Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightfitnesschevron_right‘അന്ന് കുഞ്ഞിന് പാൽ...

‘അന്ന് കുഞ്ഞിന് പാൽ കൊടുത്ത് ഉറക്കി അതിരാവിലെ ജിമ്മിലേക്ക്, വർക്കൗട്ടിനൊപ്പം ഡയറ്റും. ഇന്ന് ഫിറ്റ്നസ് ട്രെയിനറും സംരംഭകയും’ ഇത് സ്നേഹയെന്ന വീട്ടമ്മയുടെ വിജയ കഥ...

text_fields
bookmark_border
sneha gym
cancel
camera_altസ്നേഹ. ചി​​​ത്ര​​​ങ്ങ​​​ൾ: നിഖിൽ കൃഷ്ണ

പ്രസവാനന്തരം 85 കിലോ ആയിരുന്നു എന്‍റെ ശരീരഭാരം. പലതരത്തിലുള്ള മാനസിക- ശാരീരിക അസ്വസ്ഥതകളും അലട്ടിയിരുന്നു. അതിനെയെല്ലാം മറികടക്കാൻ സഹായിച്ചത് വീട്ടിൽചെയ്തിരുന്ന വ്യായാമമായിരുന്നു. പിന്നീടാണ് വീടിനടുത്തുള്ള ജിംനേഷ്യത്തിൽ വർക്കൗട്ട് തുടങ്ങിയത്.


ഫീഡ് ചെയ്യുന്ന മകൾ എഴുന്നേൽക്കും മുമ്പ് വീട്ടിൽ തിരിച്ചെത്തേണ്ടതിനാൽ പുലർച്ചെ അഞ്ചിന് ജിമ്മിലെത്തും. ദിവസവും ഒരുമണിക്കൂറോളം പ്രാക്ടീസ്. കൃത്യമായ വർക്കൗട്ടിനൊപ്പം ഡയറ്റും ഫോളോ ചെയ്തതോടെ എട്ടുമാസത്തിനകം ഭാരം 55 കിലോയിലെത്തി. ശരീരത്തിനൊപ്പം മനസ്സിനെയും ‘കട്ടക്ക്’ നിർത്തിയെന്നതാണ് ഏറ്റവും വലിയ സന്തോഷം’ - തൃശൂർ സ്വദേശി സ്നേഹയെന്ന വീട്ടമ്മയുടെ വാക്കുകളാണിത്.


ട്രാൻസ്ഫർമേഷൻ സ്നേഹ സ്റ്റൈൽ

30 കിലോയോളം ഭാരമാണ് ഞാൻ കുറച്ചത്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള എന്‍റെ ഫോട്ടോ നോക്കി ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്. സോഷ്യൽമീഡിയ കാലമല്ലേ, അത് ആളുകളിലേക്ക് എത്താൻ പ്രയാസമില്ലല്ലോ? ട്രാൻസ്ഫർമേഷൻ രഹസ്യം അന്വേഷിച്ച് കൂട്ടുകാരികളും അല്ലാത്തവരുമൊക്കെ നിരന്തരം വിളിക്കും.

അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീട്ടിൽതന്നെ താൽക്കാലിക ജിം സെറ്റ് ചെയ്ത് ചെറിയരീതിയിൽ പരിശീലനം തുടങ്ങിയത്. ആളുകളുടെ എണ്ണം വർധിച്ചതോടെയാണ് തൃശൂരിൽ യൂനിസെക്സ് ജിം തുടങ്ങാൻ പ്ലാനിട്ടത്. അതിന്‍റെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് ലോക്ഡൗൺ വന്നത്.

ഫിറ്റ്നസിനൊപ്പം വരുമാനവും

ലോക്ഡൗണിനുശേഷം ജിം തുറന്നു. തൃശൂർ സ്പോർട്സ് അക്കാദമിക്കു മുകളിൽ ഡാർക് ജിം സിറ്റി എന്ന സ്വന്തം സ്ഥാപനത്തിലൂടെ നിരവധിയാളുകൾക്ക് പരിശീലനം നൽകാനായി. രാവിലെ സ്ത്രീകൾക്കു മാത്രമായുള്ള പ്രത്യേക ട്രെയിനിങ്ങുമുണ്ട്. കായികപിന്തുണക്കൊപ്പം അവർക്ക് മാനസിക പിന്തുണയും നൽകാനാവുന്നുണ്ട്.

