Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഎന്തൊരു ക്ഷീണം....!

എന്തൊരു ക്ഷീണം....!

text_fields
bookmark_border
എന്തൊരു ക്ഷീണം....!
cancel

വേനൽചൂട്​ കടുത്തതോടെ ഏറെയും ഉയർന്നുകേൾക്കുന്ന പരാതിയാണ്​ ശാരീരിക ക്ഷീണം. പ്രായമായവരിൽ ഇത്​ ഒരൽപം കൂടുതലായിരിക്കും. ശരീരത്തിലെ പേശികളുടെയും ആന്തരികാവയവങ്ങളുടെയും പ്ര​വർത്തനശേഷി കുറയുന്നതിനാൽ പ്രായം കൂടുന്നതിനനുസരിച്ച്​ ശാരീരിക ക്ഷീണം അനുഭവപ്പെടുന്നത്​ സ്വാഭാവികം​. എന്നാൽ, ചിട്ടയായ ജീവിതശൈലിയിലൂടെയും ആരോഗ്യകരമായ ദിനകൃത്യങ്ങളിലൂടെയും ഇതിനെ മറികടക്കാനാവും. ​ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥയുടെ ഭാഗമായോ, കഠിനമായ അധ്വാനത്തെ തുടർന്നോ അല്ലാതെ ഒരു വ്യക്​തിക്ക്​ തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന്​ വൈദ്യസഹായം തേടേണ്ടതാണ്​.

പൊതുവിൽ ക്ഷീണത്തിനുപിറകിൽ രണ്ട്​ തരത്തിലുള്ള കാരണങ്ങളാണ്​ കണ്ടുവരുന്നത്​. ശാരീരികമായ കാരണങ്ങൾ മൂലമുണ്ടാവുന്ന ക്ഷീണവും (Organic reasons) ശാരീരികമായ കാരണങ്ങൾക്കൊണ്ടല്ലാതെയുണ്ടാവുന്ന ക്ഷീണവും (Unexplained Fatigue)​.

ചികിത്സാ രീതി

പ്രാഥമികമായി ക്ഷീണത്തിന്‍റെ അടിസ്ഥാനകാരണം കണ്ടെത്തുകയാണ്​ ചികിത്സയുടെ ആദ്യപടി. അണുബാധയുണ്ടെങ്കിൽ ആൻറിബയോട്ടിക്കുകളും, പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകളും, വിളർച്ചക്കും മറ്റും വൈറ്റമിൻ സപ്ലിമെന്‍റുകളും, ഹോർമോൺ തകരാറുകളുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള മരുന്നുകളും നൽകുകയാണ്​ സാധാരണ ചെയ്യുക.

ഉറക്ക തകരാറുകളുള്ളവർക്ക് ആവശ്യമുള്ള ചികിത്സയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മരുന്നുകളും നൽകും. മാനസിക പ്രശ്നമുള്ളവർക്ക്​ മനോരോഗ വിദഗ്​ധന്‍റെ മേൽനോട്ടത്തിൽ ആവശ്യമായ ചികിത്സയാണ്​ നൽകേണ്ടത്​.

ക്ഷീണം പലപ്പോഴും രോഗമല്ല, മറിച്ച്​ രോഗലക്ഷണമാണ്. അതുകൊണ്ടുതന്നെ രോഗനിർണയം നടത്തി ചികിത്സിക്കുകയാണ്​ യഥാർഥ പരിഹാര മാർഗം. ചികിത്സയോടൊപ്പം ജീവിതശൈലി ക്രമീകരിക്കാനുമുള്ള നിർദേശങ്ങളും പാലിക്കേണ്ടിവരും.

ക്ഷീണത്തിന്‍റെ കാരണങ്ങൾ

1. അമിതമായ വിയർപ്പും ആവശ്യത്തിന്​ ശുദ്ധജലം കുടിക്കാത്ത അവസ്ഥയുമാണ്​ വേനൽക്കാലത്തുണ്ടാവുന്ന ക്ഷീണത്തിന്​ പ്രധാനമായും കാരണം​. വിയർപ്പിലൂടെ ജലാംശവും ലവണങ്ങളും നഷ്ടമാവുകയും ശരീരത്തിൽ നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നതുകൊണ്ടാണിത്​.

2. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം മൂലം രക്​തത്തിലെ പഞ്ചസാരയുടെ തോത്​ പരിധികടക്കുമ്പോഴും ​ കടുത്ത ക്ഷീണം അനുഭവ​പ്പെടും​. പ്രമേഹത്തിനുള്ള ​ശക്​തിയേറിയ ചില മരുന്നുകളും ക്ഷീണത്തിന്​ കാരണമാവാറുണ്ട്​​. ഇത്തരം മരുന്നുകൾ കഴിച്ചശേഷം ഭക്ഷണം കഴിക്കാൻ താമസിച്ചുപോയാൽ രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്നത്​ (ഹൈപോഗ്ലൈസീമിയ) കടുത്ത ക്ഷീണമുണ്ടാക്കും.

3. പ്രമേഹബാധിതരല്ലാത്തവരിലും​ ​​രക്തത്തിലെ പഞ്ചസാരയുടെ അളവ്​ കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാറുണ്ട്​. ഇത്​ പ്രമേഹബാധക്ക്​ തൊട്ടുമുമ്പുള്ള ശാരീരികാവസ്​ഥയാണ്.

