Begin typing your search above and press return to search.
proflie-avatar
Login

കലകൾ വളർന്ന കല്ലറകൾ

കലകൾ വളർന്ന കല്ലറകൾ
cancel

റോമൻ കാലഘട്ടത്തുണ്ടായിരുന്ന ഭൂഗർഭ കല്ലറകളായ കാറ്റകോംബ്സ് സവിശേഷമായ കാഴ്​ചയും അന​ുഭവവുമാണ്​. കല്ലറകളിൽ ചിത്രങ്ങൾ, ചിത്രത്തൂണുകൾ. ആ യാത്രാനുഭവം എഴുതുകയാണ്​ ലേഖിക.‘‘എല്ലാവരും എന്റെ കൂടെത്തന്നെ കാണണം. കൂട്ടംതെറ്റിപ്പോയാൽ കല്ലറയിൽ കുടുങ്ങിപ്പോകും. തിരിച്ചുപോകാനുള്ള വഴി കണ്ടെത്തുക എളുപ്പമല്ല’’ –കൈറ ഗൗരവത്തോടെയാണ്‌ ഞങ്ങളോട് പറഞ്ഞത്‌.‘കാറ്റകോംബ്സ് ഓഫ് പ്രസില്ല’ കാണാൻ എത്തിയതായിരുന്നു ഞങ്ങൾ. റോമിലെ വേറിട്ട കാഴ്ചകൾ തിരഞ്ഞപ്പോഴാണ് കാറ്റകോംബ്സ് ശ്രദ്ധയിൽപെട്ടത്. റോമൻ കാലഘട്ടത്തുണ്ടായിരുന്ന ഭൂഗർഭ കല്ലറകളെയാണ് കാറ്റകോംബ്സ് എന്ന് വിളിക്കുന്നത്. പാഗൻ വിശ്വാസികളായ റോമാക്കാർ മൃതദേഹം...

Your Subscription Supports Independent Journalism

View Plans
റോമൻ കാലഘട്ടത്തുണ്ടായിരുന്ന ഭൂഗർഭ കല്ലറകളായ കാറ്റകോംബ്സ് സവിശേഷമായ കാഴ്​ചയും അന​ുഭവവുമാണ്​. കല്ലറകളിൽ ചിത്രങ്ങൾ, ചിത്രത്തൂണുകൾ. ആ യാത്രാനുഭവം എഴുതുകയാണ്​ ലേഖിക.

‘‘എല്ലാവരും എന്റെ കൂടെത്തന്നെ കാണണം. കൂട്ടംതെറ്റിപ്പോയാൽ കല്ലറയിൽ കുടുങ്ങിപ്പോകും. തിരിച്ചുപോകാനുള്ള വഴി കണ്ടെത്തുക എളുപ്പമല്ല’’ –കൈറ ഗൗരവത്തോടെയാണ്‌ ഞങ്ങളോട് പറഞ്ഞത്‌.

‘കാറ്റകോംബ്സ് ഓഫ് പ്രസില്ല’ കാണാൻ എത്തിയതായിരുന്നു ഞങ്ങൾ. റോമിലെ വേറിട്ട കാഴ്ചകൾ തിരഞ്ഞപ്പോഴാണ് കാറ്റകോംബ്സ് ശ്രദ്ധയിൽപെട്ടത്. റോമൻ കാലഘട്ടത്തുണ്ടായിരുന്ന ഭൂഗർഭ കല്ലറകളെയാണ് കാറ്റകോംബ്സ് എന്ന് വിളിക്കുന്നത്. പാഗൻ വിശ്വാസികളായ റോമാക്കാർ മൃതദേഹം കത്തിച്ചതിനു ശേഷം ചാരമാണ് സൂക്ഷിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതം വ്യാപകമായി പ്രചരിച്ചപ്പോൾ, കല്ലറകളും പ്രചാരത്തിൽ വന്നു. ജൂതന്മാരും കല്ലറകൾ ഉപയോഗിച്ചുതുടങ്ങി.

