ഖത്താൻ ഗുഹയുടെ അകത്തുനിന്നുള്ള ദൃശ്യം
ഇബ്രി: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായി ഖത്താൻ ഗുഹ വികസന പദ്ധതികൾ അൽ ദാഹിറ മുനിസിപ്പൽ കൗൺസിൽ പ്രഖ്യാപിച്ചു.ഇബ്രി നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെയുള്ള ഖത്താൻ ഗുഹ, ശ്രദ്ധേയമായ ഭൂവൈജ്ഞാനിക ഘടനകളാലും മിനുസമാർന്ന ശിലാതലങ്ങളാലും പ്രശസ്തമാണ്. ഇതേ തുടർന്നാണ് ഗുഹക്ക് ‘മാർബിൾ കേവ്’ എന്ന പേര് ലഭിച്ചത്. നിലവിൽ ഗുഹയിലേക്കുള്ള പ്രവേശനം ദുഷ്കരമായതിനാൽ പരിചയസമ്പന്നരായ ഗൈഡുകളുടെ നേതൃത്വത്തിലുളള സന്ദർശനങ്ങൾക്കുമാത്രമാണ് അനുമതി.
ദാഹിറയിൽ ഖത്താൻ ഗുഹയുടെ പുറത്തുനിന്നുള്ള ദൃശ്യം
ഗുഹക്കുള്ളിൽ അതിമനോഹരമായ ജിയോളജിക്കൽ രൂപങ്ങളും ശിലാചിത്രങ്ങളും കാണാം.ചുണ്ണാമ്പുകല്ല് കൊണ്ട് നിർമിതമായ ഇതിനുള്ളിൽ സ്റ്റാലക്റ്റൈറ്റുകൾ, സ്റ്റാലഗ്മിറ്റുകൾ എന്നിവയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുണ്ട്. ഒരു മീറ്റർ മാത്രം വ്യാസമുള്ള വട്ടത്തിലുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ നിരങ്ങി വേണം ഗുഹക്കുള്ളിലേക്ക് കടക്കാൻ.
ഗുഹയുടെ രൂപകൽപനയും വികസനവും നിർവഹിക്കുന്നതിന് കൺസൾട്ടൻസി സേവനങ്ങൾ ഏർപ്പെടുത്തുന്നതിനും ഗവർണറേറ്റിലെ മറ്റ് ടൂറിസം മേഖലകൾ മെച്ചപ്പെടുത്തുന്നതുമായ പദ്ധതികൾ കൗൺസിൽ ചർച്ച ചെയ്തു. യോഗത്തിൽ അൽ ദാഹിറയിലെ വിദൂര പ്രദേശങ്ങൾക്ക് സേവനം നൽകുന്ന സിവിൽ ഡിഫൻസ് -ആംബുലൻസ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും അവലോകനം ചെയ്തു.
കൂടാതെ നഗര ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി സമഗ്ര പൊതുഗതാഗത ടെർമിനൽ സ്ഥാപിക്കലും നിലവിലുള്ള ബസ് സൗകര്യങ്ങളുടെ നവീകരണവും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.