Begin typing your search above and press return to search.
proflie-avatar
Login

ബാബുരാജിന്റെ ആധിപത്യത്തിന് എന്തു സംഭവിച്ചു?

ബാബുരാജിന്റെ ആധിപത്യത്തിന്   എന്തു സംഭവിച്ചു?
cancel

‘‘അറുപതുകളിൽ മലയാള സിനിമാസംഗീതത്തിൽ പരവൂർ ജി. ദേവരാജനും എം.എസ്. ബാബുരാജിനും തുല്യമായ സ്ഥാനമുണ്ടായിരുന്നു. ചില വർഷങ്ങളിൽ ബാബുരാജിന്റെ ഗ്രാഫ് ലേശം മേലെയായി എന്നും പറയാം. വയലാർ-ദേവരാജൻ ടീം പോലെ തന്നെ ശക്തമായിരുന്നു പി. ഭാസ്കരൻ-ബാബുരാജ് ടീം. എന്നാൽ, എഴുപതുകളിൽ ഈ സ്ഥിതിയിൽ മാറ്റം സംഭവിച്ചു. ദേവരാജൻ തന്റെ ആധിപത്യം നിലനിർത്തുകയും ബാബുരാജിന്റെ പദവി അൽപമൊന്നു മങ്ങുകയും ചെയ്തു’’ -ഒരു കാലത്തെക്കുറിച്ച്​ എഴുതുന്നു.നീലാ പ്രൊഡക്ഷൻസിന്റെ സഹോദരസ്ഥാപനമെന്നു പറയാവുന്ന ശ്രീകുമാർ പ്രൊഡക്ഷൻസിന്റെ ‘പ്രതികാരം’ എന്ന ആക്ഷൻ ചിത്രമാണ് 1972ൽ ആദ്യം പുറത്തുവന്നത്. ചെറിയ താരങ്ങളെ കഥാപാത്രങ്ങളാക്കി പി....

Your Subscription Supports Independent Journalism

View Plans

‘‘അറുപതുകളിൽ മലയാള സിനിമാസംഗീതത്തിൽ പരവൂർ ജി. ദേവരാജനും എം.എസ്. ബാബുരാജിനും തുല്യമായ സ്ഥാനമുണ്ടായിരുന്നു. ചില വർഷങ്ങളിൽ ബാബുരാജിന്റെ ഗ്രാഫ് ലേശം മേലെയായി എന്നും പറയാം. വയലാർ-ദേവരാജൻ ടീം പോലെ തന്നെ ശക്തമായിരുന്നു പി. ഭാസ്കരൻ-ബാബുരാജ് ടീം. എന്നാൽ, എഴുപതുകളിൽ ഈ സ്ഥിതിയിൽ മാറ്റം സംഭവിച്ചു. ദേവരാജൻ തന്റെ ആധിപത്യം നിലനിർത്തുകയും ബാബുരാജിന്റെ പദവി അൽപമൊന്നു മങ്ങുകയും ചെയ്തു’’ -ഒരു കാലത്തെക്കുറിച്ച്​ എഴുതുന്നു.

നീലാ പ്രൊഡക്ഷൻസിന്റെ സഹോദരസ്ഥാപനമെന്നു പറയാവുന്ന ശ്രീകുമാർ പ്രൊഡക്ഷൻസിന്റെ ‘പ്രതികാരം’ എന്ന ആക്ഷൻ ചിത്രമാണ് 1972ൽ ആദ്യം പുറത്തുവന്നത്. ചെറിയ താരങ്ങളെ കഥാപാത്രങ്ങളാക്കി പി. സുബ്രഹ്മണ്യം തയാറാക്കുന്ന ഇത്തരം ലോ ബജറ്റ് ചിത്രങ്ങളിൽ സംവിധായകന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരിടാറില്ല. ഈ ചിത്രത്തിന്റെ സംവിധായകൻ കുമാർ എന്നാണ് ടൈറ്റിലിൽ കൊടുത്തിരുന്നത്. ടി. റാവുവിന്റെ കഥക്ക് കെടാമംഗലം സദാനന്ദൻ സംഭാഷണം എഴുതി. മെറിലാൻഡ് ചിത്രങ്ങളിൽ നായികയായോ ഉപനായികയായോ പതിവായി പ്രത്യക്ഷപ്പെടാറുള്ള കെ.വി. ശാന്തി എന്ന നടി പ്രശസ്ത കഥാപ്രസംഗകനും എഴുത്തുകാരനുമായിരുന്ന കെടാമംഗലം സദാനന്ദന്റെ ഭാര്യാസഹോദരിയാണ്.