അത്തരം അനുഭവങ്ങളുടെ പോസിറ്റിവായ നിരവധി കഥകൾ തന്നെയാണ് എന്റെയും അവരുടെയും ഊർജം. 14 മുതൽ 60 വയസ്സുവരെയുള്ളവർക്ക് പരിശീലനം നൽകുന്നുണ്ട്. സ്പെഷൽ പോപുലേഷൻ കാറ്റഗറി തിരിച്ചാണ് പരിശീലനം. ബി.ടെക്കാണ് ഞാൻ പഠിച്ചത്. ജിം ട്രെയിനറായത് പാഷൻ കൊണ്ടാണ്. സംരംഭം എന്ന നിലക്കും ജിംനേഷ്യം വിജയമാണ്.

സ്വകാര്യ ടെലികോമിൽ എൻജിനീയറായ ഭർത്താവ് അഖിൽകുമാർ, മകൾ മിഴി, ഭർത്താവിന്‍റെ വീട്ടുകാർ എന്നിവരുടെ പിന്തുണതന്നെയാണ് എന്‍റെ കരുത്ത്. ‘ആരോഗ്യത്തോടെയിരുന്നാലല്ലേ ജോലിയെടുക്കാൻ കഴിയൂ. വിമൻസ് ഫിസിക് കോമ്പറ്റീഷനിൽ മിസിസ് കേരള 2022, മിസിസ് തൃശൂർ 2022 എന്നിവയിൽ സ്വർണ ജേതാവും ടൈറ്റിൽവിന്നറുമായിട്ടുണ്ട്’.

മാറണം സ്ത്രീകളുടെ ആരോഗ്യ കാഴ്ചപ്പാട്

സ്ത്രീകൾ, പുരുഷന്മാരേക്കാൾ രണ്ടുമടങ്ങ് വിഷാദരോഗം അനുഭവിക്കുന്നവരാണ്. സാമൂഹിക ചുറ്റുപാടുകൾ തന്നെയാണ് അതിന്‍റെ പ്രധാന ഉറവിടം. അതേപോലെ ഗർഭിണിയായിരിക്കുമ്പോഴും കുഞ്ഞിനെ വളർത്തുന്ന ഘട്ടത്തിലും സ്ത്രീകൾ മാനസിക സംഘർഷങ്ങൾക്ക് വിധേയരാകുവാനുള്ള സാധ്യത കൂടുതലാണ്.

ലഘുവായ പോസ്റ്റ്പാർട്ടം ബ്ലൂസ് തൊട്ട് വളരെ ഗുരുതരമായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ, സൈക്കോസിസ് തുടങ്ങിയ രോഗാവസ്ഥകൾ വരെ ഉണ്ടാകാം. എന്നാൽ, ശാരീരിക-മാനസിക ആരോഗ്യത്തിൽ ശ്രദ്ധിക്കാതെ വീട്ടുജോലി, പ്രഫഷൻ എന്നിവയിൽ മുഴുകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവെക്കുക. അത്തരം അവസ്ഥകൾ ഒഴിവാക്കാൻ കൃത്യമായ വ്യായാമമുറകൾ ശീലിക്കുക. ഒന്നും ഭാവിയിലേക്ക് മാറ്റിവെക്കാതിരിക്കുക.


ഫിറ്റായിരിക്കാൻ ചില ടിപ്സുകൾ

● എത്ര തിരക്കായാലും സ്വന്തം ശരീരം ശ്രദ്ധിക്കുക. അതിനായി ദിവസവും അൽപസമയം നിർബന്ധമായി മാറ്റിവെക്കുക.

● ഭക്ഷണം കഴിക്കാതിരിക്കലല്ല ഡയറ്റിങ് എന്നു തിരിച്ചറിവുണ്ടാകുക. കൃത്യമായ ഡയറ്റ് പിന്തുടരുക.

● ദിവസവും ഒരുമണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക.

● പ്രസവശേഷം ഒരുവർഷമോ അല്ലെങ്കിൽ നമ്മൾ ഓകെ ആവുന്നതുവരെയോ വിശ്രമിച്ചശേഷം വ്യായാമം ആരംഭിക്കാം.

