ഒരു പച്ചക്കുതിരയുടെ ഓര്‍മക്ക്‌ | Madhyamam Weekly
Weekly


ഒരു പച്ചക്കുതിരയുടെ ഓര്‍മക്ക്‌

റോസിയും സി.ജെയും |കെ.ജി. ജോര്‍ജ്‌

റോസിതോമസിനെ ഞാന്‍ പരിചയപ്പെടുന്നത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനനാളുകളുടെ തുടര്‍ച്ചയിലാണ്. പക്ഷേ, അതിനുമുമ്പേ റോസിതോമസിനെ ഞാനറിയുമായിരുന്നു. ആദ്യം ശ്രദ്ധയില്‍ വരുന്നത് സി.ജെ. തോമസിന്റെ മനസ്സുകവര്‍ന്ന, ജീവിതം പങ്കിട്ട സഖി എന്ന നിലയിലാണ്. റോസിയെ അറിയുന്നതിനു മുമ്പേ സി.ജെയെ അറിയുമായിരുന്നു എന്നു ചുരുക്കം. അറിയുമായിരുന്നു എന്നുപറഞ്ഞത് നേരിട്ട് എന്ന അര്‍ഥത്തിലല്ല. അദ്ദേഹത്തെ നേരില്‍ പരിചയപ്പെട്ടിട്ടില്ല; കണ്ടിട്ടുമില്ല.
ഞങ്ങള്‍ തമ്മില്‍ 27 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. 42 വയസ്സുവരെ മാത്രം ഇഹവ്യാപനത്തിനു ഊഴമനുവദിച്ചുകിട്ടിയ ഒരു വ്യക്തിയുമായിട്ടാകുമ്പോള്‍ 27 വയസ്സിന്റെ പ്രായവ്യത്യാസം വലിയൊരു കാലദൈര്‍ഘ്യമാണ്. സി.ജെ മരിക്കുമ്പോള്‍ എനിക്കു 15 വയസ്സേയുള്ളൂ.
സി.ജെയുടെ പ്രവര്‍ത്തനമേഖല കൂത്താട്ടുകുളവും ചങ്ങനാശ്ശേരിയും കോട്ടയവും തിരുവനന്തപുരവും എറണാകുളവും മദിരാശിയുമൊക്കെയായിരുന്നുവല്ലോ. എന്‍േറത് തിരുവല്ലയും ചങ്ങനാശ്ശേരിയും പുണെയും മദിരാശിയും തിരുവനന്തപുരവുമായിരുന്നു; ഇപ്പോള്‍ കൊച്ചിയും.
എന്റെ തലമുറയില്‍പെട്ട ഒരാള്‍ക്ക് സി.ജെയെപ്പോലെ ഒരു കലാപകാരിയെ അറിയാതിരിക്കാന്‍, അറിയുമ്പോള്‍ ആരാധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. സി.ജെ സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ കുതിച്ചവരായിരുന്നു ഞങ്ങള്‍; കുറഞ്ഞപക്ഷം മനസ്സുകൊണ്ടെങ്കിലും. രചനകളിലൂടെ അനുഭവവേദ്യമാകുന്ന ആ മനസ്സിലെ സന്ദേഹങ്ങളും അടങ്ങാത്ത വ്യഥവിഹ്വലതകളും അങ്കലാപ്പുകളും സന്ധിയില്ലാത്ത കലാപങ്ങളും അന്തമില്ലാത്ത അന്വേഷണങ്ങളും എന്‍േറതു കൂടിയായാണ് ഞാന്‍ അറിഞ്ഞത്. എന്‍േറതു മാത്രമല്ല, എന്നെപ്പോലെ ഒരുപാടൊരുപാടു പേരുടേതു കൂടിയായി. എനിക്കുവേണ്ടി കൂടിയാണ്, ഞങ്ങള്‍ക്കുവേണ്ടി കൂടിയാണ് സി.ജെ കലഹിച്ചതും അങ്കംവെട്ടിയതും സന്ദേഹങ്ങളാല്‍ മുറിവേറ്റതും സ്വാസ്ഥ്യം വെടിഞ്ഞ് തേടിയലഞ്ഞതും.
