Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
HOW TO SURVIVE A HUMAN STAMPEDE
cancel

ഉത്സവങ്ങൾ, സംഗീതനിശകൾ, എക്‌സിബിഷനുകൾ,തൃശ്ശൂർപൂരമടക്കം ചെറുതും വലുതുമായ പൂരങ്ങൾ, മാളുകൾ.... കേരളത്തിൽ ആൾക്കൂട്ടം നിറയുന്ന പരിപാടികൾക്ക്‌ ഒരു പഞ്ഞവുമില്ല... മിഡ്‌ നൈറ്റ്‌ സെയിലുകൾ എന്ന പേരിൽ അർധരാത്രി 12 മണിക്കു പോലും ഷോപ്പിങ്‌ മാളുകളിൽ തിക്കി തിരക്കി നിൽക്കാനും നമുക്ക് ഒരുമടിയുമില്ല...

ആൾക്കൂട്ടവും തിരക്കുമെല്ലാം ഭയങ്കര വൈബ്‌ ആയി കൊണ്ടുനടക്കുന്നവർ തന്നെയാണ്‌ നാമെല്ലാവരും...പക്ഷേ പിന്നിൽ നിന്നൊരു ചെറിയ ഉന്തോ തള്ളോ മതി, ആ സന്തോഷങ്ങളെല്ലാം ഒരു കൂട്ടക്കരച്ചിലിലേക്കും കൂട്ട ദുരന്തത്തിലേക്കും വഴിമാറാൻ എന്ന്‌ അധികമാരും ചിന്തിച്ചിട്ടില്ല...പക്ഷേ ഈ ഡിസംബറിൽ നാലുപേരുടെ ജീവൻ, അതും മൂന്ന്‌ വിദ്യാർഥികളുടക്കമുള്ള ചെറുപ്പക്കാർ...അവരുടെ ജീവൻ ഇല്ലാതാക്കിയത്‌ ഇതുപോലൊരു ആൾക്കൂട്ട പരിപാടിക്കിടെയാണ്‌..

കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ ബോളിവുഡ്‌ ഗായികയുടെ സംഗീത നിശക്കെത്തിയവരായിരുന്നു തിക്കിലും തിരക്കിലുംപെട്ടത്‌. പെട്ടന്നുണ്ടായ തള്ളലിൽ പലരും താഴെ വീണു. അവർക്ക്‌ മുകളിലായി ഒരുപാട്‌ പേർ. ശ്വാസം കിട്ടാതെയും ചവിട്ടേറ്റും പിടഞ്ഞാണ്‌ ആ നാലു ജീവനും നിലച്ചത്‌....

ഇത്തരം അപകടങ്ങൾ കേരളത്തിൽ ഇനിയും ആവർത്തിക്കാൻ സാധ്യകൾ ഏറെയാണ്‌... കാരണം ഓഡിറ്റോറിയങ്ങളിലും ഓപ്പൺ സ്റ്റേജുകളിലുമെല്ലാം ആയിരക്കണക്കിന്‌ പേരെ ഉൾക്കൊള്ളിച്ചുകൊണ്ട്‌ നിരവധി പരിപാടികൾ കേരളത്തിൽ നടന്നുവരുന്നുണ്ട്‌.

പാർട്ടി, മത, സാമൂഹിക സാംസ്‌കാരിക സമ്മേളനങ്ങൾ, സംഗീത പരിപാടികൾ, വിവാഹാഘോഷങ്ങൾ....അങ്ങനെ പരിപാടികൾക്ക്‌ ഒരു പഞ്ഞവുമില്ല. എന്നാൽ ഇത്തരം അപകടങ്ങൾ വരുമ്പോൾ എങ്ങനെ പ്രതിരോധിക്കാമെന്നോ, രക്ഷപ്പെടാമെന്നോ ആർക്കും ഇപ്പോഴും വലിയ ധാരണയില്ലെന്ന്‌ മാത്രം.


പുല്ലുമേടും കുസാറ്റും...

1999 ജനുവരി 14. കേരളം ഞെട്ടലോടെയാണ്‌ ആ വാർത്ത കേട്ടത്‌. ശബരിമലയിൽ മകരജ്യോതി ദർശനത്തിനെത്തിയ തീർഥാടകർ തിക്കിലും തിരക്കിലും പെട്ടു. 53 പേരാണ് അന്ന് മരിച്ചത്. മരിച്ചവരിൽ കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പ ഭക്തരായിരുന്നു. മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആ ദുരന്തമുണ്ടായത്.

