മനാമ: വാഹനാപകടത്തിൽ പാകിസ്താൻ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ പ്രതിയായ 27കാരിയായ യുവതിയുടെ വിധി മാർച്ച് 31ന്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഈ സ്വദേശി യുവതിക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും ഗതാഗത നിയമങ്ങൾ ലംഘിച്ചതിനുമാണ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നടക്കുന്നത്. കഴിഞ്ഞ നവംബർ ഒമ്പതിന് സീഫ് ഏരിയയിലെ സ്വലാഹുദ്ദീൻ അയ്യൂബി അവന്യൂവിൽവെച്ചായിരുന്നു സംഭവം. പ്രതിയായ യുവതി തന്റെ സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കവേയാണ് അപകടം. അശ്രദ്ധമായി മറ്റൊരു ലൈനിലേക്ക് വാഹനം കയറ്റിയപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം ആ ലൈനിലൂടെ വരുകയായിരുന്ന 21കാരനായ മർവാൻ ഉമർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിലും സമീപത്തെ മറ്റൊരു കാറിലും യുവതിയുടെ വാഹനം ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മർവാൻ ഉമർ, സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ നവംബർ 18നാണ് അന്തരിച്ചത്.
എന്നാൽ, യുവതി മനഃപൂർവം നിയമം ലംഘിച്ചിട്ടില്ലെന്നും ഗൂഗ്ൾ മാപ്പ് നൽകിയ നിർദേശപ്രകാരം സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും പ്രതിഭാഗം അവകാശപ്പെട്ടു. കൂടാതെ യുവതി നിലവിൽ നിറ ഗർഭാവസ്ഥയിലാണെന്നും മരുന്നുകൾ കഴിക്കുന്നതിനാൽ പ്രത്യേക പരിഗണന നൽകണമെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
യുവതിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും വസ്തുവകകൾ നശിപ്പിച്ചതിനും ട്രാഫിക് സിഗ്നലുകൾ പാലിക്കാത്തതിനും അവർ കുറ്റക്കാരിയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ, മരണകാരണത്തിലെ വ്യക്തതയില്ലായ്മ പ്രതിക്ക് അനുകൂലമായി കാണണമെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. കേസിൽ എല്ലാ വാദങ്ങളും കേട്ട കോടതി മാർച്ച് 31ലേക്ക് വിധി പറയാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.