ആ സി.ജെയുടെ മനസ്സില്‍ ഇടംനേടിയ പങ്കുകാരി എന്ന നിലയിലാണ് റോസി തോമസിനെക്കുറിച്ചറിഞ്ഞുതുടങ്ങിയതും. എം.പി. പോള്‍ സാറിന്റെ മകളാണെന്നറിഞ്ഞിരുന്നു. വിവാദങ്ങളുടെ കൊടുങ്കാറ്റുയര്‍ത്തിയ അവരുടെ പ്രണയത്തിന് പോള്‍സാര്‍ എതിരായിരുന്നുവെന്നും അറിഞ്ഞു.
സി.ജെ കടുത്ത മതവിശ്വാസിയൊന്നുമായിരുന്നില്ല. ജീവിതത്തിന്റെ ആദ്യപാദത്തില്‍ വൈദികവൃത്തിയുടെ പാതയില്‍നിന്ന് ളോഹ ഊരി വഴുതിമാറി കമ്യൂണിസത്തിന്റെ ഘോഷകനായി മാറിയിരുന്ന സി.ജെയെ മതവിരുദ്ധനെന്നു ധരിച്ചവരുമുണ്ട്. കമ്യൂണിസത്തിന്റെ ചര്‍ച്ചയില്‍നിന്ന് വൈകാതെ സി.ജെ വഴിപിരിഞ്ഞു.
സി.ജെക്ക് ഒരിക്കലും ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെയും ഭാഗമാകാനാകുമായിരുന്നില്ല; അനുകര്‍ത്താവാകുവാനാകുമായിരുന്നില്ല. എതിര്‍ത്തത് വിശ്വാസങ്ങളെയല്ല; എസ്റ്റാബ്ലിഷ്‌മെന്റുകളെയാണ്; മതത്തിന്റെ, കമ്യൂണിസത്തിന്റെ, വ്യവസ്ഥിതികളിലെ വിഷവൃത്തങ്ങളെയാണ്.
ക്രിസ്തുവിനോടായിരുന്നില്ല സി.ജെ കലഹിച്ചത്, ക്രിസ്തുവിനെക്കാള്‍ ക്രിസ്തുചമഞ്ഞവരോടാണ്; മാര്‍ക്‌സും ഏംഗല്‍സും വിഭാവനം ചെയ്ത പ്രത്യയവിശ്വാസത്തോടായിരുന്നില്ല സി.ജെയുടെ കലാപം, ആ വിശ്വാസത്തിന്റെ ആധാരസ്രോതസ്സായ മാനവികതയെ അവഗണിച്ചും അവമതിച്ചും ആ ധാരയെ മറ്റൊരു എസ്റ്റാബ്ലിഷ്‌മെന്റ് ആക്കി വ്യതിചലിപ്പിച്ച രീതികളോടായിരുന്നു.
ആരുടെ മുന്നിലും തലകുനിക്കാത്ത സി.ജെ റോസിയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു കീഴടങ്ങി മതപരിവര്‍ത്തനത്തിനു വഴങ്ങി പള്ളിമേടയില്‍ മുട്ടുകുത്തിനില്‍ക്കാന്‍ തയാറായി എന്നു കേട്ടപ്പോള്‍... അത്ര വലിയ ഒരു ത്യാഗത്തിന് തയാറാകാന്‍ മാത്രം തീവ്രമായിരുന്നു, തീക്ഷ്ണമായിരുന്നു അദ്ദേഹത്തിന് റോസിയോടുണ്ടായിരുന്ന അനുരാഗം എന്ന് അതില്‍നിന്ന് വായിച്ചെടുത്തപ്പോള്‍... അമ്പരപ്പിനോടൊപ്പം അദ്ഭുതവും തോന്നി; റോസിയോട് ചെറുതല്ലാത്ത അസൂയയും. കീഴടക്കി സ്വന്തമാക്കിയത് ചെറിയ ഒരു മനസ്സിനെയായിരുന്നില്ലല്ലോ...
