Begin typing your search above and press return to search.
proflie-avatar
Login

ഇല്ലാത്ത ‘ലൗജിഹാദും’ മഹാരാഷ്ട്രയും: ഒരു ജനതയെ തമ്മിലടിപ്പിക്കുന്ന വിധം

ഇല്ലാത്ത ‘ലൗജിഹാദും’ മഹാരാഷ്ട്രയും: ഒരു ജനതയെ തമ്മിലടിപ്പിക്കുന്ന വിധം
cancel
ശ്രദ്ധവാക്കർ കൊലപാതകത്തെ മഹാരാഷ്ട്ര രാഷ്​ട്രീയത്തിൽ വിഭജനത്തിനായി ഹിന്ദുത്വ ശക്തികൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്?. വിശകലനം.

ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​, താനെയിൽ നെവാലി ഗ്രാമത്തിലെ ക്രിക്കറ്റ്​ മൈതാനം കാവിയിൽ കുളിച്ചുനിൽക്കുകയായിരുന്നു. സമീപ ഗ്രാമങ്ങളിൽനിന്നും പട്ടണത്തിൽനിന്നുമായി 5,000 ഓളം പേർ തടിച്ചുകൂടിയിട്ടുണ്ട്​​. പലർക്കും രത്​നഗിരിയിൽനിന്നുള്ള സ്വാമിയുടെ ദർശനമാണ്​ ലക്ഷ്യം. സ്​റ്റേജിനു മുകളിൽ ഒരു വിശിഷ്​ട പീഠത്തിൽ സ്വാമി ഇരിപ്പുണ്ട്​.

മഹാരാഷ്​ട്രയിലെ വിവിധ ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്​മയായ സകൽ ഹിന്ദു സമാജ്​ സംഘടിപിച്ച റാലിയുടെ ലക്ഷ്യം പക്ഷേ, വ്യക്​തമാകാൻ ഏറെയൊന്നും വേണ്ടിവന്നില്ല. വേദിയിലെത്തിയ പ്രഭാഷകർ ഒന്നിനു പിറകെ ഒന്നായി കടുത്ത മുസ്​ലിം വിരുദ്ധത മാത്രം പറഞ്ഞുകൊണ്ടിരുന്നു​.

‘‘ശിവജിയുടെ നാട്ടിൽ എന്തിനാണ്​ മസ്​ജിദുകൾ? ത​ന്റെ മണ്ണ്​ കൈയേറു​േമ്പാൾ എന്തിനാണ്​ ഹിന്ദു നിശ്ശബ്​ദരായിരിക്കുന്നത്​?’’- പാൽഘറിലെ ഹിന്ദു ശക്​തി പീഠ്​ പ്രതിനിധി സ്വാമി ഭരതാനന്ദ്​ മഹാരാജി​െൻറ ചോദ്യം. ‘‘ലവ്​ ജിഹാദും ലാൻഡ്​ ജിഹാദും നടത്തി അവർ നമ്മളെയും നമ്മുടെ ആരാധനാലയങ്ങളെയും പിടിച്ചടക്കുകയാണ്​’’. ഹിന്ദുത്വ സംഘടനകൾ നിരന്തരം ഉന്നയിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തമാണ്​ ലവ്​ ജിഹാദ്​. ഹിന്ദു സ്​ത്രീകളെ വശീകരിച്ച്​ മതംമാറ്റാൻ മുസ്​ലിംകളുടെ പദ്ധതിയാണിതെന്ന്​ അവർ ആരോപിക്കുന്നു. ഹിന്ദുക്കളുടെ ഭൂമി മാത്രമല്ല, പൊതുസ്​ഥലവും കൈയേറി സ്വന്തമാക്കാൻ മുസ്​ലിംകൾ നടത്തുന്നതാണത്രെ ‘ലാൻഡ്​ ജിഹാദ്​’.