എന്നാൽ, വൈകാതെ ജനത്തിരക്കും ഭൂമിയുടെ ദൗർലഭ്യവും ചൂണ്ടിക്കാണിച്ച് അധികാരികൾ റോമാ നഗരത്തിൽ ശ്മശാനങ്ങൾ നിരോധിച്ചു. അങ്ങനെയാണ് ക്രിസ്തുമത വിശ്വാസികൾ തങ്ങൾക്ക് അനുവദിച്ച കെട്ടിടങ്ങൾക്ക്‌ താഴെയായി ഭൂഗർഭ അറകൾ പണിയാൻ തുടങ്ങിയത്. ആദ്യകാല ക്രിസ്ത്യൻ കലയുടെ ചരിത്രത്തിന് ക്രിസ്ത്യൻ കാറ്റകോംബുകൾ വളരെ പ്രധാനമാണ്. കാരണം, ക്രിസ്തുവിന്റെ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കാറ്റകോംബുകളിലെ ചുമരുകൾ ചിത്രകലക്കായും കൂടി ഉപയോഗിച്ചിരുന്നു.

അഞ്ചാം നൂറ്റാണ്ടിനുശേഷം പള്ളിയോടു ചേർന്നുള്ള സെമിത്തേരികളിൽ ആളുകളെ അടക്കിത്തുടങ്ങി. ഭൂഗർഭ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സൂക്ഷിക്കാതെയായി. ഏഴാം നൂറ്റാണ്ടിൽ ഓസ്‌ട്രോഗോത്തുകളും വാൻഡലുകളും ലൊംബാർഡുകളും കാറ്റകോംബുകൾ കൊള്ളയടിച്ചു. വിലപിടിപ്പുള്ള വസ്തുക്കൾ പലതും അവർ മോഷ്ടിച്ചു. മിച്ചമുള്ളത് പള്ളിയധികൃതർ ബസിലിക്കകളിലേക്കു മാറ്റി. അതോടെ, പൂർണമായും കാറ്റകോംബുകൾ ഉപേക്ഷിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിൽ ജിയോവാനി ബാറ്റിസ്റ്റ ഡി റോസി വീണ്ടും കാറ്റകോംബുകൾ കണ്ടെത്തിയതോടെ നൂറ്റാണ്ടുകളായി വിസ്മരിക്കപ്പെട്ട ഭൂഗർഭ അറകളിലേക്ക്‌ വെളിച്ചം വീശപ്പെട്ടു. 60 കാറ്റകോംബുകളാണ് റോമിൽ മാത്രം കണ്ടെത്തിയത്. നഗരത്തിന്റെ അടിയിലായി നൂറോളം കിലോമീറ്റർ കല്ലറ ഇടനാഴികളുണ്ട്. അതിൽ ഏറ്റവും പഴയതാണ് പ്രസില്ലയുടേത് എന്നറിഞ്ഞതോടെ അതുതന്നെ കാണാൻ തീരുമാനിച്ചു.