വായിച്ചും കേട്ടും അറിഞ്ഞിരുന്ന ആ സി.ജെയെ അങ്ങനെയല്ലാതെയും അറിയുന്നതിന്, ആ മനസ്സിലെ പ്രകൃതത്തിലെ, സംസാരത്തിലെ, തീരുമാനങ്ങളിലെ, നിലപാടുകളിലെ ഓരോ മുക്കും മൂലയും അരികും കണ്‍മുന്നിലെന്നോണം പരിചിതമാകുന്നതിന്, മലയാളത്തില്‍ ഇറങ്ങിയതില്‍വെച്ചേറ്റവും ഹൃദയസ്‌പര്‍ശിയായ ഒരോര്‍മക്കുറിപ്പെഴുതിയ റോസി തോമസിനോടു കടപ്പെട്ടിരിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ഇവന്‍ എന്റെ പ്രിയ സി.ജെ' ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തുമ്പോള്‍ ഞാന്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിയായിരുന്നു. ആ വരികളോടു വല്ലാത്ത ഹൃദയൈക്യം തോന്നി. ഓരോ ലക്കവും കാത്തിരുന്ന് കൊതിയോടെ വായിക്കുമായിരുന്നു. വായിക്കുക മാത്രമല്ല, ആ നിമിഷങ്ങള്‍ അത്രയും മനസ്സില്‍ ഒരു സ്‌ക്രീനിലെന്നോണം സങ്കല്‍പിച്ചുകാണുമായിരുന്നു. ആ വാക്കുകള്‍ വരച്ചിട്ടതത്രയും ചിത്രങ്ങളായിരുന്നുവല്ലോ... ആ ചിത്രങ്ങള്‍ കോര്‍ത്തൊരു സിനിമ എന്റെ സ്വപ്‌നമായി. കാണുന്നതിലും കേള്‍ക്കുന്നതിലും വായിക്കുന്നതിലും കിനാവുകാണുന്നതിലുമെല്ലാം സിനിമയുടെ സാധ്യതകള്‍ പരതിനോക്കുന്ന ചലച്ചിത്ര മനസ്സിന്റെ തിരയിളക്കം ലഹരിപോലെ സിരകളില്‍ നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനാനന്തരം സംവിധാനം ചെയ്യണമെന്നു ഞാനാഗ്രഹിച്ച എന്റെ ആദ്യ സിനിമ 'ഇവന്‍ എന്റെ ്രപിയ സി.ജെ' ആയി.
മരണത്തോടടുത്ത നാളുകളില്‍ ദിനരാത്രങ്ങളുടെ ചാക്രികതാളം ഗ്രാമഫോണ്‍ റെക്കോഡ് പ്ലെയറുടെ ചാവി അയഞ്ഞാലെന്നോണം ഇഴഞ്ഞായി എന്നു പറയുമ്പോള്‍ സി.ജെ ആ ഫ്രെയിം എന്റെ മനസ്സില്‍ വാചാലമായി വരച്ചിടുകയായിരുന്നു. തൃശൂരിലെ അക്കാലത്തെ തിരക്കേറിയ വീഥികളില്‍ മനുഷ്യന്‍ മനുഷനെയിരുത്തി വലിക്കുന്ന രണ്ടു റിക്ഷാവണ്ടികളില്‍ സഞ്ചരിക്കുന്ന റോസിയുടെയും എം.പി പോള്‍സാറിന്റെയും ആറുവാര മുന്നിലായി കുട കൈയിലില്ലാതെ പാഞ്ഞുപോകുന്ന സി.ജെയുടെ ചിത്രത്തോടുചേര്‍ത്ത് എതിരെ കാമറയുമായി ആ നിരത്തില്‍ നില്‍ക്കുന്നതു ഞാന്‍ മനസ്സില്‍ കണ്ടു.
സി.ജെക്ക് റോസി അയച്ച ആദ്യ പ്രണയലേഖനം; ഇപ്പോഴും അതൊരു നിറമാര്‍ന്ന ദൃശ്യമായി മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.
''...അതില്‍ അക്ഷരങ്ങളില്ലായിരുന്നു. നല്ല മുഴുത്ത ഒരു പച്ചക്കുതിരയെ പിടിച്ചുകൊന്ന് ഞാനത് ഒരു നീലക്കടലാസില്‍ ഭംഗിയായി പറ്റിച്ചുവെച്ചു. എന്നിട്ടതൊരു കവറിലാക്കി സി.ജെയുടെ മേല്‍വിലാസത്തില്‍ കോട്ടയത്തേക്കയച്ചു...''
എന്നോ കണ്ട, അല്ലെങ്കില്‍ കാണാനിരിക്കുന്ന ഒരു ചലച്ചിത്രത്തിലെ മോഹിപ്പിക്കുന്ന ഒരു രംഗംതന്നെയല്ലേ ഈ ദൃശ്യം.