സദാനന്ദന്റെ കഥയെ ആസ്‌പദമാക്കി തമിഴിലും സിനിമകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒരു പ്രശസ്ത ചിത്രമാണ് കെ. ശങ്കർ സംവിധാനംചെയ്ത ‘കൈരാശി’. ഈ സിനിമ തമിഴ് ഭാഷയിൽ നിർമിക്കപ്പെട്ട സൂപ്പർഹിറ്റുകളിലൊന്നാണ്. തമിഴിലും ഹിന്ദിയിലും അനേകം ഹിറ്റ്‌സിനിമകൾ സംവിധാനംചെയ്തിട്ടുള്ള കെ. ശങ്കർ മലയാളിയാണ്. അദ്ദേഹത്തിന്റെ മുഴുവൻ പേര് കെ. ശങ്കരപ്പിള്ള എന്നാണ്.

‘പ്രതികാരം’ എന്ന ചിത്രത്തിൽ പാട്ടുകൾക്ക് വലിയ പ്രസക്തിയുണ്ടായിരുന്നില്ല. പാട്ടുകൾ എണ്ണത്തിലും കുറവായിരുന്നു. ഒരു ഹിന്ദിഗാനമടക്കം ആകെ നാല് പാട്ടുകൾ മാത്രം. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണങ്ങൾ ഒരുക്കി, തമിഴ്നടൻ ആനന്ദൻ ആയിരുന്നു നായകൻ. ഇരട്ട വേഷങ്ങളിലാണ് ആനന്ദൻ അഭിനയിച്ചത്. ജയഭാരതി, ശാന്തി, തിക്കുറിശ്ശി, ആറന്മുള പൊന്നമ്മ, ജോസ് പ്രകാശ്, അടൂർ പങ്കജം, എസ്.പി. പിള്ള, ആലുമ്മൂടൻ, ബേബി സുമതി തുടങ്ങിയവർ അഭിനയിച്ചു.

ശ്രീകുമാരൻ തമ്പി മൂന്നു ഗാനങ്ങൾ എഴുതി. യേശുദാസും അരുണയും ചേർന്നു പാടിയ ഗാനത്തിലെ വരികൾ ഇങ്ങനെ:

‘‘ചിരിച്ചപ്പോൾ -കുഞ്ഞു ചിരിച്ചപ്പോൾ/ കുഞ്ഞിനൊരു ചിലങ്ക കിട്ടി.../ ചിലങ്കയിട്ടാടുന്ന പാവ കിട്ടി/ കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ/ കുലു കുലെ കുലുങ്ങുന്ന/ കുസൃതിപ്പാവ.../ പഞ്ചാരമിട്ടായിക്കെന്തു സ്വാദ്/ പാല് ചേർത്ത ബിസ്‌കറ്റിനെന്തു സ്വാദ്/ ഓമനക്കുഞ്ഞിന്റെ ചിരിമധുരം/ ഓരോ വാക്കിലും തേൻമധുരം...’’

എസ്. ജാനകി പാടിയ ‘‘സ്വപ്നം കാണുകയോ’’ എന്ന് തുടങ്ങുന്ന പാട്ടിലെ വരികൾ ‘‘സ്വപ്നം കാണുകയോ/ സ്വർഗം തേടുകയോ/ തിടുക്കമെന്തിനു യാത്രക്കാരാ/ തിരിച്ചു പോവുകയില്ല -ഞാൻ/ പിടിവിട്ടോടുകയില്ല/ പ്രേമവലയിൽ കുരുങ്ങി വീഴാൻ / ദേവയാനിയല്ല -ഞാൻ/ ദേവയാനിയല്ല/ കളിചിരി മാറാപ്പെണ്ണല്ല, കഥയറിയാത്തൊരു പെണ്ണല്ല...’’

