Begin typing your search above and press return to search.
proflie-avatar
Login

ആർ.എസ്.എസിനെ റിപ്പബ്ലിക് പരേഡിലേക്ക് നെഹ്റു വിളിച്ചിരുന്നോ? -ഒരു ‘ചരിത്രനുണ’യെ പൊളിക്കുന്നു

ആർ.എസ്.എസിനെ റിപ്പബ്ലിക് പരേഡിലേക്ക് നെഹ്റു വിളിച്ചിരുന്നോ? -ഒരു ‘ചരിത്രനുണ’യെ പൊളിക്കുന്നു
cancel

‘‘രാജ്യത്തിന്റെ അടിയന്തര ഘട്ടങ്ങളിൽ ആർ.എസ്​.എസ്​ വഹിച്ച പങ്ക്​ പരിഗണിച്ച്​ പണ്ഡിറ്റ്​ നെഹ്​റു 1963ലെ ​റിപ്പബ്ലിക്​ ​ദിന പരേഡിലേക്ക് ക്ഷണിച്ചതാണ്​’’- ആർ.എസ്​.എസ്​ മാധ്യമ വിഭാഗം അംഗമായ രത്തൻ ഷാർദ എഴുതിയതിങ്ങനെയാണ്. മുൻ ​രാഷ്ട്രപതി​ പ്രണബ്​ മുഖർജിയുടെ നാഗ്​പൂർ ആസ്​ഥാന സന്ദർശനം പുകിലായപ്പോൾ വിമർശകരുടെ വായടക്കാൻ ആർ.എസ്​.എസ് പ്രചരിപ്പിച്ചത്​ ഇതേ അവകാശവാദമായിരുന്നു. 2022ൽ കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ തൃശൂരിൽ ആർ.എസ്​.എസ്​ നേതാവി​ന്റെ ​വീട്ടിലെത്തി സംഘ്​ പ്രമുഖ്​ മോഹൻ ഭഗവതിനെ സന്ദർശിച്ചതിനെതിരെ വിമർശനമുയർ​ന്ന​പ്പോഴും ഇതേ വാദം നിരത്തിയാണ്​ അതി​നെ അദ്ദേഹം നേരിട്ടത്​. എന്നാൽ ഈ ആർ.എസ്.എസ് - നെഹ്റു കഥയുടെ യാഥാർഥ്യമെന്താണ്?

ന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റു 1963​ലെ റിപ്പബ്ലിക്​ ദിന പരേഡിൽ പങ്കാളിയാകാൻ ആർ.എസ്​.എസിനെ ക്ഷണിച്ചോ?. സംഘ്പരിവാർ കാലങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. കാലക്രമേണ എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു.

കള്ളം തിരുകിക്കയറ്റി ദേശചരിത്രത്തെ അപനിർമിക്കാനുള്ള നീക്കത്തി​െൻറ ഭാഗമാണിത്​. എന്നാൽ രേഖകളത്രയും ഈ വാദം തള്ളിക്കളയുന്നു. മാത്രമല്ല, നേർവിപരീതമായ മറ്റൊരു ചിത്രമാണ്​ ചരിത്രം നമുക്കു മുന്നിൽ വെക്കുന്നത്​. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തി​ന്റെ പശ്​ചാത്തലത്തിൽ സൈനിക പരേഡ്​ നടത്തുന്നതിലെ പ്രയാസം മൂലം പൗരന്മാരെ അണിനിരത്തിയാണ് മാർച്ച് ഒരുക്കിയത്. ഈ മാർച്ചിൽ ആർ.എസ്​.എസ്​ വേഷത്തിൽ കുറേ പേർ കടന്നുകയറിയിരുന്നു. അത്രയുമാണ്​ സംഭവിച്ചത്​.

