പ്രതീകാത്മക ചിത്രം
തൃശൂർ: രാഷ്ട്രീയം കൈയാലപ്പുറത്തെ തേങ്ങയാണെന്ന് പറയുന്നത് വളരെ ശരിയാണെന്ന് തോന്നും തെരഞ്ഞെടുപ്പിലെ ചില ഫലങ്ങൾ കാണുമ്പോൾ. വോട്ടർമാർ കൺഫ്യൂഷനിലാകുന്ന ഇടങ്ങളിൽ വിധിനിർണയത്തിലും അത് പ്രതിഫലിക്കുമെന്ന് സാരം.
ചില പഞ്ചായത്ത് വാർഡുകൾ, കോർപറേഷൻ ഡിവിഷനുകൾ, േബ്ലാക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ കപ്പിനും ചുണ്ടിനുമിടയിൽ അധികാരം നഷ്ടപ്പെട്ട് നിരാശരായവരെ കാണാം. ഇക്കൂട്ടത്തിൽ സ്ഥാനാർഥികളെ പോലെ പാർട്ടികളും ഉണ്ട്. 2020ലെ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ 24 സീറ്റുകൾ വീതം നേടി തുല്യ ശക്തികൾ ആയപ്പോൾ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ. വർഗീസിന് ലോട്ടറിയടിച്ചു. സി.പി.എം വർഗീസിനെ മേയറാക്കി ഭരണം പിടിച്ചു. സമാന അവസ്ഥയിലുള്ള പഞ്ചായത്തുകളും േബ്ലാക്ക് പഞ്ചായത്തും ഇക്കുറിയും ജില്ലയിലുണ്ട്.
കോർപറേഷനിലെ കോട്ടപ്പുറം ഡിവിഷനിൽ കോൺഗ്രസ് നേതാവും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ. ഗിരീഷ് കുമാറിന്റെ പരാജയം ഇതിനുദാഹരണം. ഗിരീഷ് കുമാർ പരാജയപ്പെട്ടെന്ന് പറയുന്നതുപോലും നീതികേടാകും.
ഡിവിഷനിൽ ഗിരീഷ് കുമാറിനും എതിരാളി ബി.ജെ.പി സ്ഥാനാർഥി വിനോദ് കൃഷ്ണക്കും ഒരേ വോട്ടുകളാണ് ലഭിച്ചത്. ഇരുവരും 745 വോട്ടുകൾ വീതം നേടി. പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണിയിട്ടും ഫലത്തിൽ മാറ്റമുണ്ടായില്ല. ഒടുവിൽ നറുക്കിട്ടാണ് വിനോദ് കൃഷ്ണ വിജയിച്ചത്. അതുപോലെ കോർപറേഷൻ നെടുപുഴ ഡിവിഷനിൽനിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി പ്രിൻസി റോജൻ രണ്ട് വോട്ടുകൾക്കാണ് സി.പി.എമ്മിലെ ഗിരിജ രാജനെ പരാജയപ്പെടുത്തിയത്. എട്ട് സ്ഥാനാർഥികൾ മത്സരിച്ച മണ്ണുത്തി ഡിവിഷനിൽ സി.പി.എമ്മിലെ അഡ്വ. അനീസ് അഹമ്മദ് വിജയിച്ചത് കേവലം 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോൺഗ്രസിലെ എം.യു. മുത്തുവിനെയാണ് അനീസ് പരാജയപ്പെടുത്തിയത്.
മുല്ലശ്ശേരി പഞ്ചായത്തിലെ 11ാം വാർഡിലും സ്ഥാനാർഥികൾ തുല്യവോട്ടുനേടി. സി.പി.എം സ്ഥാനാർഥി ശ്രീദേവി ഡേവിസും എൻ.ഡി.എയിലെ ഗിൽന നിജേഷും 310 വോട്ടുകൾ വീതം നേടി. നറുക്കെടുപ്പിൽ ശ്രീദേവി വിജയിച്ചു.
ചേലക്കര പഞ്ചായത്ത് അന്തിമഹാകാളൻകാവ് വാർഡിൽ യു.ഡി.എഫിന്റെ ജാൻസി അബ്രഹാം വിജയിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ. പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും 12 സീറ്റുകൾ വീതംനേടി. ഒരു വോട്ട് ഒരു പഞ്ചായത്ത് ഭരണം തന്നെ അട്ടിമറിച്ച കാഴ്ച.
നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന പുഴയ്ക്കൽ േബ്ലാക്ക് പഞ്ചായത്തിൽ ഇക്കുറി എൽ.ഡി.എഫും യു.ഡി.എഫും ഏഴ് സീറ്റുകൾ വീതം നേടി. നറുക്കെടുപ്പിലൂടെയായിരിക്കും ഇവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
അവിണിശ്ശേരി, ചേലക്കര, കൊടകര, മാള, പാറളം, തളിക്കുളം, വല്ലച്ചിറ എന്നീ ഏഴ് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ഇതിൽ പാറളം പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും ആറ് സീറ്റുകൾ വീതം നേടിയപ്പോൾ എൽ.ഡി.എഫ് അഞ്ചിൽ ഒതുങ്ങി. വല്ലച്ചിറയിൽ എൽ.ഡി.എഫ്, ബി.ജെ.പി ആറ് സീറ്റുകൾ വീതം നേടിയപ്പോൾ യു.ഡി.എഫ് നാല് സീറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.