മനാമ: രാജ്യത്തെ അവശ്യസാധനങ്ങളുടെയും ഭക്ഷ്യശേഖരത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമ ഭേദഗതി ബഹ്റൈൻ പാർലമെന്റ് ചർച്ചക്കെടുക്കുന്നു. വിപണിയിൽ കൃത്രിമം കാണിക്കുകയോ സാധനങ്ങൾ പൂഴ്ത്തിവെക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും 10,000 ദീനാർ വരെ പിഴയുമാണ് പുതിയ നിയമം വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ശൂറ കൗൺസിൽ സമർപ്പിച്ച കരട് നിയമം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. നിയമലംഘനം നടത്തുന്നവർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 1,000 ദീനാർ മുതൽ 10,000 ദീനാർ വരെയാണ് പിഴ. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അഞ്ച് വർഷത്തേക്ക് അടച്ചുപൂട്ടാനോ അല്ലെങ്കിൽ അവരുടെ വാണിജ്യ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനോ കോടതിക്ക് അധികാരമുണ്ടാകും. വ്യക്തികൾക്ക് പുറമെ കമ്പനികൾക്കും പിഴ ശിക്ഷ ബാധകമായിരിക്കും. കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ ബിസിനസ് പ്രവർത്തനങ്ങൾ നിശ്ചിത കാലയളവിലേക്ക് തടഞ്ഞുവെക്കും. കുറ്റവാളികളുടെ ചെലവിൽതന്നെ ശിക്ഷാവിധി രണ്ട് പ്രാദേശിക പത്രങ്ങളിൽ പരസ്യപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും രാജ്യത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. വ്യവസായ വാണിജ്യ മന്ത്രാലയത്തിനാണ് നിയമം നടപ്പിലാക്കുന്നതിനുള്ള മേൽനോട്ട ചുമതല. വിതരണക്കാർ സാധനങ്ങൾ കൃത്യമായി സംഭരിക്കുന്നുണ്ടെന്നും വിതരണം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാൻ മന്ത്രാലയത്തിന് പ്രത്യേക അധികാരങ്ങൾ നൽകും. ആഗോളതലത്തിൽ വിതരണ ശൃംഖലകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ കണക്കിലെടുത്ത് മുൻകൂട്ടിയുള്ള സുരക്ഷ മുൻകരുതൽ എന്ന നിലയിലാണ് ബഹ്റൈൻ ഈ നിയമം കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.