എൽ.ആർ. ഈശ്വരി പാടിയ ‘‘മധുരം മധുരം...’’ എന്നു തുടങ്ങുന്ന നൃത്തഗാനമാണ് അടുത്തത്. പതിവുപോലെ ഒരു ക്ലബ് ഡാൻസ്.

‘‘മധുരം മധുരം തിരുമധുരം/ മാദകയൗവന മധു മധുരം/ താമരനയനം തളിർമധുരം/ അധരപ്പൂവോ അതിമധുരം’’ എന്നിങ്ങനെയാണ് പല്ലവി. ‘‘രാവിൽ വിടരും/ മലർ ഞാൻ/ രാവിൽ തന്നെ കൊഴിയും/ പുണരാനുള്ള ഹൃദയം -ഇത്/ പകരാനുള്ള പുളകം...’’ എന്നിങ്ങനെ ആദ്യത്തെ ചരണം.

സംഗീതസംവിധായകനായ എം.ബി. ശ്രീനിവാസൻ തന്നെയാണ് നാലാമത്തെ ഗാനം രചിച്ചത് എന്ന് രേഖകളിൽ കാണുന്നു. ഈ കാര്യത്തിൽ ഈ ലേഖകന് സംശയമുണ്ട്. ഗായകനായ പി.ബി. ശ്രീനിവാസ് ഹിന്ദിയിൽ ഗാനമെഴുതുന്ന വ്യക്തിയാണ്. ഈ പാട്ട് എസ്. ജാനകിയോടൊപ്പം പി.ബി. ശ്രീനിവാസ് ആണ് പാടിയിട്ടുള്ളത്. ‘‘സുവേ വാസിരെവാലിയാം...’’ എന്നു തുടങ്ങുന്നു ഈ ഹിന്ദിഗാനം. പി.ബി. ശ്രീനിവാസന്റെ രചനയാണെന്നാണ് മറ്റു മൂന്നു ഗാനങ്ങൾ എഴുതിയ ഈ ലേഖകന്റെ അറിവ്. ഈ ഗാനം പാടിക്കൊണ്ട് നൃത്തംചെയ്യുന്ന യുവതീയുവാക്കളിൽ യുവാവായി വരുന്നത് സാക്ഷാൽ കമൽഹാസനാണ്. അക്കാലത്ത് കമൽ നൃത്തസംവിധായകനും തന്റെ ഗുരുവുമായ ഡാൻസർ തങ്കപ്പന്റെ സഹായിയായിരുന്നു, അപ്പോൾ കമൽഹാസന്റെ പ്രായം കേവലം 17 വയസ്സ് മാത്രം.

1972 ജനുവരി 14ന്​ ‘പ്രതികാരം’ എന്ന ചിത്രം തിയറ്ററുകളിൽ എത്തി. ലോ ബജറ്റ് സിനിമയായതുകൊണ്ട് ചിത്രം സാമ്പത്തികവിജയം നേടി. നായകൻ ആനന്ദനായതിനാൽ സിനിമയുടെ തമിഴ് ഡബിങ് അവകാശം വിറ്റുപോവുകയും ചെയ്തു.

പി. ഭാസ്കരൻ നിർമിച്ച് സംവിധാനംചെയ്ത ‘ആറടി മണ്ണിന്റെ ജന്മി’ എന്ന ചിത്രം കെ. ബാലചന്ദർ നാഗേഷിനെ നായകനാക്കി തമിഴിൽ നിർമിച്ച ‘നീർക്കുമിഴി’ എന്ന തമിഴ്‌സിനിമയുടെ മൂലകഥയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. കഥയുടെ ക്രെഡിറ്റ് കെ. ബാലചന്ദറിനാണ് കൊടുത്തിട്ടുള്ളതെങ്കിലും മലയാളത്തിന് അനുയോജ്യമായ വിധത്തിൽ ചില മാറ്റങ്ങൾ വരുത്തിയാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ഉദാഹരണത്തിന് മലയാള ചിത്രത്തിൽ ജയഭാരതി അഭിനയിച്ച കഥാപാത്രം കെ. ബാലചന്ദറിന്റെ ‘നീർക്കുമിഴി’യിൽ ഇല്ല.