ബെനഡിക്ടിൻ സിസ്റ്റേഴ്സി​െന്റ കോൺവെന്റ്​

ബെനഡിക്ടിൻ സിസ്റ്റേഴ്സി​െന്റ കോൺവെന്റ്​

കാറ്റകോംബുകളുടെ രാജ്ഞി എന്നാണ്‌ ഈ കല്ലറയെ വിശേഷിപ്പിക്കുന്നത്‌. ഒരു സ്ത്രീയുടെ പേരിലുള്ള കല്ലറ എന്നുള്ളതും കൗതുകമുണർത്തി. റോമിൽനിന്ന് എട്ടു കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. ടാക്സിയിലാണ് അവിടേക്ക് പോയത്. ബെനഡിക്ടിൻ സിസ്റ്റേഴ്സിന്റെ കോൺവെന്റിനോട് ചേർന്നാണ് കാറ്റകോംബ്സ് ഓഫ് പ്രസില്ല. അകത്തുകയറിയപ്പോൾ ആദ്യം ഒരു ഓഫിസ് മുറിയിലാണ് എത്തിയത്. അവിടെ കുറച്ച്‌ ആളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ റിസപ്ഷനിലുള്ള സ്ത്രീ പറഞ്ഞു, ‘‘ഉടൻതന്നെ ഇംഗ്ലീഷിൽ ഗൈഡഡ് ടൂർ ഉണ്ട്. ഇവരെല്ലാം അതിനുവേണ്ടി നിൽക്കുന്നവരാണ്. നിങ്ങൾക്കും അതിൽ ചേരാം.’’ അങ്ങനെ ഞാനും അവരുടെ കൂടെച്ചേർന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ചെറുപ്പക്കാരിയായ ഗൈഡ് കൈറ ഞങ്ങളെ കൂട്ടി ഭൂഗർഭ അറകളിലേക്ക്‌ നടന്നു. ‘ഒരുമിച്ചുണ്ടാകണം’ എന്ന താക്കീത് ഞാൻ കാര്യമായി എടുത്തില്ല. സ്കൂൾ കുട്ടികളെ പിക്നിക് കൊണ്ടുപോകുമ്പോൾ ടീച്ചർമാർ പറയുന്ന വാചകം എന്ന രീതിയിലേ ഞാനത് കേട്ടുള്ളൂ. പടികൾ ഇറങ്ങി താഴെ ഒരു തടിയുടെ വാതിൽക്കലെത്തി. കൈറ ഞങ്ങൾക്കുവേണ്ടി വാതിൽ തുറന്നുപിടിച്ചു. ഓരോരുത്തരായി അതിലൂടെ അകത്തേക്ക് കയറി.

കൂറ്റാക്കൂറ്റിരുട്ടിനെ തുരത്താൻ അവിടെ തൂക്കിയിട്ടിരുന്ന മഞ്ഞ ബൾബുകൾ അപര്യാപ്തമായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോൾ ചെറിയ ഭയം തോന്നി. ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന്‌ സങ്കീർണമായ ഭൂഗര്‍ഭവ്യൂഹം. ഞാൻ കൈറയുടെ തൊട്ടു പിന്നിൽതന്നെ ഇടംപിടിച്ചു. ‘‘കാറ്റകോംബ്സ് എന്നാൽ ക്വാറിക്കടുത്ത്‌ എന്നാണ് അർഥം. ആദ്യകാലത്തെ കല്ലറകൾ ക്വാറികൾക്കടുത്തായിട്ടാണ്‌ ഉണ്ടായിരുന്നത്. റോമക്കാർക്കു മുമ്പ്‌ എട്രൂസ്കൻസ് എന്നൊരു സമൂഹമുണ്ടായിരുന്നു. അവരാണ് യഥാർഥത്തിൽ ഭൂഗർഭ ഖനനത്തിൽ വിദഗ്ധർ. കല്ലും മറ്റും എടുക്കാനായിട്ടായിരുന്നു അവർ ഖനനം തുടങ്ങിയത്. പിന്നീടത് ഭൂഗർഭ കല്ലറകളാക്കി മാറ്റി. ഇടനാഴികളെല്ലാം ചേർത്തുവെച്ചാൽ പതിമൂന്നു കിലോമീറ്ററാണ് നീളം. രണ്ടു ലെവലുകൾ ഉണ്ട്. നമ്മൾ ആദ്യത്തെ ലെവലിലെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് കാണുക. താഴത്തെ ലെവലിൽ ഇപ്പോഴും ഗവേഷണം നടക്കുകയാണ്‌’’ -കൈറ വിശദീകരിച്ചു.

