Begin typing your search above and press return to search.
proflie-avatar
Login

യാത്രികർ തിരികെ നടക്കുന്നവരോ? ഒരു മനഃശാസ്ത്ര അവലോകനം

യാത്രികർ തിരികെ നടക്കുന്നവരോ?   ഒരു മനഃശാസ്ത്ര അവലോകനം
cancel

വിനോദയാത്രകളും ആത്മാന്വേഷണ പുറപ്പെടലുകളും വേരറുക്കപ്പെട്ട അഭയാർഥി പാലായനങ്ങളുമെല്ലാം യാത്രയുടെ വൈവിധ്യത വരച്ചുകാണിക്കുന്നു. എന്താണ് യാത്ര? എങ്ങനെയാണു യാത്ര? യാത്രികർ തിരികെ നടക്കുന്നവരോ? ഇതിൻ്റെ ഉത്തരങ്ങൾ തേടിയുള്ള ഒരു മനഃശാസ്ത്ര അന്വേഷണം.

രുതരം പറിച്ചുനടലുകളാണ് യാത്രകൾ. ചിലപ്പോൾ തളിർക്കാം പടർന്നു പന്തലിക്കാം. മറ്റു ചിലപോൾ വാടി കൊഴിഞ്ഞു വേരുറക്കാതെ ഒന്നുമല്ലാതെ, മണ്ണിലലിയാം.

കോവിഡ് കാലം മനുഷ്യ സഞ്ചാര സ്വാതന്ത്ര്യത്തിൽ വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ മനുഷ്യജീവിതത്തിൽ യാത്രകളുടെ സ്വാധീനം ചർച്ചചെയ്യപ്പെട്ടു. നിരന്തരം യാത്ര ചെയ്തിരുന്ന പലരുടെയും ഉള്ളിൽ തളക്കപ്പെട്ടല്ലോ എന്ന തോന്നൽ സൃഷ്ടിക്കപ്പെട്ടിരുന്നു. ചിലർ പറമ്പിലൂടെയും നാട്ടുവഴികളിലൂടെയും നടന്നു തീർത്തു അനുഭവങ്ങൾ വീഡിയോയിൽ ഒപ്പിയെടുത്തു യാത്രചെയ്യാനുള്ള തീക്ഷ്ണമായ ആഗ്രഹത്തിൽ നിന്നുടലെടുത്ത വീർപ്പുമുട്ടലിനെ, പല രീതിയിൽ കെട്ടഴിച്ചുവിട്ടു.

യാത്ര പോവുകയെന്നാൽ കുറഞ്ഞത് ഇത്ര ദൂരം ഉണ്ടായിരിക്കേണ്ടതും, ഭാഷയിലോ സംസ്കാരത്തിലോ, ഭൂപ്രകൃതിയിലോ വൈവിധ്യത ഉള്ള നാട്ടിലേക്കുള്ള സഞ്ചാരവുമാണെന്ന സങ്കൽപത്തിൽ മാറ്റംവരുത്തി, തൻ്റെ സഞ്ചാര പരിമിതികൾ ഉൾകൊണ്ട് കൊണ്ടും യാത്ര ചെയ്യാനും, ആസ്വദിക്കാനും കഴിയുമെന്ന തിരിച്ചറിവ് മനുഷ്യന് സമ്മാനിച്ചത് ഇത്തരം തളച്ചിടലുകളാണ്.

ചില യാത്ര വിവരണങ്ങൾ പലപ്പോഴും നമ്മെ ത്രസിപ്പിക്കുകയും യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജന്മനാടിന്റെ സുരക്ഷിതത്വം ഭേദിച്ച് കാണാകാഴ്ചകൾ കാണാൻ ഒന്നു നാട് ചുറ്റിയാലോ എന്ന് തോന്നിപ്പിച്ചിട്ടുണ്ട് .ലോക സഞ്ചാരികളായ ഇബ്നു ബത്തൂത്തയും മാർക്കോ പോളോയും ഹുയാൻ സാങ്ങും കൊളമ്പസും തുടങ്ങി മലയാളികളായ എസ്.കെ. പൊറ്റെക്കാടും സന്തോഷ് ജോർജ് കുളങ്ങരയും വരെ നമ്മുടെ യാത്രാ സങ്കൽപങ്ങളെ സ്വാധീനിച്ച വ്യക്തിത്വങ്ങളാണ് .

അപ്പോൾ എന്താണ് യാത്ര? എങ്ങനെയാണു യാത്ര? യാത്രികർ തിരികെ നടക്കുന്നവരോ? ഇതിൻ്റെ ഉത്തരങ്ങൾ തേടിയുള്ള മനഃശാസ്ത്ര അന്വേഷണമാണ് ഈ ലേഖനം.

യാത്രകൾ മനസിനെയും ശരീരത്തെയും ഒരുപോലെ ഉദ്ധീപിപ്പിക്കുന്ന അനുഭവങ്ങളും നേർക്കാഴ്ചകളുമാണ്. പുതിയ സംസ്കാരം പഠിക്കാനും അടുത്തറിയാനും പുത്തൻ ആശയങ്ങൾ രൂപപ്പെടുത്താനും വേണ്ടിയുള്ള യാത്രകൾ തുടങ്ങി സ്വന്തത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള തീക്ഷ്ണമായ ആഗ്രഹത്തിൽ നിന്നുടലെടുകുന്ന സ്വത്വാന്വേഷണ യാത്രകളും അറിവു തേടിയുള്ള സ്വപ്ന സാക്ഷാത്ക്കരണത്തിനായുള്ള യാത്രകളും മോക്ഷത്തിനായുള്ള യാത്രകളും വിനോദ യാത്രകളും യാത്രയുടെ വൈവിധ്യത വരച്ചു കാണിക്കുന്നു. ജയിച്ചടുക്കലിന്റെയും അധിനിവേശത്തിന്റെയും കുടിയേറ്റങ്ങളുടെയും യാത്രകൾ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-ഭൗതിക മേഖലകളിൽ നടത്തിയിട്ടുള്ള പ്രകമ്പനങ്ങൾ ചില്ലറയല്ല.