കൂട്ടുകാരികള്‍ക്കൊപ്പം എറണാകുളം നഗരത്തില്‍ അണിഞ്ഞൊരുങ്ങി സി.ജെക്ക് ഇഷ്ടപ്പെട്ട പച്ചപ്പട്ടുസാരിയുടുത്ത് തലയിലൊരു മുല്ലപ്പൂമാലയുംചൂടി സി.ജെയെ കാത്തുനില്‍ക്കുമ്പോള്‍ റോസിയുടെ മനസ്സിലെ അങ്കലാപ്പിന്റെ സ്വഗതം ഇപ്പോഴുമുണ്ടു മനസ്സില്‍.
''...അവിചാരിതമായി വല്ലിടത്തുംവെച്ച് കണ്ടുമുട്ടുമ്പോഴാണ് മൂപ്പരുടെ തനിനിറം മനസ്സിലാകുന്നത്. വളരെ മുഷിഞ്ഞ്, പല്ലുതേക്കാതെയും കുളിക്കാതെയും ഷേവുചെയ്യാതെയും പ്രത്യക്ഷപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതിലേതു തരത്തിലാണാവോ മൂപ്പരെ (ഇന്നു) കാണുന്നത്? കൂട്ടുകാരികള്‍ എന്റെ കാമുകനെ ആദ്യമായിട്ട് കാണാന്‍പോവുകയാണ്... (ഇൗ) പറഞ്ഞരീതിയിലായിരിക്കരുതേ ദൈവമേ... ജെട്ടി അടുത്തു. ബഷീറിന്റെ ബുക്‌സ്റ്റാളിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞു. ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മക്ക് ആയിരം തിരികള്‍...!''
പോള്‍സാറിനു പുറമെ വൈക്കം മുഹമ്മദ് ബഷീറും പോഞ്ഞിക്കരറാഫിയും ഡി.സി കിഴക്കേമുറിയും ജേക്കബ് ഫിലിപ്പും എം. ഗോവിന്ദനുമടക്കം അന്നാളുകളിലെ നിരവധി സാംസ്‌കാരിക നായകന്മാരുടെ ചൈതന്യമാര്‍ന്ന സാന്നിധ്യങ്ങള്‍ക്കിടയില്‍ ചേര്‍ന്നും ഇടഞ്ഞുംനില്‍ക്കുന്ന സി.ജെയുടെ മിഴിവാര്‍ന്ന ചിത്രം. ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും വിചാര കലഹങ്ങളുടെയും ഇടയില്‍ വിരുദ്ധ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠയായി സി.ജെ; നിഴലായി മുന്നില്‍നിന്ന് ചോദ്യങ്ങള്‍ ഉതിര്‍ത്തും പിറകില്‍നിന്ന് നിശ്ശബ്ദയായി അനുസരിച്ചും ഇണശ്രുതിയും കര്‍മിയും കര്‍മവുമായി റോസി. എത്ര മനോഹരമായിരുന്നു ആ പ്രണയപര്‍വം!
പ്രണയത്തെ ഇത്ര സത്യതീക്ഷ്ണമായി, അതിലെ എല്ലാ ഭ്രാന്തന്‍ എടുത്തുചാട്ടങ്ങളോടും വിഭ്രമിപ്പിക്കുന്ന സങ്കല്‍പങ്ങളോടും നിരര്‍ഥകമായ പ്രതീക്ഷകളോടും അതിനെല്ലാമപ്പുറം അതിന് പ്രസരിപ്പിക്കാന്‍ കഴിയുന്ന അതീന്ദ്രിയതലത്തിലുള്ള ഉദ്ദീപനങ്ങളോടും ഒരുപോലെ, നൂറുശതമാനം നീതിപുലര്‍ത്തിക്കൊണ്ട്, ജീവിച്ചിരുന്നപ്പോഴെന്നതുപോലെ മരണാനന്തരവും പ്രണയിതാവിനോട് അവിരാമമായി കലഹിച്ചുകൊണ്ട് ആ പ്രണയത്തിന് പുതിയ അര്‍ഥതലങ്ങള്‍ തേടിക്കൊണ്ട് എഴുതപ്പെട്ട ഒരനുഭവസാക്ഷ്യം മലയാളത്തില്‍ വേറെ ഏതുണ്ട്?!
