Begin typing your search above and press return to search.
proflie-avatar
Login

പുള്ളിമാൻ: ബാബുരാജിന്റെ സംഗീതം

പുള്ളിമാൻ: ബാബുരാജിന്റെ സംഗീതം
cancel

മണിയുടെ രണ്ടാമത്തെ ചിത്രമാണ് ‘ക്രോസ് ബൽറ്റ്’. ഇതിന്റെ നിർമാതാവും എ. പൊന്നപ്പൻതന്നെയായിരുന്നു. ഈ ചിത്രം ഹിറ്റ് ആയതിനുശേഷമാണ് മണി എന്ന വേലായുധൻ നായർ ‘ക്രോസ് ബൽറ്റ്’ മണി എന്ന പേര് സ്വീകരിച്ചത്. പിന്നീട് പൊന്നപ്പനും മണിയും തമ്മിൽ അകന്നു. മണി പൊറ്റെക്കാട്ടിന്റെ കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ പൊന്നപ്പൻ മറ്റൊരു സംവിധായകനെ വെച്ച് പൊറ്റെക്കാട്ടിന്റെ കഥതന്നെ സിനിമയാക്കാൻ നിശ്ചയിച്ചു. അങ്ങനെയാണ് ഇ.എൻ. ബാലകൃഷ്ണന്റെ സംവിധാനത്തിൽ ‘പുള്ളിമാൻ’ എന്ന സിനിമ ഉണ്ടായത് –സംഗീതയാത്രകൾ സിനിമകളുടെ ചരിത്രംകൂടിയായി മാറുന്നു.എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്ത കൃതിയാണ് ‘നാടൻപ്രേമം’ പി.എസ്. ഗോപാലകൃഷ്ണനും...

Your Subscription Supports Independent Journalism

View Plans
മണിയുടെ രണ്ടാമത്തെ ചിത്രമാണ് ‘ക്രോസ് ബൽറ്റ്’. ഇതിന്റെ നിർമാതാവും എ. പൊന്നപ്പൻതന്നെയായിരുന്നു. ഈ ചിത്രം ഹിറ്റ് ആയതിനുശേഷമാണ് മണി എന്ന വേലായുധൻ നായർ ‘ക്രോസ് ബൽറ്റ്’ മണി എന്ന പേര് സ്വീകരിച്ചത്. പിന്നീട് പൊന്നപ്പനും മണിയും തമ്മിൽ അകന്നു. മണി പൊറ്റെക്കാട്ടിന്റെ കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ പൊന്നപ്പൻ മറ്റൊരു സംവിധായകനെ വെച്ച് പൊറ്റെക്കാട്ടിന്റെ കഥതന്നെ സിനിമയാക്കാൻ നിശ്ചയിച്ചു. അങ്ങനെയാണ് ഇ.എൻ. ബാലകൃഷ്ണന്റെ സംവിധാനത്തിൽ ‘പുള്ളിമാൻ’ എന്ന സിനിമ ഉണ്ടായത് –സംഗീതയാത്രകൾ സിനിമകളുടെ ചരിത്രംകൂടിയായി മാറുന്നു.

എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്ത കൃതിയാണ് ‘നാടൻപ്രേമം’ പി.എസ്. ഗോപാലകൃഷ്ണനും എൻ. വിശ്വേശ്വരയ്യയും ചേർന്ന് ശക്തി എന്റർപ്രൈസസ് എന്ന ബാനറിൽ അതു സിനിമയാക്കി. ക്രോസ് ബൽറ്റ് മണിയായിരുന്നു സംവിധായകൻ. പൊറ്റെക്കാട്ടിന്റെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരനും വി. ദക്ഷിണാമൂർത്തിയും ചേർന്നാണ് പാട്ടുകൾ ഒരുക്കിയത്. യേശുദാസ്, പി. സുശീല, പി. ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി എന്നിവരായിരുന്നു പിന്നണിഗായകർ. മധു, ഷീല, രാഗിണി, കെ.പി. ഉമ്മർ, ശങ്കരാടി, എസ്.പി. പിള്ള, അടൂർ ഭാസി, ബഹദൂർ, പ്രേമ, ടി.ആർ. ഓമന തുടങ്ങിയവർ ‘നാടൻപ്രേമ’ത്തിൽ അഭിനയിച്ചു. യേശുദാസ് ആലപിച്ച മൂന്നു ഗാനങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. ‘‘ചെപ്പും പന്തും നിരത്തി...’’ എന്നു തുടങ്ങുന്നു ആദ്യഗാനം.

