മനാമ: വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന നാഫ്തലിൻ ബോളുകളുടെ (പാറ്റഗുളിക) ഇറക്കുമതിയും വിൽപനയും ഉപയോഗവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നിർദേശം. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈ നിർദേശം വരാനിരിക്കുന്ന ചൊവ്വാഴ്ചത്തെ പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. നാഫ്തലിൻ ബോളുകൾ ഖരരൂപത്തിൽനിന്ന് നേരിട്ട് വിഷവാതകമായി മാറുന്നവയാണെന്നും ഇത് ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പാർലമെന്റിന്റെ ധനകാര്യ-സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹ്മദ് അൽ സല്ലൂം പറഞ്ഞു. തലവേദന, ഓക്കാനം, തലകറക്കം, ഛർദിൽ തുടങ്ങിയവക്കും ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുന്നതിലൂടെ ‘ഹീമോലിറ്റിക് അനീമിയ’ പോലുള്ളവ ഉണ്ടാകാനും സാധ്യതയുണ്ട്. ജി6പിഡി കുറവുള്ള വ്യക്തികളിലും നവജാതശിശുക്കളിലും നാഫ്തലിൻ വലിയ പ്രത്യാഘാതങ്ങളും ഉണ്ടാക്കും. ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, നാഫ്തലിനെ ഗ്രൂപ് 2B കാർസിനോജൻ (മനുഷ്യരിൽ കാൻസറിന് കാരണമായേക്കാവുന്ന പദാർഥം) പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
യൂറോപ്യൻ യൂനിയൻ 2008ലും ന്യൂസിലൻഡ് 2014ലും നാഫ്തലിൻ അധിഷ്ഠിത ഉൽപന്നങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് എം.പി ഖാലിദ് ബു അനഖ് ചൂണ്ടിക്കാട്ടി. ചൈന, യു.കെ തുടങ്ങിയ രാജ്യങ്ങളിലും ഇതിന് കർശന നിയന്ത്രണങ്ങളുണ്ട്. ബഹ്റൈനിലെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി സമാനമായ മുൻകരുതൽ നടപടികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാഫ്തലിൻ ബോളുകൾക്ക് പകരം സുരക്ഷിതമായ മാർഗങ്ങൾ ലഭ്യമാണെന്ന് ഡോ. മർയം അൽ ദാൻ പറഞ്ഞു. പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കണമെന്നും ബോധവത്കരണ കാമ്പയിനുകൾ നടത്തണമെന്നും എം.പിമാർ സ്പീക്കർ അഹ്മദ് അൽ മുസല്ലത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.