മനാമ മുനിസിപ്പാലിറ്റി കെട്ടിടം പുനരുദ്ധരിക്കുന്നു
text_fieldsമനാമ മുനിസിപ്പാലിറ്റി കെട്ടിടം പുനരുദ്ധാരണത്തിനുള്ള ധാരണപത്രത്തിൽ ശൈഖ മായ് ബിൻത് മുഹമ്മദ് ആൽ ഖലീഫയും മന്ത്രി ഇസാം ഖലഫും ഒപ്പുവെക്കുന്നു
മനാമ: ചരിത്ര പ്രാധാന്യമുള്ള മനാമ മുനിസിപ്പാലിറ്റി കെട്ടിടം പുനരുദ്ധരിക്കുന്നു. ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബഹ്റൈൻ സാംസ്കാരിക പുരാവസ്ത അതോറിറ്റിയും പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയവും ചേർന്നാണ് നവീകരണത്തിന് നേതൃത്വം നൽകുന്നത്. ബഹ്റൈനിലെ പൈതൃക കേന്ദ്രങ്ങൾ സംരംക്ഷിക്കുന്നതിന്റെയും ചരിത്രപ്രാധാന്യമുള്ള മനാമ, മുഹറഖ് പോലുള്ള നഗരങ്ങളെ ഉയർത്തിക്കാട്ടുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. അതോറിറ്റി പ്രസിഡന്‍റ് ശൈഖ മായ് ബിൻത് മുഹമ്മദ് ആൽ ഖലീഫയും പൊതുമരാമത്ത് മന്ത്രി ഇസാം ഖലഫും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ കഴിഞ്ഞദിവസം ഒപ്പുവെച്ചു.
മനാമ മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ തനിമ നിലനിർത്തിയായിരിക്കും നവീകരണം പൂർത്തിയാക്കുന്നത്. ഇതിനായി വിദഗ്ധരായ എൻജിനീയർമാരുടെ സംഘത്തെ നിയോഗിക്കും. മുനിസിപ്പാലിറ്റി പ്രവർത്തനങ്ങളുടെ ശതാബ്ദി ആഘോഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ പുനരുദ്ധാരണ പ്രവൃത്തി ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്ന് അതോറിറ്റി പ്രസിഡന്‍റ് ശൈഖ മായ് ബിൻത് മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു.
1919ൽ നിർമിച്ച കെട്ടിടം അറേബ്യൻ ഗൾഫിലെ ആദ്യ മുനിസിപ്പാലിറ്റി, അറബ് മേഖലയിലെ മൂന്നാമത്തെ മുനിസിപ്പാലിറ്റി എന്നീ നിലകളിൽ ചരിത്രത്തിൽ ഇടംനേടി. അന്തരിച്ച ശൈഖ് അബ്ദുല്ല ബിൻ ഈസ ആൽ ഖലീഫയായിരുന്നു ആദ്യത്തെ അധ്യക്ഷൻ. സർക്കാർ നിയമിച്ച എട്ട് അംഗങ്ങളാണ് കൗൺസിലിൽ ഉണ്ടായിരുന്നത്. പിന്നീട് അംഗങ്ങളുടെ എണ്ണം 24 ആയി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

