Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയുൾപ്പെടെ 30ലേറെ...

ഇന്ത്യയുൾപ്പെടെ 30ലേറെ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിൽ ഇടപെട്ട് ഇസ്രായേൽ ഗ്രൂപ്​​; വൻ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മാധ്യമം

text_fields
bookmark_border
ഇന്ത്യയുൾപ്പെടെ 30ലേറെ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിൽ ഇടപെട്ട് ഇസ്രായേൽ ഗ്രൂപ്​​; വൻ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മാധ്യമം
cancel

ഇന്ത്യയുൾപ്പെടെ 30ലേറെ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച് ഇസ്രായേൽ ഗ്രൂപ് നടത്തിയ ഇടപെടലുകൾ തുറന്നുകാട്ടി ബ്രിട്ടീഷ് മാധ്യമമായ ഗാർഡി​യന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോർട്ട്. ഹാക്ക് ചെയ്തും അട്ടിമറിച്ചും സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണങ്ങൾ തകൃതിയാക്കിയും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇന്ത്യക്കു പുറമെ യു.കെ, യു.എസ്, കാനഡ, ജർമനി, സ്വിറ്റ്സർലൻഡ്, മെക്സിക്കോ, സെനഗാൾ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരണ കാമ്പയിനുകൾ നയിച്ചതായി സംഘം വ്യക്തമാക്കുന്നു.

ഇസ്രായേൽ പ്രത്യേക സേനാംഗമായിരുന്ന 50കാരൻ താൽ ഹാനന്റെ നേതൃത്വത്തിൽ ‘ടീം ജോർജ്’ എന്ന പേരിലാണ് സംഘത്തിന്റെ പ്രവർത്തനം. രണ്ടു പതിറ്റാണ്ടായി വിവിധ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണവും ഫലവും ​നിയന്ത്രിച്ച് ഇവർ നിഗൂഢ സാന്നിധ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

സൂചനകൾ ബാക്കിവെക്കാതെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പുകളിൽ സ്വകാര്യമായി ഇടപെടുന്നതാണ് ‘ടീം ജോർജി’ന്റെ രീതി. രാഷ്ട്രീയ പ്രചാരണ രംഗത്തു മാത്രമല്ല, പൊതുജനാഭിപ്രായം സ്വാധീനിക്കാൻ ആവശ്യമായ രഹസ്യാന്വേഷണ വിഭാഗങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവക്കും തന്റെ സേവനം നൽകാറുണ്ടെന്ന് ഹാനൻ പറഞ്ഞു. ആഫ്രിക്ക, ദക്ഷിണ, മധ്യ അമേരിക്ക, യു.എസ്, യൂറോപ് എന്നിവിടങ്ങളിലൊക്കെയും സേവനം നൽകി വരുന്നുണ്ടെന്നും ഹാനൻ വ്യക്തമാക്കുന്നു.

സത്യസന്ധമായ മാധ്യമ പ്രവർത്തനത്തിനിടെ കൊല്ലപ്പെടുകയോ ഭീഷണിയുടെ മുനയിൽ നിർത്തി മൗനികളാക്കുകയോ ജയിലിലാകു​കയോ ചെയ്ത മാധ്യമ പ്രവർത്തകരുടെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘ഫോർബിഡൻ സ്റ്റോറീസ്’ എന്ന കൂട്ടായ്മയാണ് അന്വേഷണം നടത്തിയത്. 2017ൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ല​ങ്കേഷിന്റെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലും സംഘം അന്വേഷണം നടത്തിയത്. ഇവർ വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ‘ഇൻ ദ ഏജ് ഓഫ് ഫോർബിഡൻ സ്റ്റോറീസ്’ എന്ന രചനയിലായിരുന്നു ഗൗരി ല​ങ്കേഷ്.

പ്രമുഖ മാധ്യമങ്ങളായ ​ഗാർഡിയൻ, ലെ മോണ്ട്, ഡെർ സ്പീഗൽ, എൽ പയസ് എന്നിവരും പദ്ധതിയുടെ ഭാഗമായി. ഒളികാമറ ദൗത്യങ്ങൾ മൂന്നു മാധ്യമപ്രവർത്തകരാണ് പകർത്തിയിരുന്നത്. സേവനം ആവശ്യമുള്ളവരെന്ന നിലക്ക് ബന്ധപ്പെട്ടാണ് ടീം ജോർജിനെ ഇവർ സമീപിച്ചത്.

സമൂഹ മാധ്യമ കാമ്പയിനുകൾ നയിച്ച് ‘എയിംസ്’

സമൂഹ മാധ്യമങ്ങളിൽ പ്രചാരണ കാമ്പയിനുകൾ വഴി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിക്കുന്ന അഡ്വാൻസ്ഡ് ഇംപാക്റ്റ് മീഡിയ സൊലൂഷൻസ് അഥവാ, ‘എയിംസ്’ എന്ന അത്യാധുനിക സോഫ്റ്റ്​വെയർ പാക്കേജാണ് ടീം ജോർജിന്റെ പ്രധാന സേവന മേഖല. ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ഫേസ്ബുക്ക്, ടെലിഗ്രാം, ജിമെയിൽ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൊക്കെയും ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴിയാണ് പ്രവർത്തനം നിയന്ത്രിക്കുക. ബിറ്റ് കോയിൻ വാലറ്റുകളും ക്രെഡിറ്റ് കാർഡുകളും എയർബി.എൻ.ബി അക്കൗണ്ടുകളുമടക്കം സ്വന്തമായുള്ള ആമസോൺ അക്കൗണ്ടുകളും ഇതിനു കീഴിലുണ്ട്.

