നിയോജക മണ്ഡല പരിചയം: കൊടുങ്ങല്ലൂർ ഉള്ളിൽ ഒളിപ്പിക്കുന്നതെന്ത്
text_fieldsമാള: ജൂത സ്മരണകളാൽ സമ്പന്നമായ മാളയും മുസ്രിസ് പൈതൃകം പേറുന്ന കൊടുങ്ങല്ലൂരും ചേർന്ന നിയോജക മണ്ഡലമാണ് കൊടുങ്ങല്ലൂർ. മാളയുടെ കോൺഗ്രസ് സ്നേഹവും കൊടുങ്ങല്ലൂരിെൻറ ചുവപ്പൻ പ്രേമവും 2011ന് പിന്നാലെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ പ്രതിഫലിക്കപ്പെട്ടു.
മാള എന്നും കോൺഗ്രസ് കോട്ടയായിരുന്നു. കൊടുങ്ങല്ലൂർ നേരെ തിരിച്ചാണ്. 1951 മുതൽ കൊടുങ്ങല്ലൂർ എന്ന പേരിലായിരുന്ന, ആ പ്രദേശം ഉൾപ്പെട്ടിരുന്ന നിയോജക മണ്ഡലത്തിൽനിന്ന് 1965ൽ മാള നിയോജക മണ്ഡലം പിറവി കൊണ്ടു. 2011ലെ പുനർ നിർണയത്തിൽ മാള അപ്രത്യക്ഷമായി കൊടുങ്ങല്ലൂർ വീണ്ടും ജനിച്ചു. പഴയ മാളയിൽ ഉൾപ്പെട്ടിരുന്ന മാള, അന്നമനട, കുഴൂർ, പൊയ്യ, പുത്തൻചിറ, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളും കൊടുങ്ങല്ലൂർ നഗരസഭ പ്രദേശങ്ങളും ചേർന്നതാണ് ഇപ്പോഴത്തെ മണ്ഡലം.
1957ൽ തൃശൂരിൽ 2486 വോട്ടിന് ഡോ. എ.ആർ. മേനോനോട് അടിയറവ് പറഞ്ഞ കെ. കരുണാകരൻ ഉയർേത്തഴുന്നേറ്റ മണ്ഡലമാണ് പഴയ മാള. രൂപവത്കൃതമായ 1965 മുതൽ 91വരെ എട്ടുതവണ മാളയുടെ പ്രതിനിധിയായി കരുണാകരൻ നിയമസഭയിലെത്തി. കരുണാകരനിലൂടെ സംസ്ഥാനത്ത് ഏറ്റവും അധികം തവണ മുഖ്യമന്ത്രിയെ പ്രതിനിധാനം ചെയ്ത മണ്ഡലവുമായി, മാള. മാള കൊടുങ്ങല്ലൂരായി മാറിയതിന് പിന്നാലെ 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ നാട്ടികയിൽനിന്നെത്തിയ ടി.എൻ. പ്രതാപനെ സ്വീകരിച്ചു.
പരാജയപ്പെട്ടത് കൊടുങ്ങല്ലൂരിലെ യുവ നേതാവ് കെ.ജി. ശിവാനന്ദൻ. അതേ കൊടുങ്ങല്ലൂരിൽനിന്ന് മറ്റൊരു യുവാവിനെ പോർക്കളത്തിലിറക്കിയാണ് എൽ.ഡി.എഫ് അടുത്ത അങ്കം കുറിച്ചത്. മുൻ കൃഷിമന്ത്രിയും സി.പി.ഐയുടെ മുതിർന്ന നേതാവുമായിരുന്ന വി.കെ. രാജെൻറ മകൻ അഡ്വ. വി.ആർ. സുനിൽകുമാർ പ്രതാപൻ നേടിയതിനേക്കാൾ ഇരട്ടി ഭൂരിപക്ഷം 2016ൽ നേടി. 1996ൽ 'ഗർജിക്കുന്ന സിംഹം' എന്ന അപരനാമത്തിലറിയപ്പെടുന്ന വി.കെ. രാജൻ കോൺഗ്രസിെൻറ കുത്തക മണ്ഡലം പിടിച്ചെടുത്തിരുന്നു. അച്ഛെൻറ വഴി തെരഞ്ഞെടുത്ത മകൻ പാരമ്പര്യം ആവർത്തിക്കുകയായിരുന്നു.
