അബ്ദുൽ അസീസിന്റെ വിയോഗം; ഓർമയായത് ഹിന്ദി സിനിമ ഗാനങ്ങളുടെ എൻസൈക്ലോപീഡിയ
text_fieldsഅബ്ദുൽ അസീസ്
മട്ടാഞ്ചേരി: പഴയ കാല ഹിന്ദി സിനിമാ ഗാനങ്ങളുടെ അപൂർവ ശേഖരങ്ങൾ സൂക്ഷിച്ചിരുന്ന സംഗീതപ്രേമി ഓർമ്മയായി. സംഗീതവും, ചരിത്രവും നിധിപോലെ കാത്തു സൂക്ഷിച്ച പള്ളക്കൽ പി. എച്ച്. അബ്ദുൾ അസീസ് (93) ആണ് ശനിയാഴ്ച മരിച്ചത്. പണ്ട് ഹിന്ദി സിനിമ റിലീസ് ചെയ്യുമ്പോൾ സിനിമയിലെ പാട്ടുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള പാട്ടു പുസ്തകങ്ങളും ഇറങ്ങിയിരുന്നു. ഇത്തരം പാട്ടു പുസ്തകങ്ങളുടെ വൻശേഖരത്തിന്റെ ഉടമയാണ് നാട്ടുകാർ അസീക്ക എന്നു വിളിച്ചിരുന്ന അസീസ്. അസിസിന്റെ പാട്ടു പുസ്തക ശേഖരങ്ങളുടെ ഒരു പ്രദർശനം കോഴിക്കോടുള്ള സംഗീത പ്രേമികൾ അസീക്കയെ പങ്കെടുപ്പിച്ചു കൊണ്ട് 2011ൽ നടത്തിയിരുന്നു. ഒരു പഴയ ഹിന്ദി പാട്ട് കേട്ടാലുടൻ ആ പാട്ട് ഏത് സിനിമയിലെ, സിനിമ റിലീസ് ചെയ്ത വർഷം, പാടിയ ആൾ ,സംഗീത സംവിധായകൻ, ഗാനരചയിതാവ് എന്നീ വിവരണങ്ങൾ തൽ ക്ഷണം അസീസ് നൽകും. സൈഗാളിന്റെയും, മുഹമ്മദ് റഫിയുടെയും, മുകേശിന്റെയും തലത്ത് മെഹമൂദിന്റെയും പാട്ടുകൾ ഒരു പോലെ ഹൃദിസ്ഥമായിരുന്നു അസീസിന്.
ഷംഷാദ്ബീഗം, സുരയ്യ, നൂർജഹാൻ തുടങ്ങിയ ഫീമെയിൽ ഗായകരുടെ ഗാനങ്ങളും കാണാപാഠമായിരുന്നു. കൊച്ചിയിലെ പഴയ കാല ഗായകരുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. കൊച്ചിയുടെ ജനകീയ ഗായകൻ എച്ച്. മെഹ്ബൂബ് ഉറ്റ ചങ്ങാതിയായിരുന്നു. പഴയ തലമുറയിലെ മമ്മുസൻ, ഇസ്മായിൽ (പിന്നണി ഗായകൻ അഫ്സലിന്റെ പിതാവ്), കുറുനരി മൊയ്തീൻ, കട്ജു ഇബ്രാഹിം, ഇറച്ചി ഹുസ്സൻ, ഐഷാ റേഡിയോ തുടങ്ങിയവർ സുഹൃത്തുക്കളായിരുന്നു. ഗൂഗിൾ ഇല്ലാതിരുന്ന കാലത്ത് ഗാനങ്ങളെ സംബന്ധിച്ച സംശയങ്ങളും തർക്കങ്ങളും പരിഹരിക്കാൻ അസിസിനെയായിരുന്നു നാട്ടുകാർ സമീപിച്ചിരുന്നത്. മിക്കവാറും ഗാനങ്ങളുടെ ശരിയായ വിവരണം ഓർമ്മയിലൂടെ തേരോടിച്ച് അസീസ് പറയും. പിറകെ താൻ പറഞ്ഞത് ശരിയാണെന്നത് തെളിയിക്കാൻ കൈവശമുള്ള പുസ്തകം തപ്പിയെടുത്ത് തന്നെ സമീപിച്ചവരെ കാണിക്കും. ശരിക്കും സിനിമ ഗാന ലോകത്തെ അറിവിന്റെ നിറകുടമാണ് ഓർമ്മയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

