ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം, പാണ്ഡവരുടെ പ്രതിമകള്‍ സ്ഥാപിക്കണം; അമിത് ഷാക്ക് കത്തെഴുതി ബി.ജെ.പി എം.പി

ന്യൂ‍ഡൽഹി: ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്ന് ആക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേവാൽ. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് 'ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ' എന്ന് പുനർനാമകരണം ചെയ്യണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാക്ക് എഴുതിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'ഇന്ദ്രപ്രസ്ഥ വിമാനത്താവളം' എന്ന് മാറ്റണം. ഡൽഹിയിലെ ഏതെങ്കിലും പ്രമുഖ സ്ഥലത്ത് പാണ്ഡവരുടെ വലിയ പ്രതിമകൾ സ്ഥാപിക്കണമെന്നും പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു.

സാംസ്കാരിക, ചരിത്ര ഘടകങ്ങൾ പരിഗണിച്ച് പേര് മാറ്റണമെന്നാണ് കത്തിൽ പറയുന്നത്. ഡൽഹിക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പാരമ്പര്യമുണ്ടെന്നും അത് ഇന്ത്യൻ നാഗരികതയുടെ ആത്മാവിനെയും പാണ്ഡവർ സ്ഥാപിച്ച 'ഇന്ദ്രപ്രസ്ഥ' നഗരത്തിന്റെ ഉജ്വലമായ പാരമ്പര്യത്തിന്‍റെയും പ്രതീകമാണെന്നും കത്തിൽ പറയുന്നു.

പ്രയാഗ്‌രാജ്, അയോധ്യ, ഉജ്ജയിൻ, വാരണാസി തുടങ്ങിയ രാജ്യത്തെ മറ്റ് ചരിത്ര നഗരങ്ങൾ അവയുടെ പുരാതന നാമങ്ങളുമായി ഉയിർത്തെണീക്കുമ്പേൾ ഡൽഹിക്കും ഇതാവശ്യമാണെന്ന് ഖണ്ഡേൽവാൾ പറഞ്ഞു. "ഈ മാറ്റം ഒരു ചരിത്ര നീതി മാത്രമല്ല, സാംസ്കാരിക നവോത്ഥാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് കൂടിയാണ്. ഇത് ചരിത്രത്തെ പുനഃസ്ഥാപിക്കുകയും ചരിത്ര നീതി സാധൂകരിക്കുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.

ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥ' എന്ന് പുനർനാമകരണം ചെയ്യുന്നത് ഡൽഹി ഒരു അധികാര കേന്ദ്രം മാത്രമല്ല, മതം, ധാർമ്മികത, ദേശീയത എന്നിവയുടെ പ്രതീകം കൂടിയാണെന്ന സന്ദേശം ഭാവി തലമുറകൾക്ക് നൽകുമെന്ന് അദ്ദേഹം കത്തിൽ എഴുതി.

ഡൽഹിയെ അതിന്റെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിനായി ' ഇന്ദ്രപ്രസ്ഥ ' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ഞായറാഴ്ച ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രക്ക് കത്തെഴുത്തെഴുതിയിരുന്നു.

പേരുകൾ വെറും മാറ്റങ്ങളല്ല, അവ ഒരു രാജ്യത്തിന്റെ അവബോധത്തെ പ്രതിഫലിപ്പിക്കുന്നു. ഡൽഹി എന്ന് പറയുമ്പോൾ, നമുക്ക് 2,000 വർഷത്തെ ഒരു ചിരിത്രം മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഇന്ദ്രപ്രസ്ഥം എന്ന് പറയുമ്പോൾ, 5,000 വർഷത്തെ മഹത്തായ ചരിത്രവുമായി നമ്മൾ ബന്ധപ്പെടുന്നുവെന്നും കത്തിൽ പറയുന്നു. 

Tags:    
News Summary - Delhi Should Be Renamed Indraprastha: BJP MP's Letter To Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.