Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകകോടതി വിധി ഉടൻ:...

ലോകകോടതി വിധി ഉടൻ: ഗസ്സയിൽ സമാധാനം പുലരുമോ? സാധ്യതകൾ അറിയാം

text_fields
bookmark_border
ലോകകോടതി വിധി ഉടൻ: ഗസ്സയിൽ സമാധാനം പുലരുമോ? സാധ്യതകൾ അറിയാം
cancel
camera_alt

പുതുവർഷ രാത്രിയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട മുവാസി പ്രദേശത്തെ ടെന്റ് ക്യാമ്പിൽ കഴിയുന്ന ഗസ്സയിലെ ഒരു കുട്ടികൾ (photo: Fatima Shbair /AP)

ഹേഗ്: ഗസ്സയിലെ ഇസ്രായേൽ വംശഹത്യ തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക ഫയൽചെയ്ത കേസിൽ വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രാദേശിക സമയം ഇന്ന് ഉച്ച ഒരുമണിക്കാണ് (ഇന്ത്യൻ സമയം വൈകീട്ട് 5.30) അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഇടക്കാല വിധി പ്രഖ്യാപിക്കുക. 17 ജഡ്ജിമാരുടെ പാനലാണ് വിധി പറയുകയെന്ന് ഐക്യരാഷ്ട്രസഭ പരമോന്നത കോടതി കൂടിയായ ഐ.സി.ജെ അറിയിച്ചിരുന്നു.

എന്താണ് കേസ്?

1984 ലെ വംശഹത്യ കൺവെൻഷൻ ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കയാണ് ഐ.സി.ജെയിൽ കേസ് ഫയൽ ചെയ്തത്. 84 പേജുള്ള ഹരജി ഡിസംബർ 29ന് കോടതിയിൽ സമർപ്പിച്ചു. ജനുവരി 11, 12 തീയതികളിൽ ഇരുരാജ്യങ്ങളെയും വിചാരണ നടത്തി. ആദ്യദിവസം ദക്ഷിണാഫ്രിക്കയും രണ്ടാം ദിവസം ഇസ്രായേലുമാണ് തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചത്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടി അടിയന്തരമായി നിർത്താൻ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു. കൂടാതെ ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ ഇസ്രായേലിനോട് ഉത്തരവിടണമെന്നും ഹരജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, വംശഹത്യ ആരോപണങ്ങൾ വളച്ചൊടിച്ചതാണ് എന്നാണ് ഇസ്രായേൽ പറയുന്നത്. തങ്ങൾ സ്വയം പ്രതിരോധത്തിനായാണ് പ്രവർത്തിക്കുന്നതെന്നും ഫലസ്തീൻ സിവിലിയന്മാരെയല്ല, ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും അവർ അവകാശപ്പെട്ടു.

എന്തായിരിക്കും വിധി?

ഇസ്രായേൽ വംശഹത്യ നടത്തുകയാണോ എന്ന പ്രധാന വാദത്തിൽ ഇന്ന് വിധി പറയില്ല. ഇതിൽ തീർപ്പുകൽപിക്കാൻ ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കും. ഇടക്കാല വിധിയാണ് ഇന്ന് കോടതിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. വംശഹത്യ കേസിൽ കോടതി വിധി പുറപ്പെടുവിക്കുന്നത് വരെ ഗസ്സയിലെ അക്രമം അവസാനിപ്പിക്കാൻ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ഐ.സി.ജെയോട് ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 പേരടങ്ങുന്നതാണ് ജഡ്ജിമാരുടെ പാനൽ. അവരുടെ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ വിധികളിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.

ദക്ഷിണാഫ്രിക്ക ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ:

  • ഗസ്സക്കെതിരായ സൈനിക നടപടി ഇസ്രായേൽ നിർത്തിവെക്കുക.
  • ആവശ്യത്തിന് ഭക്ഷണം, വെള്ളം, ഇന്ധനം, പാർപ്പിടം എന്നിവ ഗസ്സയിൽ അനുവദിക്കുക.
  • ഗസ്സയിലെ ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കാതിരിക്കുക
  • വംശഹത്യ ആരോപണങ്ങൾ പരിശോധിക്കാൻ അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിൽ വസ്തുതാന്വേഷണ സംഘങ്ങളെ ഗസ്സയിലേക്ക് നിയോഗിക്കുക.

നാല് സാധ്യതകളാണ് വിധി സംബന്ധിച്ച് നിരീക്ഷകർ പറയുന്നത്

• ഗസ്സ ആക്രമണം തടയാൻ അടിയന്തര നടപടികൾ കോടതി പ്രഖ്യാപിച്ചേക്കുമെന്നതാണ് ഇതിൽ ഒന്നാമത്. ദക്ഷിണാഫ്രിക്ക ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വെടിനിർത്താനും മാനുഷിക സഹായങ്ങൾ എത്തിക്കാനും ഇതിന്റെ ഭാഗമായി കോടതി ഉത്തരവിടും. ഇത് ഇസ്രായേലിന് കനത്ത തിരിച്ചടിയാകും. ഗസ്സയ്ക്കും ദക്ഷിണാഫ്രിക്കക്കും സമ്പൂർണ വിജയവുമായിരിക്കും.