സ്വന്തം നാട്ടിൽ നിന്ന് വേരറുക്കപ്പെട്ട, തന്റെ സംസ്കാരം തന്നെ നഷ്ടപ്പെടുത്തിയുള്ള അലക്ഷ്യമായ കൂട്ടപാലായനങ്ങളും, മാനുഷിക അവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കാൻ നാടുവിട്ടു അഭയകേന്ദ്രങ്ങൾ തേടിയുള്ള അലച്ചിലുകളും കൗമാരത്തിൽ പ്രതിഷേധ ധ്വനിയുമായി വീടുവിട്ടിറങ്ങുന്ന യാത്രകളും, യാത്രയുടെ വൈവിധ്യ മുഖങ്ങളാണ്.

സാഹിത്യത്തിൽ 2021ലെ നൊബേൽ സമ്മാന ജേതാവായ അബ്ദുൽ റസാഖ് ഗുർണയുടെ കൃതികളിലുടനീളം പാലയനത്തിന്റെ സങ്കീർണതകൾ ദൃശ്യമാണ്. കൗമാരത്തിൽ അഭയാർത്ഥിയായി യു.കെയിലേക്ക് പലായനം ചെയ്യപെട്ട ഗുർണയിൽ തന്റെ തീക്ഷ്ണമായ അനുഭവങ്ങൾ സമ്മാനിച്ച ആശയ സംഘർഷങ്ങൾ പ്രകടമായി കാണാം. അദ്ദേഹതിൻ്റെ പല കൃതികളും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനതയുടെ ആത്മ സംഘർഷങ്ങൾ കോറിയിട്ടവയാണ് (ഒട്ടൊ, 2021).

യാത്ര: ഒരു മനഃശാസ്ത്ര വീക്ഷണം

യാത്ര എന്ന വാക്ക് ഉത്ഭവിച്ചത്, work എന്നർത്ഥം വരുന്ന 'travail' എന്ന പഴയ ഫ്രഞ്ച് പദത്തിൽ നിന്നാണ്. ഒരുപക്ഷേ അന്നത്തെ യാത്രകൾ ദുഷ്കരവും മാനസിക- ശാരീരിക പരിശ്രമങ്ങൾ ആവശ്യമുള്ളതുമായിരുന്നു, അതായിരിക്കാം ഇങ്ങനെയൊരു പദവുമായി കൂട്ടിയോജിക്കപ്പെട്ടത്. പ്രസിദ്ധനായ മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ 1900ൽ പുറത്തിറങ്ങിയ 'ഇന്റർപ്രട്ടേഷൻസ് ഓഫ് ഡ്രീംസ്' (Interpretations of Dreams) എന്ന പുസ്തകത്തിൽ യാത്രയെ ഉപമിച്ചിരിക്കുന്നത് മരണവുമായാണ്.

കാൾ ഗസ്റ്റോവ് യുങ്

ഫ്രോയിഡിൻ്റെ സൈക്കോ അനാലിസിസ് സിദ്ധാന്തങ്ങളെ ആസ്പദമാക്കി കാൾ ഗസ്റ്റോവ് യുങ് രൂപപ്പെടുത്തിയ വിശകലന മനഃശാസ്ത്രത്തിൽ (analytical psychology) സമഷ്ടിപരമായ അബോധ മനസെന്ന (collective unconscious) ആശയത്തിൻ്റെ ഉൽപന്നങ്ങളായി ആദിപ്രരൂപങ്ങളെന്ന (archetype) സങ്കൽപങ്ങളുണ്ട്. മനുഷ്യമനസ്സിന്റെ അബോധ മണ്ഡലത്തിൽ നിലനിൽക്കുന്ന സാർവലൗകികമായ സ്വതസിദ്ധമായ മൂലരൂപങ്ങളാണ് ആദിപ്രരൂപങ്ങൾ. തലമുറകളായി കൈമാറ്റം ചെയ്തു കിട്ടിയ സാമൂഹിക ബോധതലത്തിൻറെ ഭാഗമായ പ്രതിബിംബങ്ങളും പാറ്റേണുകളും ഉൾക്കൊള്ളുന്ന ആദിപ്രരൂപങ്ങൾക്ക് മാനുഷിക ചിന്താതലങ്ങളെ ക്രോഡീകരിക്കുന്നതിലും നിയന്ത്രിക്കുന്നതിലും നിർണ്ണിതമായ പങ്കുണ്ട് എന്നാണ് യൂങിന്റെ ഭാഷ്യം. ഇവയെ ചിത്രാകാരങ്ങൾ, പ്രക്രിയകൾ, പ്രതിഭാസങ്ങൾ എന്നിങ്ങനെ വിവിധ ഉപവിഭാഗങ്ങളായി യുങ് വിശദീകരിച്ചിട്ടുണ്ട്.ഇത്തരം ആദിപ്രരൂപങ്ങളുടെ പ്രതിഫലനങ്ങൾ നമ്മുടെ ഐതിഹ്യങ്ങളിലും നാടോടിക്കഥകളിലും, സിനിമാ-കലാ -സാഹിത്യ സൃഷ്ടികളിലും കാണാൻ സാധിക്കും. ഉദാഹരണം. നായകൻ, വില്ലൻ, മാന്ത്രികൻ, യോഗി തുടങ്ങിയ സങ്കല്പങ്ങൾ.