'ഇവന്‍ എന്റെ പ്രിയ സി.ജെ' സിനിമയായി സ്വപ്‌നംകാണുക മാത്രമല്ല ഞാന്‍ ചെയ്തത്. ആദ്യം അതിനകം എന്റെ സുഹൃത്തായി മാറിയിരുന്ന കഥാകൃത്ത് ജെ.കെ.വിയുമൊത്ത് ആ ഓര്‍മച്ചിത്രത്തിന് ഒരു ചലച്ചിത്രഭാഷ്യം ചര്‍ച്ച ചെയ്തു. പിന്നെ, റോസിതോമസിനെ തേടി വരാപ്പുഴ കടത്തുകടന്ന് (അന്നു ഗോശ്രീ പാലം വന്നിട്ടില്ല) പുത്തന്‍പള്ളിയില്‍ മേനാച്ചേരി തറവാടിനടുത്തു റോസി താമസിക്കുന്ന തോമസ് വില്ലയില്‍ ചെന്ന് കഥാനായികയെ കണ്ട് ആഗ്രഹം ഉണര്‍ത്തിച്ചു. ആദ്യമൊന്നമ്പരന്നു റോസി. വളരെ ഗൗരവപൂര്‍വമാണ് എന്റെ ചലച്ചിത്ര സമീപനം എന്ന് വിഭാവനം ചെയ്ത ദൃശ്യഭാഷ്യത്തിന്റെ സൂചനകള്‍ കേട്ടപ്പോള്‍ ബോധ്യമായിരിക്കണം. അതോടെ സന്തോഷപൂര്‍വം സമ്മതിച്ചു. എന്റെ സാധ്വിയും സ്‌നേഹമയിയുമായ അമ്മ വറുതിയുടെ പങ്കപ്പാടുകള്‍ക്കിടയില്‍നിന്ന് അരിഷ്ടിച്ച് പലപ്പോഴായി എന്റെ പഠനത്തിനായി അയച്ചുതരുമായിരുന്ന ഇത്തിരി പണത്തില്‍നിന്നു ഞെരുങ്ങി സമാഹരിച്ച 1001 രൂപ ഞാന്‍ റോസിക്ക് അഡ്വാന്‍സായി നല്‍കി.
സങ്കല്‍പത്തിലെ സിനിമയില്‍നിന്നു ചില മുഹൂര്‍ത്തങ്ങള്‍ ഞാന്‍ വാചാലമായി വിവരിച്ചപ്പോള്‍ ആ നിമിഷങ്ങളിലൂടെ ഒരാവര്‍ത്തികൂടി ആത്മാവ് സഞ്ചരിച്ചതിന്റെ മിനുക്കവും തുടിപ്പും ആ കവിളുകളില്‍ മിന്നി. ആ ചിരിയില്‍ അന്നും (അന്നു മാത്രമല്ല, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒടുവിലായി കാണുമ്പോഴുമതെ) വശ്യമായ ഒരു ചൈതന്യം ദീപ്തമായി വിളങ്ങിനിന്നിരുന്നു.
പലപല കാരണങ്ങളാല്‍ പക്ഷേ, ആ സിനിമ നടന്നില്ല. നിയോഗം മറിച്ചായിരുന്നു!
പിന്നീട് പലപ്പോഴും റോസിതോമസുമായി കണ്ടിട്ടുണ്ട്. അപ്പോഴേക്കും ഞാന്‍ ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അറിയപ്പെട്ടിരുന്നു. എന്റെ ചിത്രങ്ങള്‍ പലതും റോസി കണ്ടിരുന്നു. അവയിലെ പാത്രസൃഷ്ടിയെക്കുറിച്ചൊക്കെ ആവേശപൂര്‍വം സംസാരിക്കുമായിരുന്നു.
മൂന്നുനാലു ചിത്രങ്ങളില്‍ ശ്രീവിദ്യ പതിവായി പ്രത്യക്ഷപ്പെട്ടപ്പോള്‍ കുസൃതി നിറഞ്ഞ ചില ചോദ്യങ്ങള്‍ ചോദിച്ചതുമോര്‍ക്കുന്നു. വിദ്യയുടെ ഭര്‍ത്താവിന്റെ പേരും ജോര്‍ജ് എന്നായിരുന്നു. പലരും അതു ഞാനാണെന്നു തെറ്റിദ്ധരിച്ച് അസൂയകലര്‍ന്ന ഫോണ്‍വിളികള്‍ നടത്താറുണ്ടെന്നു കേട്ടപ്പോള്‍ അതേച്ചൊല്ലിയായി തമാശയും കുസൃതിയും.