ജനുവരി 19 ന് സകൽ ഹിന്ദു സമാജിന്റെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന റാലി

തെലങ്കാനയിൽ സസ്​പെൻഷനിലുള്ള ബി.ജെ.പി സാമാജികൻ ടി. രാജ സിങ്​ ആയിരുന്നു മറ്റൊരു പ്രഭാഷകൻ. പ്രകോപനകരമായ പ്രസംഗങ്ങൾക്ക്​ നടപടി നേരിട്ടയാൾ​. ‘‘ഹിന്ദുക്കൾ മതേതരത്വം വലിച്ചെറിഞ്ഞ്​ ഹിന്ദു രാജ്യത്തിനായി പോരാടണം’’- ബി.ജെ.പി എം.എൽ.എമാർക്കൊപ്പം എക്​നാഥ്​ ഷി​ൻഡെയുടെ ശി​വസേന സാമാജികരും നിൽക്കെയായിരുന്നു സിങ്ങി​െൻറ ആഹ്വാനം. മഹാരാഷ്​ട്ര മുഖ്യമന്ത്രി ഷിൻഡെ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി ആദിത്യനാഥിൽനിന്ന്​ പഠിക്കണമെന്നും ‘രാജ്യദ്രോഹികളുടെ’ വീടുകൾ നിരത്താൻ 100 ബുൾഡോസറുകൾ വാങ്ങണമെന്നും ഉപദേശിച്ച അയാൾ മുസ്​ലിംകൾക്കെതിരെ സാമ്പത്തിക ഉപരോധം ആവശ്യപ്പെടാനും മറന്നില്ല. ‘‘ഈ ഹേറാളിക്ക്​ അബ്​ദുൽ എന്നു പേരുള്ള ഒരു വ്യാപാരിയിൽനിന്നും നിങ്ങൾ നിറങ്ങൾ (ഹോളിക്കുള്ളത്) വാങ്ങരുത്​. പകരം ഹിന്ദു കച്ചവടക്കാരിൽനിന്ന്​ മാത്രം വാങ്ങുക’’.

സുപ്രീം കോടതി വക ചെറുതായൊരു കൊട്ട്​

ഇത്തരം റാലികൾ കഴിഞ്ഞ നവംബർ മുതൽ മഹാരാഷ്​ട്രയിലുടനീളം നടക്കുന്നുണ്ട്​. മുസ്​ലിംകൾക്കെിരെ അക്രമത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ഇവയിലെ പ്രസംഗങ്ങളിലേറെയും. ഒപ്പം ഈ സമുദായത്തിനെതിരെ ഗൂഢാലോചന സിദ്ധാന്തങ്ങളും എഴുന്നള്ളിക്കും. ജനുവരി 29ന്​ മുംബൈയിൽ നടന്ന സകൽ ഹിന്ദു സമാജ്​ റാലിയിലെ ന്യൂനപക്ഷ വിരുദ്ധ ആഹ്വാനങ്ങൾ ഒടുവിൽ സുപ്രീം കോടതിയിലുമെത്തി. നഗരത്തിലെ ചരിത്രപ്രധാനമായ ശിവാജി പാർക്കിൽ തുടക്കമായ റാലിയിൽ സംസാരിച്ച സിങ്​, മഹാരാഷ്​ട്രയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നില്ലെങ്കിൽ ആയുധമെടുക്കാൻ ഹിന്ദുക്കളോട്​ ആഹ്വാനം ചെയ്​തു.

ഇതുകേട്ട ഒരു മലയാളി, വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കേസ്​ പരിഗണിക്കുന്ന സുപ്രീം കോടതിയിൽ പരാതിയുമായി എത്തി. മുംബൈയിലെ വിദ്വേഷ പ്രസംഗങ്ങൾ കടുത്ത സാമുദായിക അപസ്വരങ്ങൾ സൃഷ്​ടിച്ചെന്നായിരുന്നു പരാതി.

ഇനിയും ഇതുപോലുള്ള റാലികൾക്ക്​ അനുമതി നൽകില്ലെന്ന്​ മഹാരാഷ്​ട്ര സർക്കാർ നൽകിയ ഉറപ്പു കണക്കിലെടുത്ത്​ തൊട്ടുടൻ ഫെബ്രുവരി അഞ്ചിന്​ നടക്കുന്ന സമാന റാലി വിഡിയോയിൽ പകർത്താൻ സുപ്രീം കോടതി പൊലീസിന്​ നിർദേശം നൽകി. വിദ്വേഷ പ്രസംഗത്തി​െൻറ പരിധിയിൽ പെടുന്ന പരിപാടിയെങ്കിൽ നടപടി സ്വീകരിക്കാനും പരമോന്നത കോടതി ഉത്തരവിട്ടു.

ഫെബ്രുവരി അഞ്ചിന്​ പരിപാടി നടന്നു. സകൽ ഹിന്ദു സമാജി​െൻറ ബാനറിൽ തുടർന്നും സംഘടിപ്പിക്കപ്പെട്ട ഇത്തരം റാലികളിൽ വിദ്വേഷ പ്രസംഗങ്ങൾക്ക്​ തടയിടാൻ സുപ്രീം കോടതി സൂക്ഷ്​മ നിരീക്ഷണമുണ്ടായിട്ടും ഒന്നും ചെയ്യാനായില്ല. കോടതി ഉത്തരവിട്ട്​ ആഴ്​ചകൾക്കിടെ മഹാരാഷ്​ട്രയിലുടനീളം നടന്നത്​ ഇത്തരം 11 റാലികളാണ്​.