‘‘ചെപ്പും പന്തും നിരത്തി മാനത്തെ/ ചെപ്പടിവിദ്യക്കാരൻ/ ചെപ്പുകൊട്ടുണ്ണിയെ ജാലം കാട്ടുന്ന/ ചെപ്പടിവിദ്യക്കാരൻ...’’

(ചെപ്പും പന്തും എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജാലവിദ്യയുണ്ട്. വാഴക്കുന്നം എന്ന ഐന്ദ്രജാലികൻ ഈ വിദ്യയിൽ പ്രസിദ്ധി നേടി. വാഴക്കുന്നം തിരുമേനി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.) പാട്ടിന്റെ ആദ്യചരണം ഇങ്ങനെയാണ്: ‘‘കല്ലെടുത്തൂതി മാണിക്യമാക്കുന്ന/കൺകെട്ടുവിദ്യക്കാരാ -എന്റെ/ കണ്മണിക്കുട്ടന്റെ കാതു കുത്തുമ്പോൾ/ കല്ലുകടുക്കൻ കൊണ്ടുത്തരാമോ..?’’

സന്ദർഭത്തോട് ഇണങ്ങാനും കഥയുടെ പ്രാദേശികാന്തരീക്ഷം കൊണ്ടുവരാനും ഇത്തരം പ്രയോഗങ്ങളിലൂടെ പി. ഭാസ്കരന് നിഷ്പ്രയാസം സാധിക്കുന്നു.

 

എം.എസ്. ബാബുരാജ്

എം.എസ്. ബാബുരാജ്

‘‘പഞ്ചാരക്കുന്നിനെ പാവാട ചാർത്തുന്ന/ പഞ്ചമിപ്പാലൊളി പ്പൂനിലാവേ/ കൂട്ടിലുറങ്ങുമെൻ കുഞ്ഞാറ്റക്കിളിക്കൊരു/ കുറിമാനം കൊണ്ടുക്കൊടുത്തുവായോ...’’ എന്നുതുടങ്ങുന്ന പാട്ടും യേശുദാസാണ് പാടിയത്. അദ്ദേഹം പാടിയ മൂന്നാമത്തെ ഗാനമിതാണ്: ‘‘പാരിൽ സ്നേഹം ശാശ്വതമെന്നായ്/ പാവങ്ങൾ കവികൾ പാടി/ മഞ്ഞുതുള്ളിയെ മാറോടണച്ചിടും/ സുന്ദരകിരണം ചൊല്ലും/ ഇനിയൊരു നാളും പിരിയുകയില്ല നാം/ ഇതു വെറും നാടകം മാത്രം.’’

‘നാടൻ പ്രേമ’ത്തിനു വേണ്ടി പി. സുശീല പാടിയ ഗാനത്തിന്റെ തുടക്കം ഇപ്രകാരമാണ്: ‘‘കന്നിനിലാവ് ഇന്നലെയൊരു/ കമ്മലുവച്ചു മറന്നേ പോയ്/ അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ/ ആകാശത്തെ പൂങ്കുളങ്ങരെ...’’

ആകാശം, നിലാവ്, ചന്ദ്രൻ, മേഘമാലകൾ, പൗർണമി തുടങ്ങിയവയെക്കുറിച്ച് പുതിയ പുതിയ കാവ്യബിംബങ്ങൾ ഇത്രയേറെ സൃഷ്ടിച്ച മറ്റൊരു കവി മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ഈ പാട്ടിലെ അവശേഷിക്കുന്ന വരികളും നന്ന്. കുട്ടികൾക്കുവേണ്ടി കഥാഗാനങ്ങൾ രചിക്കുന്നതിലും അസാധാരണവൈഭവം കാട്ടിയിട്ടുള്ള കവിയാണ് പി. ഭാസ്കരൻ. (‘‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം; നാട്ടിൽ മുഴുക്കെ പൊന്നോണം’’ എന്ന ഗാനം ഓർക്കുക.) ഈ ചിത്രത്തിൽ പി. ജയചന്ദ്രൻ പാടിയ ഗാനം ആ വിഭാഗത്തിൽപെട്ടതാണ്.