● വർക്കൗട്ട് ശരീരത്തിന് മാത്രമല്ല മെന്‍റലീ ഡിപ്രഷൻ, സ്ട്രെസ് മാനേജ്മെന്‍റ് എന്നിവക്കെല്ലാം മികച്ചതാണ് എന്ന് സ്വയം തിരിച്ചറിയുക.

● വർക്കൗട്ട് പുതുതായി തുടങ്ങുന്നവരാണെങ്കിൽ പെട്ടെന്ന് എല്ലാം ചെയ്യാം എന്ന് കരുതരുത്. ശരീരം ഏതു രീതിയിലാണ് പ്രതികരിക്കുകയെന്ന് മനസ്സിലാക്കണം.

● ജിമ്മില്‍ പോകാന്‍ തുടങ്ങിയാല്‍ പെട്ടെന്നുതന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ വരുത്താൻ ശ്രമിക്കരുത്. ഓരോ സമയത്തെയും ന്യൂട്രീഷന്‍ പാറ്റേണ്‍ അനുസരിച്ചുവേണം ഭക്ഷണകാര്യങ്ങളില്‍ മാറ്റംവരുത്താന്‍.

● വർക്കൗട്ട് ചെയ്യുമ്പോള്‍ ശ്വസനനില കൃത്യമായി നോക്കണം. ശ്വാസം നന്നായി അകത്തേക്ക് വലിക്കുകയും പുറത്തേക്ക് വിടുകയും വേണം.

● വർക്കൗട്ട് ചെയ്യുമ്പോള്‍ ശരീരത്തിന്റെ തുലനനില തെറ്റാതെ നോക്കണം. കുനിഞ്ഞും ചരിഞ്ഞും വളഞ്ഞുമൊന്നുംനിന്ന് വ്യായാമം ചെയ്യരുത്. പരിക്കേല്‍ക്കാതിരിക്കാനുള്ള ശ്രദ്ധവേണം.


● ദീര്‍ഘനേരമോ, സ്ഥിരമായോ ഒരേ ശരീരഭാഗം തന്നെ ഉപയോഗിച്ച് തുടര്‍ച്ചയായി വ്യായാമം ചെയ്യരുത്. ശരീരത്തിന്‍റെ ഒരുഭാഗം അമിതമായി ഉപയോഗിക്കുന്നതും ഒരു പ്രത്യേക പേശിക്ക് സമ്മര്‍ദം നല്‍കുന്നതും പരിക്കിനും തേയ്മാനത്തിനും ഇടയാക്കും.

● ആഴ്ചയില്‍ ഒരു ദിവസം വർക്കൗട്ടിന് അവധി കൊടുക്കുക.

● ജിമ്മില്‍ വർക്കൗട്ട് ചെയ്യുമ്പോള്‍ ക്ഷീണം തോന്നിയാല്‍ വർക്കൗട്ട് നിര്‍ത്തി കുറച്ചുനേരം വിശ്രമിക്കുക.

● ജിമ്മില്‍ പോകാന്‍ താൽപര്യമില്ലാത്ത ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവര്‍ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ വർക്കൗട്ട് രീതിയിലേക്ക് മാറ്റുക. നമുക്ക് പറ്റാവുന്ന രീതിയിൽ വ്യായാമം ചെയ്യാൻ ശ്രമിക്കണം. ഉദാഹരണത്തിന് നടത്തം, എലിവേറ്ററിനും ലിഫ്റ്റിനും പകരം കോണിപ്പടി കയറല്‍ പോലുള്ളവ

● വെയ്റ്റ് ഗെയിൻ, വെയ്റ്റ് ലോസ് എന്നിങ്ങനെ പല ലക്ഷ്യം വെച്ചാവും വർക്കൗട്ട് ചെയ്യുക. മറ്റുള്ളവരുടെ രീതികൾ അവലംബിക്കാതെ അവനവന്‍റെ ശരീരത്തിനുവേണ്ട പരിശീലനവും ഭക്ഷണക്രമവും പിന്തുടരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam kudumbamkudumbamfitnesssneha
News Summary - sneha, fitness,
Next Story