Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightകന്നുകാലികളെ പാമ്പ്...

കന്നുകാലികളെ പാമ്പ് കടിച്ചാൽ എന്ത് ചെയ്യണം?

text_fields
bookmark_border
snake bite
cancel

സമ്പദ്‌വ്യവസ്ഥയിൽ കാർഷിക മേഖലക്ക് വളരെ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യ. അതിൽ ഭൂരിഭാഗം ജനവിഭാഗവും കന്നുകാലി വളർത്തലിൽ ഏർപ്പെടുന്നു. അതുകൊണ്ട് തന്നെ കർഷകർ പലപ്പോഴും കന്നുകാലി സംബന്ധമായ രോഗങ്ങളും പാമ്പുകടി പോലെയുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു.

ഇന്ത്യയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ പാമ്പുകടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വളരെ സാധാരണമാണ്. കന്നുകാലികൾ പാമ്പുകളുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ള മേച്ചിൽ സമയങ്ങളിലാണ് മിക്കപ്പോഴും പാമ്പ് കടിയേൽക്കുന്നത്. തൽഫലമായി കർഷകർക്ക് അവരുടെ കന്നുകാലികളെ പരിപാലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു . ഇന്ത്യയിൽ, ഓരോ വർഷവും ഒരു ലക്ഷത്തോളം കന്നുകാലികൾ വിഷപ്പാമ്പുകളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.

പെരുമ്പാമ്പുകളാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുണ്ടാക്കുന്നത്. എന്നാൽ ചില പ്രദേശങ്ങളിൽ മറ്റു വർഗത്തിൽപെട്ടവയും കാണപ്പെടുന്നു. പാമ്പിന്റെ വലിപ്പം, കുത്തിവെച്ച വിഷത്തിന്റെ അളവ്, മൃഗത്തിന്റെ വലിപ്പം, കടിയേറ്റ സ്ഥലം എന്നിവയെ ആശ്രയിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. കന്നുകാലികൾ ഗർഭിണിയാണെങ്കിൽ പാമ്പുകടി മൂലമുള്ള കടുത്ത പനി ഗർഭപിണ്ടത്തിന്റെ മരണത്തിന് വരെ ഇടയാക്കാറുണ്ട് . അതിനാൽ വിഷബാധയേറ്റാൽ ഉടൻ വൈദ്യസഹായം ആവശ്യമാണ്.

എന്നാൽ നഗരങ്ങളിൽനിന്ന് വളരെ അകലെയുള്ള ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ചില കർഷകർ, ചികിത്സക്കായി പരമ്പരാഗത മാർഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. ഇത് അനുയോജ്യമായ ചികിത്സ വൈകുന്നതിനും അതു വഴി കന്നുകാലി, പാമ്പുകടിയിൽ നിന്നും രക്ഷപ്പെടുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പാമ്പുകടി എങ്ങനെ തിരിച്ചറിയാം?

ഒരു ആടിനെ വിഷപ്പാമ്പ് കടിച്ചാൽ, അതിന് ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും നാവ് ദുർബലമാവുകയും വായിൽ നിന്നു കൂടുതലായി ഉമിനീർ സ്രവിക്കപ്പെടുകയും ചെയ്യും. മൂക്കിലൂടെ ആമാശയത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ പുറന്തള്ളുകയും അനങ്ങാൻ കഴിയാതെ അവ മരണപ്പെടുകയും ചെയ്യും. മൂർഖൻ കടിച്ചാൽ ശ്വാസതടസ്സം മൂലം മരണം വരെ സംഭവിക്കാം. എന്നാൽ പശുവിന് പാമ്പുകടിയേറ്റാൽ നായ, പൂച്ച, അല്ലെങ്കിൽ ഒരു ചെറിയ കുട്ടിയിൽ ഉണ്ടാകുന്നത് പോലെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഇത് പശുവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.