അഖിലേന്ത്യാ പ്രശസ്തനായ സംവിധായകനും ഫിലിം എഡിറ്ററുമായ ഋഷികേശ് മുഖർജി രാജേഷ്‌ഖന്നയെ നായകനും അമിതാഭ് ബച്ചനെ ഉപനായകനുമാക്കി ഹിന്ദിയിൽ ഒരുക്കിയ ‘ആനന്ദ്’ എന്ന സിനിമക്കും സമാനമായ കഥയാണുള്ളത്. വർഷങ്ങൾക്കു ശേഷം മലയാളത്തിൽതന്നെ മോഹൻ എന്ന സംവിധായകന്റെ സൃഷ്ടിയായി വന്ന ‘വിട പറയും മുമ്പേ’ എന്ന ചിത്രത്തിന്റെ കഥക്കും മേൽപറഞ്ഞ സിനിമകളുമായി സാദൃശ്യമുണ്ട്. ഈ പറഞ്ഞ എല്ലാ സിനിമകളും ജനങ്ങൾ ഇഷ്ടപ്പെട്ടു എന്നതും സത്യം.

‘ആറടി മണ്ണിന്റെ ജന്മി’യിൽ പ്രേംനസീറായിരുന്നു നായകൻ. മധു ഉപനായകൻ. ഷീലയും ജയഭാരതിയും പ്രധാന സ്ത്രീകഥാപാത്രങ്ങളെ പ്രതിനിധാനംചെയ്തു. സുജാത, അടൂർ ഭാസി, ജോസ് പ്രകാശ്, പ്രേമ, ശോഭ, ഫിലോമിന, ടി.കെ. ബാലചന്ദ്രൻ, ശങ്കരാടി, ബഹദൂർ, പാലാ തങ്കം തുടങ്ങിയവരും വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ആർ.കെ. ശേഖർ ചിത്രത്തിന്റെ സംഗീതസംവിധായകനായി. ചിത്രത്തിലെ നാല് ഗാനങ്ങളിൽ രണ്ടെണ്ണം പി. ഭാസ്കരനും രണ്ടെണ്ണം ശ്രീകുമാരൻ തമ്പിയും എഴുതി.പി. ഭാസ്കരൻ എഴുതി യേശുദാസ് പാടിയ ‘‘ആരോരുമില്ലാത്ത തെണ്ടി, പക്ഷേ -ആറടി മണ്ണിന്റെ ജന്മി’’ എന്ന പാട്ടാണ് സിനിമയിലെ മികച്ച ഗാനം.

‘‘ആരോരുമില്ലാത്ത തെണ്ടി -പക്ഷേ/ ആറടി മണ്ണിന്റെ ജന്മി-ഞാൻ/ ആറടി മണ്ണിന്റെ ജന്മി.../ മണ്ണിൽ വന്നു പിറന്ന നേരം -ഈ/ മണ്ണിന്റെ പട്ടയം പതിച്ചുകിട്ടി.../ എവിടെയെന്നറിയില്ല, കണ്ടിട്ടില്ലിതുവരെ/ എങ്കിലും ഞാനതിൻ അവകാശി...’’ പി. ഭാസ്കരൻ എഴുതിയ രണ്ടാമത്തെ ഗാനം എസ്. ജാനകി ആലപിച്ചു. സിനിമയിൽ ജയഭാരതി അവതരിപ്പിച്ച കഥാപാത്രമാണ് ഈ ഗാനം പാടുന്നത്.