ആറു മണിക്കൂർ നീണ്ട ഒളികാമറ ദൗത്യത്തിൽ ഹാനനും സംഘവും ഹാക്കിങ്ങിലൂടെ ജിമെയിൽ, ടെലഗ്രാം അക്കൗണ്ടുകളിൽ നുഴഞ്ഞുകയറുന്നതടക്കം തങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്നുണ്ട്. തങ്ങളുടെ കക്ഷി ഇഷ്ടപ്പെടുന്ന വാർത്തകൾ ആദ്യം മാധ്യമങ്ങൾ വഴി പുറത്തുവിടുകയും പിന്നീട് ‘എയിംസ്’ വഴി ഇവയെ പരമാവധി പേരിലേക്ക് എത്തിക്കുകയും ചെയ്യും. എതിർകക്ഷികളുടെ പ്രചാരണം അട്ടിമറിച്ചും തടസ്സപ്പെടുത്തിയും ഇല്ലാതാക്കും. ഇതിന്റെ ഭാഗമായി ഒരു രാഷ്രടീയക്കാരന്റെ വീട്ടിലേക്ക് ‘സെക്സ് ടോയ്’ അയച്ചുകൊടുത്തതു പോലും സംഘം ഒളികാമറയിൽ വിശദീകരിക്കുന്നുണ്ട്. ഇയാൾക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിക്കലായിരുന്നു ലക്ഷ്യം.

വ്യക്തികളുടെയും ഗ്രൂപുകളുടെയും അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ ഒരിക്കലും സാധ്യമല്ലെന്ന് സമൂഹ മാധ്യമ ഭീമന്മാരുടെ അവകാശവാദം പൊളിക്കുന്നതാണ് ‘ടീം ജോർജി’ന്റെ വെളിപ്പെടുത്തൽ. 30ലേറെ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടങ്കോലിടാൻ ഇവർക്കായെന്നത് ഈ രാജ്യങ്ങളിലെ ജനാധിപത്യ കക്ഷികളെയും മുനയിൽ നിർത്തും.

പ്രതിരോധ കയറ്റുമതിയെ ​പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന വെബ്സൈറ്റിനു കീഴിൽ രജിസ്റ്റർ ചെയ്ത ‘ഡെമോമാൻ ഇന്റർനാഷനൽ’ എന്ന കമ്പനിയെ ഉപയോഗപ്പെടുത്തിയും ഹാനൻ പ്രചാരണ കാമ്പയിനുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

വെബ്സൈറ്റുകൾ നിർമിക്കാൻ ഡിജിറ്റൽ സംവിധാനമായ ഒരു ‘​​​​േബ്ലാഗർ മെഷീനും’ ടീം ജോർജ് പ്രവർത്തിപ്പിച്ചു. ഇതുവഴിയായിരുന്നു പിന്നീട് വ്യാജ പ്രചാരണങ്ങൾ നയിച്ചത്.

റേഡിയോ ഫ്രാൻസ്, ഹാരെറ്റ്സ്, ദ മാർകർ എന്നിവയിലെ മൂന്ന് മാധ്യമ പ്രവർത്തകർ ആഫ്രിക്കയിലെ ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് സ്വാധീനിക്കാൻ സഹായം തേടിയാണ് ‘ടീം ജോർജി’ൽനിന്ന് വിവരങ്ങൾ ചോർത്തിയത്. 20

22 ജൂലൈ മുതൽ ഡിസംബർ വരെ കാലയളവിലായിരുന്നു കൂടിക്കാഴ്ചകൾ. ടെൽ അവീവിൽനിന്ന് 20 മൈൽ അകലെ മോഡീനിൽ വ്യവസായ പാർകിലെ പേര് നൽകാത്ത ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

‘‘ആ​ഫ്രിക്കയിലെ ഒരു തെരഞ്ഞെടുപ്പിൽ നിലവിൽ ഇടപെടുന്നുണ്ട്.. ഗ്രീസിൽ ഒരു സംഘമുണ്ട്. എമിറേറ്റ്സിലുമുണ്ട്. 33 തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടതിൽ 27ഉം ജയം കണ്ടതാണ്’’- ഹാനന്റെ വാക്കുകൾ.

കറൻസിയായും ക്രിപ്റ്റോകറൻസി അടക്കം മറ്റു വഴികളിലും പ്രതിഫലം സ്വീകരിക്കുമെന്നും സംഘത്തോട് ഹാനൻ പറഞ്ഞു. ഒരു തെരഞ്ഞെടുപ്പിൽ ഇടപെടാൻ 60 ലക്ഷം യൂറോ മുതൽ 1.5 കോടി വരെയാണ് പ്രതിഫലമെന്നും വ്യക്തമാക്കി. എന്നാൽ, ഇത്രയുമില്ലെന്നും ചെറിയ തുകയാണ് ചോദിച്ചതെന്നും ഗാർഡിയന് ചോർന്നുകിട്ടിയ രേഖകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelfake campaignsIndia
News Summary - Israel group running fake campaigns in India, other nations: report
Next Story