12 വർഷത്തിന് ശേഷം അതുപോലൊരു മകരജ്യോതി ദിവസം. 2011 ജനുവരി 14, പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാനെത്തിയ അയ്യപ്പഭക്തർ തിക്കിലും തിരക്കിലുംപെട്ട്‌ മരിച്ചു. 102 പേർക്കായിരുന്നു ജീവൻ നഷ്ടമായത്‌. വണ്ടിപെരിയാറിൽനിന്ന്‌ ശബരിമലയിലേക്കുള്ള കാനനപാതയായ പുല്ലുമേട്ടിൽ വർഷാവർഷം ആയിരക്കണക്കിന്‌ അയ്യപ്പ ഭക്തമാരാണ്‌ മകരജ്യോതി ദർശിക്കാനെത്തുന്നത്‌. മകരജ്യോതി കണ്ടിറങ്ങി മലയിറങ്ങുമ്പോഴായിരുന്നു ആ ദുരന്തം നടന്നത്‌. നിരവധിപേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു..ഒരുപക്ഷേ കേരളം ആൾക്കൂട്ട ദുരന്തത്തിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ അന്നായിരിക്കും അറിഞ്ഞിട്ടുണ്ടാകുക. പിന്നീട്‌ പുല്ലുമേട്ടിൽ കർശന നിയന്ത്രണങ്ങളെല്ലാം പൊലീസ്‌ ഏർപ്പെടുത്തി...

പുല്ലുമേട് ദുരന്തം നടന്ന് 12 വർഷങ്ങൾക്കിപ്പുറം അതുപോലൊരു വൈകുന്നേരമാണ്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന്‌ നടുക്കുന്ന വാർത്ത മലയാളികളുടെ മുന്നിലേക്കെത്തിയത്‌...സംഗീതനിശക്കിടെ മുമ്പ് കോഴിക്കോട്ടും സമാനമായ അപകടം നടന്നിരുന്നു. കോഴിക്കോട് ബീച്ചിൽ നടത്തിയ പരിപാടിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളെത്തി. ആവശ്യത്തിന് പൊലീസ് സംവിധാനങ്ങളും സ്ഥലത്തില്ലായിരുന്നു. തിക്കിലും തിരക്കിലും 70 ഓളം പേർക്ക് അന്ന് പരിക്കേറ്റു. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് ആളപായം ഉണ്ടാകാതിരുന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്...

തിക്കിലും തിരക്കിലുംപെട്ടാൽ....

അപകടങ്ങൾ എപ്പോഴും സംഭവിക്കാം. പ്രത്യേകിച്ചും ആൾക്കൂട്ടമുള്ള പരിപാടികളിൽ. അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വയം രക്ഷ തന്നെയാണ് പ്രധാനം. പിറകിൽ നിന്നൊരു തള്ളുവരുമ്പോൾ സ്വാഭാവികമായും നാം മുന്നോട്ട് വീണുപോകും. നമുക്ക് മുകളിൽ പിറകിലുള്ളവരും വീഴും. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പിടിച്ചുനിൽക്കാമെന്നും ആ കൂട്ടത്തിനിടയിൽ നിന്ന് എങ്ങനെ പുറത്ത് കടക്കാമെന്നും ആദ്യം അറിഞ്ഞിരിക്കണം... ആൾക്കൂട്ടമുള്ള പരിപാടികൾക്ക് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളിതാ...


നിൽപ്പിലുമുണ്ട് കാര്യം...

സാധാരണ നാം നിൽക്കുന്ന പോലെ ഒരിക്കലും ഒരു ആൾക്കൂട്ട പരിപാടികളിലും നിൽക്കരുത്. ഒരു പരിധിയിലധികം ആളുകൾ നിങ്ങൾക്ക് തൊട്ടടുത്തുണ്ടെങ്കിൽ ഒരു ബോക്സറെപോലെയാകണം നിങ്ങളുടെ നിൽപ്പ്...

നിങ്ങൾക്കും നിങ്ങളുടെ മുന്നിലുള്ള വ്യക്തിക്കും ഇടയിൽ ഒരു സുരക്ഷിതമായ അകലം ഉണ്ടാക്കാൻ ഇത് സഹായിക്കും. നെഞ്ചിന് മുന്നിൽ കൈകൾ ബോക്സറുടേത് പോലെ വെക്കണം. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും വാരിയെല്ലിനെയും സംരക്ഷിക്കുകയും ശരിയായ ശ്വസോച്ഛാസം ലഭിക്കാനു സഹായിക്കും.