'ജോസഫ് ക്യാമ്പ്ബെല്ലിൻ്റെ നായകൻ്റെ യാത്ര'യുടെ വിവിധ ഘട്ടങ്ങൾ

കാൾ യുങിന്റെ ആദിപ്രരൂപമായ 'വീരനായകൻ' എന്ന ആശയത്തെ ആസ്പദമാക്കി ജോസഫ് ക്യാമ്പ്ബെൽ 1949ൽ രൂപപ്പെടുത്തിയ സങ്കല്പമാണ് 'നായകൻ്റെ യാത്ര'. മനുഷ്യ മനസ്സിൻ്റെ അലഞ്ഞു തിരിയാനുള്ള പ്രവണതയുമായി ബന്ധപ്പെടുത്തി ഈ സങ്കൽപത്തെ വായിക്കാവുന്നതാണ്. ഫ്രോയ്ഡിന്റെ ഈഡിപ്പസ് കോംപ്ലക്സ്, അർണോൾഡ് വാൻ ഗെന്നപ്പിൻ്റെ ദി റോൾസ് ഓഫ് പാസേജിന്റെ (The Roles of Passage) മൂന്ന് ഘട്ടങ്ങൾ, മറ്റു സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ ഗവേഷണങ്ങൾ എന്നിവയെ മുൻനിർത്തി ക്യാമ്പ്ബെൽ രൂപീകരിച്ച നായകൻ്റെ യാത്ര എന്ന ആശയത്തിന് ഇന്നും സ്വീകാര്യത ഏറെയാണ്.

വിവിധ സംസ്കാരങ്ങളിൽ ചാക്രിക ശൈലിയിൽ ആവർത്തിച്ചു കാണപ്പെടുന്ന സങ്കൽപങ്ങളായതുകൊണ്ട് നായകൻ്റെ യാത്രയെ മോണോമിത്ത് എന്നാണ് ക്യാമ്പ്ബെൽ വിശേഷിപ്പിച്ചത്. ഇതിഹാസ കഥകളായ ഹോമറിൻ്റെ ഒഡീസിയിലും ഓസ്റിസ്, പ്രോമിത്യുസ്, ശ്രീബുദ്ധൻ, മോസസ്, യേശു ക്രിസ്തു എന്നിവരുടെ യാത്രകളിലും ഇത്തരത്തിൽ ഒരു ഘടനാ സാദൃശ്യം കാണാൻ സാധിക്കുന്നുവെന്നാണ് ക്യാമ്പ്ബെല്ലിൻ്റെ കണ്ടെത്തൽ. ക്യാമ്പ്ബെല്ലിന്റെ അഭിപ്രായത്തിൽ 'നായകൻ്റെ യാത്രകൾ' വ്യക്തിസ്വത്വ പൂർത്തീകരണം ലക്ഷ്യമാക്കിയുള്ളവയാണ്. ചിന്നിചിതറിയ സ്വത്വ ബോധത്തെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ നായകൻ്റെ യാത്രയിലുടനീളം കാണാമെന്നാണ് ക്യാമ്പ്ബെല് പറയുന്നത്. നായകൻ്റെ യാത്ര തുടങ്ങുന്നത് ആത്മാന്വേഷണത്തിനു വേണ്ടിയുള്ള തീക്ഷ്ണമായ ആഗ്രഹത്തിൽ നിന്നോ അല്ലെങ്കിൽ തൻ്റെ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള ബാഹ്യവിളികളിൽ നിന്നോ ആണ് എന്ന് ക്യാമ്പ്ബെൽ വാദിക്കുന്നു. നായകൻ തുടക്കത്തിൽ ഇത്തരം ഉൾവിളികളെയോ ബാഹ്യവിളികളെയോ നിരസിക്കുകയോ സ്വീകരിക്കുകയോ ചെയ്തേക്കാം.

വെല്ലുവിളികൾ ഉയർത്തിയിട്ടില്ലാത്ത സാധാരണ ജീവിത ശൈലിയിൽ നിന്ന് വ്യത്യസ്തമായി തികച്ചും അജ്ഞാതമായ, വെല്ലുവിളികൾ ഉയർത്തുന്ന ഭൗതിക, മാനസിക വൈഷമ്യത്തിലേക്ക് നയിക്കുന്ന യാത്ര പോകാൻ നായകൻ ആദ്യം വിസമ്മതിക്കുന്നു. അപൂർണവും ചിന്നിച്ചിതറിയതുമായതാണ് തൻ്റെ സത്വം എന്ന തിരിച്ചറിവ് മനുഷ്യനുണ്ടെങ്കിലും യുക്തിസിദ്ധമായ അസ്തിത്വത്തിൻ്റെ വേരുകൾ അടർത്തി മാറ്റി അജ്ഞാതലോകത്തേക് പോകാനുള്ള മനുഷ്യൻ്റെ നിസ്സംഗതയാണ് ഇത്തരം നിരസിക്കലിനു പിന്നിലെന്നാണ് ക്യാമ്പ്ബെല്ലിന്റെ വിശദീകരണം. യാത്രകൾ അപരിചിത ലോകത്തേക്ക് യാത്രികനെ നയിക്കുമ്പോൾ, അവൻറെയുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ധർമ്മസങ്കടത്തെ കവച്ചുവെക്കാൻ ആത്മ പരിവർത്തനത്തിന് യാത്രികൻ സന്നദ്ധനാകുന്നു (അക്തർ, 1995). തൽഫലമായി ആതിഥേയ നാടിൻറെ സംസ്കാരവും, സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവും, ഉൾക്കൊള്ളാൻ യാത്രികൻ സ്വയം പ്രേരിതനാകുന്നു. ആതിഥേയ ഭൂമിയുടെ ഭാഷ സ്വായത്തമാകുന്നത് ഈ അന്തരിക വൽക്കരണത്തിലേക്കുള്ള ചവിട്ടുപടിയാണ്.