കഴിഞ്ഞ കുറേ വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട പ്രചാരണം തകൃതിയാണ്​. ‘‘രാജ്യത്തിന്റെ അടിയന്തര ഘട്ടങ്ങളിൽ ആർ.എസ്​.എസ്​ വഹിച്ച പങ്ക്​ പരിഗണിച്ച്​ പണ്ഡിറ്റ്​ നെഹ്​റു 1963ലെ ​റിപ്പബ്ലിക്​ ​ദിന പരേഡിലേക്ക് ക്ഷണിച്ചതാണ്​’’- ആർ.എസ്​.എസ്​ മാധ്യമ വിഭാഗം അംഗമായ രത്തൻ ഷാർദ 2018ൽ പുറത്തിറക്കിയ ‘ആർ.എസ്.എസ്. 360’ എന്ന പുസ്​തകത്തിൽ പറയുന്നത് ഇങ്ങനെയാണ്. ‘‘മൂന്നു ദിവസം മുമ്പു ലഭിച്ച അറിയിപ്പി​ന്റെ അടിസ്​ഥാനത്തിൽ യൂനിഫോമണിഞ്ഞ 3000 പേരടങ്ങിയ ആർ.എസ്​.എസ്​ സംഘമാണ്​ പരേഡിൽ പങ്കാളികളായത്​’’- 2018 ജൂണിൽ മുൻ ​രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ​ പ്രണബ്​ മുഖർജി നാഗ്​പൂരിലെ സംഘ്​ ആസ്​ഥാനത്ത്​ നടത്തിയ സന്ദർശനം പുകിലായപ്പോൾ വിമർശകരുടെ വായടക്കാൻ ആർ.എസ്​.എസും അനുഭാവികളും വ്യാപകമായി പറഞ്ഞുനടന്നത്​ ഈ അവകാശവാദമായിരുന്നു. 2022ൽ കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ തൃശൂരിൽ ആർ.എസ്​.എസ്​ നേതാവി​ന്റെ ​വീട്ടിലെത്തി സംഘ്​ പ്രമുഖ്​ മോഹൻ ഭഗവതിനെ സന്ദർശിച്ചതിനെതിരെ വിമർശനമുയർ​ന്ന​പ്പോഴും ഇതേ വാദം നിരത്തിയാണ്​ അതി​നെ അദ്ദേഹം നേരിട്ടത്​. ​

രത്തൻ ഷാർദ

ഇതുപോലൊരു സംഭവം നടന്നിട്ടില്ലെന്നതിന്​ രേഖകൾ സാക്ഷി. ‘‘ഒരു ലക്ഷത്തിലേറെ പേരാണ്​ പൗരാവലി അണിനിരന്ന മാർച്ചിൽ പങ്കാളികളായത്​. ചൈനീസ്​ കടന്നുകയറ്റത്തിനും വഞ്ചനക്കുമെതിരെ രാജ്യത്തി​ന്റെ അഭിമാനവും ഐക്യവും സംരക്ഷിക്കുമെന്ന പ്രതിജ്​ഞ പുതുക്കുന്ന മുദ്രാവാക്യങ്ങളാണ്​ അവരുയർത്തിയത്​’’- 1963 ജനുവരി 28നിറങ്ങിയ ഹിന്ദുസ്​ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തതിങ്ങനെയാണ്.

’’സായുധ സേനാപരേഡ്​ ഈ വർഷം വളരെ ഹൃസ്വമായിരുന്നു. അതിർത്തിയിൽ ചൈനീസ്​ കടന്നുകയറ്റം ചെറുക്കുകയാണ്​ സേനയെന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം. മിതത്വം പാലി​ക്കേണ്ട സമയമായമായതിനാൽ ജനകീയ മാർച്ച്​ പോലും ആർഭാടങ്ങളില്ലാതെയായിരുന്നു. നെഹ്​റുവും മന്ത്രിസഭാംഗങ്ങളും പാർലമെൻറ്​ അംഗങ്ങളുമടക്കം മാർച്ചിൽ അണിനിരന്നു’’ - ടൈംസ്​ ഓഫ്​ ഇന്ത്യ റി​പ്പോർട്ട്​ ​ചെയ്യുന്നതിങ്ങനെയാണ്.