ഭൂഗർഭ കല്ലറയിലെ ഇടനാഴി

ഭൂഗർഭ കല്ലറയിലെ ഇടനാഴി

ഇടുങ്ങിയ ഇടനാഴികളിൽകൂടി ഞങ്ങൾ കുറച്ചുദൂരം നടന്നു. എല്ലാവർക്കുംകൂടി നിൽക്കാവുന്ന രീതിയിൽ വീതിയുള്ള സ്ഥലത്തുവെച്ച് കൈറ ബാക്കി കാര്യങ്ങൾ വിശദീകരിച്ചു. ഇടനാഴിയുടെ ഇരുവശവും അടുക്കളയിലെ ഷെൽഫുകൾപോലെ ഒന്നിനുമേലെ ഒന്നായി ഉണ്ടായിരുന്നത് ‘ലോക്കുലി’ എന്ന കല്ലറയാണ്. അത് സാധാരണക്കാരെ മറവുചെയ്യാനാണ്‌ ഉപയോഗിച്ചിരുന്നത്. മൃതദേഹം തുണിയിൽ പൊതിഞ്ഞ്‌ ഷെൽഫിൽ വെക്കും. മൃതദേഹം അഴുകുന്നതിന്റെ ദുർഗന്ധം മാറ്റാൻ കല്ലറയിൽ ചുണ്ണാമ്പ്‌ നിക്ഷേപിക്കും. അതിനുശേഷം തടിയുടെയോ മാർബിളിന്റെയോ പലകകൊണ്ട് അടച്ചുവെക്കും. മരിച്ചയാളുടെ പേര് ക്രിസ്ത്യൻ ചിഹ്നത്തോടൊപ്പം അതിൽ കൊത്തിവെക്കും. കണക്കിലെ ‘തീറ്റ’ ചിഹ്നം ദൈവത്തെയും ‘ഗാമ’ മകനെയും ‘സിഗ്മ’ രക്ഷകനെയുമാണ് സൂചിപ്പിക്കുന്നത്.

ലോക്കുലിയിൽനിന്നും വ്യത്യസ്തമാണ്‌ ധനികരുടെ കല്ലറകളായ ‘ആർക്കോസോളിയം’. കുറച്ചുകൂടി വീതിയുണ്ടെന്നു മാത്രമല്ല മുകൾഭാഗം ആർച്ചുപോലെ വളച്ചു വെച്ചിട്ടുമുണ്ട്‌. മൃതദേഹം ഒരു പേടകത്തിലാക്കിയായിരുന്നു ആർക്കോസോളിയത്തിൽ വെച്ചിരുന്നത്. അവിടെനിന്നും കുറച്ചുകൂടി നടന്നപ്പോൾ ഒരു ചെറിയ മുറി കണ്ടു. അതിന്റെ ഭിത്തി നിറയെ നേരത്തേ കണ്ട ലോക്കുലി കല്ലറകളായിരുന്നു. ഒരു കുടുംബത്തിനു മാത്രമായി അവകാശപ്പെട്ടതായിരുന്നു ‘ക്യൂബികുലം’ എന്ന് വിളിക്കുന്ന ആ മുറി.

ലോക്കുലി കല്ലറ

ലോക്കുലി കല്ലറ

നേരിയ വെളിച്ചം മാത്രമുള്ള ഇടനാഴികളിലൂടെ ഞങ്ങൾ കുറച്ചധികം മുന്നോട്ടുപോയി. കൈറ ഇരുകൈകളും ഉയർത്തി വളരെ നാടകീയമായി ഞങ്ങളോട് അവിടെ നിൽക്കാൻ പറഞ്ഞു. എന്നിട്ട് ടോർച്ച്‌ മേൽക്കൂരയിലേക്ക് ചൂണ്ടി. അവിടെ കുറച്ച്‌ ചിത്രങ്ങൾ വരച്ചുവെച്ചിരുന്നു. കുട്ടികൾ ക്രയോൺകൊണ്ട് വരക്കുന്നപോലെയുള്ളവ. അക്കൂട്ടത്തിൽ ഒരു അമ്മ കുഞ്ഞിനെ പിടിച്ചുനിൽക്കുന്ന അവ്യക്തരൂപം കണ്ടു. ‘‘ക്രിസ്ത്യൻ കലയുടെ ഏറ്റവും ആദ്യത്തെ ചിത്രമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ആ കാണുന്നത് ഉണ്ണിയേശുവിനെ പിടിച്ചുനിൽക്കുന്ന മാതാവിനെയാണ്.’’ കൈറയുടെ വാക്കുകൾ കേട്ടപ്പോൾ ചിത്രങ്ങൾക്ക് കുറച്ചുകൂടി മിഴിവ് വന്നതായി തോന്നി. കൈറ ആവേശത്തോടെ തുടർന്നു, ‘‘പണ്ട് റോമാക്കാർ ക്രിസ്തുമതത്തിനെ എതിർക്കുകയും വിശ്വാസികളെ പീഡിപ്പിച്ച്‌ കൊല്ലുകയും ചെയ്തിരുന്നു. അക്കാലത്ത് ക്രിസ്ത്യൻ കലകൾ വളർന്നത് ഈ കല്ലറകളിലാണ്.’’