ജോസഫ് ക്യാമ്പ്ബെൽ

അതിരുകൾ ഭേദിച്ച് യാത്ര തുടരുന്ന, നായകൻ്റെ ജീവിതത്തിൽ അവിചാരിതമായ ചില സംഭവവികാസങ്ങൾ അരങ്ങേറുന്നു. അവ നായകന് തൻ്റെ സൗകര്യങ്ങളിൽ നിന്ന് തെന്നിമാറാനും ആത്മാന്വേഷണ യാത്രകൾ നടത്താനും പ്രേരണയാകുന്നു. ഇവ അജ്ഞാതമായ ലോകത്തേക്ക് പോകാൻ നായകന് ഊർജ്ജമേകുന്നു. ഇവിടെ അബോധ മനസിൻ്റെ വ്യാപാരങ്ങളിലേക്കുള്ള നായകൻ്റെ രംഗപ്രവേശത്തെയാണ് അതിരുകൾ ഭേദിക്കുക എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ അജ്ഞാതമായ ലോകത്തേക്ക് കടക്കുന്ന നായകന് ചില പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. നായകൻ വിഷമത്തിലും നിരാശയിലും അകപ്പെടുന്നു.പിന്നീട്, ഇത്തരം പരീക്ഷങ്ങൾ മറികടന്ന് നായകൻ തൻ്റെ വ്യക്തിസ്വത്വം തിരിച്ചറിഞ്ഞ് തുടങ്ങുന്നു. ഇതിനെ ആദിപ്രരൂപമായ ഷാഡോയെ നേരിടുന്നു എന്ന്പറയാം. മൂടിവെക്കപ്പെട്ടതും അപ്രിയകരവുമായ, വ്യക്തിത്വത്തിന്റെ സ്വഭാവ തലങ്ങളാണ് ഷാഡോ. ഷാഡോയെ അഭിമുഖീകരിക്കുന്നതിലൂടെയാണ് സ്വത്വബോധം രൂപപ്പെട്ടു തുടങ്ങുന്നത്. ഒരു വ്യക്തിയുടെ ആത്മ വളർച്ചയ്ക്ക് തൻ്റെ സ്വഭാവത്തിൻ്റെ അപ്രിയ തലം ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്. സിഗ്മണ്ട് ഫ്രോയ്ഡ് അഭിപ്രായത്തിൽ അബോധ മണ്ഡലത്തിലെ അന്തർ സംഘർഷങ്ങളെ പരിഹരിക്കുക വഴിയാണ് ഒരു വ്യക്തിയുടെ ആരോഗ്യകരമായ വ്യക്തിത്വ വികസനം സാധ്യമാകുന്നത്.

നായകൻ തൻ്റെ യാത്രയുടെ അടുത്ത ഘട്ടത്തിൽ ആദിപ്രരൂപമായ 'അമ്മ/മാതാവിനെയാണ് നേരിടുന്നത്. തന്റെ അബോധ മണ്ഡലത്തിൽ നിന്ന് രൂപം കൊണ്ടതും, ഒരു വ്യക്തിയുടെ യഥാർത്ഥ അമ്മയുമായി സ്വഭാവ ബാഹ്യ ഗുണങ്ങളിൽ സാദൃശ്യമില്ലാത്തതുമാണ് ആദിപ്രരൂപമായ അമ്മയെന്ന സങ്കൽപ്പം. ഒരു വ്യക്തിയുടെ സ്ത്രീ സങ്കല്പത്തിലെ സകല ഗുണങ്ങളും ഒത്തു ചേർന്ന ആരാധ്യ രൂപത്തെയാണ് ആദിപ്രരൂപമായ 'അമ്മ ' എന്നത് കൊണ്ട് യുങ് ഉദ്ദേശിക്കുന്നത്. ക്യാമ്പ്ബെല്ലിന്റെ അഭിപ്രായത്തിൽ ജന്മം നൽകുന്നതും പരിപോഷിപ്പിക്കുന്നതുമായ സാർവത്രിക ശക്തിയാണ് ആദിപ്രരൂപമായ അമ്മ. അതിപുരാതന നദീതട സംസ്കാരങ്ങളിൽ തന്നെ ദേവത/ ദേവി തുടങ്ങിയ സങ്കൽപ്പങ്ങൾ നിലനിന്ന് പോന്നിരുന്നു എന്നാണ് മെസപ്പൊട്ടോമിയൻ, ഈജിപ്ത്-നൈൽ സംസ്കാരത്തെ ഉദ്ധരിച്ചു കൊണ്ട് ക്യാമ്പ്ബെൽ വ്യക്തമാക്കുന്നത്. ദേവതയുടെ ബന്ധനം സമൂഹത്തിൽ ദുഃഖം ഉണ്ടാകുമെന്നും ദേവതയെ സ്വാതന്ത്രമാക്കുക വഴി സമൂഹത്തിൽ അഭിവൃദ്ധി കൈവരുമെന്നും നദീതട സംസ്കാരത്തിൽ വിശ്വസിച്ചു പോന്നു.ഇത്തരത്തിൽ ഉറങ്ങിക്കിടക്കുന്ന പരിവർത്തന ശക്തിയായ അമ്മയെന്ന ആദിപ്രരൂപത്തെ തട്ടിയുണർത്തി, നായകൻ തന്റെയും തന്റെ സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി അതിനെ ഉപയോഗിക്കുന്നു. ഇതിനെ പവിത്രപരിണയം അഥവാ സേക്രഡ് മാര്യേജ് (sacred marriage) എന്നാണ് ക്യാമ്പ്ബെൽ വിശേഷിപ്പിച്ചത്. ഇത് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി ക്യാമ്പ്ബെൽ കണക്കാക്കുന്നു.വിവേകം, അധികാരം, സൗന്ദര്യം എന്നിവയുടെ ദേവതകളുടെ വിമോചനമാണ് ഇവിടെ സംഭവിക്കുന്നത്. പവിത്ര പരിണയത്തിലൂടെ മേൽപ്പറഞ്ഞ എല്ലാ ആദിപ്രരൂപങ്ങളുടെയും സമന്വയം സാധ്യമാകുന്നു.