ചിരിക്കാനിഷ്ടമായിരുന്നു റോസിക്ക്. ചിരിച്ചുചിരിച്ചു മതിവരാത്തതുപോലെ ചിരിക്കുമായിരുന്നു... ആ മനസ്സിലപ്പോഴും പ്രണയം ത്രസിച്ചു പ്രസരിച്ചുനില്‍ക്കുന്നുവെന്ന് ആ കവിളുകളും കണ്ണടച്ചില്ലുകള്‍ക്കിടയിലും ഗൂഢമായ ചിരിയൊളിഞ്ഞിരുന്ന ആ കണ്ണുകളും സാക്ഷ്യപ്പെടുത്തിയിരുന്നു. അതേ റേഡിയേഷനില്‍ പ്രണയനിര്‍വൃതി ലഹരിയുടെ ഹാങ് ഓവറില്‍നിന്നൊരിക്കലും ഉണര്‍ന്നു കുതറാതെ ഒരു പകുതി സ്വപ്‌നത്തില്‍ സ്വയം ലയിച്ച ഒരാളെ മാത്രമേ റോസിയെപ്പോലെ ഞാന്‍ കണ്ടിട്ടുള്ളൂ- മാധവിക്കുട്ടിയെ. ഇരുവരോടും എത്രനേരം വേണമെങ്കിലും നമുക്കു സംസാരിച്ചിരിക്കാം. മുഷിയില്ല; നമുക്കുമതെ, അവര്‍ക്കുമതെ. അതൊരു വലിയ വരമാണ്! അപൂര്‍വമായി കൈവരുന്ന സിദ്ധിയാണ്.
നടന്മാരില്‍ റോസിക്ക് ഏറ്റവും ഇഷ്ടം നെടുമുടിവേണുവിനെയാണെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. കുസൃതിയോടെ സുമുഖ സുന്ദര നടന്മാരെ എന്താ ഇഷ്ടമല്ലേ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്. ഉത്തരം വേണമെങ്കില്‍ ഞാന്‍ സ്വയം പൂരിപ്പിച്ചെടുക്കാന്‍പാകത്തിനൊരു തുറന്നചിരി മാത്രമായിരുന്നു പ്രതികരണം.
ഏറ്റവുമൊടുവില്‍ ഞാന്‍ റോസിയെ കാണുന്നതും തോമസ് വില്ലയില്‍ ചെന്നാണ്. ധര്‍മഗിരി മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സിനെക്കുറിച്ചു ഞാനൊരു ഡോക്യുമെന്ററി ഒരുക്കിയിരുന്നു. ആ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകരിലൊരാള്‍ എം.പി. പോള്‍ സാറിന്റെ സഹോദരനായ മേനാച്ചേരിയച്ചനായിരുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അച്ചന്റെ തറവാട്ടില്‍ കാമറയുമായി ചെന്നതായിരുന്നു ഞാന്‍. അന്നു കാണുമ്പോള്‍ പ്രായം കുറച്ചൊക്കെ കടന്നാക്രമിച്ചു കഴിഞ്ഞിരുന്നുവെങ്കിലും മനസ്സിലെ പ്രസരിപ്പുകൊണ്ട് റോസി ചെറുത്തുനില്‍ക്കുന്നുണ്ടായിരുന്നു. സംസാരത്തിലും ചിരിയിലും കണ്ണുകളിലെ തിളക്കത്തിലും പ്രായത്തിനു നിഴല്‍വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. സുന്ദരിതന്നെയായിരുന്നു റോസി; മനസ്സിലുമതെ, രൂപത്തിലുമതെ; ഇന്നിപ്പോള്‍ ഈ ഓര്‍മയിലുമതെ... അല്ലെങ്കിലും പ്രണയത്തിന്, അനശ്വരമായ പ്രണയത്തിന് പ്രായമാകുന്നില്ലല്ലോ ഒരിക്കലും ഒരു കാലത്തും ഒരിടത്തും!


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