ന്യൂഡൽഹി: താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര. എല്ലാ ശാസ്ത്രീയ തെളിവുകളും താജ്മഹൽ ഹിന്ദു വേദിക് ക്ഷേത്രമാണെന്ന് പറയുന്നതായും കപിൽ മിശ്ര വെളിപ്പെടുത്തി.
താജ്മഹലിെൻറ യഥാർഥ പേര് തേജോ മഹാലയ എന്നാണ്. കഴിഞ്ഞ 300 വർഷമായി താജ് മഹൽ ഷാജഹാൻ നിർമിച്ചതാണെന്ന രീതിയിൽ കബളിപ്പിക്കപ്പെടുകയാണെന്നും കപിൽ മിശ്ര കൂട്ടിച്ചേർത്തു. താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള ചിത്രവും കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവെച്ചു.
നേരത്തേ സമാന വാദവുമായി ബി.ജെ.പി നേതാവ് വിനയ് കത്യാറും രംഗത്തെത്തിയിരുന്നു. ബി.ജെ.പി നേതാവ് അനന്ദ് കുമാർ ഹെഗ്ഡെ താജ്മഹൽ ഷാജഹാൻ നിർമിച്ചതല്ലെന്നും ജയസിംഹ രാജാവിെൻറ പക്കൽ നിന്ന് വാങ്ങുകയായിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു.
താജ്മഹലിനെ സംഘ്പരിവാർ മറ്റൊരു ‘രാമക്ഷേത്രം’ ആക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം സൃഷ്ടിച്ചത് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.