 

‘‘ഇന്നലെ രാവിലൊരു കൈരവമലരിനെ/ ഇന്ദുകിരണങ്ങൾ വന്നു വിളിച്ചുണർത്തി/ പൂമിഴിയിലുമ്മ വെച്ചു നിദ്രയകറ്റി -അവർ/ കാമുകന്റെ ചോദ്യമൊന്നു കാതിലുരച്ചു/ ഇത്തിരിപ്പൂവേ, നെയ്തലാമ്പൽപൂവേ/ ഇത്രനാൾ നീയാരെ കിനാവു കണ്ടു..?’’ രചനകൊണ്ടും ഈണംകൊണ്ടും ശാലീനസുന്ദരം എന്ന് ഈ പാട്ടിനെ വിശേഷിപ്പിക്കാം.

ശ്രീകുമാരൻ തമ്പി എഴുതിയ രണ്ടു ഗാനങ്ങളിൽ ഒന്ന് യേശുദാസും മറ്റൊന്ന് എസ്. ജാനകിയും പാടി. യേശുദാസ് ആലപിച്ച ഗാനമിതാണ്:

‘‘തുടക്കവും ഒടുക്കവും സത്യങ്ങൾ ഇടയ്ക്കുള്ളതൊക്കെയും കടങ്കഥകൾ/ കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങുപോലെ/ വിധിക്കൊത്തു വിളയാടും മനുഷ്യരൂപം’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘സ്വപ്നമാം നിഴൽ തേടിയോടുന്ന പാന്ഥന്/ സ്വർഗവും നരകവും ഭൂമിതന്നെ/ മാദകമധുമയ മാധവമാവതും/ മരുഭൂമിയാവതും മനസ്സു തന്നെ...’’

ശ്രീകുമാരൻ തമ്പി എഴുതിയ രണ്ടാമത്തെ ഗാനം എസ്. ജാനകിയാണ് പാടിയത്. ആ ഗാനത്തിന്റെ പല്ലവി ഇപ്രകാരമാണ്:

‘‘പതിനഞ്ചിതളുള്ള പൗർണമിപ്പൂവിന്റെ/ പതിനാലാമിതളും വിടർന്നു/ അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ/ തിരുവാതിരപ്പാട്ടു പാടി പറന്നു...’’ ആദ്യത്തെ ചരണത്തിലെ വരികൾ ഇങ്ങനെ: ‘‘രാപ്പാടി പാടുന്ന രാഗം കേൾക്കുമ്പോൾ/ രാത്രിലില്ലിക്കെന്തൊരുന്മാദം -ഇന്ന്/ രാജമല്ലിക്കെന്തൊരുത്സാഹം!/ രാഗം ശൃംഗാരമാകയാലോ/ രാവിന്നു ദാഹാർത്തയാകയാലോ? അറിയില്ലല്ലോ -എനിക്കറിയില്ലല്ലോ...’’

ആർ.​െക. ശേഖർ നൽകിയ നാല് ഈണങ്ങളും നന്നായിരുന്നു.

1972 ഫെബ്രുവരി നാലിന്​ പ്രദർശനമാരംഭിച്ച ‘ആറടി മണ്ണിന്റെ ജന്മി’ മുൻ ചിത്രമായ ‘വിലയ്ക്ക് വാങ്ങിയ വീണ’പോലെ ഹിറ്റ് ആയില്ലെങ്കിലും ജനപ്രീതിയും സാമ്പത്തികവിജയവും നേടി.