‘‘ഉണ്ടനെന്നൊരു രാജാവിന്/ ഉണ്ടിയെന്നൊരു രാജാത്തി/ കുണ്ടാവണ്ടിയിൽ കേറി/ പണ്ടവർ കാട്ടിൽ പോയി/കോടാലി കൊണ്ടവർ കൊത്തി/ കൊള്ളിയും ചുള്ളിയും വെട്ടി/ ഇല്ലിക്കുഴലിന്റെയുള്ളിൽ കുറെ/ വെള്ളിപ്പണം കണ്ടു ഞെട്ടി...’’

പണത്തോട് ആർത്തി കാണിച്ചാൽ അവസാനം കാര്യങ്ങൾ ശുഭകരമായിരിക്കയില്ല എന്നാണല്ലോ എല്ലാ ഉപദേശകഥകളിലും സാധാരണയായി സമർഥിക്കാറുള്ളത്. ഈ പാട്ടിലും അങ്ങനെതന്നെ. ഉണ്ടി പണം വാരിയെടുക്കാൻ തുടങ്ങിയപ്പോൾ ഉണ്ടൻ അവളെ തടഞ്ഞു.

‘‘ആരാനും വെച്ചൊരു വെള്ളി/ വെറും ആളെക്കൊല്ലിയെന്നോതി...നാലുപേരാവഴി വന്നു/ വെള്ളിനാണയം കണ്ടു മലച്ചു/ കൂട്ടുകാർ നാണ്യങ്ങൾ വാരി/ ആപ്പോ കൂടുതലാരുക്കോ പോയി/ വാക്കേറ്റം മൂത്തവർ തമ്മിൽ/ കൊടുംവാളാൽ വെട്ടി മരിച്ചു...’’ എൽ.ആർ. ഈശ്വരി പാടിയ ഒരു നൃത്തഗാനവും ഈ സിനിമയിലുണ്ട്. ‘‘മയങ്ങാത്ത രാവുകളിൽ/ മാനസമണിയറയിൽ/ മൂളിപ്പാട്ടും പാടിവരുന്നൊരു/ നീലത്താമരമലരമ്പൻ...’’ എന്നിങ്ങനെ തുടങ്ങുന്നു പ്രസ്തുത ഗാനം.

1972 മേയ് അഞ്ചിന്​ തിയറ്ററുകളിലെത്തിയ ‘നാടൻപ്രേമം’ എന്ന ചിത്രം ശരാശരി വിജയം നേടി. ശരാശരി വിജയം എന്നു പറഞ്ഞാൽ സിനിമാവേദിയിലുള്ളവർ കൽപിക്കുന്ന അർഥം ‘ലാഭവുമില്ല, നഷ്ടവുമില്ല’ എന്നത്രേ.

 

അടുത്ത ആഴ്ച, അതായത് 1972 മേയ് 12നു റിലീസ് ചെയ്ത സിനിമയുടെ കഥയും എസ്.കെ. പൊറ്റെക്കാട്ടിന്റേതായിരുന്നു. അത് കേവലം യാദൃച്ഛികം എന്ന് പറഞ്ഞുകൂടാ. ‘മിടുമിടുക്കി’യുടെ സംവിധായകനാണ് ‘നാടൻപ്രേമ’ത്തിന്റെ സംവിധായകൻ ക്രോസ് ബൽറ്റ് മണി. ‘മിടുമിടുക്കി’ എന്ന സിനിമയുടെ നിർമാതാവാണ് ‘പുള്ളിമാൻ’ എന്ന സിനിമയുടെ നിർമാതാവ് എ. പൊന്നപ്പൻ. തിരുവനന്തപുരത്തെ ഒരു ചെറുകിട വ്യവസായിയായിരുന്ന പൊന്നപ്പൻ എന്ന വ്യക്തിയെ സിനിമയിലേക്ക് കൊണ്ടുവന്നത് മണി എന്ന വേലായുധൻ നായരാണ്. മണിയുടെ രണ്ടാമത്തെ ചിത്രമാണ് ‘ക്രോസ് ബെൽറ്റ്’. ഇതിന്റെ നിർമാതാവും എ. പൊന്നപ്പൻതന്നെയായിരുന്നു.