രണ്ടുകാലും ഒരേ അകലത്തിൽ വെച്ചായിരിക്കും നാം സ്ഥിരമായി നിൽക്കാറുള്ളത്. എന്നാൽ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ അങ്ങനെ ഒരിക്കലും നിൽക്കരുത്. കാരണം പിറകിൽ നിന്ന് പെട്ടന്നൊരു തള്ള് കിട്ടിയാൽ നാം മുന്നോട്ട് വീണു പോകും. അതൊഴിവാക്കാനായി ഒരു കാൽ മുന്നോട്ടും മറ്റേ കാൽ പിന്നോട്ടുമായിട്ടാണ് നിൽക്കേണ്ടത്. ഇങ്ങനെ നിൽക്കുമ്പോൾ പിറകിൽ നിന്ന് തള്ള് കിട്ടായാലും നമുക്ക് അതിനെ ചെറുക്കായി സാധിക്കും.

താഴെ വീണത് എടുക്കാൻ ശ്രമിക്കാതിരിക്കുക...

ആൾക്കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്ത് നിങ്ങളുടെ കൈയിൽ നിന്ന് എന്തെങ്കിലും വീണാൽപോലും കുനിഞ്ഞ് നിന്ന് എടുക്കരുത്. അത് നിങ്ങളുടെ ഫോണായാലും പഴ്സായാലും. കുനിഞ്ഞ് എടുക്കാൻ ശ്രമിച്ചാൽ പിന്നെ തിരികെ എഴുന്നേൽക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് തിരക്കുള്ള പരിപാടികളിൽ പോകുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുപോകാതിരിക്കുക, അല്ലെങ്കിൽ അവ ആ സമയങ്ങളിൽ നിന്ന് പോക്കറ്റിൽ നിന്നോ ബാഗിൽ നിന്നോ എടുക്കാതിരിക്കുക. മറ്റൊരു മാർഗവുമില്ലെങ്കിൽ തൊട്ടടുത്തുള്ള ആളുകളോട് കാര്യം പറയുക. അവരുടെ സഹായത്തോടെ മാത്രം സാധനം എടുക്കുക.

വീണുപോയാൽ

എത്രയൊക്കെ ശ്രമിച്ചിട്ടും നിലത്ത് വീണെന്നിരിക്കട്ടെ. വീണപോലെ കിടക്കാതിരിക്കുക. വീണ ഉടനെ പന്തുപോലെ ചുരുണ്ടുകൂടി കിടക്കാൻ ശ്രമിക്കുക. (ഫീറ്റൽ പൊസിഷൻ) ഏറ്റവും ലളിതമായി പറഞ്ഞാൽ അമ്മയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് എങ്ങനെയാണോ കിടക്കുക അതുപോലെ ‌കാലുകൾ ചുരുട്ടിവേണം കിടക്കാൻ...കൈകൾ തലക്ക് മുകളിലും വെക്കണം..

ഇതുവഴി ഹൃദയം, വാരിയെല്ലുകൾ, ശ്വാസകോശം എന്നിവയടക്കമുള്ള ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറയും. ആൾക്കൂട്ട അപകടങ്ങളിൽ കൂടുതൽ മരണങ്ങളും വാരിയെല്ലുകൾ പൊട്ടി അവയവങ്ങളി‍ൽ തറച്ചാണ് സംഭവിക്കാറുള്ളത്. ഫീറ്റൽ പൊസിഷനിൽ കിടക്കുമ്പോൾ ആളുകൾ നമ്മുടെ ദേഹത്തേക്ക് വീണാലും ഗുരുതരമായ പരിക്കുകളേൽക്കാതെ രക്ഷപ്പെടാൻ സാധിക്കും. അതേസമയം കമിഴ്ന്നോ മലർന്നോ കിടക്കുമ്പോൾ ആളുകൾ നമ്മുടേ ദേഹത്തുണ്ടാകുന്ന പരിക്കുകൾ കൂടുകയും ചെയ്യും..