• താൽക്കാലിക വെടിനിർത്തലും മാനുഷിക സഹായം എത്തിക്കലും അടക്കമുള്ള ഭാഗിക നടപടികൾക്കാണ് രണ്ടാമത്തെ സാധ്യത. ദുരന്തത്തിന്റെ വ്യാപ്തി കുറക്കാൻ ഉതകുന്ന ഉത്തരവായിരിക്കും ഇതുപ്രകാരം പുറപ്പെടുവിക്കുക. ഇങ്ങനെ വന്നാൽ കൂടുതൽ സഹായം അനുവദിക്കുമെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേലിന് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ കഴിയും.

• താൽക്കാലിക നടപടികൾക്ക് ഒന്നും ഉത്തരവിടാതെ കേസ് നീട്ടിക്കൊണ്ടുപോയക്കാം എന്നതാണ് മൂന്നാമത്തെ സാധ്യത. അങ്ങനെ സംഭവിച്ചാൽ ഗസ്സയിൽ സമാധാനം പുലരാൻ മറ്റുവഴി തേടേണ്ടിവരും. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പ്രശ്നം ഉന്നയിക്കുക, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് തടയാൻ അതത് രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുക തുടങ്ങിയ മാർഗങ്ങളാണ് അവലംബിക്കാനാവുക. അക്രമം തുടർന്നാൽ മറ്റു രാജ്യങ്ങൾക്കോ വേണമെങ്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കോ വീണ്ടും ഐ.സി.ജെയിൽ പുതിയ കേസ് ഫയൽ ചെയ്യാം.

• കേസ് തള്ളിക്കളയുക എന്നതാണ് നാലാമത്തെ സാധ്യത. അന്താരാഷ്ട്ര കോടതിയുടെ നിബന്ധന പ്രകാരം കക്ഷികൾ തമ്മിൽ ആദ്യം ആശയവിനിമയം നടത്തണം. എന്നാൽ, കോടതിയിൽ ഹരജി സമർപ്പിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്ക തങ്ങളുമായി വേണ്ടത്ര ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇസ്രായേൽ പറയുന്നു. കേസ് ആഗോള കോടതിയുടെ അധികാരപരിധിയിലല്ലെന്നും ഇസ്രായേൽ വാദിക്കുന്നു. ഇത് അംഗീകരിച്ച് കേസ് തള്ളിക്കളയുക.

വിധിക്ക് ഗസ്സയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ?

ഐ.സി.ജെയുടെ വിധി അന്തിമമാണ്. വെടിനിർത്തലിനും മാനുഷികസഹായത്തിനും ഉത്തരവിട്ടാൽ അനുസരിക്കേണ്ട ബാധ്യത ഇസ്രായേലിനുണ്ട്. അപ്രകാരം സംഭവിച്ചാൽ ഗസ്സക്ക് ആശ്വാസമാകും എന്നതിൽ സംശയമില്ല. വിധിയിൽ അപ്പീലിന് അവസരമില്ല.

പക്ഷേ, വിധി പറയുകയല്ലാതെ അത് നടപ്പാക്കാൻ കോടതിക്ക് മാർഗമില്ല. ഇസ്രായേൽ കോടതിവിധിയെ എങ്ങിനെ സ്വീകരിക്കുന്നു എന്ന് കണ്ടറിയണം. വിധി അനുസരിച്ചില്ലെങ്കിൽ, യുഎൻ സെക്യൂരിറ്റി കൗൺസിലിലെ (യുഎൻഎസ്‌സി) അംഗരാജ്യത്തിന് ഇത് കൗൺസിൽ മുമ്പാകെ പ്രമേയമായി അവതരിപ്പിക്കാം. എന്നാൽ, പ്രമേയം വോട്ടെടുപ്പിന് വന്നാൽ യു.എസ് വീറ്റോ ചെ​യ്തേക്കും. അതേസമയം, പരമോന്നത കോടതിയുടെ തീരുമാനവുമായി ബന്ധപ്പെട്ട പ്രമേയമായതിനാൽ വീറ്റോ ചെയ്യുന്നത് യുഎസിന്റെ ഇരട്ടത്താപ്പ് ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയും ചെയ്യും.

യു.എസ് വീറ്റോ ചെയ്തില്ലെങ്കിൽ ഇസ്രായേലിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ ഐക്യരാഷ്ട്ര സഭക്ക് അധികാരമുണ്ടാകും. സാമ്പത്തിക- വ്യാപാര ഉപരോധങ്ങൾ, ആയുധ ഉപരോധം, യാത്രാ നിരോധനം തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictICJ
News Summary - What will the ICJ announce on Israel’s Gaza war? The possible scenarios
Next Story