ഈ ചിത്രം ഹിറ്റ് ആയതിനു ശേഷമാണ് മണി എന്ന വേലായുധൻ നായർ ‘ക്രോസ് ബൽറ്റ് മണി’ എന്ന പേര് സ്വീകരിച്ചത്. പിന്നീട് പൊന്നപ്പനും മണിയും തമ്മിൽ അകന്നു. മണി പൊറ്റെക്കാട്ടിന്റെ കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ പൊന്നപ്പൻ മറ്റൊരു സംവിധായകനെ വെച്ച് പൊറ്റെക്കാട്ടിന്റെ കഥതന്നെ സിനിമയാക്കാൻ നിശ്ചയിച്ചു. അങ്ങനെയാണ് ഇ.എൻ. ബാലകൃഷ്ണന്റെ സംവിധാനത്തിൽ ‘പുള്ളിമാൻ’ എന്ന സിനിമ ഉണ്ടായത്. പൊറ്റെക്കാട്ടിന്റെ ‘പുള്ളിമാൻ’ എന്ന കൃതിയും ഏറെ പ്രസിദ്ധമാണ്. യഥാർഥത്തിൽ രാമു കാര്യാട്ടുമൊത്ത് 1954ൽ ‘നീലക്കുയിൽ’ എന്ന സിനിമ സംവിധാനം ചെയ്യുന്നതിനു രണ്ടു വർഷം മുമ്പ്, അതായത് 1952ൽ പി. ഭാസ്കരന്റെ സംവിധാനത്തിൽ ‘പുള്ളിമാൻ’ സിനിമയാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനുവേണ്ടിയാണ് പി. ഭാസ്കരൻ-കെ. രാഘവൻ കൂട്ടുകെട്ട് ആരംഭിച്ചത്.

അതിനുമുമ്പ് കോഴിക്കോട് ഓൾ ഇന്ത്യ റേഡിയോ നിലയത്തിനുവേണ്ടി അവർ പാട്ടുകൾ ചെയ്തിരുന്നു. പി. ഭാസ്കരന്റെ ആദ്യ സംവിധാനസംരംഭം പൂർണതയിലെത്തിയില്ലെങ്കിലും അതിനുവേണ്ടി തയാറാക്കിയ പാട്ടുകൾ ഗാനപ്രേമികൾക്കിടയിൽ പ്രചാരം നേടുകയുണ്ടായി. കോഴിക്കോട് അബ്ദുൽ ഖാദർ അക്കാലത്ത് വേദികളിൽ പാടിയിരുന്ന ‘‘ചന്ദ്രനുറങ്ങി, താരമുറങ്ങി...’’ എന്നു തുടങ്ങുന്ന ഗാനം അതിൽപെടുന്നു.

‘‘അകലെയകലെ നീലാകാശം’’ പോലെയുള്ള ഹിറ്റ് ഗാനങ്ങൾ അടങ്ങിയ ‘മിടുമിടുക്കി’യും 'ക്രോസ് ബൽറ്റും’ നിർമിച്ച എ. പൊന്നപ്പൻ തിരുവനന്തപുരം സ്വദേശിയാണ് എന്നു പറഞ്ഞല്ലോ. പി. ഭാസ്കരൻ സംവിധാനംചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന ചിത്രത്തിലെ മികച്ച ഛായാഗ്രഹണത്തിലൂടെ പ്രശസ്തനായ ഇ.എൻ. ബാലകൃഷ്ണൻ എന്ന കാമറാമാനാണ് ‘പുള്ളിമാൻ’ എന്ന സിനിമയുടെ സംവിധായകൻ. പ്രശസ്ത നാടകകൃത്തായ തിക്കോടിയനാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നു.

ശ്രീകുമാരൻ തമ്പിയും എം.എസ്. ബാബുരാജും ചേർന്നൊരുക്കിയ ‘‘ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ’’ എന്ന സൂപ്പർഹിറ്റ് ഗാനം ‘പുള്ളിമാൻ’ എന്ന സിനിമയിലുള്ളതാണ്. ചിത്രത്തിലെ ഇതരഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. എസ്. ജാനകിക്ക് ആലാപനത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘‘ആയിരം വർണങ്ങൾ വിടരും ആരാമമാണെൻ ഹൃദയം’’ എന്ന പാട്ടും ‘പുള്ളിമാൻ’ എന്ന ചിത്രത്തിലുള്ളതാണ്. യേശുദാസ് പാടിയ ‘‘ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ’’ എന്ന ഗാനത്തിന്റെ പല്ലവി അറിയാത്ത ഗാനാസ്വാദകർ ഉണ്ടാകാൻ വഴിയില്ല. എം.എസ്. ബാബുരാജ് നൽകിയ മികച്ച ഈണങ്ങളിലൊന്ന് എന്നു നിസ്സംശയം പറയാം.