ജനകീയ മാർച്ച്​ നെഹ്​റുവി​ന്റെ ആശയമായിരുന്നു. പരേഡ്​ നടത്താൻ ചുമതലയുള്ള പ്രതിരോധ മന്ത്രാലയം ഈ പരേഡ്​ പൂർണമായി ഒഴിവാക്കുകയെന്ന ആശയമാണ്​ മുന്നോട്ടുവെച്ചിരുന്നത്​. എന്നാൽ റിപ്പബ്ലിക്​ ദിനാഘോഷം ഒഴിവാക്കാനുള്ള നീക്കത്തെ എതിർത്തും ജനകീയ മാർച്ച്​ നിർദേശിച്ചും നെഹ്​റു നേരിട്ട്​ അന്നത്തെ പ്രതിരോധ മന്ത്രി വൈ.ബി ചവാന്​ വിശദമായ കത്ത്​ അയക്കുകയായിരുന്നു.

‘‘റിപ്പബ്ലിക്​ ദിനാഘോഷത്തിൽ അനാവശ്യമായ എല്ലാ ചെലവും ഒഴിവാക്കണമെന്നതിനോട്​ ഞാൻ യോജിക്കുന്നു. രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കപ്പെട്ട സൈനികരെ ഡൽഹിയിലെത്തിക്കുന്നതിനോടും ഞാൻ യോജിക്കുന്നില്ല. എന്നാൽ, ഒരു പരേഡ്​ എന്തുകൊണ്ട്​ അരുത്​ എന്ന്​ എനിക്ക്​ മനസ്സിലാകുന്നില്ല. ഡൽഹിയിലുള്ള കുറച്ചു സൈനികർ മാത്രം അണിനിരന്ന്​, പിറകിൽ നമ്മുടെ ജനം കൂട്ടമായി പങ്കാളികളായി ഒരു പരേഡ്​ നടത്താനാകണം. ഹോംഗാർഡുകൾ, എൻ.സി.സി എന്നിവരും ഡൽഹിയിലെ മറ്റു സന്നദ്ധ വിഭാഗങ്ങളും തീർച്ചയായും ഉണ്ടാകും. സ്​കൂൾ, കോളജ്​ വിദ്യാർഥികളും പ​ങ്കെടുക്ക​ട്ടെ. ഡൽഹിയിലെ വിവിധ സംഘടനകൾ, ട്രേഡ്​ യൂനിയനുകൾ എന്നിവർക്കും അണിനിരക്കാം. കൃത്യമായ പദചലനങ്ങളോടെയാകണം അവർ നീങ്ങുന്നത്​ എന്നതും വിഷയമല്ല. അവർ ഒന്നിച്ച്​ നടന്നുനീങ്ങ​ട്ടെ. പ​ങ്കെടുക്കുന്നവർക്കും കാണുന്നവർക്കും നൽകുന്നത്​ വലിയ ഒരു സന്ദേശമാകും എന്ന്​ തോന്നുന്നു’’.

ഇതേ ആശയം പിറ്റേന്ന്​ കോൺഗ്രസ്​ പാർലമെന്ററി പാർട്ടി യോഗത്തിലും നെഹ്​റു മുന്നോട്ടുവെച്ചു. ‘‘പരേഡ്​ വേണ്ടെന്നുവെക്കാനുള്ള നിർദേശം വന്നിരുന്നു. എനിക്ക്​ അതിനോട്​ യോജിപ്പില്ല. ഈ മാർച്ച്​ ​സൈനിക പ്രകടനമാകുന്നതിന്​ പകരം ജനകീയമാക്കണം. അതിനാൽ, പാർലമെൻറ്​ അംഗങ്ങളും ഈ പരേഡിൽ അണിനിരക്കണമെന്നാണ്​ നിലവിലെ ആശയം’’. മാർച്ചിൽ ഒരു ലക്ഷം പേരെങ്കിലും പങ്കാളികളാകണമെന്ന ആഗ്രഹം തന്റെ പേഴ്​സണൽ സെക്രട്ടറി കേശു റാമിന് 1963 ജനുവരി 19ന്​​ നൽകിയ കുറിപ്പിലും നെഹ്​റു പങ്കുവെക്കുന്നു.