ആൾക്കൂട്ടത്തോടൊപ്പം നീങ്ങുക

ഒരു തിരക്കുണ്ടായാൽ തിരിഞ്ഞ് നിന്ന് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കരുത്. അത് കൂടുതൽ ആഘാതങ്ങൾ സൃഷ്ടിക്കും. നിങ്ങൾക്ക് ഒരിക്കലും താങ്ങാനാവാത്ത ശക്തിയിലായിരിക്കും മുന്നിൽ നിന്ന് തള്ളുണ്ടാകുന്നത്. അതുകൊണ്ട് ആൾക്കൂട്ടത്തിനരകിലൂടെ മാത്രം നീങ്ങുക...

പുറത്തേക്കുള്ള വഴി,എക്സിറ്റ് വാതിലുകൾ നോക്കി വെക്കുക....

ഇന്ന് മിക്ക പരിപാടികളും നടക്കുന്ന അടച്ചിട്ട ഓഡിറ്റോറിയങ്ങളിലാണ്. അത്തരം ഇടങ്ങിലേക്ക് കയറുമ്പോൾ തന്നെ എക്സിറ്റ് ഡോറുകൾ എവിടെയാണെന്ന് അറിഞ്ഞിരിക്കുക.. അതുപോലെ തന്നെ പുറത്തേക്ക് ഏതൊക്കെ വഴികളിലൂടെ കടക്കാം, സ്റ്റെപ്പുകൾ എവിടെയാണ്എ, മർജൻസി എക്സിറ്റുകൾ ഉണ്ടോ, എങ്കിൽ അത് എവിടെയാണ് തുടങ്ങിയ കാര്യങ്ങളും നോക്കി വെക്കണം. മറ്റൊരു മാർഗവുമില്ലെങ്കിൽ എടുത്ത് ചാടാൻ പറ്റിയ ജനാലകളെങ്കിലും ഉണ്ടോ എന്നുകൂടി നോക്കി വെക്കുന്നത് എപ്പോഴും നല്ലതാണ്...

ആളുകളെ പരിഭ്രാന്തരാക്കരുത്....

ചെറിയ ഒരു കരച്ചിലോ നിലവിളിയോ മതി ഒരാൾക്കൂട്ടം മുഴുവൻ പരിഭ്രാന്തരാകാൻ. അതുകൊണ്ട് ചെറിയ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അലറിക്കരയാതെ ശാന്തരായി നിൽകുക. തൊട്ടടുത്തുള്ള ആളോടോ സുഹൃത്തിനോടോ വിഷയം പറയുക. ക്ഷമയോടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുക. അപകടം നടന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുക. പരമാവധി നിലവിളിക്കാതിരിക്കുക. അത് നിങ്ങളുടെ ശ്വാസോച്ഛാസം കുറക്കുകയും ശരീരം തളരാനും ഇടയാക്കും.

എപ്പോഴും ജാഗരൂകരായി ഇരിക്കുക

തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ജാഗ്രത പാലിക്കുക. എന്ത് സംഭവിച്ചാലും രക്ഷപ്പെടാനുള്ള വഴികൾ നോക്കി വെക്കുക. എവിടെ നിന്നായിരിക്കും തള്ളൽ വരിക, എവിടെയാണ് ഏറ്റവും തിരക്കുള്ളതെന്നും മനസിലാക്കി വെക്കുക. ശേഷം ആൾക്കൂട്ടം കുറയുന്നിടത്തേക്ക് പതുക്കെ നീങ്ങുക. ഈ സമയം മുകളിലേക്ക് നോക്കാനും മറക്കരുത്. കയറി നിൽക്കാൻപറ്റിയ മതിലോ, മറ്റോ ഉണ്ടെങ്കിൽ അതിൽ കയറി നിൽക്കാൻ പറ്റുമോ എന്നും നോക്കുക.

അപകടങ്ങൾ മുൻകൂട്ടി കണ്ടേ പറ്റൂ...

എത്രവലിയ പരിപാടി ആണെങ്കിലും, എത്രരൂപക്ക് ടിക്കറ്റെടുത്തതാണെങ്കിലും തിരക്ക് പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് നിങ്ങൾക്ക് തന്നെ തോന്നിയെന്നിരിക്കട്ടെ. ഇനി അതല്ല, നിൽക്കാൻപോലും ഇടമില്ല, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക ഇതൊക്കെയായാൽ പതുക്കെ അവിടം വിടുക. മതിലുകൾ, ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനകവാടങ്ങൾ, വേലികൾ, തൂണുകൾ എന്നിവയുടെ സമീപത്ത് നിൽക്കാതിരിക്കുക. ആൾക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള സ്ഥലങ്ങളാണ് ഇത്.