‘‘ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ- നീ/ എന്റെ നെഞ്ചിൽ തുള്ളിവന്നതെന്തിനാണ്.../ കാളിദാസൻ കണ്ടെടുത്ത കന്നിമാനേ -നിൻ/ കണ്ണിലെന്റെ കൊമ്പുകൊണ്ടതെങ്ങിനാണ്..?’’

ഈ വരികളുടെ അർഥം പൂർണമായി മനസ്സിലാകണമെങ്കിൽ മഹാകവി കാളിദാസന്റെ ശാകുന്തളം നന്നായി അറിഞ്ഞിരിക്കണം. മാനോടൊത്തു വളർന്ന ശകുന്തള പെൺമാനിനെപ്പോലെ തന്നെ നിഷ്കളങ്കയായിരുന്നു. അവൾ ദുഷ്യന്തനെ കണ്ണുമടച്ചു വിശ്വസിച്ചു, എന്നാൽ, ദുഷ്യന്തൻ അവളെ തള്ളിപ്പറഞ്ഞു. പിന്നീട് താൻ ശകുന്തളയെ ഗാന്ധർവ വിവാഹംചെയ്ത സമയത്ത് അവളുടെ വിരലിൽ ഇട്ടുകൊടുത്ത മോതിരം ഒരു മുക്കുവനിൽനിന്ന് കണ്ടെടുത്തപ്പോൾ ദുഷ്യന്തൻ നടന്നതെല്ലാം ഓർമിക്കുകയും തന്റെ മറവിയിൽ പശ്ചാത്തപിക്കുകയും ചെയ്യുന്നു. കണ്വാശ്രമത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം വരക്കണമെന്നു ദുഷ്യന്തൻ നിർദേശിക്കുന്നു.

അതിൽ ആൺമാനിന്റെ കൊമ്പിൽ സ്വന്തം കണ്ണ് ഉരക്കുന്ന പെൺമാനിനെയും വരക്കണമെന്ന് ദുഷ്യന്തൻ ആവശ്യപ്പെടുന്നു. ഇണയെ അന്ധമായി വിശ്വസിക്കുന്നതുകൊണ്ടാണ് പെൺമാൻ ആൺമാനിന്റെ കൊമ്പിൽ സ്വന്തം കണ്ണിട്ട് ഉരക്കുന്നത്. അവന്റെ കൊമ്പ് ഒന്നനങ്ങിയാൽ അവളുടെ കണ്ണ് പൊട്ടിപ്പോകും. ശകുന്തള എന്ന പെൺമാനിനെ ആൺമാനായ ദുഷ്യന്തൻ ദ്രോഹിച്ചു. ‘‘കാളിദാസൻ കണ്ടെടുത്ത കന്നിമാനേ...’’ എന്ന പ്രയോഗത്തിന്റെ പശ്ചാത്തലം ഇതാണ്.

എസ്.കെ. പൊറ്റെക്കാട്ട് കുടക് എന്ന സ്ഥലമാണ് കഥ നടക്കുന്ന സ്ഥലമായി തിരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ട് നായികയെ ‘കുടകിലെ വസന്തം’ എന്ന് കാമുകൻ പുകഴ്ത്തുന്നു. യേശുദാസ് പാടിയ മറ്റൊരു ഗാനം ‘‘കാവേരി കാവേരി...’’ എന്ന് തുടങ്ങുന്നു. കർണാടകയും തമിഴ്‌നാടും സ്വന്തം എന്ന് അവകാശപ്പെടുന്ന കാവേരി നദി കുടക്‌ ദേശത്തിനും പ്രിയപ്പെട്ടതാണ്.

