ബാറ്ററിക്കടയിലെ മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ ബാറ്ററിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ സ്ഥിരം മോഷ്ടാക്കളായ രണ്ടുപേരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിത്തോട്ടം എച്ച്.ആന്‍ഡ്.സി കോളനിയില്‍നിന്ന് കുന്നിക്കോട്, വിളക്കുഴി ലക്ഷ്മി വിലാസത്തില്‍ താമസക്കാരനായ സുനില്‍ കുമാര്‍ (29), തെങ്കാശി മേലേപടവൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ വേമ്പടി ഡോര്‍ നമ്പര്‍ 5/45 വീട്ടില്‍ ഇശക്കുരാജ (26) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് എം.സി റോഡില്‍ മുളക്കുഴ പഴയ വില്ളേജ് ഓഫിസ് ജങ്ഷന് സമീപത്തെ പെട്രോള്‍ പമ്പിനോടുചേര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജെ. ആന്‍ഡ് ജെ. എന്ന ഓട്ടോമൊബൈല്‍സ് ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍നിന്നാണ് ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ നാല്‍പതോളം ബാറ്ററി മോഷ്ടിച്ചത്. കായംകുളത്തെ ചില സിമന്‍റ് ഗോഡൗണുകളില്‍ ഡ്രൈവറായി ജോലിചെയ്യുന്ന ഇയാള്‍ മുമ്പും മോഷണക്കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ അഞ്ചോളം കേസും പള്ളിത്തോട്ടം സ്റ്റേഷനില്‍ മൂന്ന് മോഷണക്കേസും ഇയാള്‍ക്കെതിരെയുണ്ട്. രാത്രി ഉറങ്ങാനെന്ന വ്യാജേന മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന കടകള്‍ക്കുമുന്നില്‍ ലോറി നിര്‍ത്തിയിട്ട ശേഷം പൂട്ടുപൊളിച്ച് സാധനങ്ങള്‍ കടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി അടൂര്‍ ഭാഗത്ത് സിമന്‍റ് ഇറക്കി മടങ്ങുമ്പോഴാണ് മോഷണം നടത്തിയത്. കടയിലെ നിരീക്ഷണ കാമറയും സമീപത്തെ വീടുകളിലെയും മറ്റുചില കടകളുടെയും നിരീക്ഷണ കാമറകളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് മോഷണത്തിന് ഉപയോഗിച്ച ടി.എന്‍ 72 എച്ച് 8911 നമ്പര്‍ ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ടാം പ്രതി ഇശക്കുരാജ തമിഴ്നാട്ടില്‍നിന്ന് പുനലൂരിലത്തെി ആക്രിക്കട നടത്തുന്നയാളാണ്. ഒന്നാം പ്രതി മോഷ്ടിച്ച ബാറ്ററികള്‍ ഇയാളുടെ കടയില്‍നിന്ന് പിടിച്ചെടുത്തു. മുമ്പും ബാറ്ററികള്‍, മറ്റു മോഷണവസ്തുക്കള്‍ എന്നിവ ഇയാള്‍ ഒന്നാം പ്രതിയില്‍നിന്ന് വാങ്ങുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ കുമാറിനെ കൊല്ലത്തെ വീട്ടില്‍നിന്നും രണ്ടാം പ്രതി ഇശക്കുരാജയെ പുനലൂരിലെ കടയില്‍നിന്നുമാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.