ഇവിടെ ആദിപ്രരൂപമായ അമ്മയെ നേരിടുക എന്നത് കൊണ്ട് ഒരു വ്യക്തി തന്റെ സാമൂഹിക, വൈയക്തിക പരിവർത്തനം സാധ്യമാകുന്ന, ചില സ്വഭാവ ഗുണങ്ങൾ സ്വായത്തമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പിന്നീട് നായകൻ അച്ഛൻ/പിതാവ് എന്ന ആദിപ്രരൂപത്തെ അഭിമുഖീകരിക്കുന്നു. ചെറുപ്പത്തിലെ മകൻറെ മനസ്സിൽ അന്തർലീനമായി കിടന്ന പിതാവിനോടുള്ള വിരോധത്തിൻ്റെയോ ഭയത്തിൻ്റെയോ (ഈഡിപ്പസ് കോംപ്ലെക്സ്) വേരുകൾ പിഴുതെറിയുക എന്നതാണ് ഇവിടെ അർത്ഥമാക്കുന്നത്.

ഇത്തരത്തിൽ ഷാഡോ, അച്ഛൻ, അമ്മ എന്നീ ആദിപ്രരൂപങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ നായകൻ തന്റെ യാത്ര ലക്ഷ്യം പൂർത്തീകരിക്കുന്നു. തിരികെ വരുന്ന നായകൻ, തന്റെ യാത്രയിലൂടെ സിദ്ധിച്ച വിവേകം, ആർദ്രത, അനുഭവങ്ങളിലൂടെ നേടിയെടുത്ത നേതൃത്വ പാടവം തുടങ്ങിയ ഗുണങ്ങൾ തന്റെ സമൂഹത്തിനും ഒരുപക്ഷേ, ലോക നന്മക്കും ഉതകുന്ന തരത്തിൽ വിനിയോഗിക്കുന്നു.

ഈ തിരിച്ചുവരവിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് നായകൻ കടന്നുപോകുന്നത്. ഒരു വേള തിരിച്ചുവരവ് തിരസ്കരിച്ചേക്കാം, അല്ലെങ്കിൽ തിരിച്ചുവരാനുള്ള ത്വരയെ ഉൾകൊണ്ടെക്കാം. അതുമല്ലെങ്കിൽ തിരിച്ചു വന്ന്, ഇരു ലോകത്തിന്റെയും അധിപനായേക്കാം. അലക്സാണ്ടർ ചക്രവർത്തിയേയോ നെപ്പോളിയനെയോ പോലെയുള്ളവർ നേടിയെടുത്ത ആധിപത്യമല്ല ഇവിടെ മറിച്ച് അധിപനാവുക എന്നത് കൊണ്ട് തന്റെ 'അഹ'ത്തിന്റെ അധിപനാവുക എന്നതാണ് ഇവിടെ അർത്ഥമാക്കുന്നത്, ഉദാഹരണം: ശ്രീ ഗൗതമ ബുദ്ധനെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്റെ യാത്രയിലൂടെ ജ്ഞാനോദയം സിദ്ധിച്ചെങ്കിലും നിർവാണയെന്ന ഉയർന്ന തലത്തിൽ മാത്രം തുടരാതെ, നേടിയെടുത്ത അറിവും, തത്ത്വങ്ങളും തൻ്റെ ശിഷ്യരിലേക്കു പകരുകയും ചെയ്തു. ഒപ്പം നിർവാണയെന്ന അതീന്ദ്രീയ അവസ്ഥ അദ്ദേഹത്തിനു സാധ്യവുമായിരുന്നു. ഇങ്ങനെ സാമൂഹിക, വൈകാരിക ബന്ധങ്ങളുടെ ചട്ടക്കൂടുകളിൽ ഒതുങ്ങാതെ ഇരു ലോകത്തിലും ആധിപത്യമുണ്ടക്കാൻ ശ്രീബുദ്ധനു സാധിച്ചു.