 

‘‘കാവേരി കാവേരി/ കാവേരമഹർഷിക്കു ബ്രഹ്‌മാവു നൽകിയ/ കർമധീരയാം പുത്രി/ കാവേരി... കാവേരി.../ ബ്രഹ്മഗിരിയുടെ വളർത്തുമകൾ –അവൾ/ ധർമനീതിയെ പോറ്റുന്നവൾ/ ത്യാഗത്തിനൊരു പുത്തൻഭാവമേകി –അവൾ/ നാടിന്റെ നന്മയ്ക്കായ് നദിയായി...’’

എസ്. ജാനകി പാടിയ ‘പുള്ളിമാൻ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘‘വൈഡൂര്യ രത്നമാല ചാർത്തി...’’ എന്നിങ്ങനെ തുടങ്ങുന്നു.

‘‘വൈഡൂര്യ രത്നമാല ചാർത്തി/ വാസന്തദേവതയൊരുങ്ങി/ ആതിര നൂപുരമണിയുകയാണെൻ/ ആലോലചഞ്ചല ഹൃദയം -എൻ/ അഭിലാഷ പുഷ്‌പനികുഞ്ജം.’’ ആദ്യ ചരണം ഇങ്ങനെ: ‘‘ഉണരൂ... ഉണരൂ... ഉഷമലരീ/ ഉണരൂ ഉണരൂ ഉഷമലരീ/ ഉദയരശ്മി തൻ ലഹരിയിൽ നീ.../ ഉദ്യാനപവനൻ വിരുന്നുവന്നു -തൻ/ ഉത്സവവീണയിൽ ശ്രുതിയുണർന്നു.../ നുകരൂ... നുകരൂ വരിവണ്ടേ, ഈ നൂതന മാധവസൗഗന്ധികം...’’ എന്ന് തുടങ്ങുന്നു അടുത്ത ചരണം. പി. സുശീല പാടിയ ‘‘വീരജവാന്മാർ പിറന്ന നാട്’’ എന്നു തുടങ്ങുന്ന ഒരു ദേശഭക്തിഗാനവും ഈ ചിത്രത്തിലുണ്ട്.

‘‘വീരജവാന്മാർ പിറന്ന നാട്/ വില്ലാളികളുടെ ജന്മനാട്/ കളമൊഴി പാടും കാവേരിനദി/ കാത്തുപോറ്റും നാട്/ നമ്മുടെ നാട് -കുടകുനാട്’’ എന്നിങ്ങനെയാണ് പല്ലവി. ഗാനം തുടരുന്നു: ‘‘കന്യകമാരുടെ കൈവിരൽ തൊട്ടാൽ/ കാപ്പികൾ പൂക്കും പച്ചമല/ പുത്തൻ ഭാവനയുണരും പുത്തരി/ നൃത്തംവെക്കും നാട്.../ നമ്മുടെ നാട് കുടകുനാട്.’’

‘പുള്ളിമാൻ’ നിശ്ചയമായും ഒരു മോശപ്പെട്ട ചിത്രമായിരുന്നില്ല. മധുവും തമിഴ്‌നടി ദേവികയും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ‘പുള്ളിമാനി’ൽ കൊട്ടാരക്കര ശ്രീധരൻ നായർ, വിജയനിർമല, ഫിലോമിന, ആലുമ്മൂടൻ, മാസ്റ്റർ രഘു തുടങ്ങിയവരും അഭിനയിച്ചു. എങ്കിലും, ചിത്രം സാമ്പത്തിക വിജയം നേടിയില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകനാണ് ജോൺ എബ്രഹാം. അടൂർ ഗോപാലകൃഷ്ണനെയും കെ.ജി. ജോർജിനെയുംപോലെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടിയ ആളാണ് ജോൺ. ജോണിന്റെ ആദ്യ മലയാള സിനിമയായ ‘വിദ്യാർഥികളെ, ഇതിലെ ഇതിലെ’ എന്ന ചിത്രത്തിന് കലാപരമായി വലിയ മേന്മയൊന്നും ഉണ്ടായിരുന്നില്ല. ഒരു കമേഴ്‌സ്യൽ സിനിമയുടെ ശരാശരി വിജയം നേടാനും അതിനു സാധിച്ചില്ല. മെഹ്ബൂബ് മൂവീസിന്റെ മേൽവിലാസത്തിൽ നിർമിച്ച ഈ ചിത്രത്തിന് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു സമ്മാനമായ എം. ആസാദ് ആണ് തിരക്കഥയും സംഭാഷണവും എഴുതിയത്. കഥ ജോണിന്റേതു തന്നെ.