1972 ഫെബ്രുവരി അഞ്ചിന് പ്രദർശനത്തിനെത്തിയ ‘പണിമുടക്ക്’ എന്ന സിനിമയുടെ സംവിധായകൻ പി.എൻ.മേനോൻ ആയിരുന്നു. പി.എൻ. മേനോനും ‘കുട്ട്യേടത്തി’യുടെ നിർമാതാവായ എം.ബി. പിഷാരടിയും ചേർന്നാണ് സിനിമ നിർമിച്ചത് (ഈ ലേഖകന്റെ ഉടമസ്ഥതയിൽ അന്നുണ്ടായിരുന്ന കെട്ടിടനിർമാണക്കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു എം.ബി. പിഷാരടി). മേനോൻ പ്രൊഡക്ഷൻസ് എന്നായിരുന്നു നിർമാണക്കമ്പനിയുടെ പേര്. മദ്രാസിലെ ഒരു മലയാളം പത്രപ്രവർത്തകനായിരുന്ന പെരുവാരം ചന്ദ്രശേഖരനാണ് ‘പണിമുടക്ക്’ എന്ന സിനിമയുടെ കഥ എഴുതിയത്. തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. മധു, മോഹൻശർമ, കൊട്ടാരക്കര ശ്രീധരൻ നായർ, ശങ്കരാടി, ബഹദൂർ, കുട്ട്യേടത്തി വിലാസിനി, കലാമണ്ഡലം ക്ഷേമാവതി, പാലാ തങ്കം, മായ, ബേബി യമുന, ജോർജ് അങ്കമാലി തുടങ്ങിയവർ അഭിനയിച്ചു.

വയലാറിന്റെ വരികൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. യേശുദാസ്, പി. ജയചന്ദ്രൻ, എസ്. ജാനകി, പി. സുശീലാദേവി, കുളത്തുപ്പുഴ രവി (രവീന്ദ്രൻ) തുടങ്ങിയവർ പിന്നണിഗായകരായി.

‘‘മാനസസരസ്സിൻ കരയിൽനിന്നോ/ ഗന്ധമാദനഗിരിയുടെ മടിയിൽനിന്നോ/ എവിടെനിന്നോ എവിടെ നിന്നോ/ ഏകാന്തസൗരഭം ഒഴുകി വന്നു...’’ എന്നാരംഭിക്കുന്ന പാട്ട്‌ എസ്. ജാനകിയാണ് പാടിയത്. ഗാനം ഇങ്ങനെ തുടരുന്നു:

‘‘ദ്രൗപദി ചൂടിയ കല്യാണസൗഗന്ധിക-/പ്പൂവിന്റെ സ്വപ്നത്തിൽനിന്നോ/ ശാകുന്തളത്തിന്റെ കുളിരിൽനിന്നോ/ മേഘസന്ദേശത്തിൻ ചിറകിൽനിന്നോ/ എവിടെ നിന്നോ എവിടെ നിന്നോ/ അജ്ഞാതസൗരഭ്യം ഒഴുകിവന്നു...’’ മനോഹരമായ രചന. എന്നാൽ, അതിന്റെ ഈണം അതേയളവിൽ മനോഹരമായില്ല. എസ്. ജാനകിയും പി. സുശീലാദേവിയും പാടിയ

‘‘വിജയദശമി വിടരുമീ വ്യവസായയുഗത്തിലെ/ വിജയദശമി... വിജയദശമി/ പൂവിരൽകൊണ്ടു നിലത്തെഴുതിച്ചു/ പുതിയൊരക്ഷരമാല’’ എന്ന് തുടങ്ങുന്ന വ്യത്യസ്ത രചനയുടെ ഈണവും മേൽത്തരമായില്ല. വരികൾ തുടരുന്നു:

‘‘ഈ തൊഴിൽശാല തൻ മതിൽക്കെട്ടിൽ/ ഈ പുകക്കുഴലിൻ അടിത്തട്ടിൽ/ ഈ യുഗമുണരാൻ, ഒരുമിച്ചുണരാൻ/ അസ്ഥിയും മജ്ജയും മനുഷ്യമാംസവും/ എത്ര വെന്തുരുകി, ഇതുവരെ/ എത്ര ഹൃദയങ്ങൾ ഉരുകി...’’ അടുത്ത ചരണവും അർഥസമ്പുഷ്ടംതന്നെ.