വിശ്വഹിന്ദു പരിഷത്ത്​, ബജ്​റംഗ്​ ദൾ, സനാതൻ സൻസ്​താൻ, ദുർഗ വാഹിനി എന്നിവക്കൊപ്പം അത്രക്ക്​ പരിചിതമല്ലാത്ത വിശ്വ ശ്രീരാം സേന, ഹിന്ദു രാഷ്​ട്ര സേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു പ്രതിസ്​ഥാൻ തുടങ്ങിയവയും വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാർ, ട്രസ്​റ്റിമാർ എന്നിവരും ചേർന്നാണ്​ റാലികൾ നടത്തുന്നത്​.

സകൽ ഹിന്ദു സമാജി​െൻറ ഭാഗമാണ്​ തങ്ങളെന്ന്​ ഈ സംഘടനകൾ പറയുന്നു. ‘‘എല്ലാ ഹിന്ദു സംഘടനകളും ഒന്നാകുന്ന കൂട്ടായ്​മയാണിത്​’’- വിശ്വ ഹിന്ദു പരിഷത്ത്​ നേതാവ്​ ആനന്ദ്​ പാണ്ഡെയുടെ വാക്കുകൾ. ‘‘മുമ്പു തന്നെ നിലവിലുള്ളതാണിത്​’’.

എന്നാൽ, ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ മുംബൈ മുമ്പ്​ ​ പരിചയിച്ചതല്ലെന്നാണ്​​​​ പീപിൾസ്​ യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ്​ ജനറൽ സെക്രട്ടറി ലാറ ജെസാനിക്ക്​ പറയാനുള്ളത്​. ‘‘പരസ്യമായി അക്രമത്തിന്​ ആഹ്വാനം ചെയ്യാൻ കഴിയുന്നതാണ്​ ആശങ്ക ഉണർത്തുന്നത്​’’ -ജെസാനി കൂട്ടിച്ചേർത്തു.

സകൽ ഹിന്ദു സമാജിന്റെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന റാലി

ഇതേ കുറിച്ച്​ പി.യു.സി.എൽ നാലു കത്തുകൾ മഹാരാഷ്​ട്ര പൊലീസിന്​ സമർപിച്ചിട്ടുണ്ട്​. എന്നാൽ, ഫെബ്രുവരി 19ന്​ ലത്തൂരിലെ പരിപാടിയിൽ സിങ്​ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട്​ ഒറ്റ എഫ്​.ഐ.ആർ ഇട്ടതു മാത്രമാണ്​ പൊലിസ്​ സ്വീകരിച്ച നടപടി.

ഫെബ്രുവരി 26ലെ റാലി വിഡിയോയിൽ പകർത്തിയതായി നവി മുംബൈ പൊലീസ്​ ഡെപ്യൂട്ടി കമീഷണർ വിവേക്​ പൻസാരെ പറയുന്നു. ‘‘പ്രസംഗത്തിലെയും മുദ്രാവാക്യങ്ങളിലെയും പരാമർശങ്ങൾ പഠിച്ചുവരികയാണ്​’’.

‘‘ജിഹാദികൾ എന്നാണ്​ അവർ പറഞ്ഞിരിക്കുന്നത്​. ഒരു പ്രത്യേക മതത്തെ പരാമർശിച്ചിട്ടില്ല. ഇത്​ അക്രമത്തി​െൻറ പരിധിയിൽ വരുമോയെന്ന്​ അന്വേഷിച്ചുവരികയാണ്​’’- പൻസാരെയുടെ വിശദീകരണം ഇങ്ങനെ.

റാലി വിഡിയോയിൽ പകർത്തിയോ എന്ന് അന്വേഷിച്ച്​ താനെ പൊലീസ്​ കമീഷണറെ വിളിച്ചും മെസേജ്​ അയച്ചും ബന്ധപ്പെ​ട്ടെങ്കിലും മറുപടി ലഭിച്ചുമില്ല. നെവാലി, ആരി കോളനി എന്നിവിടങ്ങളിലെ സകൽ ഹിന്ദു സമാജ്​ റാലികളിൽ പ​ങ്കെടുത്തതിന്​ പുറമെ ഞങ്ങൾ ലാത്തൂർ, ജൽഗാവ്​, അഹ്​മദ്​ നഗർ, മുംബൈ, ബാരാമതി, നന്ദർബർ എന്നിവിടങ്ങളിലെ വിഡിയോ പരിശോധിക്കുകയും ചെയ്​തതാണ്​..