അതായത് ആരോഗ്യക്ഷമത കുറഞ്ഞ പ്രായമായ പശുവിനെക്കാൾ ആരോഗ്യമുള്ള പശുവിന് വിഷത്തിന്റെ ഫലത്തിന് കീഴടങ്ങാനുള്ള സാധ്യത കുറവാണ്. പശുക്കിടാവിന് താരതമ്യേന പ്രതിരോധശേഷി കൂടുതലാണ് , എങ്കിൽ കൂടിയും സൂക്ഷ്മമായ നിരീക്ഷണം ആത്യാവശ്യമാണ്‌. എവിടെയാണ് കടിയേറ്റത് എന്നതും പ്രധാനമാണ്. സാധാരണഗതിയിൽ, കന്നുകാലികൾക്ക് തലയിലും മുഖത്തും മൂക്കിലും കടിയേറ്റാൽ ഉണ്ടാകുന്ന ആഘാതം കാലുകളിൽ കടിയേറ്റാൽ ഉണ്ടാകുന്ന ആഘാതത്തേക്കാൾ വളരെ ഗുരുതരമാണ്.

പല്ലിന്റെ പാടുകൾ, വേദന, രക്തസ്രാവം, വീക്കം, ചുവപ്പ്, ചൂട്, കുമിളകൾ എന്നിവ പാമ്പ് കടിയേറ്റാൽ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. വയറുവേദന, ബലഹീനത, ഞെട്ടൽ എന്നിവയും ഉൾപ്പെടുന്നു. സമീപകാല മുറിവുകളിൽ നിന്നുള്ള രക്തസ്രാവം, രക്തം കട്ടപ്പിടിക്കൽ, കടിയേറ്റ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം, മലാശയ രക്തസ്രാവം, പക്ഷാഘാതം തുടങ്ങിയവ മൃഗഡോക്ടർമാർ വിലയിരുത്തുന്ന ലക്ഷണങ്ങളാകുന്നു.

പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ

മൃഗഡോക്ടറെ വിളിക്കുന്നതിനുമുമ്പ്, മൃഗത്തെ യഥാർഥത്തിൽ പാമ്പ് കടിച്ചിട്ടുണ്ടോ എന്ന് നിർണയിക്കാൻ ശ്രമിക്കുക. ഇത് രക്തസ്രാവം അല്ലെങ്കിൽ നീർവീക്കം എന്നിവയിലൂടെ കണ്ടെത്താവുന്നതാണ്. വിഷമുള്ള പാമ്പിൽ നിന്നുള്ള കടിയേറ്റാൽ രണ്ട് വ്യത്യസ്‌തമായ പല്ലിന്റെ അടയാളങ്ങളും കൂടുതൽ രക്തസ്രാവവും ഉണ്ടാകും. എന്നാൽ വിഷമില്ലാത്ത പാമ്പിൽ നിന്നാണ് കടിയേറ്റതെങ്കിൽ പല്ലിന്റെ പാടുകളുണ്ടാകില്ല.

മൃഗങ്ങളുടെ മൂക്കിന്മേലാണ് പാമ്പുകടിയേറ്റതെങ്കിൽ, ആ ഭാഗം വീർക്കുകയും മൃഗത്തിന് ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിനായി തുറന്ന വായുമാർഗം നിലനിർത്താൻ വൃത്തിയുള്ള ട്യൂബിന്റെ ഒരു ഭാഗം മൂക്കിലൂടെ കടത്തി വിടുക. മൃഗം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നിടത്ത്, ട്യൂബിലൂടെ ശ്വസിക്കുന്നത് മൃഗഡോക്ടർ എത്തുന്നതുവരെ അതിനെ ജീവനോടെ നിലനിർത്താൻ സഹായിക്കും.