എങ്ങനെയും പൊതുസമ്മതി നേടുകയായിരുന്നു ഈ സമയം ആർ.എസ്​.എസ്​ ലക്ഷ്യം. 1948ൽ ഗാന്ധി വധത്തോടെ നേരിട്ട നിരോധനം നീങ്ങിയിരുന്നുവെങ്കിലും വിശ്വാസ്യത തീരെ കുറഞ്ഞുനിന്ന സമയമായിരുന്നു അത്. ഇത്​ അവസരമായി കണ്ട ആർ.എസ്​.എസ്​ ഡൽഹിയിൽ നിന്നും മറ്റിടങ്ങളിൽനിന്നും ആളുകളെ കൂട്ടിത്തുടങ്ങി. ഇത്​ നെഹ്​റു പിന്നീട്​ വ്യക്​തമാക്കുന്നുമുണ്ട്​. 1963 ഫെബ്രുവരി നാലിന്​ ആർ.എസ്​.എസ്​ ജിഹ്വയായ ഓർഗനൈസർ എഴുതിയത്​ രണ്ടായിരത്തിലേറെ സ്വയംസേവകർ ​‘വെള്ള കുപ്പായവും കാക്കി നിക്കറും ബെൽറ്റും കറുത്ത തൊപ്പിയും ബൂട്ടുമടക്കം പൂർണ യൂനിഫോമിൽ പരേഡിൽ അണിനിരന്നുവെന്നും അത്​ ഡൽഹി പൗരാവലി സഞ്ചയത്തിൽ പ്രധാന ആകർഷണമായെന്നുമായിരുന്നു.

ഈ നീക്കങ്ങളെ കുറിച്ച്​ നെഹ്​റുവിന്​ ഉത്തമ ബോധ്യമുണ്ടായിരുന്നു. 1963 ജനുവരി 27ന്​ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്​ത്​ നെഹ്​റു പറഞ്ഞു: ‘‘ചില കോൺഗ്രസുകാർ എ​ന്റെയടുത്തുവന്ന്​ ആർ.എസ്​.എസുകാർ ഗാസിയാബാദിൽനിന്നും മീറത്തിൽനിന്നും മറ്റിടങ്ങളിൽനിന്നും ആളുകളെയും അവർക്കണിയാൻ യൂനിഫോമും സംഘടിപ്പിക്കുന്നതായി ധരിപ്പിച്ചിരുന്നു. ഞാൻ അവരോട്​ പറഞ്ഞത്​. ​‘എനിക്ക്​ അവർ വരുന്നത്​ തടയാനാകില്ലെന്നാണ്​. ഒരുവിഭാഗത്തെ മാത്രം തടയുന്നത്​ ശരിയല്ല’. മാർച്ചിൽ അണിനിരക്കുന്ന ജനത്തിന്​ പ്രത്യേക വേഷം നിർദേശിച്ചിട്ടില്ലെന്നും നെഹ്​റു പറഞ്ഞു. എന്നാൽ, പാർട്ടി ചിഹ്നങ്ങൾ വേണ്ടെന്നു മാത്രം അറിയിച്ചതാണെന്നും ഏതു വേഷത്തിലും യൂനിഫോമിലും അവർ എത്ത​ട്ടെയെന്നും കൂട്ടിച്ചേർത്തു.