തുടക്കം എവിടെ?

കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ ശ്രദ്ധ വാക്കർ എന്ന യുവതി ത​െൻറ ജീവിത പങ്കാളിയായ അഫ്​താബ്​ പൂനവാല എന്നയാളാൽ അതിക്രൂരമായി കൊല ​ചെയ്യപ്പെടുന്നു. ഇരുവരും മഹാരാഷ്​ട്രക്കാരായിരുന്നു.ബി.ജെ.പി ഭരിക്കുന്ന ഒട്ടുമിക്ക ഉ​ത്തരേന്ത്യൻ സംസ്​ഥാനങ്ങളിലും കർണാടകയിലും മതപരിവർത്തന നിയമം പ്രാബല്യത്തിൽ വന്നിട്ടുള്ളതാണ്​. എന്നാൽ, ഈ ലവ്​ ജിഹാദ്​ ​ സിദ്ധാന്തം മഹാരാഷ്​ട്രയിൽ ഇനിയും അത്രക്ക് രാഷ്​ട്രീയ​ വേരുറച്ചിട്ടില്ല.

വാക്കറുടെ മരണം, പക്ഷേ, ചിത്രം മാറ്റിമറിക്കുകയാണെന്ന്​ പുതിയ സാഹചര്യം സൂചന നൽകുന്നു. ഡൽഹിയിൽ പൂനാവാല അറസ്​റ്റിലായി 12 ദിവസം കഴിഞ്ഞ്​ നവംബർ 20ന്​ മഹാരാഷ്​ട്രയിലെ ഗ്രാമീണ മേഖലയായ പർഭാനിയിൽ ഒരു റാലി നടന്നു.

അഫ്താബ് പൂനവാലയും ശ്രദ്ധ വാക്കറും

‘ലവ്​ ജിഹാദ്​’വിഷയം ശക്​തമായി അവതരിപ്പിക്കപ്പെടേണ്ടതാണെന്നും സമരം ശക്​തമാണെന്നും അതോടെ ബോധ്യം വന്നുവെന്ന്​ വിശ്വ ഹിന്ദു പരിഷത്ത്​ നേതാവ്​ പാണ്ഡെ പറയുന്നു. പർഭാനിയിലൂടെ നീങ്ങിയ റാലിയിൽ ബി.ജെ.പി, എക്​നാഥ്​ ഷി​ൻഡെയുടെ ശിവസേന, ഉദ്ധവ്​ താക്കറെയുടെ സേന പക്ഷം എന്നിവയുടെയെല്ലാം അംഗങ്ങൾ അണിനിരന്നു. ഈ റാലി ശരിക്കും ഒരു മലവെള്ളപ്പാച്ചിലി​െൻറ തുടക്കമായിരുന്നു.

ലവ്​ ജിഹാദ്​, ലാൻഡ്​ ജിഹാദ്​ എന്നിവക്കെതിരെ മഹാരാഷ്​ട്ര തെരുവിലെത്തുന്നതായിരുന്നു പിന്നീടുള്ള മാസങ്ങളിലെ കാഴ്​ച. മുസ്​ലിംകളെ സാമൂഹികമായും സാമ്പത്തികമായും ഉപരോധിക്കാൻ വരെ ഇതിൽ ആഹ്വാനങ്ങളുയർന്നു. തുടക്കം ഗ്രാമങ്ങളിലായിരുന്നെങ്കിൽ, വിജയം കണ്ടതോടെ ജനുവരി അവസാനത്തിൽ ചെറു പട്ടണങ്ങളിലേക്കും വലിയ പട്ടണങ്ങളിലേക്കും പടർന്നു. നവംബർ മുതൽ 36 നഗരങ്ങളിലായി 100 ഓളം പ്രതിഷേധങ്ങൾ നടന്നതായി പാണ്ഡെ പറയുന്നു.