പിന്നീട് കണ്ട, ഗ്രീക് ചാപ്പലിലെ ചിത്രങ്ങൾ അൽപം കൂടി വ്യക്തതയുള്ളതായിരുന്നു. 1500 വർഷം മുമ്പ് വരച്ച ആ ചിത്രങ്ങളെ ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയും കുറേ നേരം നോക്കിനിന്നു. മരിച്ചുപോയ കുടുംബങ്ങൾക്കൊപ്പം വിരുന്നിനുവേണ്ടിയാണ്‌ ചാപ്പലുകൾ ഉപയോഗിച്ചിരുന്നത്. ചുമരിൽ ഏഴുപേർ വിരുന്ന്‌ കഴിക്കുന്നതിന്റെ ചിത്രം കണ്ടു. ഒരു ഭാഗത്തുള്ള ഭിത്തിയിലെ ചിത്രം സൂസന്നയുടെ കഥയായിരുന്നു. കൈറ ഞങ്ങൾക്ക് ഡാനിയേലിന്റെ പുസ്തകത്തിലുള്ള ആ കഥ പറഞ്ഞുതന്നു. ‘‘സുന്ദരിയായ സൂസന്നയെ രണ്ടു വൃദ്ധർ കാമിച്ചു. സൂസന്ന അവർക്ക് കീഴ്പ്പെടില്ല എന്ന് മനസ്സിലായപ്പോൾ, അവൾ വ്യഭിചാരിണിയാണെന്നു പറഞ്ഞ​ുപരത്തി.

സൂസന്നയെ രക്ഷപ്പെടുത്തിയത് ഡാനിയേൽ ആയിരുന്നു. ചുമരിലെ ആദ്യത്തെ ചിത്രത്തിൽ വൃദ്ധർ സൂസന്നയിൽനിന്നൽപം മാറിയാണ് നിന്നത്. അടുത്ത ചിത്രത്തിൽ അവർ അവളുടെ തലയിൽ കൈവെക്കുന്നു. ഡാനിയേലും സൂസന്നയും നിൽക്കുന്നതായാണ് മൂന്നാമത്തെ ചിത്രത്തിൽ. രാമായണത്തിലെ കഥകൾ ക്ഷേത്രങ്ങളിൽ കൊത്തിവെക്കുന്നത് ഓർമ വന്നു. ദൃശ്യമാധ്യമങ്ങളുടെ പ്രാധാന്യം പണ്ടുള്ളവർ മനസ്സിലാക്കിയിരുന്നു എന്ന് വേണം കരുതാൻ.

സൂസന്നയുടെ കഥയുള്ള ഗ്രീക് ചാപ്പൽ ചുവർ 

സൂസന്നയുടെ കഥയുള്ള ഗ്രീക് ചാപ്പൽ ചുവർ 

‘‘ഇനി നമ്മൾ പോകുന്നത് മനോഹരമായി അലങ്കരിച്ചിട്ടുള്ള ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ ക്യൂബികുലം കാണാനാണ്.’’ കൈറയുടെ വാക്കുകൾ ഞങ്ങളെ ആവേശത്തിലാക്കി. മനോഹരമായ ചിത്രങ്ങൾകൊണ്ട് മേൽക്കൂര മുഴുവൻ അലങ്കരിച്ചിരുന്ന ക്യൂബികുലം കണ്ടപ്പോൾ അവർ പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന് മനസ്സിലായി. പ്രധാന കഥാപാത്രം ഒരു സ്ത്രീയാണ്‌. ആദ്യത്തെ ചിത്രം അവരുടെ കല്യാണമാണ്‌. മൂന്നാമത്തെ ചിത്രം അവർ അമ്മയായതും. ഇതിനു രണ്ടിനും നടുവിലായി അവർ കൈകൾ ഉയർത്തി പ്രാർഥിക്കുന്ന ചിത്രമാണ്. അവരുടെ കണ്ണുകൾ പതിയുന്നിടത്ത്‌ ഒരു ആട്ടിടയന്റെ ചിത്രമുണ്ട്‌. തോളിൽ ആടിനെയുംകൊണ്ട് നിൽക്കുന്ന ഇടയൻ ക്രിസ്തുവിനെയാണ്‌ പ്രതിനിധാനംചെയ്യുന്നത്. അവിടെയുണ്ടായിരുന്ന മയിലും പ്രാവുമെല്ലാം സ്വർഗത്തെയും സമാധാനത്തെയും സൂചിപ്പിച്ചു.

