ടി.എൽ സോണി എൻ.എസ്​.എസ്​ ചുമതല വഹിച്ച 2014ൽ ദേശീയ അവാർഡ് രാഷ്ടപതിയിൽ നിന്നും കോളേജ് ഏറ്റുവാങ്ങിയിട്ടുണ്ട്. അക്കാലത്ത് 300 ചേന നട്ട്് 1500 കിലോ വിളവടുത്തിരുന്നു. ഒരു ചേന 18 കിലോ വരെ തൂക്കം ലഭിച്ചിട്ടുണ്ട്.  വിപുലമായ കോളേജ് കാമ്പസിലെ പല ഭാഗങ്ങളും കാട്പിടിച്ച് കിടക്കുകയായിരുന്നു. വേനലിൽ പുല്ലിന് തീപിടിച്ച് ഭീതി പരത്തുന്ന കാലവും കൃഷിയിറക്കിയതോടെ ഇല്ലാതായി. നൂറുമേനിയുടെ വിളവിനെ സ്വപ്നം കണ്ടാണ് ഇപ്പോൾ വിദ്യാർഥികളിലെ കർഷക മനസുകൾ കഴിയുന്നത്.
Loading...
COMMENTS