വസ്ത്രവും ചെരിപ്പും മുഖ്യം

ആളുകൾ ഒരുപാട് കൂടുന്ന സ്ഥലങ്ങളിൽ പോകുമ്പോൾ നിങ്ങളുടെ വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. ഒരുപാട് നീളമുള്ള ഗൗണുകൾ പോലുള്ള വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക. പെട്ടന്ന് ഓടേണ്ടി വരുമ്പോഴോ എവിടെയങ്കിലും കയറി നിൽക്കേണ്ടിവരുമ്പോഴോ ഇത്തരം വസ്ത്രങ്ങൾ നിങ്ങളെ അപകടത്തിൽപ്പെടുത്തും. കൂടാതെ ഒരുപാട് ഇറുകിയ വസ്ത്രങ്ങളും ധരിക്കാതിരിക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സ്ലിപ്പർ ചെരിപ്പുകൾ, ഹൈഹീൽ ചെരുപ്പുകൾ എന്നിവ ധരിക്കാതിരിക്കുക. ഓടുമ്പോൾ തെന്നിവീഴാൻ ഇത് കാരണമാകും. കെട്ടുകളുള്ള ചെരിപ്പുകളോ ഷൂവോ ധരിക്കാം.

കുട്ടികളെ കൊണ്ടുപോകരുത്

ജനക്കൂട്ടം തിങ്ങിക്കൂടുന്ന പരിപാടികളിലേക്ക് കുട്ടികളുമായി പോകുമ്പോൾ രണ്ടുവട്ടം ചിന്തിക്കുക. ഇത്തരം അപകടങ്ങളിൽ കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടും.


സ്വയം സുരക്ഷ മുഖ്യം

തിരക്കിൽപ്പെടുന്ന സമയത്ത് സ്വയം സുരക്ഷയാണ് ആദ്യം നോക്കേണ്ടത്. നിങ്ങൾ സുരക്ഷിതരായാൽ അപകടത്തിൽപ്പെടുന്നവർക്ക് കൈനീട്ടാം. പരസ്പരം സഹായിക്കുക.

സംഘാടകർക്കുമുണ്ട് ഉത്തരവാദിത്തം

കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ദിവസേന നൂറുക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളും പൊതുപരിപാടികളും നടക്കുന്നുണ്ട്. പരിപാടിയുടെ ഏകോപനമില്ലായ്മ, പരിപാടിയിൽ ഉൾക്കൊള്ളാൻ കഴിയാത്തതിലും പേർക്ക് ടിക്കറ്റ് വിൽക്കുക, സെലിബ്രിറ്റികളുടെ ഓട്ടോഗ്രാഫുകൾ, സെൽഫി എന്നിവ ലഭിക്കാനുള്ള തിരക്ക് തുടങ്ങിയവയൊക്കെ തിരക്ക് കൂട്ടും.

പലപ്പോഴും ഒരു സുരക്ഷാ മാനദണ്ഡങ്ങളും ഇവിടങ്ങളിൽ പാലിക്കാറില്ലെന്നതാണ് വാസ്തവം. ശബരിമല, തൃശ്ശൂർ പൂരം ഉൾപ്പെടെ സംസ്ഥാനത്ത് വലിയ ആൾക്കൂട്ടമെത്തുന്ന ഇടങ്ങളിൽ കൃത്യമായ പൊലീസ് വ്യന്യാസം നിലവിൽ ഒരുക്കി വരുന്നുണ്ട്. എന്നാൽ അടച്ചിട്ട ഓഡിറ്റോറിയങ്ങളിലും മറ്റും നടക്കുന്ന പരിപാടികളിൽ ഇത് പാലിക്കാറില്ല.

അടച്ചിട്ട ഇടങ്ങളിൽ പരിപാടികൾ നടത്തുമ്പോൾ സംഘാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


* ആവശ്യത്തിന് സുരക്ഷ ഉറപ്പുവരുത്തുക

* പരിപാടിയെക്കുറിച്ചും എത്രപേർ പങ്കെടുക്കുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ചും പൊലീസിനെ വിവരം അറിക്കുക.പൊലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക.

