Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഭരണത്തിന് ഏകോപന ...

ഭരണത്തിന് ഏകോപന  സമിതി വേണമെന്ന്  എല്‍.ഡി.എഫില്‍ സമ്മര്‍ദം

text_fields
bookmark_border
ഭരണത്തിന് ഏകോപന  സമിതി വേണമെന്ന്  എല്‍.ഡി.എഫില്‍ സമ്മര്‍ദം
cancel


കണ്ണൂര്‍: പൊലീസ് നയമുള്‍പ്പെടെയുള്ള വിഷയത്തില്‍ നിയന്ത്രണമില്ലാതെ ഭരണം മുന്നോട്ടുപോകുന്നത് ചര്‍ച്ച ചെയ്ത് അപ്പപ്പോള്‍ മന്ത്രിസഭയെ നയിക്കുന്നതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ കീഴില്‍ ഏകോപനസമിതി രൂപവത്കരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മേല്‍ സമ്മര്‍ദമേറി. ഈ ആവശ്യമുന്നയിച്ച് ചിലര്‍ രേഖാമൂലം കത്ത് നല്‍കിയെന്നാണ് വിവരം.  പൊലീസിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ അതേ സ്വരത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കിലും സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഒരു ചാനലിലും പ്രതികരിച്ചത് ഇത്തരത്തിലുള്ള ആഭ്യന്തര വിമര്‍ശനത്തിന്‍െറ പശ്ചാത്തലത്തിലാണ്. പാര്‍ട്ടി നിലപാട് സര്‍ക്കാറില്‍ നടപ്പിലാക്കാനാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതെന്ന  ആനത്തലവട്ടം ആനന്ദന്‍െറ പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആഭ്യന്തര വകുപ്പ് ഇപ്പോഴും യു.എ.പി.എ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഡിസംബര്‍ 20ന് കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ‘‘ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമേ യു.എ.പി.എ ഉപയോഗിക്കാവൂ. മറ്റ് ചില കേസുകളില്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. നദീര്‍ വിഷയത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 2016 മാര്‍ച്ച് മൂന്നിനാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലമാണത്. യു.എ.പി.എ വകുപ്പ് ചുമത്തിയത് അപ്പോഴാണ്. ഇത് പുനഃപരിശോധിക്കണം. എല്ലാ കേസുകളിലും യു.എ.പി.എ ചുമത്തേണ്ടതില്ല. സര്‍ക്കാറിന്‍െറ പൊലീസ് നയത്തിനും പൊലീസ് ആക്ടിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് സേനയിലുണ്ട് എന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം’’ കോടിയേരി കുറിച്ചു. 

വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭായോഗ തീരുമാനം അവലോകനം ചെയ്തിരുന്നത് ഭരണരംഗത്തെ പ്രമുഖരും സെക്രട്ടേറിയറ്റിലെ പ്രമുഖരും ഉള്‍പ്പെട്ട ഏകോപന സമിതിയാണ്. വി.എസിന് മേല്‍ പല വിഷയങ്ങളിലും ഏകോപന സമിതി അന്ന് കടിഞ്ഞാണിട്ടിരുന്നു. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ അങ്ങനെയൊരു ഏകോപനസമിതി വേണമെന്ന് ഉന്നയിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ആഭ്യന്തര വകുപ്പില്‍ അനീതിയുണ്ടെന്ന് സര്‍വിസ് സംഘടനാ ജീവനക്കാര്‍  ഭരണം തുടങ്ങിയ ഉടന്‍ കോടിയേരിയെ നേരില്‍ക്കണ്ട് പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് മുന്നില്‍ ഇങ്ങനെ പരാതി നിരന്തരമായി വന്നു. ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍നിന്ന് പോയതോടെ ജയരാജനുമായി അടുത്ത് ബന്ധമുള്ളവരും ഇപ്പോള്‍ പരാതിക്കാരായി മാറി. ഈ സാഹചര്യത്തിലാണ് മുന്‍ സര്‍ക്കാറിന്‍െറ കാലത്തുണ്ടായ ഏകോപനസമിതി വേണമെന്ന് ആവശ്യമുയരുന്നത്. 

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയോഗിച്ചത് മുതല്‍ ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധമുള്ള ഒരു വിഭാഗം മുഖ്യമന്ത്രിക്കെതിരെ നീരസത്തിലാണ്. കറന്‍സി നിരോധന നടപടിയില്‍ മോദിയെ പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അനുകൂലിച്ചതോടെ ഈ വിഭാഗത്തിന് നല്ല ആയുധമാണ് വീണുകിട്ടിയത്. ഇതിന് പുറമെയാണ് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ചില കേന്ദ്രങ്ങള്‍ പാര്‍ട്ടി നേതൃത്വത്തില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. 
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിന്‍െറ യോഗം വിളിച്ചതുള്‍പ്പെടെ മുഖ്യമന്ത്രി പിണറായിയുടെ നടപടികള്‍ തന്‍െറ നിലപാട് കര്‍ശനമാണെന്ന് പാര്‍ട്ടിയെ ബോധിപ്പിക്കാനുള്ളതാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf government
News Summary - ldf government issue
Next Story