‘‘ഈ കുരുക്ഷേത്രത്തിൻ മതിൽക്കെട്ടിൽ/ ഈ പ്രിയയമുന തൻ മണൽത്തട്ടിൽ...’’ എന്നിങ്ങനെയാണ് രണ്ടാം ചരണത്തിലെ വരികൾ ആരംഭിക്കുന്നത്. ‘‘വിപ്ലവം ജയിക്കട്ടെ...’’ എന്നു തുടങ്ങുന്ന സംഘഗാനം യേശുദാസ്, പി. ജയചന്ദ്രൻ, അമ്പിളി, കുളത്തുപ്പുഴ രവി (രവീന്ദ്രൻ) എന്നിവർ ചേർന്ന് പാടി.

 

പി. ഭാസ്കരൻ,ആർ.കെ. ശേഖർ

പി. ഭാസ്കരൻ,ആർ.കെ. ശേഖർ

‘‘ഇൻക്വിലാബ് സിന്ദാബാദ്/ തൊഴിലാളി ഐക്യം സിന്ദാബാദ്‌/ രക്തസാക്ഷികൾ സിന്ദാബാദ്‌/ മുതലാളിത്തം ഒഴിയട്ടെ/ വിപ്ലവം ജയിക്കട്ടെ/ വിഗ്രഹങ്ങൾ തകരട്ടേ/ വിശ്വപ്രകൃതിയെ വെല്ലുവിളിക്കും/ വിപ്ലവം ജയിക്കട്ടെ.../ തോറ്റില്ല തോറ്റില്ല തോറ്റിട്ടില്ല തൊഴിലാളി/ വർഗസമരപ്പടയാളി/ യുഗവിപ്ലവത്തിൻ തേരാളി/ പടയാളീ... തേരാളീ...’’

ഒരു നൃത്തരംഗത്തിനായി സ്വാതി തിരുനാളിന്റെ ആരഭി രാഗത്തിലുള്ള ‘‘പാഹി പർവതനന്ദിനി മാമയി/ പാർവണേന്ദു സമവദനേ -അംബ/ പാഹി പർവതനന്ദിനി മാമയി/ പാർവണേന്ദു സമവദനേ’’ എന്നു തുടങ്ങുന്ന പ്രശസ്ത ശാസ്ത്രീയ കൃതിയും ‘പണിമുടക്കി’ൽ ഉൾപ്പെടുത്തിയിരുന്നു.

ബാബുക്ക എന്ന് ഞങ്ങൾ വിളിക്കുന്ന ബാബുരാജ് തന്റെ പഴയ ഈണങ്ങൾ ആവർത്തിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ‘അന്വേഷിച്ചു കണ്ടെത്തിയില്ല’, ‘മനസ്വിനി’, ‘ഭാർഗവീനിലയം’, ‘തച്ചോളി ഒതേനൻ’, ‘മിടുമിടുക്കി’ തുടങ്ങി അനേകം സിനിമകളിൽ സഹായിയായി കൂടെ നിന്നിരുന്ന ആർ.കെ. ശേഖറിനെ ആ സ്ഥാനത്തുനിന്നു മാറ്റുകയും പകരം തന്റെ തബലിസ്റ്റായ ഭൈരവന്റെ അനുജനായ ഡി.ബി. രാമചന്ദ്രൻ എന്നയാളെ സഹായിയാക്കുകയുംചെയ്തു. ആർ.കെ. ശേഖർ പാട്ടുകൾക്ക് നൽകുന്ന ഓർക്കസ്‌ട്രേഷൻ അതുല്യം എന്നുത​െന്ന പറയണം. ആ സ്ഥാനത്ത് ഡി.ബി. രാമചന്ദ്രൻ ദയനീയമായി തോറ്റു.

