Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമലബന്ധം: മരുന്നുകള്‍...

മലബന്ധം: മരുന്നുകള്‍ ദോഷഫലം ചെയ്യും

text_fields
bookmark_border
മലബന്ധം: മരുന്നുകള്‍ ദോഷഫലം ചെയ്യും
cancel
ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് വയര്‍സ്തംഭനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഇത് സര്‍വവ്യാപിയായി കണ്ടുവരുന്നു. മലബന്ധത്തിന് ഇന്ത്യയില്‍ വിവിധതരം മരുന്നുകള്‍ വിപണിയിലുണ്ട്. അതില്‍ ആയുര്‍വേദ മരുന്നുകള്‍ക്കാണ് മാര്‍ക്കറ്റ്. ഏതുതരം മരുന്നുകളായാലും ഗുണത്തേക്കാളേറെ ദോഷകരമാവുകയാണ് ഫലത്തില്‍. മലവിസര്‍ജനം സാധാരണ നടക്കേണ്ട ഒരു പ്രക്രിയയാണ്. അത് മരുന്നിന്‍െറ സഹായത്താല്‍ നടക്കേണ്ടതല്ല.
നിരന്തരമായ മരുന്ന് ഉപയോഗം വന്‍കുടലിനെയും മലദ്വാരത്തെയും ദുര്‍ബലമാക്കുകയും ഇത് പലരോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. വയര്‍സ്തംഭനത്തിന് അനുബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ് മൂലക്കുരു, അര്‍ശസ് തുടങ്ങിയവ. ഇത്തരം രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്. വിവിധരീതയില്‍ ആയതുകൊണ്ട് വിവിധതരം പേരുകളില്‍ അറിയപ്പെടുന്നുവെന്നുമാത്രം. ഇതിന്‍െറ അടിസ്ഥാനകാരണം ദഹനപ്രശ്നങ്ങളാണെന്നു മനസ്സിലാക്കാന്‍ കഴിയും.
പാരമ്പര്യം
വയര്‍സ്തംഭനം ഒരു പാരമ്പര്യരോഗമാണെന്നു പറയാറുണ്ട്. ഇത് തെറ്റാണ്. എന്നാല്‍, പാരമ്പര്യത്തെ തീരെ അവഗണിക്കേണ്ടതുമില്ല. കാരണം, അച്ഛന്‍െറയും അമ്മയുടെയും കുടലുമായി സാദൃശ്യം ഉണ്ടാകാറുണ്ട്. അത് തുലോം കുറവാണ്. മാത്രമല്ല, ഭക്ഷണരീതി ഏറക്കുറെ ശരിയാക്കിയാല്‍ അത്തരം പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനും സാധിക്കും.
അശാസ്ത്രീയമായ ഭക്ഷ്യവസ്തുക്കള്‍ അസമയത്തും അനാവശ്യമായും ആഹരിക്കുമ്പോള്‍ അത് ദഹനക്കേടിനിടയാക്കുന്നു. കൃത്യസമയത്ത് ദഹനം നടക്കാത്ത വസ്തുക്കള്‍ ആമാശയത്തിലും കുടലിലും കിടന്ന് അവിടത്തെ പേശികളെ കേടാക്കുന്നു. ദഹിക്കാത്ത ആഹാരസാധനങ്ങള്‍ കുടലില്‍ കെട്ടിക്കിടന്ന് അതിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ട് കട്ടിയാവുന്നു. ഈ വരണ്ടമലം പുറത്തിറക്കാനായി വിസര്‍ജനസമയത്ത് താഴോട്ട് സമ്മര്‍ദം കൊടുക്കേണ്ടതായി വരുന്നു. വരണ്ട മലം പുറത്തേക്കു വരുമ്പോള്‍ മലദ്വാരത്തിനുള്ളില്‍ ഉരഞ്ഞ് പൊട്ടി വ്രണമുണ്ടാകാനും അങ്ങനെ പൈല്‍സിന് കാരണമാകുന്നു.
ഭക്ഷണം നന്നായി ചവച്ചരക്കാത്തതുപോലും മലബന്ധത്തിനും മൂലക്കുരുവിനും കാരണമാകുന്നു. തവിടില്ലാത്ത ധാന്യങ്ങള്‍, നാരില്ലാത്ത ഭക്ഷണം, ചായ, കാപ്പി, പുകവലി, മദ്യപാനം, എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം, മസാലകള്‍, ശീതളപാനീയങ്ങള്‍, എണ്ണയില്‍ വറുത്തത്, പൊരിച്ചത്, മലശോധനക്കുള്ള മരുന്നുകള്‍, പൊറോട്ടയും ചിക്കനും മീനും ഒക്കെ മലബന്ധത്തിന് കാരണമാകുന്നു. മലബന്ധവും അനുബന്ധ രോഗങ്ങളും ഉള്ളവര്‍ ഇത്തരം ആഹാരസാധനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
ശരിയായ ചികിത്സ
വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കി ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കി രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക. ശുദ്ധമായ പച്ചവെള്ളം എത്രവേണമെങ്കിലും കുടിക്കുക. ക്ഷീണമുണ്ടെങ്കില്‍ കരിക്കിന്‍വെള്ളം, തേന്‍വെള്ളം ഇവ ഉപയോഗിക്കാം. രോഗലക്ഷണം മാറിയാല്‍ ആദ്യത്തെ മൂന്നു ദിവസം ജ്യൂസുകളും പിന്നെ നാലു ദിവസം പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം കഴിച്ച് തുടരുക. ശേഷം രണ്ടു നേരം വേവിച്ച ഭക്ഷണവും രാത്രിയില്‍ പരമാവധി പച്ചക്കറികളും പഴവര്‍ഗങ്ങളും ജ്യൂസുകളും മാത്രം ഉള്‍പ്പെടുത്തുക. ഇത് ജീവിതശൈലിയായി തുടരുക. ഉഴുന്ന്, പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങള്‍, അച്ചാറുകള്‍, ബേക്കറി സാധനങ്ങള്‍, കോള, ഐസ്ക്രീം, ചോക്ളേറ്റ് തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക. രോഗം പൂര്‍ണമായും മാറിക്കഴിഞ്ഞാല്‍ (മൂന്നു മാസം കഴിഞ്ഞ്) ഇറച്ചിയും മീനും കറിവെച്ച് കഴിക്കാം. പൊരിച്ച് കഴിക്കരുത്. പച്ചക്കറികള്‍ ഇട്ട് വേവിച്ച്, പച്ചക്കറി സലാഡിനോടൊപ്പം, ഇലക്കറികള്‍ ചേര്‍ത്ത് ഉച്ചക്ക് ഒരു നേരം എരിവും പുളിയും ഉപ്പും കുറച്ച് ഉപയോഗിക്കുക). രോഗാവസ്ഥ കൂടിനില്‍ക്കുമ്പോള്‍ ഒരു ബേസിനില്‍ അരഭാഗം വെള്ളം നിറച്ച് കാലുകള്‍ പുറത്താക്കി ഇരിക്കുന്നതും ചില ഒൗഷധ ഇലകള്‍ ജ്യൂസാക്കി കുടിക്കുന്നതും (വാഴപ്പിണ്ടി + തഴുതാമ) രോഗത്തിന്‍െറ തീവ്രത കുറക്കാന്‍ സഹായിക്കും.
(തിരുവനന്തപുരം നവജീവന്‍ നാചുറോപതി ആശുപത്രിയിലെ പ്രകൃതിചികിത്സകനാണ് ലേഖകന്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story