ഉസ്മാൻ പി. ചെമ്പ്ര താമരശ്ശേരി: താമരശ്ശേരിയിലെ ടൂർണമെൻറുകളുടെ എണ്ണം നോക്കിയാൽ മതി ഇവിടത്തുകാരുടെ വോളിബാളിനോടുള്ള അഭിനിവേശമറിയാൻ. കാരാടി, കെടവൂർ, തേറ്റാമ്പുറം, കതിരോട്, പരപ്പൻപൊയിൽ, വെഴുപ്പൂർ, കോരങ്ങാട്, അണ്ടോണ, ഒതയോത്ത്, ഈർപ്പോണ, ചെമ്പ്ര എന്നിവിടങ്ങളിലെല്ലാം പതിറ്റാണ്ടുകൾക്ക് മുമ്പേ ടൂർണമെൻറുകളും പ്രാദേശിക വോളിബാൾ മത്സരവും നടന്നിരുന്നു. കാരാടി, കോരങ്ങാട്, രാരോത്ത് സ്കൂൾ ഗ്രൗണ്ടുകൾ, കാരാടി സർവിസ് സഹകരണ ബാങ്ക് പരിസരം, വെഴുപ്പൂർ -കുറ്റ്യാക്കിൽ വയൽ എന്നിവയായിരുന്നു ആദ്യകാലങ്ങളിലെ പ്രധാന വോളിബാൾ കോർട്ടുകൾ. താമരശ്ശേരിയിലെ വോളിബാൾ മേഖലക്ക് കഴിഞ്ഞ കാലത്ത് ഉൗർജം പകർന്നത് കാൾട്ടക്സ് കാരാടി, റെഡ്സ്റ്റാർ കെടവൂർ, റെഡ്സ്റ്റാർ തേറ്റാമ്പുറം, ചിത്തിര കതിരോട്, വീനസ് വെഴുപ്പൂർ, ഏതൻസ് പരപ്പൻപൊയിൽ, സാരഥി തേറ്റാമ്പുറം, കോറസ് പരപ്പൻപൊയിൽ, ഇൻസാറ്റ് കോരങ്ങാട്, കാദംബരി അണ്ടോണ, സാഗരിക കോരങ്ങാട് തുടങ്ങിയ ക്ലബുകളായിരുന്നു. കാൾട്ടക്സ് കാരാടിയുടെ നേതൃത്വത്തിൽ കാരാടി ഗവ. യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്നിരുന്ന വോളിബാൾ ടൂർണമെൻറായിരുന്നു ഒരു കാലത്ത് താമരശ്ശേരി ടൗണിലെ പ്രധാന മത്സരം. സി.കെ. ബാബു, ഒ.എം. ഭൂപേഷൻ, കെ.സി. വിജയൻ, സി.കെ. രാജൻ തുടങ്ങിവരായിരുന്നു കാൾടെക്സ് കാരാടിക്ക് നേതൃത്വം നൽകിയവർ. പാലിയേറ്റീവ് കെയർ കെട്ടിട നിർമാണത്തിെൻറ ധനശേഖരണാർഥം ജനകീയ കൂട്ടായ്മയിൽ 2015 ഏപ്രിലിൽ താമരശ്ശേരിയിൽ സംഘടിപ്പിച്ച അഖില കേരള പുരുഷ- വനിത വോളിബാൾ ടൂർണമെൻറ് വൻ ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. താമരശ്ശേരിയിൽ സജീവമായി വോളിബാൾ രംഗത്തുള്ള ക്ലബുകളാണ് തേറ്റാമ്പുറം റെഡ്സ്റ്റാർ ക്ലബ്ബും, കെടവൂർ റെഡ്സ്റ്റാർ ക്ലബും. തേറ്റാമ്പുറത്ത് വോളി കോച്ചിങ് ക്യാമ്പുകൾ സജീവമായി ഇപ്പോഴും നടന്നുവരുന്നുണ്ടെന്ന് ഭാരവാഹിയായ ബിജു തേറ്റാമ്പുറം പറഞ്ഞു. ശ്രദ്ധേയരായ വോളിബാൾ താരങ്ങളെ സംഭാവനചെയ്ത കെടവൂർ റെഡ്സ്റ്റാറിന് രൂപം നൽകിയിരുന്നത് കളത്തുംപുറായിൽ ഗോപാലൻകുട്ടി നായർ, രാമൻകുട്ടി നായർ തുടങ്ങിയവരായിരുന്നു. സർവിസസ് താരമായിരുന്ന ജി.എസ്. സജീഷ്, എസ്.എൻ. കോളജ് താരമായിരുന്ന പി.പി. അഖിൽ, സായി യൂത്ത് വോളി ടീമിലെ ബിൽജിൻ കൃഷ്ണ, ജില്ലാ പൊലീസ് മുൻതാരം അരവിന്ദാക്ഷൻ, സംസ്ഥാന ബധിര വോളി ടീം ക്യാപ്റ്റനായിരുന്ന പി. മനോജ്, കേരള റഫറി പാനലിലെ കെ. സത്യൻ, കെ.ടി. സുധീർ, ഫയർഫോഴ്സ് ടീമിലെ ജയപ്രകാശൻ തുടങ്ങിയവരെല്ലാം കെടവൂർ റെഡ് സ്റ്റാറിലൂടെ വളർന്നവരുമാണ്. ഇപ്പോൾ ഈസ്റ്റേൺ െറയിൽവേ ടീമിലെ താരമായ താമരശ്ശേരിക്കാരൻ മുഹമ്മദ് മിർഷാദും കെടവൂർ വോളി ഗ്രൗണ്ടിലെ സ്ഥിര സാന്നിധ്യമായിരുന്നു. റെഡ് സ്റ്റാർ കെടവൂരിന് സ്വന്തമായി സൗകര്യങ്ങളുള്ള കോർട്ടും കോച്ചിങ് സംവിധാനവുമുണ്ട്. 2004ൽ വീനസ് താമരശ്ശേരി സംഘടിപ്പിച്ച ഉത്തര കേരള വോളി ടൂർണമെൻറിൽ വീനസിനുവേണ്ടി ടോം ജോസഫ് അടക്കമുള്ള പ്രമുഖ കളിക്കാരാണ് ജഴ്സി അണിഞ്ഞിരുന്നത്. പരപ്പൻപൊയിൽ കതിരോട് ഗ്രാമത്തിലെ ചെറിയ കോർട്ടിൽ കളിച്ച് വളർന്നതാണ് ഇന്ത്യൻ ജൂനിയർ വോളിബാൾ ക്യാപ്റ്റനും അന്തർദേശീയ താരവുമായ കിഷോർകുമാർ. വോളിബാൾ കളിക്കാരനായ പിതാവ് ഇ.കെ. കുമാരൻ തന്നെയാണ് കിഷോറിെൻറ ബാല്യകാല കോച്ച്. നാലു പതിറ്റാണ്ടിലധികം കാലം വോളിബാൾ രംഗത്ത് നിറസ്സാന്നിധ്യമാണ് പരപ്പൻപൊയിൽ ചെമ്പ്രക്കുന്നത്ത് സി.കെ. അബ്ദുറഹിമാൻ. മലയോര മേഖലയുടെയും താലൂക്കിെൻറയും ആസ്ഥാനമായ താമരശ്ശേരിയുടെ കായികക്കുതിപ്പിന് എന്നും വിഘാതമായിനിന്നത് ഒരു മിനിസ്റ്റേഡിയത്തിെൻറ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.