‘അവർ നമ്മുടെ സഹോദരിമാരെ വിഡ്​ഢികളാക്കുന്നു’’

പർഭാനി റാലിക്കു ശേഷം ജൽ​ഗാവിൽ ഹിന്ദു ജനജാഗൃതി സമിതി ഒരു റാലി നടത്തി. സുദർശൻ ന്യൂസ്​ എഡിറ്റർ സുരേഷ്​ ചൗഹ​ങ്കെ ആയിരുന്നു മുഖ്യ പ്രഭാഷകൻ. 2021ൽ ഡൽഹിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുള്ളയാളാണ്​.

‘‘മഹാരാഷ്​ട്ര ലഹ്​ ജിഹാദിനെതിരെ നിയമം നിർമിക്കണമെന്ന ആവശ്യവുമായാണ്​ ഞാൻ ഇവിടെ എത്തിയിരിക്കുന്നത്​. നമ്മുടെ സഹോദരിമാരെ എങ്ങനെ വശീകരിച്ച്​ വിഡ്​ഢികളാക്കാമെന്ന്​ മുസ്​ലിം ആൺകുട്ടി​കളെ പഠിപ്പിക്കുന്ന മദ്​റസകളിലേക്കും മസ്​ജിദുകളിലേക്കും ഹിന്ദു യുവാക്കൾ മാർച്ച്​ നടത്തണം’’- ഇങ്ങനെയായിരുന്നു പ്രസംഗം.

പരിപാടിയിൽ ഉടനീളം മുസ്​ലിംകൾക്കെതിരെ അക്രമത്തിന്​ ആഹ്വാനങ്ങളായിരുന്നെന്ന്​ ജംഇയ്യത്തുൽ ഉലമാ ജൽഗാവ്​ ജില്ല പ്രസിഡൻറ്​ മുഫ്​തി ഹാറൂൻ നദ്​വി പറയുന്നു. മഹാരാഷ്​ട്രയിൽ ഈ വർഷം നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ ഹിന്ദു- മുസ്​ലിം ഭിന്നത രൂക്ഷമാക്കുകയാണ്​ ഈ റാലികളുടെ ലക്ഷ്യമെന്ന്​ ഷി​ൻഡെ കുറ്റപ്പെടുത്തുന്നു. മുംബൈക്കു പുറമെ, നന്ദെദ്​, താനെ, ജൽഗാവ്​, അഹ്​മദ്​ നഗർ എന്നിവിടങ്ങളിലും മാസങ്ങൾക്കിടെ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുകയാണ്​. ജൽഗാവ്​ പൊലീസിന്​ നൽകിയ കത്തിൽ വിദ്വേഷ പ്രസംഗങ്ങ​ൾക്കെതിരെ മുന്നറിയിപ്പ്​ നൽകിയിരുന്നതായും ഷിൻഡെ വ്യക്​തമാക്കുന്നു.

ഫെബ്രുവരി 12ന്​ മുംബൈ ആരെ കോളനിക്കടുത്ത്​ മുസ്​ലിംകൾക്ക്​ ഖബറടക്കാൻ അനുവദിച്ച ഭൂമിക്കരികെ ഹിന്ദുത്വ ഗ്രൂപുകൾ ചേർന്ന്​ സമരം നയിച്ചു. രാമക്ഷേത്രത്തിന്​ സമീപമായിരുന്നു ഈ ഭൂമി. ‘‘ഖബർസ്​താൻ വേണ്ടവരെ പാകിസ്​താനിലയക്കൂ’ എന്നായിരുന്നു മുദ്രാവാക്യം. ഇവിടെ മുസ്​ലിം ഖബർസ്​താൻ അനുവദിച്ചാൽ പിറ്റേന്ന്​ അത്​ പൊളിക്കുമെന്ന്​ പരിപാടിയെ അഭിസംബോധന ചെയ്​ത സകൽ ഹിന്ദു സമാജ്​ ജോയിൻറ്​ സെക്രട്ടറി മോഹൻ സലേകർ ഭീഷണി മുഴക്കി.

തിരക്കഥ

മുഹമ്മദ്​ നബിക്കെതിരായ വിദ്വേഷ പരാമർശങ്ങൾക്ക്​ കഴിഞ്ഞ വർഷം അറസ്​റ്റ്​ ചെയ്യ​പ്പെട്ടിരുന്ന തെലങ്കാന എം.എൽ.എ രാജ സിങ്​ സോളാപൂർ, അമരാവതി, ലാത്തൂർ, പുണെ, കരട്​, മുംബൈ, നെവാലി എന്നിങ്ങനെ ഏഴിടങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്​. വിഡിയോ പരിശോധിച്ചാൽ മനസ്സിലാകുന്നത്​ ഏകദേശം എല്ലായിടത്തും ഒരേ തിരക്കഥ തന്നെയാണ്​ സിങ്ങി​െൻറത്​.