* സുരക്ഷാനിർദേശങ്ങൾ ഹാളിന് പുറത്ത് പ്രദർശിപ്പിക്കുക, പരിപാടിക്ക് എത്തുന്നവർക്ക് ഇതിനെക്കുറിച്ച് അവബോധം നൽകുക

* സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കുകയും നിരീക്ഷിക്കുകയും വേണം

* എമർജൻസി കിറ്റുകൾ, അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥലത്ത് ഉറപ്പുവരുത്തുക. റൂട്ട് മാപ്പുകളും എമർജൻസി എക്‌സിറ്റ് റൂട്ടും പ്രധാനപ്പെട്ട ഇടങ്ങളിൽ സ്ഥാപിക്കുക

* സുരക്ഷാജീവനക്കാർക്ക് അപകടം നടന്നാൽ നടത്തേണ്ട രക്ഷാപ്രവർത്തനത്തെക്കുറിച്ച് ബോധവത്കരണം നൽകണം.

* പരിപാടി നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ഗതാഗതം നിയന്ത്രിക്കാൻ നടപടിയുണ്ടാക്കുക. അനിയന്ത്രിതമായ പാർക്കിംഗ് അപകടത്തിന്റെ ആഴം കൂട്ടും

* ആളുകൾ ക്യൂവിൽ നിൽക്കുമ്പോൾ ബാരിക്കേഡുകൾ കൃത്യമായി സ്ഥാപിക്കുക. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ഇത് പ്രധാനപ്പെട്ട കാര്യമാണ്.

* കൂടുതൽ പേർ പങ്കെടുക്കുന്നുണ്ടെങ്കിൽ ആംബുലൻസ് സൗകര്യവും, ഡോക്ടർമാരുമടക്കമുള്ളവരുടെ സേവനം ഉറപ്പ് വരുത്തുക. സമീപപ്രദേശങ്ങളിലെ ആശുപത്രികളുടെ ലിസ്റ്റ് തയ്യാറാക്കി വെക്കുക.അടിയന്തര സാഹചര്യം നേരിടേണ്ടിവന്നാൽ വിളിക്കേണ്ട നമ്പറുകളും തയ്യാറാക്കി വെക്കുക.

അപകടങ്ങൾ ഉണ്ടാകുന്നത്

* പരിപാടി തുടങ്ങുമ്പോൾ അകത്തേക്ക് തള്ളിക്കയറാനുള്ള തിരക്കും അതുപോലെതന്നെ പരിപാടി അവസാനിച്ചതിന് ശേഷം പുറത്തേക്ക് പോകുമ്പോഴുമുള്ള തിരക്കുമാണ് പലപ്പോഴും തിക്കിനും തിരക്കിനും പ്രധാനകാരണം.

* ഒരേസമയം അകത്തേക്ക് ആളെ കയറ്റുകയും പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങുമ്പോഴും ഈ തിരക്കുണ്ടാകും.

* രാഷ്ട്രീയ പാർട്ടികളും സംഘടനകളും സൗജന്യമായി വസ്ത്രം, പണം, ഭക്ഷണം എന്നിവയൊക്കെ വിതരണം ചെയ്യാറുണ്ട്. കേരളത്തിൽ ഇത് കുറവാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇത് സ്ഥിരം കാഴ്ചയാണ്. ഇത്തരം സ്ഥലങ്ങളിൽ പലപ്പോഴും ആൾക്കൂട്ടത്തിൽ നിന്ന് തിരക്കുണ്ടാകുകയും അപകടം സംഭവിക്കുകയും ചെയ്യും.

* ഷോപ്പിങ് മാളുകളിൽ പരിമിത കാലത്തേക്ക് മാത്രമായി ഓഫറുകളും മെഗാസെയിലുകളും നടത്താറുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ആളുകൾ തിക്കിത്തിരക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു.

* സെലിബ്രിറ്റികൾ വരുന്ന പരിപാടികളാണെങ്കിൽ അവർക്കൊപ്പം സെൽഫിയെടുക്കാനാണ് എല്ലാവരുടെയും തിടുക്കം. മുമ്പൊക്കെയായിരുന്നെങ്കിൽ ഓട്ടോഗ്രാഫ് വാങ്ങാനായിരുന്നു ആളുകൾ തിരക്ക് കൂട്ടിയിരുന്നത്. എന്നാൽ ഇന്ന് ഫോട്ടോയെടുക്കാനാണ് പലരും തിരക്ക് കൂട്ടാറുള്ളത്. ഇതും അപകടത്തിന് കാരണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health TipsHuman Stampede
News Summary - HOW TO SURVIVE A HUMAN STAMPEDE
Next Story