കേന്ദ്ര പ്രവാസികാര്യ സെക്രട്ടറി കുവൈത്ത് സന്ദർശിച്ചു
text_fieldsകേന്ദ്ര പ്രവാസികാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ശർഖിലെ പാസ്പോർട്ട് സേവന കേന്ദ്രം സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ശർഖിലെ പാസ്പോർട്ട് സേവന കേന്ദ്രം സന്ദർശിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ പാസ്പോർട്ട്, കോൺസുലാർ, പ്രവാസി കാര്യങ്ങളുടെ ചുമതലയുള്ള സഞ്ജയ് ഭട്ടാചാര്യ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച രാവിലെയാണ് കുവൈത്തിലെത്തിയത്. അംബാസഡർ സിബി ജോർജിെൻറ നേതൃത്വത്തിൽ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ശർഖ് ബെഹ്ബെഹാനി ടവറിലുള്ള പാസ്പോർട്ട് വിസ സേവനകേന്ദ്രത്തിലെത്തിയ അദ്ദേഹം സേവനകേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി.
അംബാസഡർ സിബി ജോർജ്, ചാൻസറി ഹെഡ് ഡോ. വിനോദ് ഗെയ്ക് വാദ്, പൊളിറ്റിക്കൽ സെക്രട്ടറി സ്മിത പാട്ടീൽ, കോൺസുലാർ സെക്കൻഡ് സെക്രട്ടറി രൺവീർ ഭാരതി തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. ഔട്സോഴ്സ് സേവനങ്ങൾ നൽകുന്ന കിങ്സ് ആൻഡ് കോക്സ് കമ്പനി ഉദ്യോഗസ്ഥർ കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം അധികൃതരുമായും സഞ്ജയ് ഭട്ടാചാര്യ കൂടിക്കാഴ്ച നടത്തും. കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും. വൈകീട്ട് ഇന്ത്യൻ എംബസിയിൽ കമ്യൂണിറ്റി നേതാക്കളുമായും അദ്ദേഹം സംവദിച്ചു.