വൈക്കം മുഹമ്മദ് ബഷീർ

ഇവിടെ യാത്രകൾ ആത്മ അന്വേഷണപരതയുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു. യാത്രകളിലൂടെ താൻ ഉണർത്തിയ അബോധതലത്തിൻ്റെ അതിരുകൾ ഭേദിച്ചു, സ്വാഭാവിക ബോധതലത്തിലേക്ക് വരാനുള്ള വ്യക്തിയുടെ വിമുഖതയെയാണ് തിരിച്ചു വരവിൽ വിമുഖത കാണിക്കുന്ന നായകനിലൂടെ ക്യാമ്പ്ബെൽ വരച്ചു കാണിക്കുന്നത്. എങ്കിലും തിരിച്ച് പോകാൻ നിര്ബന്ധിതനാവുന്ന നായകൻ തൻ്റെ അബോധ-ബോധ തലങ്ങളെ സമന്വയിപ്പിച്ച് ഇരുലോകത്തിൻ്റെയും അധിപനാകുന്നു. ഇത്തരത്തിൽ സ്വത്വാന്വേഷണപരതയിൽ നിന്നുരുത്തിരിയുന്ന യാത്രകൾ; നായകന്റെ അന്തർ സംഘർഷത്തെ ഉന്മൂലനം ചെയ്ത്, അബോധതലത്തിലെ ചിന്തകളെ യുക്തിഭദ്രമായ ബോധതലവുമായി സമരസപ്പെടുതുക വഴി നായകനെ തൻ്റെ സ്വത്വത്തിൻ്റെ അധിപനാക്കി മാറ്റുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.

ക്യാമ്പ്ബെല്ലിൻ്റെ നായകൻറെ യാത്രയുടെ വേറിട്ട തലം മലയാള സിനിമ-സാഹിത്യത്തിൽ ദൃശ്യമാണ്. ചെറുപ്പത്തിൽ നാടുവിട്ടു പോകുന്ന നായകൻ തൻറെ നാട് തന്നെ വിലയ്ക്കുവാങ്ങാൻ പറ്റാവുന്ന രീതിയിൽ വളർന്നു പന്തലിച്ച് സ്വദേശത്തേക്ക് തിരിച്ചെത്തുന്നു. സ്വന്തം വീട്ടുകാർക്കു പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പരിവർത്തനം സംഭവിച്ച നായകൻ പലവിധത്തിൽ നാടിൻ്റെയും വീടിൻറെയും രക്ഷകനാകുന്നു. പിന്നീട് തൻ്റെ നാടുവിടേണ്ടി വന്ന സാഹചര്യത്തെ ന്യായീകരിച്ച് നായകൻ ഹീറോയിസം ചമഞ്ഞ് കുടുംബത്തിൻറെ അഭിമാനമാകുന്നു. ഇത് ഒരു കാലത്തെ മുൻനിര നായകന്മാരുടെ വാണിജ്യ സിനിമകളിലെ ക്ലീഷേ സംഗതിയായിരുന്നു. ഉദാഹരണം രാജമാണിക്യം, ആറാംതമ്പുരാൻ തുടങ്ങിയവ.

വീടുവിട്ടിറങ്ങുന്ന യാത്രകൾ എല്ലാം സ്വത്വാന്വേഷണം മാത്രം ലക്ഷ്യമാക്കിയുള്ളവയല്ല. മനുഷ്യ സ്വഭാവത്തിലെ വൈവിധ്യം യാത്രകളിലും കാണാം. അജ്ഞാതനാവാനുള്ള മാർഗമാണ് യാത്രകൾ. ആൾക്കൂട്ടമാണ് ഒളിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം (ഡോ: കെ.എൻ. ഗണേഷ്, അഭിമുഖം 2011). ഒറ്റക്കിരിക്കാൻ, തന്നിലേക്ക് തിരിഞ്ഞു നോക്കാൻ ആഗ്രഹിച്ചു യാത്ര പോകുന്ന ഒത്തിരി പേരുണ്ട്. ജന്മനാട്ടിൽ ലഭിക്കാത്ത സ്വീകാര്യത നേടിയെടുക്കാനാണ് പലരുടെയും യാത്രകൾ (ഡോ: ഗോവിന്ദവർമ്മ രാജ, അഭിമുഖം 2011). തെറ്റും ശെരിയും തേടിയുള്ള അന്വേഷണമായി ചിലപ്പോൾ യാത്രകൾ മാറാറുണ്ട് എന്നദേഹം കൂട്ടി ചേർക്കുന്നു. തൻ്റെ പ്രാദേശിക, സാമൂഹിക, സാംസ്കാരിക ജീവിത രീതികളിലുള്ള അതൃപ്തിയിൽനിന്നാണ് പലരും വീട് വിട്ടിറങ്ങുന്നത് (ഡോ: അനിൽ ചേലേമ്പ്ര, അഭിമുഖം 2011). ഒരു തരത്തിൽ വിവാഹ ശേഷം ഭർതൃവീട്ടിലേക്ക് പോകുന്ന പെൺകുട്ടികളും യാത്രികരാണ്, സുപരിചിതമായ സാമൂഹിക- സാംസ്കാരിക സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റപെട്ടുള്ള യാത്രകളാണവയും (ഡോ: ടി. ശശിധരൻ, അഭിമുഖം 2011).

യാത്രികരെല്ലാം തിരികെ നടക്കുന്നവരോ?

