അനധികൃത ടാക്സികള്‍ പെരുകുന്നു; യാത്രക്കാർ അംഗീകൃത യാത്രാമാര്‍ഗങ്ങള്‍ സ്വീകരിക്കണം
text_fieldsഅബൂദബി: അനധികൃത ടാക്സികള്‍ പെരുകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. അനധികൃത ടാക്സി സര്‍വിസ് പിടിക്കപ്പെട്ടാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റ് ചുമത്തുകയും ചെയ്യും. അനധികൃത ടാക്സി സര്‍വിസുകളുമായി സഹകരിക്കുന്നതുമൂലം യാത്രികര്ക്കുണ്ടാവുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകടത്തെക്കുറിച്ചും പൊലീസ് ബോധവത്കരിക്കുന്നുണ്ട്.
ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോവരുതെന്ന് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായും അനധികൃത ടാക്സി സര്‍വിസുകള്‍ ഇല്ലാതാക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ. അബൂദബിയുടെ വിവിധ മേഖലകളില്‍ സര്‍വിസ് നടത്തിയിരുന്ന ആയിരക്കണക്കിന് അനധികൃത ടാക്സി വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി പിടികൂടിയിട്ടുണ്ട്. യാത്രികരെ ഇറക്കുമ്പോഴും കയറ്റുമ്പോഴുമായി രഹസ്യ പൊലീസ് ആണ് വാഹനങ്ങള്‍ പിടികൂടുന്നത്.
അതേസമയം, സുരക്ഷിതമായ യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍പോര്‍ട്ട്, ജോലി സ്ഥലം, താമസ മേഖലകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരാന്‍ അനധികൃത ടാക്സികളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. സ്വന്തം വാഹനമുള്ളവര്‍ അതിലും പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, ടാക്സി, എയര്‍പോര്‍ട്ട് ടാക്സി, ഷട്ടില്‍ സര്‍വിസ്, സിറ്റി ബസ് സര്‍വിസ് എന്നിവയിലും യാത്ര ചെയ്യാം. അബൂദബി എമിറേറ്റില്‍നിന്ന് ഷഹാമ, ബനിയാസ്, സിറ്റി ബസ് ടെര്‍മിനല്‍, മുസഫ ബസ് സ്റ്റാന്‍ഡ്, ദുബൈ, അല്‍ അല്‍ ഐന്‍ മേഖലകളിലേക്ക് നിരവധി ബസുകള്‍ നിശ്ചിത സമയങ്ങളിലായി സര്‍വിസ് നടത്തുന്നുണ്ട്. ഇത്തിഹാദ് എയര്‍വേസ് തങ്ങളുടെ യാത്രക്കാരെ എത്തിക്കാന്‍ ദുബൈ, അല്‍ ഐന്‍ എമിറേറ്റുകളിലേക്കും തിരിച്ചും എയര്‍ലൈന്‍ ടാക്സിയുമുണ്ട്. ദുബൈ ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും അബൂദബി, മുസഫ ബസ് ടെര്‍മിനലുകളില്‍നിന്ന് സര്‍വിസ് ഉണ്ട്.
എയര്‍പോര്‍ട്ട് ടാക്സിയും ലഭ്യമാണ്. ടാക്സി സര്‍വിസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഗവണ്മെന്റ് അംഗീകാരം ഉള്ളതായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.അനധികൃതമായി മോഡിഫിക്കേഷന് വരുത്തിയ വാഹനങ്ങള്‍ ഓടിക്കുകയും ഇതിലൂടെ വലിയ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് 13000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ജനവാസമേഖലയില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും അമിതശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങള്‍ 999 നമ്പറില്‍ വിളിച്ചറിയിക്കണം. അമിത ശബ്ദമുണ്ടാക്കി വാഹനമോടിച്ചാല്‍ 2000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.
അനധികൃമായി ഷാസിയിലോ എന്‍ജിനിലോ മാറ്റം വരുത്തിയാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റ് ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യും. വാഹനം വിട്ടുകൊടുക്കണമെങ്കില്‍ ഉടമ മൂന്നുമാസത്തിനുള്ളില്‍ പതിനായിരം രൂപ അടയ്ക്കണം. നിശ്ചിത കാലയളവില്‍ ഈ പണം കെട്ടിവെച്ചില്ലെങ്കില്‍ വാഹനം ലേലംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