ചുമരിൽ ഡാനിയേലിന്റെ പുസ്തകത്തിൽനിന്നുള്ള മറ്റൊരു കഥയായിരുന്നു. മൂന്ന് ജൂത ചെറുപ്പക്കാർ തന്നെ ആരാധിക്കാൻ വിസമ്മതിച്ചപ്പോൾ രാജാവ് അവരെ തീയിലെറിഞ്ഞു കൊല്ലാൻ വിധിച്ചു. തീയിൽ നിൽക്കുന്ന ജൂതയുവാക്കളുടെ മുകളിൽ ഒരു പക്ഷിയെ കാണാമായിരുന്നു. സ്വർഗത്തിൽനിന്നും വന്ന പക്ഷിയുടെ ചിറകടി തീ അണച്ചെന്നും ജൂതരെ ദൈവം രക്ഷിച്ചെന്നുമാണ് കഥ. അവിടെനിന്നും ഞങ്ങൾ തിരികെ നടന്നു. കാറ്റകോംബ്സ് ക്രിസ്തുമത​െത്തയും ക്രിസ്തീയ കലകളെ പ്രചരിപ്പിക്കാനുള്ള ഇടംകൂടിയായിരുന്നു എന്ന് ബോധ്യമായി.

 ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ അറ

 ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ അറ

മുകളിലത്തെ ഓഫിസിൽ തിരിച്ചെത്തിയപ്പോഴാണ് പ്രസില്ലയെ കണ്ടില്ലല്ലോ എന്നോർത്തത്. കൈറയോട് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ‘‘പ്രസില്ല എന്ന ഒരു ധനിക സ്ത്രീയുടേതായിരുന്നു ഈ കണ്ട സ്ഥലങ്ങളെല്ലാം. അവരത്‌ പള്ളിക്ക് ദാനം കൊടുക്കുകയായിരുന്നു. അങ്ങനെയാണ് ഇവിടെയുള്ള കല്ലറകൾക്ക് കാറ്റകോംബ്സ് ഓഫ് പ്രസില്ല എന്ന് പേര് വന്നത്. 44,000 കല്ലറകളാണ് ഇവിടെയുള്ളത്. അതിലേതെങ്കിലും ഒന്ന് പ്രസില്ലയുടേതാകാം.’’ എന്റെ മനസ്സിലപ്പോൾ ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ ആ പടം തെളിഞ്ഞു. പെട്ടെന്ന്‌ കല്ലറകൾക്കിടയിൽ ഞാൻ തനിച്ചായപോലെ. ചുറ്റും മരണത്തിന്റെ മണം പരന്നു. ഇരുട്ടിൽ അനേകായിരം ആത്മാക്കളുടെ നിഴലുകൾ ചലിക്കുന്നു. മരിച്ചവരുടെ ശേഷിപ്പുകൾ നിറഞ്ഞ ആ അറക്ക്‌ പുറത്ത്‌ തിരക്കുള്ള നഗരവും എന്തിനെല്ലാമോ തിടുക്കപ്പെട്ട്‌ ഓടുന്ന മനുഷ്യരുമുണ്ടെന്ന കാര്യം വിസ്മരിച്ചു. പ്രസില്ലയെന്ന ധനികയായ സ്‌ത്രീ എനിക്കെതിരെ ഇരുട്ടിൽനിന്നും ഏതു നേരവും നടന്നുവരാമെന്ന തോന്നലിൽ സ്വയം മറന്നു.

News Summary - Catacombs of Rome -travel