വൈവിധ്യമാർന്ന ക്യാൻവാസിലൂടെ നോക്കി കാണാവുന്ന അനുഭവങ്ങളാണ് ഓരോ യാത്രയും. ആത്മപരിശോധന ലക്ഷ്യം വച്ചുള്ള യാത്രകളായാലും, അറിവ് തേടിയുള്ള യാത്രകളായാലും തന്റെ ലക്ഷ്യ പൂർത്തീകരണ ശേഷം യാത്രികൻ തിരികെ നടക്കുന്നതായി കാണാം. ഉദാഹരണം: ഗാന്ധിയെ അഹിംസയിലൂന്നിയ ധാർമിക ബോധമുള്ള മഹാത്മാവാക്കി മാറ്റിയതിൽ ദക്ഷിണാഫ്രിക്കൻ യാത്രക്ക് നിർണായക പങ്കുണ്ട്. നീണ്ട 23 വർഷക്കാലത്തെ ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ ഗാന്ധി; യാത്രയുടെ ഉൽപന്നങ്ങളായി ക്യാമ്പ്ബെൽ കണക്കാക്കിയ ആർദ്രതയും നേതൃപാടവവും വിവേകവും ഇന്ത്യൻ- രാഷ്ട്രീയ-സാംസകാരിക തത്വസംഹിതയിലേക് സംഭാവന ചെയ്തു. ബഷീറിന്റെ സാഹിത്യ സൃഷ്ടികളെ സർഗാത്മകമാകുന്നതിൽ അദ്ദേത്തിന്റെ യാത്രാനുഭവങ്ങൾക്ക് പങ്കുണ്ട്. ലോകത്തെ തടവറയുമായി ഉപമിക്കാൻ ഒരു യാത്രികനല്ലേ സാധിക്കൂ. അദ്ദേഹവും തിരിച്ചു നടന്നവനാണ്. ഖസാക്കിലെ അധ്യാപനം അവസാനിപ്പിച്ച് കൂമൻകാവിൽ ബസ് കാത്തു നിന്ന ഒ.വിയുടെ രവിയും തിരിച്ചുവരവിൻ്റെ പാതയിൽ ആയിരുന്നിരിക്കാം.

എന്നാൽ തിരിച്ചുവരവ് നിഷേധിക്കപ്പെട്ട അഭയാർഥികളുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. ജന്മനാട്ടിലും, മറുനാട്ടിലും അവഗണിക്കപ്പെട്ടതിൻ്റെയും, ക്രൂശിക്കപ്പെട്ടതിൻ്റെയും വേദനയിൽ ജീവിക്കുന്ന, അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം മടക്കയാത്ര അപ്രാപ്യവും ഉള്ളിൽ വിങ്ങുന്ന ഓർമ്മകൾ ഉണർത്തുന്നതുമാണ്. അബ്ദുൽ റസാഖ് ഗുർണയിലും നിലയുറക്കാത്ത ഒരു യാത്രികൻ ഉണ്ടെന്ന് കാണാം. സ്വന്തം അടിവേരുകൾ നഷ്ടപ്പെടുമ്പോൾ ആന്തരികമായി ഒരു സഞ്ചാരി രൂപം കൊള്ളുന്നു. ഒന്നിലും നിലയുറക്കാതെ, എന്തിനെയോ തേടി നടക്കുന്ന യാത്രികന് ഒന്നിനെയും ഒറ്റവാക്കിൽ നിർവചിക്കാൻ ആവില്ല. അവർക്ക് യാഥാർഥ്യം എന്നത് വൈവിധ്യമാണ്, മാറിക്കൊണ്ടിരിക്കുന്നതാണ്, അപൂർണമാണ്.

ചിന്നിച്ചിതറിയ അസ്ഥിത്വത്തെ സാധൂകരിക്കാനുള്ള ശ്രമങ്ങൾ ഓരോ പ്രവാസിയിലും കാണാൻ സാധിക്കും എന്നാണ് അക്തറിന്റെ (1995, 1999) പഠനങ്ങൾ വ്യക്തമാക്കുന്നത്. തന്റെ ജന്മനാടിന്റെ സംസ്കാരവും സൗഹൃദ ബന്ധങ്ങളും വാസ്തു വിദ്യയും മണവും കലാ വൈവിധ്യങ്ങളും ഗൃഹാതുര ഓർമ്മകളായി ഒരു പ്രവാസിയിൽ അവശേഷിക്കും (ഐൻസ്ലീ et al.,2013). എന്നാൽ അഭയാർത്ഥിയെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്വം എന്നത് വിഷലിപ്തമായ ഒരു ഓർമ്മ മാത്രം ആയിരിക്കാം (അക്തർ, 1995). പ്രയാസകരമായ അനുഭവങ്ങൾ പാലായനത്തിൽ ഉടനീളം അനുഭവിക്കേണ്ടി വരുന്ന അഭയാർത്ഥിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (post traumatic stress disorder), സൈക്കോസിസ് (psychosis) പോലെയുള്ള മനോരോഗങ്ങൾ, ആകുലത തുടങ്ങിയവ കൂടുതലായി കണ്ടുവരുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു (ഹീറെൻ et al., 2012; കിർമയർ et al.,2011; മഹ്മൂദ് et al., 2019).