നേരത്തേ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മേൽക്കോയ്മയെങ്കിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാള, പൊയ്യ, വെള്ളാങ്കല്ലൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. പുത്തൻചിറ, അന്നമനട പഞ്ചായത്തുകളിൽ തുല്യതയിലെത്തുകയും ചെയ്തിരുന്നു.
യു.ഡി.എഫ് കുഴൂർ പഞ്ചായത്തിൽ ഭരണം നിലനിർത്തി. അന്നമനട, പുത്തൻചിറ എന്നിവിടങ്ങളിൽ തുല്യത നേടി. കൊടുങ്ങല്ലൂർ നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയത് എൽ.ഡി.എഫാണ്. നഗരസഭയിൽ ആറ് സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 16 ആക്കി ഉയർത്തി. വിവിധ പഞ്ചായത്തുകളിൽ അഞ്ച് സീറ്റുകൾ പിടിച്ചെടുക്കാനും അവർക്കായി.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കൂടുതൽ കരുത്തരായി. മാള, വെള്ളാങ്കല്ലൂർ ബ്ലോക്കുകളും, അന്നമനട, പുത്തൻചിറ, മാള, ആളൂർ എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫ് കൈ പിടിയിലൊതുക്കി. യു.ഡി.എഫ് കുഴൂർ, പൊയ്യ പഞ്ചായത്തുകളിൽ ഒതുങ്ങി. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 23ൽ 21 സീറ്റുകളിലും വിജയിച്ച് എൽ.ഡി.എഫ് ഒന്നാമതെത്തി.
യു.ഡി.എഫ് കേവലം ഒരു സീറ്റിൽ ഒതുങ്ങി. അതേസമയം, ബി.ജെ.പി പതിനാറ് സീറ്റുകളില്‍ പതിനെഞ്ചണ്ണം നിലനിര്‍ത്തുകയും ആറെണ്ണം പിടിച്ചെടുത്ത് 21 സീറ്റുകളിൽ വിജയിച്ചു. പൊയ്യ, മാള ഗ്രാമപഞ്ചായത്തുകളിൽ രണ്ട് വീതം വാർഡുകളും നേടി. എന്നാൽ, നേരത്തേയുണ്ടായിരുന്ന കുഴൂർ -രണ്ട്, പുത്തൻചിറ- ഒന്ന് വാർഡുകൾ നഷ്ടമാവുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളുടെയും വിജയ പരാജയത്തിന് എൻ.ഡി.എ വോട്ടുകൾ നിർണായകമായിരിക്കുമെന്നാണ് നിരീക്ഷണം.
ആനാപ്പുഴയിലെ അരയ സമാജം, കോട്ടപ്പുറം രൂപത, ചേരമാൻ ജുമാമസ്ജിദ്, ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ വരുന്ന മാള, പുത്തൻചിറ ഫെറോനകൾ എന്നിവ മണ്ഡലത്തിലെ നിർണായക ഘടകങ്ങളാണ്. നായർ, ക്രിസ്ത്യൻ വോട്ടുകൾ വിധിനിർണയിക്കും. നിലവിലെ എം.എൽ.എ വി.ആർ. സുനിൽകുമാറിനെ തന്നെയാണ് സി.പി.ഐ പരിഗണിക്കുന്നത്.
യു.ഡി.എഫിൽ കെ.പി.സി.സി സെക്രട്ടറിയായ ടി.യു. രാധാകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്. അനിൽകുമാർ, ഇരിങ്ങാലക്കുട നഗരസഭ െചയർപേഴ്സൻ സോണിയഗിരി എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. ബി. ഗോപാലകൃഷ്ണനും മുൻ എം.എൽ.എ ഉമേഷ് ചള്ളിയിലും ബി.ജെ.പി പരിഗണനയിലുണ്ട്.