പാമ്പുകടിയേറ്റാൽ കഴിവതും കന്നുകാലികളെ ശാന്തമാക്കുക, കാരണം വർധിച്ച ഹൃദയമിടിപ്പ് ശരീരത്തിലൂടെ വിഷം വളരെ വേഗത്തിൽ വ്യാപിക്കാൻ ഇടയാക്കും. കടിയേറ്റ സ്ഥലം മുറിച്ച് വിഷം വലിച്ചെടുക്കാൻ ശ്രമിക്കരുത്. മൂർഖന്റെ കടിയേറ്റാൽ, കടിയേറ്റ ഭാഗത്തിന് മുകളിലായി ഒരു തുണിയൊ, മറ്റോ വെച്ചു കെട്ടുക. ഇത് ശരീരത്തിലേക്ക് വിഷം ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു.

അണലിയുടെ കടിയേറ്റാൽ, മൃഗത്തെ ശാന്തമാക്കുക. കഴിയുന്നതും വേഗം മൃഗഡോക്ടറുടെ ചികിത്സ തേടുക. പാമ്പുകടിയേറ്റാൽ ആന്‍റി വെനം എന്ന ചികിത്സ രീതിയാണ് ഏറ്റവും ഉത്തമം. മൃഗത്തെ പാമ്പ് കടിച്ചോ, വിഷം ശരീരത്തിലേക്ക് കേറിയോ ഇല്ലയോ, ഏത് തരത്തിലുള്ള പാമ്പായിരുന്നു അത്, മൃഗത്തിന് ആന്‍റി-വെനം ആവശ്യമുണ്ടോ എന്നിവ നിർണയിക്കുന്നത് മൃഗ ഡോക്ടറാകുന്നു.

പാമ്പുകടിയേറ്റാൽ ചെയ്യേണ്ട ചികിത്സ രീതികൾ

പാമ്പുകടിയുടെ ചികിത്സ കടിയുടെ തീവ്രതയെയും, കടിച്ച പാമ്പിനെയും അനുസരിച്ചിരിക്കുന്നു.

ചില രീതികൾ താഴെ കൊടുക്കുന്നു;-

രോഗം ബാധിച്ച കന്നുകാലിയുടെ ശരീരത്തിലേക്ക് 40 മില്ലി ലിറ്റർ poly valent snake venom anti-serum അതോടൊപ്പം 2000 മില്ലി ലിറ്റർ സാധാരണ ഉപ്പുവെള്ളം എന്നിവ ഞരമ്പിലൂടെ കുത്തിവെക്കുക, തുടർന്ന് Dexamethasone phosphates (0.5 mg/kg) , 1000 ml 5% dextrose - ഉം നൽകുക.

5 മില്ലി ലിറ്റർ Tetanus Toxoid ഒറ്റ ഡോസായി കന്നുകാലികളിൽ കുത്തിവെക്കുക.

ഒരു കിലോ ശരീരത്തിന് ഒരു മില്ലിഗ്രാം എന്ന അളവിൽ ceftiofur sodium കുത്തിവെക്കുക. (ദിവസത്തിൽ രണ്ട് എന്ന കണക്കിൽ മൂന്നു ദിവസത്തേക്കാണ് ചെയ്യേണ്ടത്).

Chlorpheniramine malate (10 ml), Botrophase (10 ml) എന്നിവയും വിഷ ബാധയേറ്റാൽ കന്നുകാലികളിൽ കുത്തിവെക്കാവുന്നതാണ്.

ഇത്തരം ചികിത്സ രീതികൾ പാമ്പ് കടിയേറ്റ് മൂന്നു ദിവസം വരെ തുടരേണ്ടതാണ്. മൂന്നു ദിവസത്തെ ചികിത്സക്കു ശേഷം മൃഗം പൂർണമായും സുഖം പ്രാപിക്കുകയും സജീവമാവുകയും ചെയ്തേക്കാം.

പാമ്പുകടി തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൃഗങ്ങളുടെ ഉടമസ്ഥർ പാമ്പുകളുടെ പ്രാദേശിക ഇനം, അവയുടെ ആവാസ വ്യവസ്ഥ, അവ ഏറ്റവും സജീവമാകുന്ന സമയം എന്നിവ അറിഞ്ഞിരിക്കണം.