പക്ഷേ, ക്ലേശകരമായ അനുഭവങ്ങളിലൂടെ നിരന്തരമായി സഞ്ചരിച്ച ചില അഭയാർത്ഥികൾക്ക് തൻ്റെ പലായനം സത്വ, സാമൂഹിക ഏകീകരണതിനുള്ള ഉപാധി കൂടി ആയിരുന്നു (വഹാലി, 2009; ബെൽഹസെൻ, 2013). എങ്കിലും തിരിച്ചുവരവ് ആഗ്രഹിച്ച്, ജന്മനാട് സ്വപ്നം കണ്ട് തൻ്റെ അവസാന നാളുകൾ തള്ളിനീക്കുന്ന, തിബറ്റൻ അഭയാർത്ഥികളെ വഹാലിയുടെ (2009a, 2021b) പതിറ്റാണ്ടുകൾ നീണ്ടുനിന്ന പഠനങ്ങളിൽ കാണാം. അവർക്ക് തിരിച്ച് പോക്കെന്ന സ്വപ്നം മുന്നോട്ടുള്ള ജീവിതത്തിലെ പ്രതീക്ഷയാണ്. അടുത്ത തമലുറകളിലേക് പകർന്നു കൊടുക്കുന്ന ജീവിത പാഠമാണ്.

തിരിച്ച് വരവ് നിഷേധിക്കപെട്ടിട്ടില്ലാത്തവർ ഇടയ്ക്കിടെ പിറന്ന നാടിൻറെ മണവും മണ്ണും ജീവിതരീതികളും ആസ്വദിക്കാൻ ഓടിക്കിതച്ചെത്തുന്നു. ഈ ഓരോ പ്രവാസിയും തിരികെ നടക്കുന്നവരുടെ പ്രതിനിധികളല്ലെ?

ജന്മനാടിൻ്റെ ഓർമകളിൽ കഴിയുന്ന, ഓരോ യാത്രികനും ഓരോ യാത്രയും ഒരുതരത്തിൽ മടക്ക യാത്രയാണ്. തന്റെ മാതൃഭൂമി ഒരു വികാരമായി നെഞ്ചിൽ ഉള്ളിടത്തോളം, തനിക്ക് പ്രിയപ്പെട്ടതെന്തെങ്കിലും അവിടെ അവശേഷിക്കുന്നിടത്തോളം, യാത്രികൻ തിരികെ നടക്കുന്നു; പിന്നിട്ട വഴികളത്രയും.

References

Accidental author, voice of displaced(n.d).The economic times. Retrieved February, 18, 2022 from.https://m.economictimes.com › article: Who is Abdulrazak Gurnah, the winner of Nobel Prize in Literature?

Ainslie,C.R, Narra,P.T, Harlem,A, Barbanel,L, Ruth,R.(2013). Contemporary psychoanalytic views on the experience of immigration. Journal of the American Psychoanalytic Association,3(4), 663-679. https://doi.org/10.1037/a0034588

Akhtar S. (1995). A Third Individuation: Immigration, Identity, and the Psychoanalytic Process. Journal of the American Psychoanalytic Association,43(4),1051-1084. https://doi.org/10.1177/000306519504300406

Akhtar, S. (1999). The Immigrant, the Exile, and the Experience of Nostalgia. Journal of Applied Psychoanalytic Studies, (1), 123–130. https://doi.org/ 10.1023/A:1 0230 290 20496 Akhtar, S. (1996). ―Someday . . . and ―if only . . .‖ fantasies: Pathological optimism and inordinate nostalgia as related forms of idealization‖. Journal of the American Psychoanalytic Association, 44, 723–753.

Belhassen, I. (2013). The quest for identity and the loss of identity in North African literature of exile (Doctoral dissertation, The University of Nebraska-Lincoln).

Campbell, J. (2012). The hero with a thousand faces (3rd ed.). New World Library.

Freud, S. (1997). The interpretation of dreams (A. A. Brill, Trans.). Wordsworth Editions.(Original work published 1900)

Freud, S. (1924). A general introduction to psychoanalysis, trans. Joan Riviere.

Heeren, M., Mueller, J., Ehlert, U., Schnyder, U., Copiery, N., & Maier, T. (2012). Mental health of asylum seekers: a cross-sectional study of psychiatric disorders. BMC psychiatry, 12(1), 1-8. https://doi.org/10.1186/1471-244X-12-114

Jung, C. G. (1991). The archetypes and the collective unconscious (R. F. C. Hull, Trans.; 2nd ed.). Routledge.

Kirmayer, L. J., Narasiah, L., Munoz, M., Rashid, M., Ryder, A. G., Guzder, J., Hassan, G., Rousseau, C., Pottie, K. (2011). Common mental health problems in immigrants and refugees: general approach in primary care. CMAJ: Canadian Medical Association journal (journal de l'Association médicale canadienne), 183(12), E959– E967.https://doi.org/10.1503/cmaj.090292

Mahmood, H.N., Ibrahim,H .,Goessmann, K ., Ismail, A.A ., Neuner, F(2019). ― Post traumatic stress disorder and depression among Syrian refugees residing in the Kurdistan region of Iraq‖. Conflict and Health, 13(51),1-11. https://doi.org/10.1186/s13031- 019-0238-5

Otto, M.(7 October,2021) . Abdulrazak Gurnah: what you need to know about the Nobel prize-winning author. https://www.google.com/amp/s/theconversation.com/amp/abdulrazak-gurnah-what-you-need-to-know-about-the-nobel-prize-winning-author-169484

Vahali, O.H.(2009). Lives in Exile. Exploring the Inner World of Tibetan Refugees. Routledge Publishers.

Vahali, O.H.(2021). Lives in Exile. Exploring the Inner World of Tibetan Refugees (2nd ed.). Routledge Publishers.


മങ്കട ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മനഃശാസ്ത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖിക.

Show More expand_more
News Summary - travellers psychology riswana