1971നു മുമ്പും അതിനു ശേഷവും ഇറങ്ങിയിട്ടുള്ള ബാബുരാജ് ഗാനങ്ങൾ പരിശോധിച്ചാൽ അറിവുള്ള ഏതു സംഗീതപ്രേമിക്കും ഈ സത്യം ബോധ്യമാകും. പി. ഭാസ്കരൻ മാസ്റ്ററും ഈ ലേഖകനും നിർബന്ധമായി പറഞ്ഞിട്ടും ആർ.കെ. ശേഖറിനെ തിരിച്ചുകൊണ്ടുവരാൻ ബാബുക്ക തയാറായില്ല, ബാബുരാജിന് ആദ്യന്തം പിന്തുണ നൽകിയിരുന്ന പി. ഭാസ്കരൻ വി. ദക്ഷിണാമൂർത്തിയിലേക്കും പുകഴേന്തിയിലേക്കും ആർ.കെ. ശേഖറിലേക്കുമൊക്കെ തിരിയാൻ ഇതുതന്നെയാണ് കാരണം.

വെസ്റ്റേൺ മ്യൂസിക് പഠിച്ചവർക്ക് മാത്രമേ സിനിമാ ഗാനങ്ങളുടെ ഓർക്കസ്‌ട്രേഷൻ നിയന്ത്രിക്കാൻ കഴിയൂ. ധൻരാജ് മാസ്റ്റർ എന്നയാളാണ് മദ്രാസിലുള്ള പ്രധാനപ്പെട്ട സംഗീതജ്ഞരെയെല്ലാം പാശ്ചാത്യ സംഗീതം അഭ്യസിപ്പിച്ചത്. ആർ.കെ. ശേഖർ ധൻരാജ് മാസ്റ്ററുടെ ആദ്യ ശിഷ്യന്മാരിൽ ഒരാളാണ്. ആർ.കെ. ശേഖറെ സഹായിസ്ഥാനത്തുനിന്നു മാറ്റിയതിനുശേഷം ദേവരാജൻ മാസ്റ്ററും പാശ്ചാത്യ സംഗീതം പഠിച്ചു. പിന്നീട് ഓർക്കസ്‌ട്രേഷൻ അദ്ദേഹം സ്വയംചെയ്തു. തന്റെ അസിസ്റ്റന്റായി ജോൺസൺ എന്ന യുവാവിനെ കൊണ്ടുവന്ന ശേഷം അദ്ദേഹം സ്വന്തം ചെലവിൽ ജോൺസണെയും ധൻരാജ് മാസ്റ്ററുടെ കീഴിൽ വെസ്റ്റേൺ മ്യൂസിക് പഠിപ്പിച്ചു.

അതേസമയം, ബാബുക്ക തബലിസ്റ്റ് ഭൈരവനും ഹാർമോണിസ്റ്റ് ഡി.ബി. രാമചന്ദ്രനും പറയുന്ന വ്യാജസ്തുതികൾ വിശ്വസിക്കുകയും അവയിൽ അഭിരമിക്കുകയും ചെയ്തു. ആർ.കെ. ശേഖറാകട്ടെ അർജുനന്റെയും ദക്ഷിണാമൂർത്തി സ്വാമിയുടെയും പാട്ടുകളിൽ തന്റെ കഴിവ് കേന്ദ്രീകരിച്ചു. ആ പാട്ടുകളിലേറെയും പൊതുജനപ്രീതി നേടുകയും ചെയ്തു. അറുപതുകളിൽ മലയാള സിനിമാസംഗീതത്തിൽ പരവൂർ ജി. ദേവരാജനും എം.എസ്. ബാബുരാജിനും തുല്യമായ സ്ഥാനമുണ്ടായിരുന്നു. ചില വർഷങ്ങളിൽ ബാബുരാജിന്റെ ഗ്രാഫ് ലേശം മേലെയായി എന്നും പറയാം. വയലാർ-ദേവരാജൻ ടീം പോലെ തന്നെ ശക്തമായിരുന്നു പി. ഭാസ്കരൻ-ബാബുരാജ് ടീം. എന്നാൽ, എഴുപതുകളിൽ ഈ സ്ഥിതിയിൽ മാറ്റം സംഭവിച്ചു. ദേവരാജൻ തന്റെ ആധിപത്യം നിലനിർത്തുകയും ബാബുരാജിന്റെ പദവി അൽപമൊന്നു മങ്ങുകയുംചെയ്തു.

(തുടരും)

News Summary - weekly sangeethayathrakal