മഴക്ക് ശേഷം, വെള്ളപ്പൊക്കം, വിളവെടുപ്പ് എന്നീ സമയങ്ങളിൽ പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലായതുകൊണ്ട് കന്നുകാലി ഉടമകൾ ജാഗ്രത പാലിക്കണം.

തൊഴുത്തിന് സമീപത്തായി കോഴികളുടെയും മറ്റു ചെറിയ മൃഗങ്ങളുടെയും വാസസ്ഥലം സ്ഥാപിക്കരുത്. ഇത് പാമ്പുകളെ ആകർഷിക്കാൻ ഇടയാക്കുന്നതിനാൽ കാന്നുകാലികൾക്ക് പാമ്പുകടിയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാലിതൊഴുത്തുകളിൽ പാമ്പും എലിയും ഉണ്ടോയെന്ന് ദിവസവും പരിശോധിക്കണം.

തൊഴുത്തിന് ചുറ്റുമുള്ള പ്രദേശം പുല്ലും കുറ്റിക്കാടുകളും ഒഴിവാക്കി സൂക്ഷിക്കണം.

പാമ്പുകൾക്ക് ഉയരമുള്ള പുല്ലിലോ, കുറ്റിച്ചെടികളിലോ ഒളിക്കാൻ കഴിയും, അതിനാൽ ആ പ്രദേശം നന്നായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് കർഷകർ ഉറപ്പാക്കണം.

ജലസ്രോതസ്സുകൾ, ജലസംഭരണികൾ, കുളങ്ങൾ എന്നിവ തവളകൾ വളരാൻ ഇടയാക്കാറുണ്ട്, ഇവ പാമ്പുകളെ ആകർഷിക്കുന്നതിനാൽ, ഇത്തരം സ്ഥലങ്ങൾ പാമ്പിൽ നിന്നും മുക്തമാണോ എന്ന് കർഷകൻ ശ്രദ്ധിക്കണം .

പാമ്പുകൾ പോലെയുള്ള അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ കാന്നുകാലികൾക്ക് കഴിയുന്നത് കൊണ്ട് കർഷകർ നിരന്തരമായി അവയുടെ ചലനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

രാത്രിയിൽ കാന്നുകാലികളെ കൊണ്ട് പുറത്തിറങ്ങുമ്പോൾ (പ്രത്യേകിച്ച് കനത്ത മഴക്ക് ശേഷം) പ്രകാശ സ്രോതസ്സ് ഉപയോഗിക്കുന്ന ശീലം കർഷകൻ വളർത്തിയെടുക്കണം.

ഡയറി ഫാമുകൾ സ്ഥാപിക്കുമ്പോൾ പാമ്പിന്റെ സാനിധ്യമില്ലാത്ത പ്രദേശങ്ങൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

കന്നുകാലികളിൽ പാമ്പുകടിയേറ്റാൽ അത് അവയുടെ മരണത്തിന് വരെ ഇടയാക്കിയേക്കാം. അതിനാൽ പാമ്പുകടിയേറ്റാൽ പെട്ടെന്നു തന്നെ പരിശീലനം ലഭിച്ച ഒരു മൃഗഡോക്ടറെക്കൊണ്ട് കർഷകൻ ചികിത്സ ഉറപ്പുവരുത്തണം. കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ശരിയായ പ്രഥമശുശ്രൂഷയും തുടർ പരിചരണവും നൽകേണ്ടത് പ്രധാനമാണ്. ഇത്തരത്തിലുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ റോട്ടറി ക്ലബുകളുടെയും മൃഗ സൗഹൃദ ചാരിറ്റികളുടെയും സഹായം തേടാവുന്നതാണ്.

(കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി, കോലാഹലമേട്, ഇടുക്കി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattleSnake Bite
News Summary - What to do if cattle are bitten by snakes?
Next Story