ലഡാക്കിൽ സമാധാനം ഉറപ്പാക്കാൻ കഴിയാത്ത അമിത് ഷാ രാജിവെക്കണം -സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: ലഡാക്കിൽ സമാധാനം ഉറപ്പാക്കാൻ കഴിയാത്ത അമിത് ഷാ രാജിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. സോനം വാങ്ചുക്കിന്റെ ഒരു വിഡിയോ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. ഇതാദ്യമായല്ല സുബ്രമണ്യൻ സ്വാമി അമിത് ഷായെ വിമർശിക്കുന്നത്. നേരത്തെ യുട്യൂബ് ചാനലിന് നൽകിയ പോഡ്കാസ്റ്റിലും സുബ്രമണ്യൻ സ്വാമി അമിത് ഷായെ വിമർശിച്ചിരുന്നു.

അമിത് ഷാ ആളുകളെ കൊന്നിട്ടുണ്ടെന്ന് ബി.ജെ.പിയിലെ അംഗങ്ങൾ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പരാമർശം. ​കൊലപാതക കേസിലെ പ്രതിയെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രിയായപ്പോൾ മോദിയുടെ സ്വഭാവത്തിൽ ആകെ മാറ്റം വന്നുവെന്നായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പരാമർശം. അരുൺ ജെയ്റ്റ്ലി മോദിയുടെ മാനേജറെ പോലെയാണ് പ്രവർത്തിച്ചതെന്നും ബി.ജെ.പിക്ക് മുന്നിൽ മറ്റ് ഓപ്ഷനുകൾ ഇല്ലാത്തതിനാലാണ് അദ്ദേഹത്തെ നേതാവാക്കിയതെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞിരുന്നു. ഇൗ പരാമർശങ്ങൾക്ക് പിന്നാലെയാണ് ലഡാക്ക് പ്രക്ഷോഭത്തിന്റെ പേരിൽ അദ്ദേഹം അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.



സംസ്ഥാന പദവി: ലഡാക്കിൽ പ്രക്ഷോഭം, വെടിവെപ്പ്: 4 മരണം, ബി.ജെ.പി ഓഫിസിന് തീയിട്ടു

ന്യൂഡൽഹി: ലഡാക്കിലെ ലേ നഗരത്തിൽ ‘ലേ അപക്സ് ബോഡി’ (എൽ.എ.ബി) ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കുണ്ട്. പൊലീസ് വെടിവെപ്പിലാണ് മരണമെന്ന് ആദ്യ റിപ്പോർട്ടുകൾ പറയുന്നു. അക്രമാസക്തരായ ജനം ഇവിടത്തെ ബി.ജെ.പി ഓഫിസിന് തീയിട്ടു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പ്രത്യേക അവകാശങ്ങളും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.

വിഷയം ഉന്നയിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനിടയിലാണ് സംഘർഷവും വെടിവെപ്പുമുണ്ടായത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു. ലഡാക്ക് പ്രതിനിധികൾ കേന്ദ്രസർക്കാറുമായി ഒക്ടോബർ ആറിന് ചർച്ച നടത്താനിരിക്കേയാണ് അക്രമവും ലാത്തിച്ചാർജും അരങ്ങേറിയത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമം തുടരുന്ന ലേയിൽ സുരക്ഷ ശക്തമാക്കി. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കേന്ദ്ര ഭരണ പ്രദേശമാക്കിയ ലഡാക്കിന് നഷ്ടപ്പെട്ട സംരക്ഷണം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ ആറാം പട്ടികയിലൂടെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബർ 10ന് വാങ്ചുകിന്റെ നേതൃത്വത്തിൽ 15 പേർ നിരാഹാര സമരം തുടങ്ങിയത്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറുമായി നടത്തുന്ന ചർച്ചകൾ എവിടെയും എത്താത്ത സാഹചര്യത്തിൽകൂടിയായിരുന്നു നിരാഹാരം.

Tags:    
News Summary - Amit Shah should resign if he cannot ensure peace in Ladakh: Subramanian Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.