ഇവരിൽ​ ഭക്ഷണം കഴിച്ചുകഴിഞ്ഞ്​ രണ്ടോ മൂന്നോ മണിക്കൂറുകൾ കഴിഞ്ഞാലും രാവിലെ എഴുന്നേറ്റാലുടനെയും രക്തത്തിലെ പഞ്ചസാരയുടെ അളവ്​ കുറയുന്നതായി കണ്ടുവരാറുണ്ട്​​. ഇവർ താമസിയാതെ പ്രമേഹബാധിതരാവാനുള്ള സാധ്യതയേറെയാണ്​.

4. ക്ഷീണം അനുഭപ്പെടാനുള്ള മറ്റൊരുകാരണം തൈറോയ്​ഡ്​ ഹോർമോണിന്‍റെ കുറവാണ്​. തൈറോയ്ഡ്​ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ടി-3, ടി-4 ഹോർമോണുകൾ കുറയുന്നതോടെ ​ ‘ഹൈപ്പോ തൈറോയ്ഡിസം’ ബാധിച്ച്​ ശരീരത്തിന്​ ക്ഷീണം അനുഭവപ്പെടുന്നു​. അലസത, വിഷാദരോഗം എന്നിവ ഇതിന്‍റെ ഫലമായുണ്ടാകുന്ന അവസ്ഥകളാണ്​. ചർമം വരളുക, മുടി കൊഴിയുക എന്നിവയും ഇതോടൊപ്പം കണ്ടുവരാറുണ്ട്​.

5. രക്തക്കുറവ്​ മൂലവും ക്ഷീണമുണ്ടാവാറുണ്ട്​. പേഷകാഹാരക്കുറവ്​ മൂലമോ മറ്റ്​ രോഗങ്ങൾ കാരണമോ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ്​ കുറയുന്ന അവസ്ഥയാണിത്​.

6. പ്രായംചെല്ലുന്തോറും ആന്തരികാവയവങ്ങളായ ഹൃദയം, വൃക്കകൾ, ശ്വാസകോശം, കരൾ എന്നിവയുടെ പ്രവർത്തനങ്ങളിലുണ്ടാവുന്ന കുറവുമൂലവും ക്ഷീണം അനുഭവപ്പെടാം.

7. അർബുദം പോലെയുള്ള ഗുരുതരമായ രോഗങ്ങളുടെ ഭാഗമായും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്​.

ക്ഷീണത്തെ അതിജീവിക്കാം

പോഷകാഹാരങ്ങൾ കഴിക്കുകഎന്തൊരു ക്ഷീണം....!

ധാരാളം ശുദ്ധജലം കുടിക്കുക

കൃത്യസമയങ്ങളിൽ എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക

ജോലിക്കിടയിൽ ആവശ്യത്തിന്​ വിശ്രമിക്കുക

ലഹരിവസ്തുക്കൾ പൂർണമായി ഒഴിവാക്കുക

ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വിദഗ്​ധ ഡോക്ടർമാരുടെ സഹായം തേടുക.

വേനൽചൂടിനെ നേരിടാം

1. ചൂടുള്ള കാലാവസ്ഥയിൽ സുഷിരങ്ങളുള്ള അയഞ്ഞ കോട്ടൻ വസ്​ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.

2. ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം ഭക്ഷണത്തിൽ നാരുകൾ കൂടുതലുള്ള പച്ചക്കറികളും സാലഡുകളും ഉൾപ്പെടുത്തുകയും മത്സ്യ-മാംസങ്ങൾ കഴിയുന്നത്ര കുറക്കുകയും ചെയ്യുക.

3. പകൽ ചൂടുകൂടിയ സമയങ്ങളിൽ (11 മണിക്കും 3 മണിക്കും ഇടയിൽ) തുറസ്സായ സ്​ഥലങ്ങളിലെ ജോലി ഒഴിവാക്കുക.

4. കുട്ടികളെ വെയിലത്ത്​ കളിക്കാൻ അനുവദിക്കാതിരിക്കുക.

5. ​ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്​താതിസമ്മർദം, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർക്ക്​ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്​.

6. പ്രായമേറിയവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം.

മറ്റ്​ കാരണങ്ങൾ

മാനസികമായ പ്രശ്നങ്ങൾമൂലം ഉറക്കം നഷ്ടമാവുമ്പോൾ. മനസ്സിൽ നിഷേധവികാരങ്ങൾ നിറയുമ്പോഴാണ്​ സാധാരണ അസ്വസ്ഥതകളും സമ്മർദങ്ങളും രൂപപ്പെടുക.

വിഷാദരോഗം, അമിതമായ ഉത്​കണ്​ഠ.

മയക്കുമരുന്നുകൾ, ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം​.

ചിലതരം മരുന്നുകളുടെ ഉപയോഗം​. ആന്‍റിബയോട്ടിക്കുകൾ, രക്തസമ്മർദത്തിനുള്ള മരുന്നുകൾ, സ്റ്റിറോയിഡുകൾ, അലർജി രോഗങ്ങൾക്ക്​ കഴിക്കുന്ന ആന്‍റിഹിസ്റ്റമിൻ മരുന്നുകൾ, മാനസിക രോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയവ ക്ഷീണത്തിന്​ കാരണമാവാറുണ്ട്​.

ശരീരത്തിലെ പോഷണങ്ങളുടെ കുറവുമൂലം. വൈറ്റമിൻ-ഡി, വൈറ്റമിൻ-ബി 12, ഇരുമ്പ് സത്ത്​, ഫോളിക് ആസിഡ് എന്നിവയുടെ അപര്യാപ്തത ക്ഷീണത്തിന് കാരണമാകും.

(ലേഖകൻ കോഴിക്കോട്ടെ സീനിയർ കൺസൽട്ടന്‍റ്​ ഫിസിഷ്യനാണ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot weatherHealth TipsVayoyuvam
News Summary - hot weather - health tips
Next Story