മസ്കത്ത്: വെസ്റ്റ് ബാങ്കിൽ പുതിയ അനധികൃത കുടിയേറ്റത്തിന് അംഗീകാരം നൽകിയ ഇസ്രായേൽ സർക്കാർ നടപടിയെ ഒമാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതും ഉറപ്പുനൽകുന്നതുമായ ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അവഗണിക്കുന്നതാണ് ഇസ്രായേൽ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഫലസ്തീൻ ഭൂമിയിലെ ഇസ്രായേൽ കുടിയേറ്റങ്ങൾ ഒഴിവാക്കാൻ അന്താരാഷ്ട്ര നടപടി സ്വീകരിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്കെതിരായ വംശഹത്യ, പീഡനം, ഉപരോധം, പട്ടിണി തുടങ്ങിയ നയങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ഇസ്രായേൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള ഒമാന്റെ നിലപാട് മന്ത്രാലയം ആവർത്തിക്കുകയും ചെയ്തു.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. ആക്രമണം തടയാനും സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാനും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം സംരക്ഷിക്കാനും നടപടി വേണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
3,500 പുതിയ അനധികൃത കുടിയേറ്റങ്ങൾക്ക് ഇസ്രായേൽ അംഗീകാരം നൽകിയ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു ഒമാന്റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.