പ്രണബ് മുഖർജി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത്. 2018 ജൂണിലായിരുന്നു സന്ദർശനം.

25,000 ആർ.എസ്​.എസുകാർ വരുമെന്നായിരുന്നു പ്രചാരണമെങ്കിലും രണ്ടായിരം പേരേ എത്തിയുള്ളൂ എന്നുകൂടി നെഹ്​റു പങ്കുവെച്ചു. ‘‘അവരെ തടയാൻ നമുക്കാകില്ല. എന്തു ചെയ്യാനാകും? ജനം എത്തുന്നതുവരെയുള്ള കാര്യമേ സർക്കാറിന്​ തീരുമാനിക്കാനാകൂ. പിന്നീടുള്ളതൊന്നും നേരിട്ട്​ സർക്കാറിന്​ ചെയ്യാവുന്നതല്ല. മേയർ നൂറുദ്ദീൻ അഹ്​മദ്​ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്​തിട്ടുണ്ട്​’’- നെഹ്​റുവി​ന്റെ വാക്കുകൾ ഇങ്ങനെയാണ്.

ആർ.എസ്​.എസിന്റെ​ തൊഴിലാളി സംഘടന ഭാരതീയ മസ്​ദുർ സംഘ്​ അംഗങ്ങളായാണ്​ മാർച്ചിൽ അവർ അണിനിരന്നത്​. ബാനറോ പ്ലക്കാർഡോ സംഘടനയുടെ കാവിക്കൊടിയോ അവർ ​ഉയർത്തിയിരുന്നില്ല. ആൾക്കൂട്ടത്തിൽ കൂടിക്കലർന്നായിരുന്നു അവർ നീങ്ങിയത്​. അതുകൊണ്ടാകണം പല പത്രങ്ങളും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കാതെ പോയത്​. ഹിന്ദി പത്രമായ ഹിന്ദുസ്​ഥാൻ മാത്രമാണ്​ മാർച്ചിലെ ആർ.എസ്​.എസുകാരുടെ ചിത്രം നൽകിയത്​. 1963 ജനുവരി 28ന്​ പരിപാടിയുടെ മുഴുപേജ്​ ഫോ​ട്ടോ ഫീച്ചറിലായിരുന്നു ഈ ചിത്രവും.

സ്വന്തം പതാകക്കു പകരം ദേശീയ പതാകയാണ്​ ഇവർ കൈയിലേന്തിയത്​ എന്നതായിരുന്നു ശ്രദ്ധേയം. ദേശീയ പതാകയോട്​ ആർ.എസ്​.എസ്​ കുറച്ചെങ്കിലും ആദരം കാണിച്ച (അത്​ സമയത്തിന്റെ ആവശ്യവുമായിരുന്നു) ആദ്യ മുഹൂർത്തവും ഇതായിരുന്നു. അതുവരെയും ത്രിവർണ പതാകയെ അവർ അംഗീകരിച്ചിരുന്നില്ല. 1949ൽ വിലക്ക്​ ഉയർത്തുമ്പോൾ ദേശീയ പതാകയെ ആദരിക്കുമെന്ന്​ പ്രതിജ്​ഞയെടുത്തവരായിരുന്നു അവർ. അപ്പോഴും നെഹ്​റു ആർ.എസ്​.എസിനെ ക്ഷണിച്ചെന്ന കള്ളം സ്​ഥാപിക്കാനുള്ള ഏക തെളിവ് അവർ വേറിട്ടു പ​ങ്കെടുത്തതായി പറയുന്ന​ ഈ ചിത്രം മാത്രമായി മാറുന്നു.


മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമാണ് ലേഖകൻ

കടപ്പാട്: ദി കാരവൻ

സ്വതന്ത്ര വിവർത്തനം: കെ.പി. മൻസൂർ അലി

Show More expand_more
News Summary - Nehru invited the RSS to the 1963 Republic Day event -a historical lie