Begin typing your search above and press return to search.
proflie-avatar
Login

ജനാധിപത്യത്തി​ന്റെ രീതികൾ

balete
cancel

ഇന്ത്യക്കു മേൽ തൂക്കിയിട്ടിരിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ടാഗ്​ പലപ്പോഴും ഒരു ബാധ്യതയാണ്​. ആ ടാഗ്​​ മോശം കാര്യമോ ചെറിയ കാര്യമോ ആണ്​ എന്നർ​ഥത്തിൽ അല്ല. പക്ഷേ, അത്​ ബാധ്യതയാകുന്നത്​ രാജ്യത്ത്​ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ തെരഞ്ഞെടുപ്പ്​ രീതികൾ കാണു​േമ്പാഴാണ്​. കാലുമാറ്റം, എം.എൽ.എമാരെ റിസോർട്ടിൽ മാറ്റിപ്പാർപ്പിക്കൽ, മുന്നണി മാറ്റം, എം.എൽ.എമാരെ വിലയ്ക്കു വാങ്ങൽ, ഭീഷണി തുടങ്ങി എന്തൊക്കെ തെരഞ്ഞെടുപ്പനന്തരം നടക്കാമോ അതെല്ലാം നടക്കുന്ന രാജ്യമാണ്​ നമ്മുടേത്​.

അതിനേക്കാൾ ഒക്കെ പ്രധാനമായി ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്​ സംവിധാനംതന്നെ സംശയത്തി​ന്റെ മുനയിലാണ്​. വോട്ടുയന്ത്രത്തിലെ തിരിമറികൾ ആര്​ എത്ര നിഷേധിച്ചാലും സംശയകരമായിതന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പ്​ ഫലത്തെ മുൻകൂട്ടി തീരുമാനിക്കാൻ കഴിയുന്നതാണ്​ വോട്ടുയന്ത്രങ്ങൾ എന്ന സംശയം രാജ്യത്തെ പ്രബല രാഷ്​ട്രീയ കക്ഷികളും വ്യക്തികളും ഉന്നയിച്ചിട്ടുമുണ്ട്​.

ച​ണ്ഡി​ഗ​ഢിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവവികാസങ്ങൾ തെരഞ്ഞെടുപ്പിലെ ജനാധിപത്യത്തെപ്പറ്റി കൂടുതൽ ഗൗരവമായ ആശങ്ക ഉണർത്തുന്നുണ്ട്​. അവിടെ മേയർ തെരഞ്ഞെടുപ്പിൽ എ.​എ.​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ സ്ഥാ​നാ​ർ​ഥി ​കു​ൽ​ദീ​പ് കു​മാ​ർ വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യിരുന്നു. എന്നാൽ, ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി മ​നോ​ജ് സോ​ങ്കാ​ർ അ​പ്ര​തീ​ക്ഷി​ത വി​ജ​യം നേ​ടി​. ജ​നു​വ​രി 30ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ കു​ൽ​ദീ​പ് കു​മാ​റി​ന് അ​നു​കൂ​ല​മാ​യ എ​ട്ട് വോ​ട്ടു​ക​ൾ വ​ര​ണാ​ധി​കാ​രി അ​സാ​ധു​വാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചതാണ്​ ഫലത്തെ മാറ്റിമറിച്ചത്​.

ഇ​തോ​ടെ, 12നെ​തി​രെ 16 വോ​ട്ടു​ക​ൾ​ക്ക് മ​നോ​ജ് സോ​ങ്കാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ര​ണാ​ധി​കാ​രി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ കു​ൽ​ദീ​പ് കു​മാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. വര​ണാ​ധി​കാ​രി മ​ന​പ്പൂ​ർ​വം ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഫെബ്രുവരി 20ന്​ സു​പ്രീംകോ​ട​തി റ​ദ്ദാ​ക്കി. കു​ൽ​ദീ​പ് കു​മാ​റി​നെ പു​തി​യ മേ​യ​റാ​യും പ്ര​ഖ്യാ​പി​ച്ചു. കോ​ട​തി​യി​ൽ തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യ വ​ര​ണാ​ധി​കാ​രി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നും സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ടു.

വ​ര​ണാ​ധി​കാ​രി അ​നി​ൽ മ​സീ​ഹ് അ​സാ​ധു​വാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ട്ട് വോ​ട്ടു​ക​ളും സാ​ധു​വാ​യി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. വീ​ണ്ടും ന​ട​ത്തി​യ വോ​ട്ടെ​ണ്ണ​ലി​ൽ കു​ൽ​ദീ​പ് കു​മാ​റി​ന് 20 വോ​ട്ടും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി മ​നോ​ജ് സോ​ങ്കാ​റി​ന് 16 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. വോ​ട്ടെ​ടു​പ്പി​ന്റെ ബാ​ല​റ്റു​ക​ളും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. കാമറയിൽ ​േവാട്ടുകൾ വരണാധികാരി വികലമാക്കുന്നത്​ സുവ്യക്തമായിരുന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 142 പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് കേ​സി​ൽ സു​പ്രീം​കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഉ​പ​ജാ​പ​ങ്ങ​ളി​ലൂ​ടെ തെര​ഞ്ഞെ​ടു​പ്പ് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ ത​ട​സ്സപ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് ക​ട​മ​യാ​ണെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. അത്രയും ആശ്വാസം. കൗതുകകരമായ കാര്യങ്ങൾകൂടി പിന്നാലെ നടന്നു. കോട​തി​യു​ടെ രൂ​ക്ഷ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ ഫെബ്രുവരി 19ന്​ മ​നോ​ജ് സോ​ങ്കാ​ർ രാ​ജി​വെ​ച്ചി​രു​ന്നു. അതോ​ടൊ​പ്പം മൂ​ന്ന് എ.​എ.​പി കൗ​ൺ​സി​ല​ർ​മാ​ർ ബി.​ജെ.​പി​യി​ലേ​ക്ക് കൂ​റു​മാ​റു​ക​യുംചെ​യ്തു. അതായത്​ തെരഞ്ഞെടുപ്പ്​ ഫലം അട്ടിമറിക്കാൻ എന്ത്​ തെറ്റായ നടപടിയും കുതിരക്കച്ചവടവും ബി.ജെ.പി സ്വീകരിക്കുമെന്ന്​ വ്യക്തം.

ജനാധിപത്യം എന്നത്​ അട്ടിമറിക്കപ്പെടാനുള്ളതല്ല. അതിലെ ഒാരോ തെരഞ്ഞെടുപ്പും സുതാര്യമായിരിക്കണം. ജനകീയമായിരിക്കണം, സംശയത്തിനതീതമായിരിക്കണം. രാജ്യത്ത്​ അടുത്ത്​ നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പ്​ അടക്കം എല്ലാ തെരഞ്ഞെടുപ്പുകളും അങ്ങനെയായിരിക്കണം. ​തെരഞ്ഞെടുപ്പി​ന്റെ രീതികളിലൂടെയാണ്​ ഫാഷിസം ജർമനിയിലടക്കം അധികാരത്തിൽ വന്നത്​ എന്നും ഒാർക്കണം. അതിനാൽതന്നെ നമ്മുടെ ഒാരോ ശ്രമവും ജനാധിപത്യ​ത്തെ കൂടുതൽ സുതാര്യവും സുശക്തവുമാക്കാനാവണം. അവിടെ മ​നോ​ജ് സോ​ങ്കാ​ർമാരും അ​നി​ൽ മ​സീ​ഹുമാരും ഉണ്ടാകരുത്​.

Show More expand_more
News Summary - weekly thudakkam