മധു, ജയഭാരതി, ടി.കെ. ബാലചന്ദ്രൻ, തമിഴ്‌നടി മനോരമ, എസ്.പി. പിള്ള, കുതിരവട്ടം പപ്പു, ഫിലോമിന, പറവൂർ ഭരതൻ തുടങ്ങിയ നടീനടന്മാരാണ് അഭിനയിച്ചത്. പ്രേംനസീറും തമിഴ്‌ നടൻ എം.ആർ.ആർ. വാസുവും സിനിമയിൽ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുകയുംചെയ്തു.

വയലാർ രചിച്ച് എം.ബി. ശ്രീനിവാസൻ ഈണം നൽകിയ ഒന്നു രണ്ടു ഗാനങ്ങൾ മാത്രമാണ് ഈ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടത്. യേശുദാസ് പാടിയ ‘‘നളന്ദ, തക്ഷശില...’’ എന്ന ഗാനം വ്യത്യസ്തമായിരുന്നു. ഇതേ ഗാനം എസ്. ജാനകിയും സംഘവും ആവർത്തിക്കുന്നുമുണ്ട്.

‘‘നളന്ദ തക്ഷശില/ നമ്മുടെ പൂർവികർ പടുത്തുയർത്തിയ/ സർവകലാശാല/ നളന്ദ, തക്ഷശില.../ നാനാത്വത്തിലൊരേകത്വത്തിൻ/ നവദർശനശാല/ സിന്ധുനദീതട സംസ്കാരത്തിൻ/ ശിൽപകലാശാല...’’ എന്നിങ്ങനെ ഗാനം തുടരുന്നു. എസ്. ജാനകിയും സംഘവും പാടിയ ‘‘വെളിച്ചമേ, നയിച്ചാലും...’’ എന്ന പ്രാർഥനയും നന്നായിരുന്നു.

‘‘വെളിച്ചമേ, നയിച്ചാലും വെളിച്ചമേ നയിച്ചാലും/ ബത്ലഹേമിൽ കാലം കൊളുത്തിയ/ വെളിച്ചമേ നയിച്ചാലും/ അഗ്നിച്ചിറകുമായ് ഭൂമിയിൽ പണ്ടൊരു/ പുൽക്കൂടിൽ തേടിവന്ന നക്ഷത്രമേ/ ഇരുട്ടിൽ ഞങ്ങൾക്കു വഴി കാട്ടാൻ നീ/ ഇനിയും ഈ വഴി വന്നാട്ടെ...’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനവും മികച്ചതായി. ഹാസ്യതാരങ്ങളായ അടൂർ ഭാസിയും മനോരമയും പാടാനും കഴിവുള്ളവരാണ്. അവർ പാടുന്ന ഒരു ഗാനം ഈ സിനിമയിലുണ്ട്.

‘‘ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം/ ശിങ്കാരപൂങ്കുറത്തീ -നിന്റെ/ അമ്മാൻകുടത്തിൽ തേനോ പാലോ/ തെന്മല പൂങ്കുറത്തീ...’’ എന്ന് പുരുഷശബ്ദം കഴിഞ്ഞാൽ സ്ത്രീശബ്ദം തുടങ്ങുന്നു. ‘‘ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം/ ശിങ്കാരപൂങ്കുറവാ/ എന്റെ അമ്മാൻകുടത്തിൽ തേനല്ല പാലല്ല/ കന്മദം കസ്തൂരി...’’

ഈ വിവരണങ്ങളിൽനിന്ന് സംവിധായകനായ ജോൺ എബ്രഹാം ഒരു ഓഫ്ബീറ്റ് സിനിമയോ ആർട്ട് ഫിലിമോ അല്ല മനസ്സിൽ കണ്ടതെന്ന് വ്യക്തമാണല്ലോ. 1972 മേയ് 19നാണ് ‘വിദ്യാർഥികളേ, ഇതിലെ... ഇതിലെ...’ എന്ന സിനിമയുടെ പ്രദർശനം ആരംഭിച്ചത്.

(തുടരും)

News Summary - weekly sangeetha yathrakal