നിയമസഭയിൽ ഇതുവരെ
1957
ഇ. ഗോപാലകൃഷ്ണ മേനോൻ (കമ്യൂണിസ്റ്റ്) 20,385
എ.കെ. കുഞ്ഞുമൊയ്തീൻ (കോൺ.) 18,894
ഭൂരിപക്ഷം 1,491
1960
പി.കെ. അബ്ദുൽ ഖാദർ (കോൺ.) 33,679
ഇ. ഗോപാലകൃഷ്ണ മേനോൻ (സി.പി.ഐ) 26,164
ഭൂരിപക്ഷം 7,515
1965
കെ. കരുണാകരൻ (കോൺ.) 18,044
കെ.എ. തോമസ് (സി.പി.ഐ) 13,282
ഭൂരിപക്ഷം 4,762
1967
കെ. കരുണാകരൻ (കോൺ.) 23,563
കെ.എ. തോമസ് (സി.പി.ഐ) 23,199
ഭൂരിപക്ഷം 364
1970
കെ. കരുണാകരൻ (കോൺ.) 30,364
വർഗീസ് മേച്ചേരി (സ്വത.) 19,311
ഭൂരിപക്ഷം 11,053
1977
കെ. കരുണാകരൻ (കോൺ.) 34,699
പോൾ കോക്കാട്ട് (സി.പി.എം) 25,233
ഭൂരിപക്ഷം 9466
1980
കെ. കരുണാകരൻ (കോൺ.) 35,964
പോൾ കോക്കാട്ട് (സി.പി.എം) 32,562
ഭൂരിപക്ഷം 3,402
1982
കെ. കരുണാകരൻ (കോൺ.) 35,138
ഇ. ഗോപാലകൃഷ്ണ മേനോൻ (സി.പി.ഐ) 31,728
ഭൂരിപക്ഷം 3,410
1987
കെ. കരുണാകരൻ (കോൺ.) 46,301
മീനാക്ഷി തമ്പാൻ (സി.പി.ഐ) 40,009
ഭൂരിപക്ഷം 6292
1991
കെ. കരുണാകരൻ (കോൺ.) 50,966
വി.കെ. രാജൻ (സി.പി.ഐ) 48,492
ഭൂരിപക്ഷം 2,474
1996
വി.കെ. രാജൻ (സി.പി.ഐ) 49,993
മേഴ്സി രവി (കോൺ.) 46,752
ഭൂരിപക്ഷം 3,241
2001
ടി.യു. രാധാകൃഷ്ണൻ (കോൺ.) 57,976
യു.എസ്. ശശി (സി.പി.ഐ) 45,995
ഭൂരിപക്ഷം 11,981
2006
എ.കെ. ചന്ദ്രൻ (സി.പി.ഐ) 46,004
ടി.യു. രാധാകൃഷ്ണൻ (കോൺ.) 38,976
ഭൂരിപക്ഷം 7,028
2011
ടി.എൻ. പ്രതാപൻ (കോൺ.) 64,495
കെ.ജി. ശിവാനന്ദൻ (സി.പി.ഐ) 55,063
ഭൂരിപക്ഷം 9,432
2016
വി.ആർ. സുനിൽകുമാർ (സി.പി.ഐ) 67,909
കെ.പി. ധനപാലൻ (കോൺ.) 45,118
ഭൂരിപക്ഷം 22,791
2019 ലോക്സഭ
ബെന്നി ബെഹനാൻ (കോൺ.) 4,73,444
ഇന്നസെൻറ് (സി.പി.എം) 3,41,170
ഭൂരിപക്ഷം 1,32,274
തദ്ദേശ സ്ഥാപന കക്ഷിനില:
കൊടുങ്ങല്ലൂർ നഗരസഭ
എൽ.ഡി.എഫ് -22, എൻ.ഡി.എ -21, യു.ഡി.എഫ് -01
മാള പഞ്ചായത്ത്
എൽ.ഡി.എഫ് -12, യു.ഡി.എഫ് -05 എൻ.ഡി.എ -02
അന്നമനട
എൽ.ഡി.എഫ് -09, യു.ഡി.എഫ് -09
കുഴൂർ
യു.ഡി.എഫ് -09, എൽ.ഡി.എഫ് -05
പൊയ്യ
യു.ഡി.എഫ് -08, എൽ.ഡി.എഫ് -05, എൻ.ഡി.എ -02
പുത്തൻചിറ
എൽ.ഡി.എഫ് -09, യു.ഡി.എഫ് -06
വെള്ളാങ്ങല്ലൂർ
എൽ.ഡി.എഫ് -13, യു.ഡി.എഫ് -08
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.