മുഗളന്മാർ ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്​ പറഞ്ഞാണ്​ അദ്ദേഹം പ്രസംഗം തുടക്കമിടുക. ശിവാജി എങ്ങനെ ഹിന്ദുമതത്തെ സംരക്ഷിച്ചുവെന്നും പറയും. മക്കളെ ഈ മറാത്ത നായകനെ പോലെ വളർത്താൻ അമ്മമാരോട്​ ആഹ്വാനം ചെയ്യും. ‘‘ഓരോ നിരത്തിലെയും ഒരു അഫ്​സലിനെ ഇല്ലാതാക്കാനാകുംവിധം ഓരോ വീടും ഒരു ശിവജിയെ സൃഷ്​ടിക്കണം’’- എന്നായിരുന്നു ജനുവരി 29ന്​ മുംബൈയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ. 1659ൽ ശിവജി വധിച്ച ബിജാപൂർ സുൽത്താൻ അഫ്​സലാണ്​ പരാമർശം.

രാജ സിങ്​

ലാത്തൂരിൽ സിങ്​ നടത്തിയ പ്രകോപന പ്രസംഗത്തി​െൻറ പേരിൽ ശിക്ഷാനിയമത്തിലെ 295 എ, 153 വകുപ്പുകൾ പ്രകാരം പൊലിസ്​ കേസ്​ എടുത്തിരുന്നു. സിങ്​ മാത്രമല്ല, മറ്റുള്ളവരും സമാന വർഗീയ പ്രസംഗങ്ങളുടെ ചരിത്രവുമായാണ്​ വേദികളിൽ നിറഞ്ഞത്​. അഭിജിത്​ ധനഞ്​ജയ്​ സാരാഗ്​ എന്ന കാളിചരൺ മഹാരാജ്​ ആണ്​ ഒരാൾ. മഹാത്​മ ഗാന്ധിയെ കുറിച്ച്​ റായ്​പൂരിലെ പരിപാടിയിൽ പറഞ്ഞ കടുത്ത വാക്കുകൾക്ക്​ കഴിഞ്ഞ വർഷം അറസ്​റ്റ്​ ചെയ്യപ്പെട്ടയാളാണ്​ മഹാരാജ്​. നന്ദർബർ, അഹ്​മദ്​ നഗർ, യാവത്​മൽ, ബാരാമതി എന്നിവിടങ്ങളിലൊക്കെയും അദ്ദേഹം സംസാരി​ക്കാനെത്തി.

ലക്ഷ്യം വേറെ

മഹാരാഷ്​ട്ര രാഷ്​ട്രീയം നിരീക്ഷിക്കുന്നവർക്ക്​ പറയാനുള്ളത്​ പക്ഷേ, മറ്റൊന്നാണ്​. പൂർണമായും രാഷ്​ട്രീയമാണ്​ ഈ പരിപാടികളെന്ന്​ മുൻ മാധ്യമ പ്രവർത്തകൻ കുമാർ കേത്​കർ പറയുന്നു. ‘‘തെരഞ്ഞെടുപ്പ്​ അടുത്തുവരികയാണ്​. ഈ റാലികൾ ഗുണം ചെയ്യുമെന്ന്​ അവർക്കറിയാം. എവിടെയുമില്ലാതെ നിൽക്കുന്നവർ ഇതുവഴി കൂറുമാറി ബി.ജെ.പിക്ക്​ വോട്ടുചെയ്യുമെന്നും അവർ കരുതുന്നു. സകൽ ഹിന്ദു സമാജ്​ റാലികളുടെ ചുവട്​ പിടിച്ച്​ കഴിഞ്ഞ ഡിസംബറിൽ ഉപമുഖ്യമ​ന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്​നാവിസ്​ സംസ്​ഥാനത്ത്​ ലവ്​ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞില്ല, വനിതാ-ശിശു ക്ഷേമ വകുപ്പ്​ മ​ന്ത്രി മംഗൽ പ്രഭാത്​ ലോധ മതംമാറിയുള്ള വിവാഹങ്ങൾ കണ്ടെത്താൻ പ്രത്യേക സമിതിയെ വെക്കുകയും ചെയ്​തു.

കടപ്പാട് -scroll.in
സ്വത​ന്ത്ര വിവർത്തനം -കെ.പി മൻസൂർ അലി

Show More expand_more
News Summary - How ‘love jihad’ rallies are spreading hate against Muslims in Maharashtra